പാസ്റ്റർ സിജു ഉള്ളന്നൂരിനെ ഓർക്കുമ്പോൾ

0
1567

അനുസ്മരണം

പാസ്റ്റർ സിജു ഉള്ളന്നൂരിനെ ഓർക്കുമ്പോൾ …

പാസ്‌റ്റർ പി.ജി. എബ്രഹാം
ഐപിസി ഫഹാഹീൽ , കുവൈറ്റ്

വേദനയോടെ മാത്രമേ ഈ വരികൾ കുറിക്കുവാൻ കഴിയുന്നുള്ളു . സിജു ഒരു പാസ്റ്റർ ആയെങ്കിലും ഞാൻ ഇന്നും ഒരു കൊച്ചു മോനെപോലെയാണ് ഓർക്കുന്നത് . ഞാൻ ഉള്ളന്നൂരിൽ ഒരു സൺഡേസ്കൂൾ നടത്തുന്നത് 1985-86 മുതലുള്ള കാലഘട്ടങ്ങളിൽ ആണ് . അന്ന് സിജുവിന്‌ ഒന്നര, രണ്ട് വയസ്സ് പ്രായം കാണും . മെഴുവേലി നിന്നും ആരാധന കഴിഞ്ഞു എന്റെ കൂടെ സൈക്കിളിൽ ഉള്ളന്നൂർക്കു വരും. സിജുവിന്റെ ഉപ്പാപ്പൻ ബ്രദർ ബാബുവും കൂടെ ഉണ്ടാകും . അവന്റെ പിതാവ് ബ്രദർ രാജുച്ചാന്റെ കൂടെ പോകാതെ ഞങ്ങളുടെ കൂടെ സൈക്കിളിൽ അങ്ങ് പോരും . സൈക്കിളിൽ അവനായിട്ടെ ഒരു കുട്ടി സീറ്റും ഉണ്ടാകും . സൈക്കിളിന്റെ ബെൽ അടിക്കാനറിയില്ലെങ്കിലും ബെല്ലിൽ പിടിച്ചു ” തിണിം തിണിം ” എന്ന് ശബ്ദം ഉണ്ടാക്കും . ഏതാണ്ട് 1990 വരെ ഇങ്ങനെ ആയിരുന്നു . 

ഉള്ളന്നൂരെ പ്രവർത്തനങ്ങൾക്ക് ഒരു അനുഗ്രഹിക്കപ്പെട്ട കുടുംബമായിരുന്നു പാസ്‌റ്റർ സിജുവിന്റെ വല്യപ്പച്ചനും ( പൊയ്കയിൽ ശാമുവേൽ അച്ചായൻ )കുടുംബവും . വല്യമ്മച്ചി വളരെ ദൈവഭക്തിയുള്ള മാതാവായിരുന്നു . പാല് ഹോർലിക്‌സ് ഇട്ടു മാത്രമേ കുടിക്കാൻ തരുമായിരുന്നൊള്ളു . വേലയെയും വേലക്കാരെയും ഒരുപോലെ സ്നേഹിച്ച കുടുംബം എന്ന് പറയുന്നതാണുചിതം .
ഉള്ളന്നൂർ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കു ആ കുടുംബം ഒരു മുതൽക്കൂട്ട് ആയിരുന്നു .
അവിടെ തുടങ്ങിയ സൺഡേസ്കൂളിൽ ഏകദേശം 65 കുട്ടികൾ വെളിയിൽനിന്നും പങ്കെടുത്തിരുന്നു . വിശ്വാസകുഞ്ഞുങ്ങൾ കൂടിയാൽ അഞ്ചു പേര് ഉണ്ടാകും . സിജുവും അവിടെ സൺഡേസ്കൂൾ പഠിച്ചിട്ടുണ്ട് . 1990 വരെ അത് തുടരുകയും ചെയ്തു .
തൽഫലമായ് ഇന്നവിടെ ഐപിസി ക്കു നല്ല ഒരു സഭ ഉണ്ട് .
ഞാൻ 1991 മണക്കാലയിലേക്ക് അധ്യാപകനായി കടന്നുപോയി . പിന്നീട് ഞാൻ സിജുവിനെ കാണുന്നത് മണക്കാല ഫെയ്ത് തെയോളോജിക്കൽ സെമിനാരിയിൽ വച്ച് ഒരു വിദ്യാർത്ഥി ആയിട്ടാണ് . ചെറുപ്പത്തിൽ അവനിൽ വീണ ദൈവവചനത്തിന്റെ വിത്ത് ദർശനമുള്ള ഒരു സുവിശേഷകനിലേക്കു നയിച്ചു . സുവിശേഷവേലക്ക് സമർപ്പണമുള്ള ഒരു വേലക്കാരനായി പഠനം പൂർത്തീകരിച്ചു വയലിലേക്കുപോയി . യജമാനന്റെ ഒരു നല്ല ഗൃഹവിചാരകനായി ദൈവം ഭരമേല്പിച്ച വേല നിവർത്തിച്ചുകൊണ്ടിരിക്കെ അപ്രതീഷിതമായി രക്താർബുദം പിടിക്കപ്പെട്ടു . കിട്ടാവുന്ന നല്ല ചികിത്സകൾ ലഭ്യമായെങ്കിലും അതൊന്നും ഫലം കണ്ടില്ല . ഒടുവിൽ ഈ കാലത്തേ വേദനകൾ വിട്ട് താൻ പ്രീയംവച്ചിരുന്ന അക്കരെനാട്ടിലേക്കുപോയി .
കുട്ടികളുടെ ഇടയിൽ പ്രവർത്തനങ്ങളിൽ ഒരു നിറ സാന്നിദ്ധ്യമായിരുന്നു പ്രീയ ദൈവദാസൻ . വേദനകളുടെ നടുവിലും പ്രത്യാശയോടെ നിലനിൽകുവാൻ പാസ്‌റ്റർ സിജുവിന് ദൈവം കൃപ നൽകി .
തന്റെ രോഗത്തിൽ നിന്നും ഒരു സൗഖ്യത്തിനായി പ്രാർത്ഥിച്ചു . എന്നാൽ ദൈവഹിതം മറിച്ചായിപ്പോയി .
ദുഃഖത്തിലായിരിക്കുന്ന പ്രിയപത്നിയെയും പൈതലിനേയും കുടുംബ അംഗങ്ങളെല്ലാവരേയും കർത്താവ് ആശ്വസിപ്പിക്കട്ടെ .
അക്കരെനാട്ടിൽ കാണാമെന്ന പ്രത്യാശയോടെ വിട …
കുടുംബ അംഗങ്ങളുടെ സമാധാനത്തിനായും ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here