പാസ്റ്റർ വി.സി.യോഹന്നാൻ യാത്രയാകുമ്പോൾ

0
1967

അനുസ്മരണം

പാസ്റ്റർ വി.സി.യോഹന്നാൻ
യാത്രയാകുമ്പോൾ

ഷാജൻ ജോൺ ഇടയ്ക്കാട്

ഞാൻ 1997 മുതലാണ് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചു തുടങ്ങിയത്.
ആദ്യ താമസം മണർകാട് കവലയ്ക്ക് സമീപമായിരുന്നു.
അതിനടുത്തായിരുന്നു പാസ്റ്റർ വി.സി.യോഹന്നാൻ്റെ കുടുംബവീട്, അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ അന്ന് ഗുഡ്ന്യൂസ്‌ ബുക്ക് ഷോപ്പ് മാനേജരായി പ്രവർത്തിക്കുന്ന (ഇപ്പോൾ ഒറിസയിൽ)
പാസ്റ്റർ സി.സി.രാജുവുമായുള്ള സൗഹൃദം ആ കാലത്ത് രൂപപ്പെട്ടു.

അപ്പോൾ ബ്ലസൻ വളരെ ചെറിയ കുട്ടിയായിരുന്നു. ബ്ലസൻ പാസ്റ്റർ വി.സി.യോഹന്നാൻ്റെ മകനാണ്. ബ്ലസി മകളും. ബ്ലസൻ്റെ സ്വപ്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതായതിനാലും ജീവിതസാഹചര്യങ്ങൾക്കപ്പുറത്തേക്ക് അതും ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കേണ്ടതാകുന്നതിനാലും ആ കാലത്ത് ബ്ലസനോട് അല്പം ഒക്കെ ചേർന്നു നടന്നു.

അങ്ങനെ ബ്ലസനും സി.സി യുമായി നല്ല അടുപ്പം ഉണ്ടായി. പക്ഷെ ഇവരെ രണ്ടു പേരെക്കാളും അന്നും ഇന്നും എൻ്റെ ഹൃദയത്തിൽ ഉയരത്തിൽ കൂട് വച്ചത് പാസ്റ്റർ വി.സി.യോഹന്നാനാണ്.

പ്രതിസന്ധി നിറഞ്ഞ ജീവിത പശ്ചാത്തലത്തിൽ നിന്നും സുവിശേഷത്തിൻ്റെ നുഖം പേറുവാൻ ഇറങ്ങുന്നവർ ചിലപ്പോഴെങ്കിലും കാണിക്കുന്ന യാതൊരു മാജിക്കുകളുമില്ലാത്ത സത്യമനുഷ്യൻ.

നേരിൻ്റെ വഴിയിൽ മാത്രം സഞ്ചരിക്കുവാൻ ശീലിച്ച ആ ഭക്തൻ വണ്ടിക്കാശില്ലാത്തതിനാൽ നടന്നു നീങ്ങിയ വഴികൾ ഏറെയുണ്ടാവാം, പക്ഷെ അതൊന്നും ആരും അറിയാൻ ആ പുഞ്ചിരി മായാത്ത മുഖം അനുവദിച്ചിട്ടുണ്ടാവില്ല.

സുവിശേഷം നിമിത്തം പട്ടിണി കിടന്നിട്ടുണ്ടാവും പക്ഷെ വിശ്വാസത്തെ ഒരിക്കൽ പോലും പട്ടിണിക്കിട്ടിട്ടുണ്ടാവില്ല.

വേദപുസ്തക വായനയ്ക്കപ്പുറം പഠനത്തിനും അത് പങ്കുവയ്ക്കലിനും ഔത്സുക്യം കാട്ടിയ വിശ്വാസ വീരനായിരുന്നു അദ്ദേഹം.

ഞങ്ങൾ അപൂർവ്വമായി മാത്രമേ കണ്ടിട്ടും സംസാരിച്ചിട്ടുമുള്ളൂ എങ്കിലും അദ്ദേഹത്തെ നിരീക്ഷിച്ചും ചുറ്റുപാടുകളിൽ നിന്നു കേട്ടും ഞാൻ മനസിൽ കുറിച്ചു വച്ചത് ഏറെയാണ്.

അദ്ദേഹത്തിൻ്റെ പ്രായത്തിലുള്ളവരിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർ ചുരുക്കമെന്നിരിക്കെ ദൈവം നല്കിയ കൃപയ്ക്കനുസരിച്ച് അവിടെയും വിശ്വസ്തതയോടെ മുന്നേറി.

ആ കാലത്ത് ചിലപ്പോഴൊക്കെ എനിക്ക്  തോന്നിയിട്ടുണ്ട് അദ്ദേഹത്തിൻ്റെ കഴിവുകൾക്കനുസരിച്ച് അവസരങ്ങൾ കിട്ടുന്നുണ്ടോ എന്ന്?.
അന്നും ഇന്നും എനിക്കതറിയില്ല.
പക്ഷെ, ഒന്നെനിക്കറിയാം.
അവസരങ്ങളോ സ്ഥാനമാനങ്ങളോ അലങ്കാരമായി കാണുന്ന ഒരു സ്വഭാവത്തിനുടമയായിരുന്നില്ല അദ്ദേഹം.
മനസിലുള്ള വെളുപ്പ് തന്നെയായിരുന്നു ആ പുഞ്ചിരിയിൽ തൂകുന്ന ശുദ്ധതയും.

ലഭിക്കുന്ന അവസരങ്ങൾ ദൈവത്തിനെന്നവണ്ണം നന്നായി ചെയ്യുന്ന ഒരു തനി ഭക്തനായിരുന്നു പാസ്റ്റർ വി.സി.

ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ദീർഘ വർഷം പ്രവർത്തിച്ചു.
വിവിധ പ്രദേശിക സഭകളിൽ പാസ്റ്ററായിരുന്നിട്ടുണ്ട്.

വേദാധ്യാപകൻ എന്ന നിലയിൽ വിവിധ വേദ പാഠശാലകളിലൂടെ അനേകരെ ദൈവവചനം അഭ്യസിപ്പിച്ചു.
പ്രാദേശിക സഭകളിലും ക്രമീകൃതമായ വേദ പഠനങ്ങളിലൂടെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിന് നന്നായി ശ്രദ്ധിച്ച ഒരു ധന്യ ജീവിതത്തിനുടമയാണ് പാസ്റ്റർ വി.സി.യോഹന്നാൻ.

അദ്ദേഹത്തിൻ്റെ മക്കളെ പഠിപ്പിക്കുവാൻ നന്നായി ഉത്സാഹിച്ചു, അപ്പോഴും നേരിൻ്റെ വഴി വിട്ട് ഒരു ചുവടും വ്യതിചലിക്കാതെ ഓട്ടം തുടർന്നു.

അവസാനമായി ഞങ്ങൾ കാണുന്നത് ചില വർഷങ്ങൾക്ക് മുമ്പ് കുമ്പനാട് നിന്നും തിരുവല്ലയിലേക്കുള്ള ബസ് യാത്രയിലാണ്

എത്ര വിനയാന്വിതമായിരുന്നു ആ പെരുമാറ്റം,
എത്രയോ ഹൃദ്യമായിരുന്നു ഓരോ വാക്കുകളും,
എത്ര ദിവ്യമായിരുന്നു ആ മുഖത്തെ തെളിച്ചം.

നന്മ നിറഞ്ഞ ഒരു ഭക്തൻ കൂടി യാത്രയാവുന്നു.
എനിക്ക് ചുരുങ്ങിയ അനുഭവവും പരിചയവുമേ അദ്ദേഹവുമായിട്ടുള്ളൂ.

അപ്പോൾ
അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവരുടെ അനുഭവങ്ങളും ഓർമ്മകളും എത്രയോ ദീപ്തമാകുമെന്ന്.

മുന്നേ പോയ ആ ഭക്തൻ്റെ ദീപ്തമായ ഓർമ്മകൾ പിൻഗമിക്കുന്നവരുടെ വിശ്വാസപാതയ്ക്ക് കരുത്തേകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ദു:ഖത്തിലായിരിക്കുന്ന ആൻ്റി, ബ്ലസൻ, ബ്ലസി കുടുംബം സഹോദരങ്ങൾ ബന്ധുക്കൾ സ്നേഹിതർ സഭാജനങ്ങൾ തുടങ്ങിയവരെ ദൈവം ആശ്വസിപ്പിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here