നവതി നിറവിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി മേപ്രാൽ ഐപിസി സഭ
മേപ്രാൽ: നവതി വർഷത്തിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ.
മേപ്രാൽ ഐപിസിയുടെ നേതൃത്വത്തിൽ മേപ്രാൽ പോസ്റ്റ്ഓഫീസ് പരിധിയിലുള്ള 3 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.
മേപ്രാൽ ഗവ.എൽപിഎസ്, ഗവ.സെൻ്റ് ജോൺസ് എൽപിഎസ്, സെൻ്റ് ജോൺസ് യുപിഎസ് എന്നീ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുൾപ്പടെ 110 പേർക്കാണ് ബാഗ്, കുട, നോട്ട്ബുക്കുകൾ, പേനകൾ, പെൻസിലുകൾ, റബർ, കട്ടർ, പൗച്ച് ഉൾപ്പടെയുള്ളവ നൽകിയത്.
പാസ്റ്റർ ബിജു ഏബ്രഹാം വിതരണോദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ അലക്സ് ജോൺ, സഭാ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, നവതി ജനറൽ കൺവീനർ പി.ജെ.ഏബ്രഹാം, ഗവ.എൽപിഎസ് അധ്യാപിക സ്വപ്ന മോഹൻ എന്നിവർ പ്രസംഗിച്ചു. നവതിയോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഭ നേതൃത്വം നൽകി. 1933ൽ മേപ്രാൽ പിടിഞ്ഞാറ് ഭവന കൂട്ടായ്മയായി തുടങ്ങിയ പ്രവർത്തനമാണ് ഐപിസിയുടെ പ്രമുഖ പ്രാദേശിക സഭയായി വളർന്നത്.
നവതി വർഷത്തിൽ പാസ്റ്റർ ബിജു ഏബ്രഹാം (പ്രസിഡൻ്റ്), ജോജി ഐപ്പ് മാത്യൂസ് (സെക്രട്ടറി), ജോൺ വർഗീസ് (ട്രഷറർ), പി.ജെ. ഏബ്രഹാം (ജനറൽ കൺവീനർ), പാസ്റ്റർ അജു അലക്സ്, ജസ്റ്റിൻ കുര്യൻ, ചാണ്ടി വർഗീസ്, ജോസഫ് പി.സൈമൺ എന്നിവരാണ് നേതൃത്വം നൽകിയത്.