അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിനൊരുങ്ങി ഇന്ത്യ

0
545

അബുദാബി: ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിനൊരുങ്ങി അതിഥി രാഷ്ട്രമായ ഇന്ത്യ. ആയിരം ചതുരശ്രയടി വലിപ്പത്തിൽ അതിവിശാലമായ പവലിയനാണ് ഇത്തവണ ഇന്ത്യ ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ എഴുത്തുകാർ പുസ്തകോത്സവത്തിനെത്തും.

സാഹിത്യത്തിന്റെയും കലയുടെയും സസ്കാരത്തിന്റെയും ആഘോഷമായിരിക്കും ഇതെന്ന് മനാറത് അൽ സാദിയാതിൽ പുസ്തകോത്സവത്തെക്കുറിച്ച് വിശദീകരിക്കാൻ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് പറഞ്ഞു. യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കരുത്തു പകരാൻ ഇതുപോലെയുള്ള സാംസ്കാരികമായ ഐക്യപ്പെടൽ സഹായിക്കുമെന്നും അവർ പറഞ്ഞു.

ജലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ‘ഖൂനി വൈശാഖി’ എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയുമായി യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരിയും പുസ്തകോത്സവത്തിൽ സജീവമാകും. എഴുത്തുകാരായ പ്രീതി ഷേണായ്, ദീപക് ഉണ്ണിക്കൃഷ്ണൻ, മനോജ് ദാസ്, ബിരാദ് രാജാറാം യാഗ്‌നിക്, പ്രൊഫ. സികുറൂർ റഹ്മാൻ, രത്തൻ സിങ്, ദിവിക് രമേഷ്, അഞ്ജന ചോട്ടാപ്ധ്യായ, പ്രൊഫ: ലളിത് ബിഹാരി ഗോസ്വാമി, സിർദാർ പർദ്ധകർ, ഡോ. അക്വിൽ അഹമ്മദ്, വിക്കി ആര്യ, മലയാളത്തിൽനിന്ന് ഇന്ദു മേനോൻ, ഡോ. എസ്. ശാരദക്കുട്ടി എന്നിവർ പുസ്തകമേളയുടെ ഭാഗമാകും. ഇതിനുപുറമെ ഇന്ത്യയിൽ നിന്നുള്ള നൃത്തസംഗീത രംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിലുള്ള പരിപാടികളും ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ മേളയും നടക്കും.

യുെെക്രൻ, ചെക് റിപ്പബ്ലിക്, എസ്തോണിയ, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായി ഇത്തവണ പുസ്തകോത്സവത്തിന്റെ ഭാഗമാകും. മേളയിലെ എല്ലാ സ്റ്റാളുകളും വിറ്റുപോയതായും ഒട്ടേറെ പ്രസാധകർ ഇപ്പോഴും അവസരത്തിന് കാത്തുനിൽക്കുകയാണെന്നും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അധികൃതർ വ്യക്തമാക്കി.

ലോകപ്രശസ്തരായ ഗ്രന്ഥകർത്താക്കളും കലാകാരന്മാരും ഇത്തവണത്തെ മേളയിൽ പങ്കെടുക്കും. ബുക്കർ പ്രൈസ് ജേതാവ് ബെൻ ഓക്രി, ഗ്രന്ഥകാരി സറൂ ബയേർലി, മലാല യൂസുഫ് സായിയുടെ പിതാവ് സിയാവുദ്ദീൻ യൂസുഫ്‌സായ് തുടങ്ങിയവർ ഇവരിൽ ഉൾപ്പെടും. മൂന്ന് പുതിയ വിഭാഗങ്ങൾ ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ സോൺ, കോമിക് കോർണർ, എന്റർടൈൻമെന്റ് സോൺ എന്നിവയാണ് ഇവ.

LEAVE A REPLY

Please enter your comment!
Please enter your name here