ദുബായ്: യു.എ.ഇ.യിൽ അതിശൈത്യം തുടരുന്നു. അൽഐനിൽ തുടർച്ചയായ മൂന്നാം ദിവസവും അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെയെത്തി. തിങ്കളാഴ്ച യു.എ.ഇ.യിലെ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 1.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അൽഐൻ രക്നയിലാണ് താപനില പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയത്. കൊടുംതണുപ്പ് അനുഭവപ്പെട്ട പ്രദേശങ്ങളിലെ വെള്ളം തണുത്തുറഞ്ഞു.
ചെടികളിലും വാഹനങ്ങളിലും വെള്ളം തണുത്തുറഞ്ഞുകിടക്കുന്നത് കാണാമായിരുന്നു. മരുഭൂമിയിൽ വെള്ളം ഐസായിമാറിയ അൽഐൻ അൽജിയാ ഭാഗത്തുനിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കടുത്ത തണുപ്പിൽ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യവും സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. രാജ്യത്ത് ഏറ്റവുംകൂടുതൽ തണുപ്പനുഭവപ്പെടുന്ന പ്രദേശംകൂടിയാണ് അൽഐൻ.
കിഴക്കൻ ശീതക്കാറ്റ് യു.എ.ഇ.യിൽ ശക്തമാണ്. അതുകൊണ്ട് വരുംദിവസങ്ങളിലും തണുപ്പ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം കഴിഞ്ഞദിവസം രേഖപ്പെടുത്തിയ പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ 19-നും 23-നുമിടയിൽ ഉയർന്ന താപനില രേഖപ്പെടുത്തി. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.