പ്രവാസികള്‍ക്ക് സന്തോഷിക്കാം; യുഎഇയിൽ വാട്‌സാപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങിയേക്കും

0
976

ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് ഫോൺ വിളിക്കുന്നത് അൽപം ചിലവേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളുള്ള മിക്കവരും വാട്സാപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ വഴി വോയ്സ് കോളും, വീഡിയോ കോളും ചെയ്യുകയാണ് ഇപ്പോഴത്തെ പതിവ്. ലോകമെമ്പാടും ഉപയോക്താക്കൾ ഏറെയുള്ള വാട്സാപ്പ് വഴി ഫോൺവിളിക്കാൻ യുഎഇയിലുള്ളവർക്ക് സാധിക്കില്ല. കാരണം വാട്സാപ്പ് ഫോൺവിളികൾക്ക് രാജ്യത്ത് വിലക്കുണ്ട്.

എന്നാൽ ഈ സ്ഥിതിയ്ക്ക് മാറ്റം വരാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ യുഎഇയുടെ നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈറ്റിയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

യുഎഇയും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പുമായുള്ള സഹകരണം ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വാട്സാപ്പിന്റെ പല പദ്ധതികളും തങ്ങളുടെ താൽപര്യത്തോട് യോജിക്കുന്നതാണ് എന്നും യുഎഇയുടെ ടെലികോം നിയന്ത്രണത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വാട്സാപ്പ് വോയ്സ് കോളുകൾക്കുള്ള വിലക്ക് നീങ്ങിയേക്കുമെന്നും അതിനുള്ള നീക്കങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങൾ അടിസ്ഥാനമാക്കി ഫോൺ വിളിക്കാൻ സൗകര്യമൊരുക്കുന്ന സ്കൈപ്പ്, ഫെയ്സ് ടൈം, വാട്സാപ്പ് ഉൾപ്പടെയുള്ള സേവനങ്ങൾക്ക് യുഇഎയിൽ വിലക്കുണ്ട്. എങ്കിലും വിപിഎൻ സംവിധാനങ്ങൾ ഉപയോഗിച്ച് വിലക്കപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ ഇവിടെ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങൾ എൻക്രിറ്റഡ് ആണെന്നതും രാജ്യത്തെ നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഎഇയിലെ ഈ നിരോധനം. സൗജന്യ സേവനങ്ങളുടെ വരവോടെ പ്രതിസന്ധി നേരിട്ട സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. ഇതോടെ ഇന്റർനെറ്റ് വഴി സൗജന്യ ഫോൺ വിളി സാധ്യമായിട്ടും ഉയർന്ന ചിലവിൽ ഫോൺ വിളിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ ഉൾപ്പെടയുള്ള യുഎഇ നിവാസികൾ.

മറ്റ് പല ഗൾഫ് രാജ്യങ്ങളും വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങളോടുള്ള നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 2017 ൽ വാട്സാപ്പ് കോളുകൾക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയിരുന്നു. ഖത്തറും ഇപ്പോൾ വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സേവനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

സ്കൈപ്പിന്റേയും ഫെയ്സ്ടൈമിന്റേയും വിലക്ക് നീക്കാൻ മൈക്രോ സോഫ്റ്റും, ആപ്പിളും യുഎഇ സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് കഴിഞ്ഞവർഷം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ സംവിധാനങ്ങൾക്ക് ഇപ്പോഴും വിലക്കുണ്ട്.

(Courtesy: Mathrubhumi online)

LEAVE A REPLY

Please enter your comment!
Please enter your name here