മരത്തിൽ നിന്നും മാനസാന്തരത്തിലേക്ക്

മരത്തിൽ നിന്നും മാനസാന്തരത്തിലേക്ക്

ഉൾക്കാഴ്ച 121

മരത്തിൽ നിന്നും മാനസാന്തരത്തിലേക്ക്

   പാസ്റ്റർ ഷിബു ജോസഫ്  

യേശുവിന്റെ ഐഹിക ജീവിതകാലത്ത് സംഭവിച്ച ഒട്ടനവധി കാര്യങ്ങളുടെ വിവരണങ്ങൾ സുവിശേഷങ്ങൾ നമുക്ക്  നൽകുന്നുണ്ടല്ലോ. അതിൽ വളരെയേറെ അർത്ഥവത്തായ ഒരു സംഭവമാണ് സക്കായിയുടെ കഥ. (ലൂക്കോസ് 19:1-10). അയാൾ അത്ര ചെറിയ ആളൊന്നുമല്ല. റോമാ സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനാണ്. ഗവണ്മെന്റിന് വേണ്ടി നികുതി പിരിക്കുക. അത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. എന്നാൽ നിയമാനുസൃതമില്ലാത്തസ്വത്തു  സമ്പാദിച്ചു എന്നുള്ളതാണ്  അവൻ ചെയ്ത കുറ്റം  അതിനു വേണ്ടി അവൻ അമിതമായ നികുതി ചുമത്തി കാണും.

ഏതായാലും അവന്റെ  നാട്ടിലൂടെ യേശു വരുന്നുണ്ട് എന്ന് കേട്ടപ്പോൾ തന്നെ അവനൊരു ആശ. ഒരു പക്ഷെ യേശുവിനെ കുറിച്ച് പല കാര്യങ്ങൾ അവൻ കേട്ടുകാണും. അവന്റെ വകുപ്പിൽ തന്നെ ജോലി ചെയ്ത മത്തായിക്കുഭവിച്ച  പരിവർത്തനം അവൻ കേട്ടു കാണും.

പക്ഷേ അവനൊരു കുഴപ്പമുണ്ട്. അതിനു അവൻ തന്നെ അതിനൊരു പരിഹാരം കണ്ടു. നമ്മുടേതായ പല കുറവുകൾക്കും പരിഹാരം നമ്മുടെ സമീപത്തുണ്ട്. യേശു വരുന്ന വഴിയ്ക്കുള്ള കാട്ടത്തിയിൽ കയറി ഇലകൾക്കിടെ മറഞ്ഞിരുന്നു. അവന് യേശുവിനെ കാണണം. പക്ഷേ യേശു തന്നെ കാണരുത് എന്ന് അവന് ആഗ്രഹമുണ്ട്. ഇന്നു പലരും അതാണ് ആഗ്രഹിക്കുന്നത്. അവർക്കു യേശുവിനെ വേണം. വല്ലതും കിട്ടണം എന്നാൽ അവരുടെ ലോകത്തിലേക്കു  യേശു വരരുത്.

സക്കായിയെ അത്ഭുത പ്പെടിത്തികൊണ്ട് ആ മരത്തിന്റെ ചുവട്ടിൽ നിന്നു യേശു അവനെ വിളിച്ചു. അവൻ യേശുവിനെ കാണുന്നതിന് മുൻപ് യേശു അവനെ കണ്ടു. നാം യേശുവിനെ കണ്ടെത്തിയതല്ല. മറിച്ചു യേശു കാലാകാലങ്ങളായി നമ്മെ കണ്ടെത്തിയാതാണ്.

യേശുവിന്റെ വിളി കേട്ട മാത്രയിൽ അവൻ താഴെ ഇറങ്ങി. ആ ഇറക്കം തന്റെ പാപജീവിതത്തിൽ  നിന്നുമുള്ള ഒരിറക്കം കൂടിയായിരുന്നു എന്ന് ചിന്തിക്കാം. യേശു മറ്റൊന്നും ചോദിക്കുന്നതിന് മുൻപുതന്നെ അവൻ തന്റെ ജീവിതത്തെ പൊളിച്ചെഴുതാൻ  തീരുമാനിച്ചു. വാസ്തവത്തിൽ അവൻ സാമ്പത്തികമായി ദരിദ്രനായി  തീരുകയാണ്. അവന്റെ സ്വത്തിന്റെ പകുതി ദരിദ്രന്മാർക്ക് കൊടുക്കുന്നു പിന്നെ ഉള്ള പകുതിയിൽ നിന്നും, താൻ ചതിച്ചിട്ടുള്ളവർക്ക്  നാല് മടങ്ങു കൊടുക്കും. അപ്പോൾ അതും ഏകദേശം തീരും. അവൻ ഒരു വലിയ നഷ്ടത്തിലേക്കാണ് ഇറങ്ങിയത്. യേശു എന്ന വിലമതിക്കാനാകാത്ത സമ്പത്തു

അവൻ കണ്ടപ്പോൾ മറ്റെല്ലാം അവൻ വേണ്ടാന്ന് വെച്ചു. യേശുവിനെ കൂട്ടി ഇന്നു ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് സക്കായി ഒരു വെല്ലുവിളിയാണ്. യഥാർത്ഥ  മാനസാന്തരമാണിത്. അങ്ങനെ കാണാതെ പോ യ  അവനും ദൈവരാജ്യത്തിലായി.

ക്രിസ്തീയ ജീവിതം ലോകപ്രകാരം ലാഭത്തിന്റേതല്ല. പ്രത്യുത ലാഭമായിരിക്കുന്നതെല്ലാം ചേതം എന്ന് എണ്ണുന്നതാണ്. ക്രിസ്തുവാണ് നമ്മുടെ ലാഭം. നാം നേടേണ്ടത് ക്രിസ്തുവിനെയാണ്.( ഫിലി.3:8-10).

Advertisement