സുവിശേഷത്തിനായി ഓടിയ മലബാർ എക്സ്പ്രസ്സ്

സുവിശേഷത്തിനായി ഓടിയ മലബാർ എക്സ്പ്രസ്സ്

സുവിശേഷത്തിനായി ഓടിയ മലബാർ എക്സ്പ്രസ്സ് 

തയ്യാറാക്കിയത്
സന്ദീപ് വിളമ്പുകണ്ടം 

വിശ്വാസജീവിതത്തില്‍ പിന്നിട്ട വര്‍ഷങ്ങള്‍ അയവിറക്കുമ്പോള്‍ ഒരു യുവാവിനെ പ്പോലെ അദ്ദേഹം ആവേശഭരിതനായി, ഭൂതകാല സംഭവങ്ങള്‍ സ്മരിക്കുമ്പോള്‍, ഹൃദയത്തില്‍ ഇനിയും അണയാത്ത സുവിശേഷാത്മാവ് ആ മുഖത്തു നിഴലിച്ചു, കഠിനശോധനകളില്‍ ദൈവം കരുതിയത് ഓര്‍ത്തെടുക്കുമ്പോള്‍ അദ്ദേഹം ദൈവത്തിനു നന്ദി അര്‍പ്പിക്കുകയായിരുന്നു.

80 വയസ്സ് പിന്നിടുന്ന പാസ്റ്റര്‍ വി.എം. ഫിലിപ്പിന് ഗുഡ്ന്യൂസുമായി പങ്കുവെക്കുവാന്‍ അനുഭവങ്ങള്‍ അനവധിയായിരുന്നു. 1955-ല്‍ ആരംഭിച്ച വിശ്വാസയാത്ര 2023-ല്‍ എത്തിനില്‍ക്കുമ്പോള്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുകയാണ്, മലബാറിലെ ആരംഭകാല കുടിയേറ്റക്കാരുടെ ഇടയിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച പാസ്റ്റര്‍ വി.എം. ഫിലിപ്പ്. 

പാസ്റ്റർ വിഎം. ഫിലിപ്പും ഭാര്യ ഏലിയാമ്മ ഫിലിപ്പും 

മല്ലപ്പള്ളി - ആനിക്കാടില്‍ മാര്‍ത്തോമാ കുടുംബത്തില്‍ വെള്ളിയാംമാക്കല്‍ മത്തായി - റെയ്ച്ചെല്‍ ദമ്പതികളുടെ മകനായി 1943-ല്‍ ജനിച്ച പാസ്റ്റര്‍ വി.എം. ഫിലിപ്പ, മാതാപിതാക്കള്‍ക്കൊപ്പം ചെറുപ്പത്തിലെ കണ്ണൂര്‍ ജില്ലയിലെ ആനപ്പന്തിയിലേയ്ക്കു കുടിയേറി. മലബാറിലെ ആരംഭകാല സുവിശേഷകനായ പാസ്റ്റര്‍ കെ.എം. ജോസഫ് ആനപ്പന്തിയിലെ ഒരു കടമുറിയില്‍ നടത്തിവന്ന സണ്‍ഡേസ്കൂളില്‍ പന്ത്രണ്ടാം വയസ്സില്‍ ആകൃഷ്ടനായ ജോയി എന്ന ഫിലിപ്പിന്‍റെ ഹൃദയത്തില്‍ അന്ന് വീണതാണ് ഇന്നും അണയാത്ത ആ സുവിശേഷാത്മാവ്. എ.ജി. സഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ഈ കൂടിവരവ് വളര്‍ന്നപ്പോള്‍ പിന്നീട് ഇരിട്ടി-പെരിങ്കിരിയിലേയ്ക്ക് മാറുകയും അവിടെ ഒരു അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. മേലേപ്പറമ്പിലെ കുഞ്ഞൂട്ടി, പതാലിയിലെ ജോര്‍ജ് എന്നിവരായിരുന്നു അന്നത്തെ സഭയിലെ പ്രധാന വ്യക്തികള്‍. എസ്ഐ ഏജി മുന്‍ സൂപ്രണ്ട് ഡോ. വി.ടി. എബ്രഹാം ഉള്‍പ്പെടെ നിരവധി പ്രമുഖരെ സംഭാവന ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഭയാണ് പെരിങ്കിരി ഏ.ജി. 

പതിനാറാം വയസ്സില്‍ പാസ്റ്റര്‍ കെ.എം. ജോസഫിന്‍റെ കൈകീഴില്‍ സ്നാനം സ്വീകരിച്ച വി.എം. ഫിലിപ്പ് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്പരനായിരുന്നു. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ച് പെരിങ്കിരിയില്‍ ആരാധനയില്‍ പങ്കെടുത്തതും, ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സമീപ പ്രദേശങ്ങളില്‍ പോയതും, പാസ്റ്റര്‍ വി.എ. വര്‍ഗീസ് ഉള്‍പ്പെടെയുള്ള പാസ്റ്റര്‍മാരോടൊത്ത് ഭവന സന്ദര്‍ശനങ്ങളിലും പ്രാര്‍ഥനകളിലും പങ്കെടുത്തതും, നടന്നു ക്ഷീണിച്ചപ്പോള്‍ അറബി തോട്ടില്‍ നിന്നും വെള്ളം കുടിച്ചതും, മാര്‍ത്തോമാഉപദേശിയുടെ മകളായ തന്‍റെ മാതാവ്, നാട്ടില്‍ നിന്നും വരുന്ന പാസ്റ്റര്‍മാരെയും സുവിശേഷകരെയും ഉള്‍പ്പെടെ ആദരവോടെ വീട്ടില്‍ സ്വീകരിച്ചതും, ഇല്ലായ്മയിലും അവരെ സല്ക്കരിച്ചതും ഉള്‍പ്പെടെ ചെറുപ്പത്തിലെ മധുരിക്കുന്ന നിരവധി ഓര്‍മകള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

ഭാര്യ ഏലിയാമ്മ ഫിലിപ്, മക്കളായ വി.പി. മത്തായികുട്ടി, വി.പി. കുര്യാച്ചൻ, ഓമന ബെന്നി, വി.പി. ഫിലിപ്പ് എന്നിവർക്കൊപ്പം (ഒരു പഴയകാല ഓർമ്മ)

ഹൃദയത്തില്‍ വീണ സുവിശേഷാത്മാവിന്‍റെ കനല്‍ വി.എം. ഫിലിപ്പിനെ വെറുതെ ഇരിക്കാന്‍ സമ്മതിച്ചില്ല. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് സുവിശേഷം അറിയിക്കാന്‍ ആരംഭിച്ചു. വസ്ത്രത്തില്‍ വാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ തൂക്കിയും ഓരോ ടൗണിലും, റെയില്‍വേ സ്റ്റേഷനുകളിലും ദൈവവചനം വിളിച്ചു പറഞ്ഞും സുവിശേഷ പ്രചാരകനായി. പണം ഇല്ലാത്തതിനാല്‍ പട്ടിണിയും, ദീര്‍ഘദൂരങ്ങള്‍ നടപ്പും ജീവിതത്തിന്‍റെ ഭാഗമായി. ഒരിക്കല്‍ ഏകനായി പരസ്യയോഗങ്ങള്‍ നടത്തി വിശന്നു പായിപ്പാടിലൂടെ നടക്കുമ്പോള്‍ 'വിശക്കുന്നവര്‍ക്കു ആഹാരം' എന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. അവിടെ കയറിയപ്പോള്‍ ആലപ്പുഴ ജോര്‍ജുകുട്ടി ഉപദേശിയുടെ ഭവനമായിരുന്നു അത്. വി.എം. ഫിലിപ്പിന്‍റെ സുവിശേഷാത്മാവിനെ ജ്വലിപ്പിക്കുന്നതായിരുന്നു ആ കൂടിച്ചേരല്‍. വീണ്ടും നിരവധി കണ്‍വന്‍ഷനുകള്‍ നടത്താനും തിരുവനന്തപുരം, ഹൈറേഞ്ച് തുടങ്ങിയ അനവധി സ്ഥലങ്ങളില്‍ അദ്ദേഹത്തോടൊപ്പം സിവിശേഷവാഹകനായി സഞ്ചരിക്കാനും സഭകള്‍ സ്ഥാപിക്കാനും സുവിഷേകനായിരുന്ന വി.എം. ഫിലിപ്പിനു സാധിച്ചു.

മലബാറില്‍ സുവിശേഷീകരണത്തിനു നിരവധി സംഭാവനകള്‍ നല്‍കിയ വിത്തുപുരയില്‍ കുടുംബത്തിലെ വി.എ. കുര്യന്‍ - ഏലിയാമ്മ ദമ്പതികളുടെ മകളായ ഏലിയാമ്മ കുര്യനെ 1964ല്‍ ജീവിതപങ്കാളിയായായി സ്വീകരിച്ചു. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ വളരെ താല്പര്യമുണ്ടായിരുന്ന സഹധര്‍മ്മിണിയുടെ പിന്തുണയും
പ്രോത്സാഹനവും വി.എം. ഫിലിപ്പിനെ കൂടുതല്‍ ശക്തനാക്കി. ശേഷം ദൈവാലോചനയുടെ വെളിച്ചത്തില്‍ നിലമ്പൂര്‍ പാലാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറിയ ഈ സുവിശേഷക കുടുംബത്തിനു പ്രതിസന്ധിയുടെയും ദാരിദ്ര്യത്തിന്‍റെയും സമയങ്ങളായിരുന്നു. നാലു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ആറംഗ മിഷനറി കുടുംബത്തിന്‍റെ പാത ഈ കാലയളവില്‍ കല്ലും മുള്ളും നിറഞ്ഞ കുരിശു വഴിയിലൂടെയായിരുന്നു. പലപ്പോഴും തേങ്ങാപ്പൂളും, വെള്ളവും മക്കളുടെ വിശപ്പടക്കാന്‍ നല്‍കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായി. അപ്പോഴും അദ്ദേഹത്തിന്‍റെ ത്യാഗപരമായ സുവിശേഷ പ്രവര്‍ത്തനത്തോടു ഭാര്യയും മക്കളും യാതൊരു പിറുപിറുപ്പും കൂടാതെ കൈത്താങ്ങായി.

കുടുംബവുമൊത്ത്  (ഒരു പഴയകാല ഓർമ്മ)

സുവിശേഷപ്രവര്‍ത്തനത്തില്‍ ഒരു വഴിത്തിരിവായ ഒരു സംഭവം അക്കാലത്താണ് നടന്നത്. കൊട്ടും പാട്ടും കേട്ട ഒരു വീട്ടില്‍ കയറിയ പാസ്റ്റര്‍ വി.എം. ഫിലിപ്പ്, പാസ്റ്റര്‍ എം.വി. മത്തായി (നിലവില്‍ ഐപിസി പാലക്കാട് സെന്‍റര്‍ ശുശ്രൂഷകന്‍), പാസ്റ്റര്‍ കെ.പി. വര്‍ഗീസ് എന്നിവരെ കണ്ടുമുട്ടുന്നു. പാസ്റ്റര്‍ വി.എം. ഫിലിപ്പിന്‍റെ സുവിശേഷീകരണത്തോടുള്ള അതിയായ ആഗ്രഹം മനസിലാക്കിയ അവര്‍ ഇടയ ശുശ്രൂഷയിലേയ്ക്ക് നയിക്കുകയായിരുന്നു. പിന്നീട് ഐപിസിയുമായി ബന്ധപ്പെടുകയും മണിമൂളിയും, മുണ്ടൂരും പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അന്നത്തെ ഐപിസി പ്രസിഡന്‍റ് പാസ്റ്റര്‍ സി.കെ. ഡാനിയേല്‍, പാസ്റ്റര്‍ വി.എം. ഫിലിപ്പ് ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്ന വ്യക്തിയായണെന്നു മനസിലാക്കി, അന്ന് ബൈബിള്‍ കോളേജില്‍ പഠിച്ചിട്ടില്ലെങ്കിലും സ്നാനപ്പെടുത്താനും, കര്‍ത്തൃമേശ നടത്താനും ഉള്‍പ്പെടെയുള്ള അനുമതി നല്‍കി.

വീട്ടിലെ സാഹചര്യങ്ങള്‍ ബൈബിള്‍സ്കൂളില്‍ പോകാന്‍ അനുവദിക്കുന്നില്ലായിരുന്നു എങ്കിലും ഭാര്യയുടെ പൂര്‍ണപിന്തുണയും, ധൈര്യവാക്കുകളും കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിച്ച് മല്ലപ്പള്ളി സിയോണ്‍ ബൈബിള്‍ കോളേജില്‍ ചേരാന്‍ മുഖാന്തിരമായി. വീട്ടിലെ പട്ടിണിയും, മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത
തും എല്ലാം മനസ്സിനെ അസ്വസ്ഥമാക്കിയെങ്കിലും പഠനം തുടരാന്‍ തന്നെ ധൈര്യപ്പെടുത്തിയ, പ്രാര്‍ഥനാപോരാളിയായ, ഇന്ന് നിത്യതയില്‍ വിശ്രമിക്കുന്ന, തന്‍റെ സഹധര്‍മ്മിണിയുടെ ഉറച്ച പിന്തുണയും പ്രാര്‍ഥനയും അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു.

ബൈബിള്‍സ്കൂള്‍ പഠനകാലയളവില്‍ ദൈവം നടത്തിയ നിരവധി അത്ഭുതവഴികള്‍ അദ്ദേഹം വിവരിക്കാന്‍ മറന്നില്ല. ഒരിക്കല്‍ ക്ലാസെടുക്കാന്‍ വന്ന പാസ്റ്റര്‍ കെ.എം. ജോണ്‍ (ഐപിസി മുന്‍ സ്റ്റേറ്റ് പ്രസിഡന്‍റ്) അദ്ദേഹത്തിന്‍റെ ഭാര്യക്ക് ഒരു ഓപ്പറേഷന്‍ നടക്കുകയാണെന്നും ഒരു കുപ്പി ബ്ലഡ് ആവശ്യമാണെന്നും, എല്ലാവരും പ്രാര്‍ഥിക്കണമെന്നും പറഞ്ഞു. വിദ്യാര്‍ഥിയായ വി.എം. ഫിലിപ്പിന്‍റെ ബ്ലഡ് ഗ്രൂപ്പും ആവശ്യമായ ഗ്രൂപ്പും ഒന്നുതന്നെയാകയാല്‍ വി.എം ഫിലിപ്പ് ബ്ലഡ് നല്‍കാന്‍ തയ്യാറായി. രക്തം നല്‍കിയ ശേഷം കെ.എം. ജോണ്‍ അപ്പച്ചന്‍ ഭക്ഷണം കഴിക്കാന്‍ നല്‍കിയ 100 രൂപ ദൈവത്തിന്‍റെ അത്ഭുത കരുതലായിരുന്നു. കുറച്ചു പൈസ പേനയും മഷിയും മേടിക്കാന്‍ ചിലവഴിച്ചു, വീട്ടിലെ ഭക്ഷണച്ചെലവിനായി ബാക്കി തുക വീട്ടിലേയ്ക്ക് അയച്ചുകൊടുത്തു. അപ്രതീക്ഷിതമായ നിരവധി ദൈവത്തിന്‍റെ കരുതലുകള്‍ വേദപഠനകാലത്ത് രുചിച്ചറിയാന്‍ ഈ മിഷനറി കുടുംബത്തിനു സാധിച്ചിട്ടുണ്ട്.

പാസ്റ്റര്‍ വി.എം. ഫിലിപ്പിന്‍റെ സഹധര്‍മ്മിണി ഏലിയാമ്മ ഫിലിപ്പ് എഴുതിയ ഗാനങ്ങള്‍ അടങ്ങിയ സി.ഡി. പ്രകാശനം പാസ്റ്റര്‍ കെ.സി. ജോണ്‍ പാസ്റ്റര്‍ രാജു പൂവക്കാലയ്ക്കു നല്‍കി നിര്‍വഹിക്കുന്നു. (ഫയല്‍ച്ചിത്രം)

തുടര്‍ന്ന് ഒലവക്കോട്, കോട്ടയം ആയാംകുടി, എഴുമാംതുരത്ത്, മുണ്ടിയപ്പള്ളി, ആനിക്കാട്, നെടുംകുന്നം, പൂവന്‍മല, ഉന്നക്കാവ്, കക്കടുമണ്‍,മന്ദമരുതി, ആലുവ എന്നീ സ്ഥലങ്ങളില്‍ സഭാശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. യുവജനപ്രവര്‍ത്തങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം വൈക്കം സെന്‍റര്‍ പിവൈപിഎ പ്രസിഡന്‍റായും സേവനം ചെയ്തു. ജന്മസ്ഥലമായആനിക്കാടില്‍ പ്രേഷിതപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിലുള്ള അദ്ദേഹത്തിന്‍റെ സന്തോഷവും പങ്കുവെച്ചു.

ഭൗതീകനേട്ടങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കാതിരുന്ന പാസ്റ്റര്‍ വി.എം. ഫിലിപ്പ് 40 വര്‍ഷത്തെ ഇടയശുശ്രൂഷയ്ക്കു ശേഷം വിശ്രമത്തിനായി തിരുവല്ലയില്‍ വാടക വീട്ടിലേയ്ക്ക് മാറിയത്. ഐപിസി ഉടുമ്പന്‍ചോല ഏരിയയുടെ കണ്‍വീനറായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം ഹൈറേഞ്ച് സുവിശേഷീകരണത്തിലും പങ്കാളിയായായി. ചില വര്‍ഷങ്ങള്‍ക്ക് ശേഷം ശാരീരിക ക്ഷീണം നിമിത്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. പ്രവാചകന്‍ കൂടിയായ ഇദ്ദേഹം കുമ്പനാട് കണ്‍വന്‍ഷന്‍, പിവൈപിഎ ക്യാമ്പുകള്‍ ഉള്‍പ്പെടയുള്ള ആത്മീയ സമ്മേളനങ്ങളിലെ കാത്തിരിപ്പുയോഗങ്ങളില്‍ ശുശ്രൂഷകനായിരുന്നു. പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യക്തികളുള്ള വേദികളില്‍ പ്രവചനദൂത് വിളിച്ചുപറയാന്‍ യാതൊരു മടിയുമില്ലായിരുന്നു.

പാസ്റ്റർ വി.എം. ഫിലിപ്പ് 'വയലിൽ നിധി കണ്ട മനുഷ്യൻ' എന്ന ചെറുനോവൽ തയ്യാറാക്കി മീഡിയ മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു സുവിശേഷകന്റെ കഥ പറയുന്നതാണ് നോവലിലെ പ്രമേയം. പ്രസിദ്ധ എഴുത്തുകാരൻ ജെ.സി ദേവാണ് ആസ്വാദനം തയ്യാറാക്കിയിരിക്കുന്നത്.

2014 മാര്‍ച്ച് 20നു തന്‍റെ ജീവിതത്തെയും ശുശ്രൂഷയെയും ഏറെ സ്വാധീനിക്കുകയും, കരുത്തുപകരുകയും ചെയ്ത സഹധര്‍മ്മിണി ഏലിയാമ്മ ഫിലിപ്പ് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഇപ്പോള്‍ തിരുവല്ലയില്‍ ഇളയമകന്‍ പാസ്റ്റര്‍ വി.പി. ഫിലിപ്പിന്‍റെ ഭവനത്തില്‍ കഴിയുന്നു. പാസ്റ്റര്‍ സില്‍ജു വര്‍ഗീസും കുടുംബവും അദ്ദേഹത്തോടൊപ്പം താമസിക്കുന്നു. പാസ്റ്റര്‍ പാസ്റ്റര്‍ വി.എം. ഫിലിപ്പ് - ഏലിയാമ്മ ദമ്പതികള്‍ക്ക് ദൈവം 4 മക്കളെ നല്‍കി. 8 കൊച്ചുമക്കളെയും 3 കൊച്ചുമക്കളുടെ മക്കളെയും കാണാന്‍ ലഭിച്ച സന്തോഷം ആ പിതാവില്‍ പ്രകടമായിരുന്നു. 

നാലു മക്കളും പ്രസിദ്ധരും, ഉന്നത വിദ്യാഭ്യാസം നേടിയവരും, വിവിധ നിലകളില്‍ കര്‍ത്തൃവേലയില്‍ ആയിരിക്കുന്നതിലും ഏറെ സന്തുഷ്ടനാണ് ഇദ്ദേഹം. മാതാപിതാക്കള്‍ക്കൊപ്പം പ്രേഷിത പ്രവര്‍ത്തനത്തിലെ എല്ലാവിധ പ്രതിസന്ധികളെയും അഭിമുഖീകരിച്ച അനുഭവസമ്പത്തതാണ് ഈ മക്കളെ സുവിശേഷ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കരുത്തരാക്കിയത് എന്നാണ് ഈ പിതാവിന്‍റെ നിഗമനം. 

മൂത്തമകന്‍ പാസ്റ്റര്‍ വി.പി. മത്തായികുട്ടി ഗ്ലോബല്‍ ഡിസൈപ്പിള്‍സ് സുവിശേഷസംഘടനയുടെ സൗത്ത് ഏഷ്യാ ഡയറക്ടറാണ്. സഹധര്‍മ്മിണി വത്സമ്മ മത്തായി. മറ്റൊരു മകന്‍ വി.പി. കുര്യാച്ചന്‍ കാനഡ കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയുടെ സീനിയര്‍ ശുശ്രൂഷകനാണ്. ഭാര്യ ഷേര്‍ലി കുര്യാച്ചന്‍. മകള്‍ ഓമന ബെന്നി ഹരിയാന നര്‍വാണ ക്രിസ്ത്യന്‍ അസംബ്ലിയില്‍ ഭര്‍ത്താവ് പാസ്റ്റര്‍ ബെന്നി ജോര്‍ജിനൊപ്പം സുവിശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പെന്തെക്കോസ്ത് സമൂഹത്തില്‍ ഏറെ പ്രസിദ്ധനായ വേദാധ്യാപകനും, പ്രഭാഷകനും, എഴുത്തുകാരനുമായ പാസ്റ്റര്‍ വി.പി. ഫിലിപ്പാണ് ഇളയമകന്‍. മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ പിവൈപിഎയുടെ സംസ്ഥാന പ്രസിഡന്‍റായി സേവനം ചെയ്ത അദ്ദേഹം ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസ്ബിറ്ററി & കൗണ്‍സില്‍ അംഗമവുമായിരുന്നു. പാസ്റ്റര്‍ വി.പി. ഫിലിപ്പിന്‍റെ കാലഘട്ടം പെന്തെക്കോസ്ത് യുവജന സംഘടനയ്ക്ക് കരുത്തുപകര്‍ന്ന സമയങ്ങളായിരുന്നു. ഗുഡ്ന്യൂസ് ബാലലോകം ആയിരുന്നു ഇദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ ആദ്യപടികള്‍ എന്നതും ശ്രദ്ധേയമാണ്. വിദേശത്തുള്‍പ്പെടെ ശ്രദ്ധേയമായ സഭകളില്‍ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം ഐപിസി താബോര്‍ സഭയിലെ സീനിയര്‍ ശുശ്രൂഷകനാണ്. സഹധര്‍മ്മിണി സജീന ഫിലിപ്പ്.

ഉപേദശ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, ആത്മീയവിഷയത്തില്‍ കര്‍ക്കശക്കാരനായ, ഇടയ ശുശ്രൂഷയ്ക്കു ഉത്തമ ഉദാഹരണമായ പാസ്റ്റര്‍ വി.എം. ഫിലിപ്പ്, നിലവില്‍ പാസ്റ്റര്‍ രാജു പൂവക്കാല സീനിയര്‍ ശുശ്രൂഷകനായിരിക്കുന്ന ഐപിസി പ്രയര്‍ സെന്‍ററിലെ സീനിയര്‍ അസ്സോസിയേറ്റ് ശുശ്രൂഷകനാണ്. ശുശ്രൂഷാകാലയളവില്‍ ഐപിസി യിലെ സീനിയര്‍ ദൈവദാസന്മാരുടെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും എന്നും മുതല്‍ക്കൂട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സഭയില്‍ കടന്നു കൂടിയ ദുഷ്പ്രവണതകള്‍ വിഷമത്തോടെ വിലയിരുത്തിയ അദ്ദേഹം ഒരു മടങ്ങിവരവ് ദൈവം നല്‍കട്ടെ എന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞു. ഉപദേശവിഷയത്തില്‍ അയവു വരുത്തി, പ്രസിദ്ധിക്കും, സ്ഥാന-മാനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രവണത അപകടമാണെന്ന മുന്നറിയിപ്പും നല്‍കിയാണ് പാസ്റ്റര്‍ വി.എം. ഫിലിപ്പ് വാക്കുകള്‍ അവസാനിപ്പിച്ചത്.

Advertisement