കൂടപ്പിറപ്പുകൾ ഇല്ലാതെ ഉള്ളുനീറി വിടപറയുകയാണവർ
കൂടപ്പിറപ്പുകൾ ഇല്ലാതെ ഉള്ളുനീറി വിടപറയുകയാണവർ
ഗ്രേസ് സന്ദീപ് വയനാട്
പിറന്ന നാടിനോട്, കൂടപ്പിറപ്പുകൾ ഇല്ലാതെ ഉള്ളുനീറി വിടപറയുകയാണവർ. കഠിനാധ്വാനം കൊണ്ട് നേടിയതൊക്കെ മണ്ണിനടിയിലായി. കണ്ണ് നിറയുന്ന കാഴ്ചകൾ. മനുഷ്യൻ എത്ര നിസ്സഹായനാണെന്നു ഒരു പ്രാവശ്യം കൂടി ഓർത്തുപോയി. നമ്മളാരും ഈ ഭൂമിയിൽ സുരക്ഷിതരല്ല എന്ന് മനസ്സിൽ ഒന്നുകൂടെ ഉറപ്പിക്കുകയാണ് ഇത്തരം സംഭവങ്ങൾ. നൂറുകണക്കിന് വീടുകളിലായി ആയിരക്കണക്കിന് ജനങ്ങൾ പാർത്തിരുന്ന സൂചിപ്പാറ, മുണ്ടക്കൈ ഉൾപ്പെടെ ചെറുഗ്രാമങ്ങൾ പലതും പുഴയാക്കി മാറ്റിയ പ്രകൃതിയുടെ കലിതുള്ളൽ സമ്മാനിച്ചത് കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത കണ്ണീർകടലായിരുന്നു.
ജൂലൈ 30ന് ഉരുൾപൊട്ടലിന്റെ രൂപത്തിൽ പ്രകൃതി സംഹാര താണ്ഡവമാടിയ ഒരു രാത്രിയിൽ അപ്രത്യക്ഷമായ വയനാടിന്റെ പറുദീസ. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ, കൊതിച്ചു പോകുന്ന കാലാവസ്ഥ, മൂന്നാറും ഊട്ടിയും മാറിനിൽക്കുന്ന പ്രകൃതി സൗന്ദര്യം തുടങ്ങി എല്ലാംകൊണ്ടും തലയെടുപ്പോടെ നിന്ന നാട് ഇന്നില്ല. ദുരന്തം ബാക്കിവെച്ച പ്രദേശവാസികൾ ഉള്ളുനീറി നാടിനോട് വിടപറയുകയാണ്. ജനിച്ചുവളർന്ന, എല്ലാം എല്ലാം ആയിരുന്ന നാട് വിട്ടുപോകാൻ നിർബന്ധിതരാകുകയാണ് ഇവർ. ഒന്നിച്ചു ഒരു കുടുംബം പോലെ കഴിഞ്ഞ നിരവധി പേരെ ഉരുൾ കൊണ്ടുപോയി, ബാക്കി ഉള്ളവർ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് ചിതറി പാർക്കേണ്ടിവരുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും 700 ഓളം കുടുംബങ്ങളെ താത്കാലികമായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. നിരവധി കുടുംബങ്ങളെ വാടകവീടുകളിലേക്കാണ് മാറ്റിയത്. താത്കാലിക പുനരധിവാസത്തിനു ഉപയോഗപ്പെടുത്തിയതില്‍ ചില കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ളതാണ്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, വെങ്ങപ്പള്ളി, പൊഴുതന പ്രദേശങ്ങളിലാണ് പുനരധിവാസം കൂടുതല്‍ നടന്നത്. ദുരന്ത ബാധിതരുടെ താത്പര്യംകൂടി പരിഗണിച്ചാണിത്. 304 അതിഥി തൊഴിലാളികളെ ക്യാമ്പുകളില്‍നിന്നും മാതൃ സംസ്ഥാനങ്ങളിലേക്ക് അയച്ചു. ബാക്കിയുള്ളവരെ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റി.
സർക്കാർ നൽകുന്ന 'ബാക് ടു ഹോം കിറ്റ്' കൈപറ്റി ക്യാമ്പുകളും ജനിച്ച നാടും വിട്ടു പുതിയ ജീവിത സാഹചര്യത്തിലേക്ക് പോകുകയാണ് ഉരുൾ ബാക്കിവെച്ച ഇവർ. ഇവരുടെ സ്ഥിരമായ പുനധിവാസവും ഗവൺമെന്റ് പ്രാവർത്തികമാക്കുമെന്ന വിശ്വാസമാണ് എല്ലാവർക്കും.
ദുരന്തം നടന്നു മൂന്നാം ദിവസം തന്നെ ഗുഡ്‌ന്യൂസ് സംഘം ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. സംഘത്തിന്റെ യാത്രാവിവരണം
ഗുഡ്ന്യൂസ് ടീമിൻ്റെ 'ഉള്ളുടച്ചുരുൾ' ദുരന്ത ഭൂമി സന്ദർശനം
പോലീസിൻ്റെയും പാട്ടാളത്തത്തിൻ്റെയും നിയന്ത്രണത്തിലുള്ള ദുരന്ത മേഖലയിൽ പ്രവേശിക്കാൻ രാവിലെ എട്ടു മണിവരെ അനുമതി കിട്ടാതെയിരുന്നപ്പോഴാണ് കളക്ടറുടെ അടുത്തെത്തി സംസാരിക്കാൻ സജി മത്തായി കാതേട്ടിന്റെ സംഘം തീരുമാനിച്ചത്. അവിടെ കളക്ടറേറ്റിൻ്റെ മുറ്റത്ത് ബഹുമാനപ്പെട്ട സംസ്ഥാന മന്ത്രി ഒ.ആർ കേളു ദുരന്ത മേഖലയിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ കാണുന്നതിനുമുമ്പെ അദ്ദേഹം ജോബ് പാസ്റ്ററെ എന്നു വിളിച്ച് സ്വാഗതം ചെയ്തു. അതൊരു കച്ചിത്തുരുമ്പായി.
വയനാട്ടിലുള്ള കെ. ജെ.ജോബ് പാസ്റ്ററുമായി ദീർഘ വർഷമായി ബന്ധവും അടുപ്പമുള്ള വ്യക്തിയായിരുന്നു മന്ത്രി ഒ.ആർ. കേളു. അതു ഞങ്ങൾ പ്രയോജനപ്പെടുത്തി. ഗുഡ്ന്യൂസ് ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായി കേട്ടപ്പോൾ പെന്തെക്കോസ്തുകാർ ചെയ്യുന്നതെല്ലാം നിഷ്കളങ്കതയോടെയും സത്യസന്ധതയോടെയും ആയിരിക്കുമെന്നെനിക്കറിയാമെന്ന് പറഞ്ഞ് ഞങ്ങളെ കളക്ടറുടെ ചേമ്പറിലേക്ക് എത്തിച്ചു. മന്ത്രിയെ കണ്ടയുടനെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ I.A.S. എഴുന്നേറ്റ് അഭിവാദ്യം ചെയ്ത് മന്ത്രിയെ സ്വീകരിച്ചു. മന്ത്രി ഞങ്ങളെയും ഗുഡ്ന്യൂസ് ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ കളക്ടറെ ധരിപ്പിച്ചു. ആദ്യഘട്ടമായി ഭവനം നഷ്ടപ്പെട്ട അഞ്ച് പേർക്ക് ഫർണിച്ചർ അടക്കം വീടുകൾ പണിത് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന കത്ത് ജില്ലാ കളക്ടർക്ക് കൈമാറുന്നത് അവിടെ വെച്ചാണ്.സത്യത്തിൽ അതു പെന്തെക്കോസ്തു സമൂഹത്തിനുള്ള അംഗീകാരമായി.
വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന ഗുഡ്ന്യൂസിന്‍റെ ഉറപ്പ് രേഖാമൂലം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐഎഎസിന് സജി മത്തായി കാതേട്ട് കൈമാറുന്നു. സമീപം മന്ത്രി ഒ.ആര്‍. കേളു, കെ.ജെ. ജോബ് എന്നിവര്‍ സമീപം.
എൻ്റെ വാഹനത്തേ പിൻതുടരുക എന്ന് മന്ത്രി നിർദേശിച്ചതനുസരിച്ച് മുണ്ടക്കൈയിലേക്കുള്ള ഞങ്ങളുടെ യാത്ര മന്ത്രിയോടൊപ്പം ആയിരുന്നു. വയനാടിന്റെ നെഞ്ച് പിളർന്ന ഉരുൾപൊട്ടൽ ഉണ്ടായ ഇടം.തേയില തോട്ടങ്ങളും മരങ്ങളും നിറഞ്ഞിരുന്ന പാതയ്ക്ക് പകരം ഞങ്ങളെ ഇന്ന് വരവേറ്റത് കല്ലും മണ്ണും നിറഞ്ഞ പാതയായിരുന്നു. അടഞ്ഞുകിടക്കുന്ന കടകൾ ,കല്ലുകളും ചെളിയും നിറഞ്ഞ പ്രദേശം. ഞാൻ കണ്ടിരുന്ന എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്ന മനോഹരമായ മുണ്ടക്കൈ ആണതെന്ന് വിശ്വസിക്കാൻ പോലും എന്റെ മനസ്സ് വിസമ്മതിച്ചു. പച്ചപ്പ് നിറഞ്ഞയിടം ശ്മശാന ഭൂമിയായി. വയനാടിന്റെ വിരിമാറിൽ നിന്ന് ഒഴുകിയ പുഴ ഒരു വ്യഥയായി പടർന്നിരിക്കുന്നു. ഒരുപാട് ചിന്തകൾ എന്നെ വേട്ടയാടാൻ തുടങ്ങി .എത്രയോ പ്രതീക്ഷകളോടെയാകും ഓരോ മനുഷ്യനും ആ രാത്രി കിടന്നത്. എത്രയെത്ര സ്വപ്നങ്ങൾ അവർ നാളെക്കായി കണ്ടു കാണും.
ഗുഡ്‌ന്യൂസ് നടപ്പാക്കുന്ന പദ്ധതികൾ രേഖാമൂലം മന്ത്രി ഓ.ആർ. കേളുവിന് സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ ചേർന്ന് കൈമാറുന്നു. കെ.ജെ. ജോബ് സമീപം
പക്ഷേ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ എല്ലാം പ്രകൃതിയുടെ ഒരു പൊട്ടലിൽ തകർന്നടിഞ്ഞു. മാതാപിതാക്കൾ കൺമുമ്പിൽ മരണത്തിന് കീഴ്പെടുമ്പോഴും നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന മക്കൾ. നിലവിളിച്ച മക്കളെ രക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾ. ഈ ലോകം എന്തെന്ന് പോലും അറിയാത്ത ദുരന്തം അപഹരിച്ച പിഞ്ച് കുഞ്ഞുങ്ങൾ, അങ്ങനെ എത്രയോ ജീവനുകൾ .ഉരുൾപൊട്ടലിൽ നഷ്ടമായ ഓരോ വ്യക്തികളുടെയു ഓർമ്മകൾ ഗുഡ്ന്യൂസ് ടീമിന് ഹൃദയത്തിൽ അത്രമേൽ വേദനയുണ്ടാക്കി.കഠിനാധ്വാനം കൊണ്ട് നേടിയതൊക്കെ മണ്ണിനടിയിലായി. കണ്ണ് നിറയുന്ന കാഴ്ചകൾ .മനുഷ്യൻ എത്ര നിസ്സഹായനാണ് അല്ലേ ? നമ്മളാരും ഈ ഭൂമിയിൽ സുരക്ഷിതരല്ല എന്ന് മനസ്സിൽ ഒന്നുകൂടെ ഉറപ്പിച്ചു.
മനസ്സിനെ അത്രമേൽ അസ്വസ്ഥമാക്കിയ മറ്റൊരു കാഴ്ചയായിരുന്നു ദുരന്ത സ്ഥലത്തുനിന്ന് കണ്ടെടുത്ത മോനെ പൊതിഞ്ഞ തുണിയിൽ എഴുതിയിരുന്ന വാക്കുകൾ ,' Unknown Boy : Number. 3 ആരുടെയൊക്കെയോ ആരൊക്കെയോ ആയിരുന്ന മോൻ ഇന്ന് ആരെന്നു പോലും തിരിച്ചറിയാതെ. ഭൂമിക്കടിയിൽ നിന്നും ജീവൻ്റെ തുടിപ്പുകളെ തേടി ജീവനുള്ളവർ കഠിനാധ്വാനം ചെയ്തു .മരിച്ചവരുടെയും കാണാതായവരുടെയും കണക്കൊന്നും ഞാൻ പറയുന്നില്ല.
പക്ഷേ ജീവനുള്ളവരുടെ മനോവേദനയാണ് അവിടെയെത്തുന്നവരുടെ ചങ്കുടയ്ക്കുന്നത് .തങ്ങൾക്ക് പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുവാൻ കഴിയാതെ പോയവർ ,മക്കൾ നഷ്ടപ്പെട്ടവർ, മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ടവർ.
ആശുപത്രി കിടക്കയിൽ നിന്ന് ഒരു വനിത, ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞത് ; "എൻ്റെ മാതാവിനെയും പിതാവിനെയും സഹോദരനെയും ഉരുൾപൊട്ടൽ കവർന്നെടുത്തു .അവരുടെ ശവസംസ്കാരം നടത്തി .അവരെല്ലാം സേഫ് ആണ് .ഒറ്റയ്ക്കായത് ഞാൻ മാത്രമാണ്. എന്തിന് എൻ്റെ ജീവൻ മാത്രം ബാക്കിവച്ചു."
ഗുഡ്ന്യൂസ് പ്രവര്‍ത്തകര്‍ മന്ത്രി ഒ.ആര്‍. കേളുവുമായി സംസാരിക്കുന്നു
അതേ ദുരന്തത്തിൽപ്പെട്ട് 12 മണിക്കൂർ ചെളിയിൽ പുതഞ്ഞു നിന്നതിനു ശേഷം സന്നദ്ധ പ്രവർത്തകർ രക്ഷപ്പെടുത്തിയ അരുൺ എന്ന യുവാവിനോട് തലയ്ക്കു മീതെ വെള്ളം വന്നിട്ടും ചെളിയിൽ പൂണ്ട് പോയിട്ടും മാരകമായി മുറിവേറ്റിട്ടും എങ്ങനെ തിരിച്ചു വരാൻ സാധിച്ചു എന്ന് ചോദിച്ചപ്പോൾ തന്റെ ഉത്തരം ഇതായിരുന്നു ; "ഒരു ജീവിതമേ ഉള്ളൂ എന്നെനിക്കറിയാം അതുകൊണ്ടുതന്നെ എനിക്ക് ജീവിക്കാൻ അത്രമേൽ കൊതിയാണ്. ഈ ജീവൻ നഷ്ടപ്പെട്ടാൽ ഇനി ഇതുപോലുള്ള ഒന്ന് ഇല്ലെന്ന് എനിക്കറിയാം. പരമാവധി മരിക്കാതിരിക്കാൻ ഞാൻ പൊരുതി ."ഒരേ പ്രദേശത്ത് ഒരേ ദുരന്തത്തിന് സാക്ഷ്യം വഹിച്ച് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന രണ്ടുപേരുടെ വാക്കുകൾ .ഒരാൾ മരണത്തെ അതിജീവിച്ച് ജീവിതം നേടിയതിന്റെ സന്തോഷത്തിൽ. മറ്റൊരാൾ തൻ്റെ പ്രിയപ്പെട്ടവർക്ക് നഷ്ടമായ ജീവൻ തന്നിൽ മാത്രം അവശേഷിച്ചതിന്റെ വേദനയിൽ . അങ്ങനെ എത്രയോ വ്യത്യസ്തമായ അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ട്.
തൻ്റെ ഉടയവരെ കാണാതെ അലഞ്ഞു നടക്കുന്ന വളർത്തു നായ്ക്കൾ നൊമ്പരക്കാഴ്ചയായി. അതിലേറെ എന്നെ വേദനിപ്പിച്ചത് വെള്ളാർ മല സ്കൂളിന്റെ അവസ്ഥയാണ്. വഞ്ചിപ്പാട്ടിന് എ-ഗ്രേഡ് നേടി വിജയഭേരി മുഴക്കിയ പാതകൾ ഇന്ന് വിലാപയാത്രയ്ക്ക് വഴിമാറി. കുളിരരുവിയുടെ തീരത്തെ വിദ്യാലയത്തിന്റെ സൗഭാഗ്യത്തെക്കുറിച്ച് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഉരുൾപൊട്ടൽ ദുരന്ത സ്മാരകമായി മാറിയിരിക്കുന്നു വെള്ളാർ മല സ്കൂൾ. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ആ വിദ്യാലയാങ്കണത്തിൽ വച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവരിൽ പലരും ഇന്ന് ജീവനോടെ ശേഷിക്കുന്നില്ലെന്നത് വിശ്വസിക്കാനാകുന്നില്ല.
വെള്ളാർമലയിൽ ദുരന്തം വരുമെന്ന് സ്കൂൾ മാഗസിനിൽ കഥ എഴുതിയ ഒമ്പതാം ക്ലാസുകാരി ലയയ്ക്ക് അച്ഛനെ നഷ്ടമായത് ഇരട്ടി ദുഃഖമായി. ഒപ്പം ദുരന്തം അപഹരിച്ച് തിരിച്ചറിയാൻ കഴിയാത്തവർക്ക് ഒരുമിച്ച് ഒരു മടക്കം. പേരറിയാതെ മടക്കം. ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ വർഗ്ഗത്തിന്റെയോ വ്യത്യാസമില്ലാതെ സർവ്വമത പ്രാർത്ഥനയോടെ തങ്ങൾ നേടിയതൊന്നും കൂടെ കൂട്ടാതെ മണ്ണിലേക്ക് അവർ യാത്രയായി. ലോകത്തിൽ എന്തൊക്കെ നേടിയിട്ടും ഒടുക്കം സ്വന്തമായത് ആറടി മണ്ണ് മാത്രം. അതും വലിയവനെന്നും ചെറിയവനെന്നും ധനവാനെന്നും ദരിദ്രൻ എന്നും വ്യത്യാസമില്ലാതെ .പിന്നെ ജീവനോടിരിക്കുമ്പോൾ എന്തിനാണ് ഈ പരിഭവങ്ങളും പിണക്കങ്ങളും വേർതിരിവുകളും എല്ലാം; വേദനയോടെ ഞാൻ മനസ്സിലുരുവിട്ടു.
വീണ്ടും ഞങ്ങൾ ബെയിലി പാലത്തിന് സമീപം താൽക്കാലികമായി നിർമ്മിച്ച പാലത്തിലൂടെ മുന്നോട്ടു നടന്നു . അവിടെവച്ച് മന്ത്രി ഒ.ആർ കേളുവുമായി വീണ്ടും ഒരു കൂടിക്കാഴ്ച ഉണ്ടായി. മന്ത്രി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനെ കുറിച്ച് വിവരിച്ച് ഞങ്ങളോട് പങ്കുവെച്ചു . കണ്ടതും കേട്ടതും എല്ലാം ഹൃദയത്തെ മുറിപ്പെടുത്തുന്നതായി തോന്നി.
ഈ വേദനയിലും തങ്ങളുടെ മെയ്യും ജീവനും മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ ഒരാശ്വാസം തന്നെയായിരുന്നു. തങ്ങൾക്ക് ആരുമല്ലാതിരുന്നിട്ടും സഹോദരങ്ങളോട് എന്നപോലെ കരുതലോടെ രക്ഷാപ്രവർത്തനം ചെയ്യുന്നവർ. അഭിമാനം തോന്നിയ നിമിഷങ്ങൾ . മലയാളിയായതിൽ ,ഒരു ഭാരതീയനായതിൽ. കഴ്ചകൾക്കിടയിൽ ഒരു ചോദ്യം ചെവിയിൽ മുഴങ്ങി. "നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ? " മറുപടിക്ക് കാതോർക്കാതെ ഭക്ഷണം കയ്യിൽ തന്ന് അവർ മറ്റുള്ള ആളുകളിലേക്ക് ഭക്ഷണം എത്തിക്കാനായി നീങ്ങി. തങ്ങൾക്ക് അപരിചിതരായ ആളുകൾക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, ഓരോരുത്തരുടെയും വിശപ്പടക്കുന്നവർ ,അമ്മ പോയി അലറി കരയുന്ന കുഞ്ഞുങ്ങൾക്ക് നൽകാൻ ഏതോ നാട്ടിൽ നിന്ന് നെഞ്ചിൽ പാലാഴിയേന്തി വരുന്നവർ ,ഉറ്റവർ നഷ്ടപ്പെട്ട വൃദ്ധജനങ്ങളെ ഏറ്റെടുക്കാനായി സന്നദ്ധത പ്രകടിപ്പിക്കുന്നവർ .ശരിക്കും ഇവരൊക്കെ ? അതെ 'മനുഷ്യർ' .അവർ 'മനുഷ്യൻ' എന്ന സുന്ദര പദത്തിന് പുതിയ അർത്ഥങ്ങൾ . കടലോളം ആഴവും ആകാശത്തോളം ഉയരവും നൽകുന്നു . മെച്ചപ്പെട്ട മനുഷ്യരായിരിക്കാൻ നമ്മളെ ക്ഷണിക്കുന്നു.
ഹെലികോപ്റ്ററിൽ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ആംബുലൻസിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും ഒക്കെ സാക്ഷ്യം വഹിച്ചുള്ള മടക്കയാത്രയിൽ ഇനിയും ഒരു മുണ്ടകൈ ഉണ്ടാകാൻ, ഒരു ദുരന്തത്തിൽ ഒരു നാടിനെ വിഴുങ്ങാൻ ഇട വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.
മർക്കോസ് സുവിശേഷം 12-ാം അധ്യായം 41 മുതലുള്ള വാക്യങ്ങളിൽ ഇങ്ങനെ കാണാം. "പിന്നെ യേശു ശ്രീ ഭണ്ഠാരത്തിന് നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണമിടുന്നത് നോക്കിക്കൊണ്ടിരുന്നു .ധനവാന്മാർ പലരും വളരെയിട്ടു. ദരിദ്രയായ ഒരു വിധവ ഒരു പൈസയ്ക്ക് ശരിയായ രണ്ടു കാശിട്ടു .അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു .എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നും ഇട്ടു ഇവളോ തന്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ളതൊക്കെയും തൻ്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോട് പറഞ്ഞു."
വയനാട്ടിലേക്ക് എത്തിയാൽ ദിവസക്കൂലി നൽകിയവർ, കിടപ്പാടം പകുത്തു നൽകാൻ ദുരിതബാധിതരെ ക്ഷണിച്ചവർ, ഓട്ടോ ഓടിക്കിട്ടിയ പണം നൽകിയവർ , സ്വന്തം അന്നം പങ്കുവെക്കുന്നവർ, ഈ നന്മയാണ്, ഈ മഹത്വമാണ് ഏതു ദുരന്തങ്ങളെയും തോൽപ്പിക്കാനുള്ള നമ്മുടെ ഊർജ്ജം .ഈ ദുരന്തവും നമ്മൾ അതിജീവിക്കും. അതിനായി നമുക്ക് പ്രാർത്ഥിക്കാം
Advertisement
Advertisement