കൊടാകൂ ഭാഷയിൽ പുതിയനിയമം സമർപ്പിച്ചു

0
978

കോവിഡ് കാലത്തും  കൊടാകൂ ഭാഷക്കാർക്ക് ഹൃദയഭാഷയിൽ തിരുവചനം നൽകി വിക്ലിഫ് ഇന്ത്യ

വർഗ്ഗീസ് ബേബി

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ കൊടാകൂ ഭാഷക്കാർക്ക് ഹൃദയഭാഷയിൽ തിരുവചനം ലഭിക്കുന്നതു തടയുവാൻ കോവിഡിനും കഴിഞ്ഞില്ല. ഒരു ലക്ഷത്തിൽപ്പരംം ജനസംഖ്യയുള്ള കൊടാകൂ ഗോത്രവർഗ്ഗക്കാരുടെ മാതൃഭാഷയിൽ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെയും ഓഡിയോ ബൈബിളിന്റെയും സമർപ്പണം ജൂൺ 13-ന് ഛത്തീസ്ഗഡിലെ ഗ്രാമത്തിൽ നടന്നു.

വിക്ലിഫ് പരിഭാഷകരായ ലിജു കുര്യാക്കോസ്-ലിസ ദമ്പതികളുടെ കഴിഞ്ഞ 14 വർഷത്തെ കഠിനപ്രയത്നവും അനേക സുവിശേഷതല്പരരുടെ പ്രാർത്ഥനയും സഹകരണവും കൊണ്ട് പ്രസിദ്ധീകരിച്ച കൊടാകൂ പുതിയനിയമത്തിന്റെ സമർപ്പണം ഏപ്രിൽ 21-ന് നടത്തുവാൻ നിശ്ചയിച്ച് നേരത്തേ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. എങ്കിലും ലോക്ഡൗൺ നിമിത്തം സമർപ്പണ ശുശ്രൂഷ അനിശ്ചിതമായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ലോക്ക്ഡൗണിൽ ഇളവു ലഭിച്ചപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സമർപ്പണ ശുശ്രൂഷ നടത്തുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർക്ക് സൂം മീറ്റിലൂടെ സമർപ്പണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.

കൊടാകൂ ബൈബിൾ സമർപ്പണം

സർഗുജിയ പരിഭാഷകൻ ടെറൻസ് ബ്രൗണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വിക്ലിഫ് ഇന്ത്യ സി.ഇ.ഒ ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി) പ്രാർത്ഥിച്ചാരംഭിച്ചു. ചെയർമാൻ തിമൊഥി ദാനിയേൽ ആമുഖ പ്രസംഗം നടത്തി. സുവി. പോൾ കൊടാകൂ വിശ്വാസികൾക്ക് പുതിയനിയമം നൽകി പ്രകാശനം ചെയ്തു. ബ്രദ. സഹദേവ് ഗുരുജി ഓഡിയോ ബൈബിൾ പ്രാർത്ഥിച്ച് സമർപ്പിച്ചു. റവ.ഡോ. ജേക്കബ് ജോർജ്ജ്, സൂസൻ ജേക്കബ്, അലക്സ് മാത്യു, ബിൻസി ജോസഫ്, റവ.ഡോ.കെ.ബി.ജോർജ്ജ്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു.

പരിഭാഷകരായ ലിജു – ലിസ ദമ്പതികൾ തങ്ങളുടെ ഒന്നര പതിറ്റാണ്ടിലെ പരിഭാഷക ശുശ്രൂഷയിലെ അനുഭവങ്ങൾ പങ്കുവെച്ചു. വിക്ലിഫ് പ്രവർത്തകരായ ഡാനിയേൽ വർഗ്ഗീസ്, വിജയ് രാജ് എന്നിവർ നേതൃത്വം നൽകി. 50 ഓളം കൊടാകൂഭാഷക്കാരായ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനത്തിൽ പങ്കെടുത്തു.
കൊടുകൂ എന്ന പേര് കൊടുവാ എന്ന പദത്തിൽ നിന്നും ഉളവായതാണ്. അതിനർത്ഥം മണ്ണു കുഴിക്കുന്നവർ എന്നാണ്. ഉത്തരപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശമായ ഛോട്ടാനാഗ്പൂർ വനമേഖലകളിൽ പെട്ട കുന്നിൻപ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത്. ആനകളും മറ്റു വന്യമൃഗങ്ങളും പലപ്പോഴും ദരിദ്രരായ ഗ്രാമീണരുടെ കുടിലുകളും കൃഷിയിടങ്ങളും നശിപ്പിക്കാറുണ്ട്.

നിരന്തരം ഭയത്തിൽ കഴിയുന്ന കൊടാകുക്കാർ തങ്ങളുടെ ഗ്രാമത്തിന്റെ സംരക്ഷണാർത്ഥവും ശത്രുഭയത്തിൽ നിന്നും രക്ഷനേടുന്നതിനായും പ്രകൃതി ശക്തികൾക്കു ബലി നൽകാറുണ്ട്. ജാതിവ്യവസ്ഥയോ അധികാരക്രമമോ ഇവർക്കിടയിലില്ല. അടിസ്ഥാനപരമായി തുല്യാവകാശമുള്ള ഈ സമൂഹം ഗോത്രങ്ങളായി ആ സമത്വം നടപ്പാക്കുകയും ചെയ്യുന്നു. എല്ലാ ഗ്രാമത്തിനും മഹാത്തോ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രാമത്തലവനുണ്ട്. ചില ക്രിസ്തീയസഭകളുടെ സാന്നിദ്ധ്യം ഈ ജനസമൂഹത്തിലുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും പ്രകൃതിശക്തികളെയും പൈശാചികശക്തികളെയും ആരാധിക്കുന്നവരാണ്.

സമർപ്പണ ശേഷo കൊടാകൂ ബൈബിൾ വായിക്കുന്ന ഗ്രാമവാസി

2001-ൽ മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടന്ന ഒരു ബൈബിൾ പരിഭാഷാ സെമിനാറിൽ പങ്കെടുത്തപ്പോഴാണ് ലിജു കുര്യാക്കോസിന് തിരുവചന പരിഭാഷയെക്കുറിച്ചുള്ള കാഴ്പ്പാട് ലഭിക്കുന്നത്. 2004-ൽ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ വേദപഠനം നടത്തുന്ന കാലയളവിൽ ബൈബിൾ പരിഭാഷയ്ക്കായി നിരന്തരം പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനാഗ്രൂപ്പിന് നേതൃത്വം വഹിക്കുവാൻ ലിജുവിന് സാധിച്ചു. അതേ വർഷം തന്നെ നാസിക്കിൽ നടന്ന ബൈബിൾ പരിഭാഷയുടെ പ്രധാന പരിശീലനമായ ജനറൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിൽ പങ്കെടുത്തു. അപ്പോഴും തിരുവചന പരിഭാഷയാണോ ഭാഷാസർവ്വേയാണോ തിരഞ്ഞെടുക്കേണ്ടതെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു അദ്ദേഹം. എന്നാൽ ഈ പരിശീലന കോഴ്സിൽ പങ്കെടുക്കുന്നതിനിടയിൽ ‘ബാൻദുവ’ എന്നൊരു ദൈവീകശബ്ദം കാതിലെത്തി. അപ്പോൾ അത് സ്ഥലപ്പേര് ആണെന്നോ അത് എവിടെയാണെന്നോ തനിക്ക് അറിയില്ലായിരുന്നു. എന്നാൽ 2005-ൽ ഭാഷാസർവ്വേയ്ക്കായി ഛത്തീസ്ഗഡിലെത്തിയപ്പോഴാണ് ബാൻദുവാ എന്നത് കൊടാകൂ ഭാഷക്കാർ താമസിക്കുന്ന ഒരു വില്ലേജാണെന്നു മനസ്സിലായത്. അതോടു കൂടി കൊടാകൂവിൽ ദൈവവചനം പരിഭാഷ ചെയ്യുന്നതിനാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന് ഉറപ്പു ലഭിച്ചു.

രാജസ്ഥാനിലെ ഫിലദൽഫിയ ബൈബിൾ കോളേജിൽ വേദപഠനത്തിൽ ഏർപ്പെട്ടിരുന്ന ലിസയ്ക്കും ബൈബിൾ പരിഭാഷയെക്കുറിച്ചുള്ള ദർശനം ലഭിച്ചിരുന്നു. വിവാഹാനന്തരം ഇരുവരും തങ്ങൾക്കു ലഭിച്ച ദൈവീക വിളി അനുസരിച്ച് 2006-ൽ ഛത്തീസ്ഗഡിലെ കൊടാകൂ ഭാഷ സംസാരിക്കുന്നു ഒരു വില്ലേജിൽ താമസിച്ചു പ്രവർത്തിക്കുന്നതിനായി എത്തി. അപരിഷ്കൃതരും അക്ഷരാഭ്യാസമില്ലാത്തവരുമായ ഗോത്രവർഗ്ഗക്കാർ. മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന സമൂഹം. മദ്യപാനവും ലഹരി ഉപയോഗവും കുഞ്ഞുങ്ങളിൽ പോലും സർവ്വസാധാരണം. ആനയും ഇതര വന്യമൃഗങ്ങളും സ്വെരവിഹാരം നടത്തുന്ന വനമേഖലയായിരുന്നു ഇവർ താമസിക്കുന്നതിനായി തിരഞ്ഞെടുത്ത ഗ്രാമം. ഗ്രാമവാസികൾക്കിടയിൽ ഒരു തീവ്രവിപ്ലവ സംഘടനയുടെ സ്വാധീനവും പ്രകടമായിരുന്നു. അന്യസംസ്കാരത്തിൽ നിന്നും വന്ന കുടുംബത്തിന് ഈ ഗ്രാമത്തിൽ ഒരു വീട് ലഭിക്കുന്നത് അസാദ്ധ്യമായിരുന്നു കൊടാകൂ ഭാഷ പഠിച്ച് അവരുടെ കുഞ്ഞുങ്ങളെ ഭാഷാപഠനത്തിൽ സഹായിക്കുന്നതിനാണ് തങ്ങൾ കടന്നുവന്നതെന്ന് അറിഞ്ഞപ്പോൾ ഗ്രാമമുഖ്യന്റെ അനുവാദത്തോടെ ഒരു വീട് ലഭിച്ചു. ലിജു-ലിസ ദമ്പതികളുടെ മൂത്തമകനായ ഏബലും അന്ന് അവരോടൊപ്പമുണ്ടായിരുന്നു. കണ്ടാൽ ഓമനത്തമുള്ള കുഞ്ഞിനെ പിരിയുവാൻ ഗ്രാമവാസികൾക്ക് കഴിയാത്തതും അവിടെ തുടരുവാൻ സഹായകമായി. കഠിനമായ കാലാവസ്ഥ, സാംക്രമികരോഗ ഭീഷണി, ടോയ്ലെറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത എന്നിവയെല്ലാം തരണം ചെയ്യേണ്ടിവന്നു. പലപ്പോഴും കുടുംബമായി രോഗികളായിത്തീർന്നു. ഏറെ അകലെയുള്ള പട്ടണത്തിൽ മാത്രമാണ് ആശുപത്രിയും അനുബന്ധ മെഡിക്കൽ സേവനങ്ങളും ലഭിച്ചിരുന്നത്. താമസിക്കുന്ന ചെറിയ കുടിൽ ഏതു നിമിഷവും ആനകൾ കുത്തിമലർത്തിയേക്കാമെന്ന ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.
ഭാഷാപഠനത്തോടൊപ്പം ഗ്രാമത്തിൽ ആരംഭിച്ച ചെറിയ കൂട്ടായ്മയിലേക്ക് വന്നവരോട് യേശുവിന്റെ സ്നേഹം പങ്കുവച്ചു. രോഗങ്ങൾക്കുള്ള വിടുതലിനായി ആഭിചാരക്രിയകൾ ചെയ്തിരുന്നവർ യേശുവിനോടു പ്രാർത്ഥിച്ചാൽ സൗഖ്യം ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ പ്രാർത്ഥനയ്ക്കായി കൂടിവന്നു. അവരുടെ നിഷ്കളങ്ക വിശ്വാസത്തിന്റെ ഫലമായി ദൈവീക അത്ഭുതങ്ങളും വിടുതലും സംഭവിച്ചു. തത്ഫലമായി തദ്ദേശീയരുടെ ഇടയിൽ സഭകൾ ഉടലെടുത്തു. ഇന്ന് കൊടാകൂവിൽ നൂറുകണക്കിന് ക്രിസ്തീയവിശ്വാസികളും പ്രസ്തുതഭാഷക്കാരായ സുവിശേഷകരും ഉണ്ട്.
ഹിന്ദി, സാദരി, തുടങ്ങിയ ഭാഷകളിൽ മാത്രം ലഭ്യമായിരുന്ന ക്രിസ്തീയഗാനങ്ങൾ കൊടാകൂവിൽ തർജ്ജമ ചെയ്തു നൽകിയപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. പിന്നീട് കൊടാകൂ ഭാഷയിൽ ജീസസ് ഫിലീം ലഭ്യമാക്കി. നിരവധി സാക്ഷരതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു. വർഷംതോറും ഗ്രാമങ്ങളിലെ കുട്ടികളെ സംഘടിപ്പിച്ച് വി.ബി.എസ് നടത്തുന്നു.
സ്വന്തഭാഷയിൽ ദൈവവചനം ലഭിക്കണമെന്നത് കൊടാകൂ ഭാഷക്കാരുടെ ഏറിയനാളത്തെ ആഗ്രഹമായിരുന്നു. മാതൃഭാഷാ സഹായികളായ വിജയ് സദൊം, സുരേഷ് കോൽ എന്നിവരുടെ സമർപ്പണത്തോടെയുള്ള കഠിനപ്രയത്നം ഈ സ്വപ്നസാക്ഷാത്കാരത്തിന് വേഗത വർദ്ധിപ്പിച്ചു. സ്വന്തം ഗ്രാമം വിട്ട് പുറത്തുപോയിട്ടില്ലാത്ത അവർ പരിഭാഷാ പരിശീലനങ്ങൾക്കും വിവിധ പഠനക്ലാസുകൾക്കുമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ലിജു കുര്യാക്കോസിനൊപ്പം യാത്ര ചെയ്തു. അവരുടെ കുടുംബങ്ങളും ഈ ദൗത്യത്തിൽ അവരെ പിന്തുണച്ചു.

ലിജു കുര്യാക്കോസും കുടുംബവും

മരണനിഴലിൻ താഴ് വരകളിൽ കൂടെ പലപ്പോഴും ലിജുവിനും കുടുംബത്തിനും കടന്നുപോകേണ്ടിവന്നിട്ടുണ്ടെങ്കിലും തളർന്നു പിന്മാറുവാൻ ഈ മിഷനറി കുടുംബം തയ്യാറല്ലായിരുന്നു. ദൈവം തങ്ങളെ ഏല്പിച്ച ദൗത്യം പൂർത്തീകരിച്ച് അച്ചടിച്ച ബൈബിൾ കൈയിൽ കിട്ടിയപ്പോഴും കോവിഡ് എന്ന പ്രതിസന്ധി അവർക്കു മുമ്പിൽ മതിൽകെട്ടി നിന്നു. എങ്കിലും ബന്ധനമില്ലാത്ത ദൈവവചനം കോവിഡിനെയും കടന്ന് കൊടാകൂ ജനതയ്ക്കു പ്രാപ്യമായി. ഗ്രാമവാസികളെല്ലാവരും കോവിഡ് ഭീതിയിൽ കഴിയുമ്പോഴും ലോക്ഡൗൺ ഇളവു ലഭിച്ചപ്പോൾ വിക്ലിഫ് നേതൃത്വത്തിന്റെ പിന്തുണയോടെ സമർപ്പണശുശ്രൂഷയുമായി മുന്നോട്ടുപോകുവാൻ ലിജു തീരുമാനിച്ചു. ഇന്റർനെറ്റ് ലഭ്യത വളരെ കുറവായ ഈ വനഗ്രാമത്തിൽ സൂം മീറ്റ് തടസ്സമില്ലാതെ നടത്തുവാൻ കഴിയുമോയെന്നു തനിക്കും കൂടെയുള്ളവർക്കും സംശയമുണ്ടായിരുന്നു. എങ്കിലും ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസ്തുത മീറ്റിംഗ് യാതൊരും തടസ്സവും കൂടാതെ വിവിധ ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും പങ്കെടുത്തവർക്ക് കാണാൻ കഴിഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. അതെ, നമ്മുടെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല! എറണാകുളം മരട് സ്വദേശിയായ ലിജു കുര്യാക്കോസ് -ലിസ ദമ്പതികൾക്ക് മൂന്നു കുഞ്ഞുങ്ങളെ ദൈവം ദാനം ചെയ്തിട്ടുണ്ട്. ഏബൽ, എയ്ഞ്ചൽ, ആൽവിൻ.

കൊടാകൂ ജനങ്ങൾക്കായും ഇവിടെയുള്ള പ്രവർത്തനങ്ങൾക്കായും വീണ്ടും പ്രാർത്ഥിക്കുക.കൂടുതൽ വിവരങ്ങൾക്ക്: info@wycliffeindia.org

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here