ജനാധിപത്യം ക്ഷീണാവസ്ഥയിൽ: മാർപാപ്പ
ട്രിയെസ്റ്റെ: ജനാധിപത്യം ക്ഷീണാവസ്ഥയിലാണെന്നും ഒരുവിഭാഗം ജനങ്ങളുടെ ഇംഗിതംനോക്കിയുള്ള പ്രവർത്തനം രാഷ്ട്രീയക്കാർ അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. പകരം, കരുത്തുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കാനും വോട്ടർമാരുടെ ഉദാസീനത മറികടക്കാനും വഴികണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്ത്തു.
ജനാധിപത്യത്തിൽനിന്ന് പുറത്തുനിർത്തുകയാണെന്ന് ഒട്ടേറെപ്പേർക്ക്, ദരിദ്രർക്കും ദുർബലർക്കും തോന്നുന്നുണ്ട്. ഇന്നത്തെ ലോകത്തിൽ ജനാധിപത്യം ക്ഷീണാവസ്ഥയിലാണ്. ആരോഗ്യകരമായ ജനാധിപത്യം പ്രത്യയശാസ്ത്രത്തിന്റെ നിരർഥകതയെ അവഗണിക്കണം. പക്ഷപാതിത്വത്തിൽനിന്നകന്ന് അർഥപൂർണമായ സംവാദത്തെ പുണരണം -ഒരു രാജ്യത്തിന്റെയും പേരെടുത്തുപറയാതെ അദ്ദേഹം പറഞ്ഞു.
ജനാധിപത്യമൂല്യങ്ങളുടെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. ജനാധിപത്യത്തിൻ്റെ കാര്യത്തിൽ, നിസ്സംഗത അർബുദംപോലെയാണെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.