സ്വകാര്യ ഇടങ്ങളിൽ പ്രാർത്ഥനായോഗം നടത്താം; നിർണായക വിധിയുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി

സ്വകാര്യ ഇടങ്ങളിൽ പ്രാർത്ഥനായോഗം നടത്താം; നിർണായക വിധിയുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി

ഛത്തീസ്‌ഗഢ്: വീടുകളിലും സ്വകാര്യ ഇടങ്ങളിലും പ്രാർത്ഥനായോഗം നടത്താൻ ആരുടെയും അനുമതി വേണ്ട; നിർണായക വിധിയുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി, ക്രൈസ്തവ  കൂട്ടായ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലുള്ള ഗോദ്‌ന ഗ്രാമത്തിലെ താമസക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. തങ്ങളുടെ വീട്ടിൽ ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും നടത്തിവരുന്ന ക്രിസ്തീയ പ്രാർത്ഥനായോഗങ്ങൾ നവഗഡ് പൊലീസും ഗ്രാമപഞ്ചായത്തും തടസപ്പെടുത്തുന്നു എന്നായിരുന്നു ഹർജിക്കാരുടെ പരാതി. ഇത് ഭരണഘടനയുടെ 19-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 2016 മുതൽ സമാധാനപരമായി നടത്തിവരുന്ന പ്രാർത്ഥനകൾ നിർത്തലാക്കാൻ പൊലീസ് മൂന്ന് തവണ നോട്ടീസ് നൽകി പീഡിപ്പിച്ചതായും ഇവർ ആരോപിച്ചു.

നേരത്തെ ഗ്രാമപഞ്ചായത്ത് നൽകിയിരുന്ന എൻഒസി പിന്നീട് പിൻവലിച്ചതും ഹർജിക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ഹർജിക്കാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും അനുമതിയില്ലാതെയാണ് യോഗങ്ങൾ നടത്തുന്നതെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഈ വാദങ്ങൾ തള്ളിക്കൊണ്ട്, സ്വന്തം വസതിയിൽ പ്രാർത്ഥന നടത്തുന്നതിനെ തടയാൻ രാജ്യത്ത് നിലവിൽ നിയമങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്‍റെ നോട്ടീസുകൾ റദ്ദാക്കിയ കോടതി, പൗരന്മാരുടെ സ്വകാര്യതയിലേക്കും വിശ്വാസത്തിലേക്കുമുള്ള അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും ആവർത്തിച്ചു.

Advertisement