അയർലൻഡ് കോർക്ക് എബനേസർ വർഷിപ്പ് സെന്റർ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 12, 13 തീയതികളിൽ
അയർലൻഡ്: ഏബേനസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ ബാൻഡൻ ഫെയ്ത് മിഷൻ ക്യാമ്പ് സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള പകൽ സെഷനുകളായും, രാത്രി 7 മുതൽ 10 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ജെഫി ജോർജ്, പാസ്റ്റർ സിബി മാത്യു എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകും.
തലമുറകൾ തമ്മിലുള്ള ആശയവിനിമയ വിടവുകൾ നികത്തി, മാതാപിതാക്കളെയും യുവതലമുറയെയും പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും കോർത്തിണക്കുക, പ്രാർത്ഥനയിലും പരിശുദ്ധാത്മ ശക്തിയിലും വിശ്വാസ ജീവിതം സാധ്യമാക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. അപ്പോസ്തലിക പ്രമാണങ്ങളിലും ക്രൈസ്തവ മൂല്യങ്ങളിലും അധിഷ്ഠിതമായ സന്തോഷകരമായ കുടുംബജീവിതം നയിക്കുവാനും, അടുത്ത തലമുറയെ ദൈവിക ദർശനത്തിൽ വളർത്തിയെടുക്കുവാനും ഉതകുന്ന വൈവിധ്യമാർന്ന വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. കൂടാതെ കുടുംബങ്ങൾ, കൗമാരപ്രായക്കാർ, ബാച്ചിലേഴ്സ് എന്നിവർക്കായി പ്രത്യേക പരിശീലന ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്.
പാസ്റ്റർ കെ.പി.ബിജുമോൻ, പാസ്റ്റർ എം. എം.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.




