വസ്ത്രം കീറേണ്ടവർ മാനം ചൂടുമ്പോൾ...
വായിച്ചതും ഗ്രഹിച്ചതും - 22
വസ്ത്രം കീറേണ്ടവർ മാനം ചൂടുമ്പോൾ...
ഇതു അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൌലോസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു..(പ്രവർത്തികൾ 14:14)
ദൈവം തങ്ങളിലൂടെ ചെയ്ത ഒരു അത്ഭുതം നിമിത്തം തങ്ങളെ ദേവന്മാർ എന്ന് വിളിക്കത്തക്ക രീതിയിൽ ലുസ്ത്രയിലുള്ള ജനം പൗലോസിനെയും ബർന്നബാസിനെയും പൂജിക്കുവാൻ ഒരുങ്ങി. ഇത് കണ്ടപ്പോൾ അസ്വസ്ഥരായി തീർന്ന പൗലോസും ബർന്നബാസും തങ്ങളുടെ വസ്ത്രം കീറി...
ദൈവത്തിന് ലഭിക്കേണ്ട മാനം തങ്ങളിലേക്ക് വന്നപ്പോൾ അവർ പരിഭ്രാന്തരായി... ലോകപ്രകാരം നോക്കുമ്പോൾ അതിനെ ആസ്വദിക്കുകയാണ് അവർ ചെയ്യേണ്ടത്... ഇത് ദൈവം തങ്ങളെ ഉയർത്തിയതാണ് എന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുകയാണ് ചെയ്യേണ്ടത്... എന്നാൽ, അവർ ചെയ്തത് നോക്കൂ!

ഇതിനു സമാനമായ ഒരു അനുഭവം പത്രോസിന്റെയും യോഹന്നാന്റെയും ജീവിതത്തിൽ നടന്നു... അവരും തങ്ങളുടെ മേൽ വന്ന മാനത്തെ തിരസ്കരിച്ചു... ഈ പ്രസ്താവനയാണ് അവർ ജനങ്ങളോട് പറഞ്ഞത്: "യിസ്രായേൽപുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്? "
ഇന്നത്തെ സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഇത് വലിയ ഒരു റീച്ചിനുള്ള കണ്ടന്റ് ആയി മാറുമായിരുന്നു... ലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ട് കൈയടിക്കുമായിരുന്നു...
സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയായിരിക്കും ഇത്...
എന്നാൽ, ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് ലഭിക്കേണ്ട മാനം തനിക്ക് കൈ വരുമ്പോൾ ദുഃഖിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.. അതിനെ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്...
പ്രസിദ്ധനായ ജോൺ ബനിയൻ(John Bunyan) തന്നെ ഒരു പ്രസംഗത്തിന് അഭിനന്ദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു പോലും.. "നിങ്ങൾ വൈകിപ്പോയി, ഞാൻ പ്രസംഗപീഠം വിട്ടിറങ്ങുന്നതിന് മുമ്പേ പിശാച് അത് എന്നോട് പറഞ്ഞു കഴിഞ്ഞിരുന്നു”.(“You are too late, said John, the devil told me that before I left the pulpit”.)
നമ്മുടെ ജീവിതത്തിലും പ്രവർത്തിയിലും ശുശ്രൂഷയിലും ദൈവനാമമാണ് മഹത്വപ്പെടേണ്ടത്... നമുക്ക് മാനം ലഭിക്കുവാൻ നമ്മൾ ഒന്നും ചെയ്യരുത്.. അതായിരിക്കരുത് നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹം...
പാട്ടുകാരൻ പറയുന്നതുപോലെ മനുഷ്യമാനം വേണ്ടെന്നു വയ്ക്കാം... നാഥനെ ഉയർത്താം.. ക്രിസ്തു നമ്മളിലൂടെ പ്രതിഫലിക്കട്ടെ... ഞാനോ കുറയേണം അവനോ വളരണം!
"ഉലകസുഖം വേണ്ടെനിക്ക്
മനുഷ്യമാനം വേണ്ടെനിക്ക്
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്..."
പ്രാർത്ഥന: മനുഷ്യരുടെ മാനത്തെക്കാൾ അവിടുത്തെ അംഗീകാരം ആണ് വേണ്ടത് എന്ന് മനസ്സിലാക്കുവാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ നാഥാ...
വായിച്ചതും ഗ്രഹിച്ചതും - 21
ഞങ്ങൾക്കും വേണം മറ്റുള്ളവരെപോലെ!
ആകയാൽ സകല ജാതികൾക്കു മുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.(1ശമൂവേൽ 8:5)“
"ഇതാ തനിച്ചു പാർക്കുന്നോരു ജനം ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല"... ഇതായിരുന്നു യിസ്രായേൽ മക്കളെ കുറിച്ചുള്ള അടയാളം. ഇതായിരുന്നു അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കിയത്… ദൈവമായിരുന്നു അവരുടെ എല്ലാമെല്ലാം...എന്നാൽ, ഇപ്പോൾ അവർ ശമുവേലിനോട് ആവശ്യപ്പെടുകയാണ് അവർക്കും ഒരു രാജാവ് വേണം…മറ്റു ജാതികളെ പ്പോലെ അവർക്ക് ആകണം..അവരുടെ വ്യത്യസ്തതയിൽ അഭിമാനം കൊള്ളുവാൻ സാധിക്കാതെ വരുന്ന ഒരു ഘട്ടം…അങ്ങനെ അവരുടെ ആഗ്രഹപ്രകാരം ദൈവം അവർക്ക് ഒരു രാജാവിനെ കൊടുക്കുകയാണ്.
ദൈവം അവിടെ വേദനയോടെ ശമുവേലിനോട് പറയുന്ന ഒരു കാര്യം ഇതാണ് "അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു".
പിന്നീട് അങ്ങോട്ട് ഉണ്ടായ ചരിത്ര സംഭവങ്ങൾ നമുക്ക് പരിചിതമാണ്... നാൽപതിൽ പരം രാജാക്കന്മാർ യിസ്രായേലിനെയും യഹൂദയെയും മാറിമാറി ഭരിച്ചു...വിരലിലെണ്ണാവുന്നവർ മാത്രം യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു... അവരുടെ രാജാക്കന്മാർ അവരെ ഭരിക്കുമ്പോൾ തന്നെ അവർ അടിമകളായി പോയി... പത്തുഗോത്രങ്ങൾ നാമാവശേഷമായി... ബാക്കിയുള്ള രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒരു ശേഷിപ്പിനെ ദൈവം മടക്കിവരുത്തി ... തിരിച്ചു വന്നവർ എസ്രായുടെയും നെഹമ്യാവിന്റെയും നേതൃത്വത്തിൽ ദൈവവും ആയിട്ടുള്ള അവരുടെ ഉടമ്പടി വീണ്ടും പുതുക്കി... ദൈവത്തോടുള്ള അവരുടെ പ്രതിബദ്ധത അവർ ഏറ്റുപാടി.... തനിച്ചു പാർക്കുന്ന ജനം എന്നുള്ള അവരുടെ വ്യത്യസ്തമായ അടയാളത്തിലേക്ക് അവർ തിരിച്ചു വന്നു..(എസ്രാ 9:15 യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല. നെഹമ്യാവ് 13:3 ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽ നിന്നു വേറുപിരിച്ചു.)
പുതിയ നിയമ യിസ്രായേൽ ആയിരിക്കുന്ന നമുക്കും ഇന്ന് ഏറ്റു പറയാം... നമുക്ക് മറ്റുള്ളവരെ പോലെ ആകണ്ട... മറ്റുള്ളവരെ പോലെയുള്ള സ്വാധീന വലയങ്ങൾ നമുക്ക് വേണ്ട...
ഈ ലോകവുമായി നമ്മെ താദാത്മ്യപ്പെടുത്തുന്ന ഒരു അടയാളവും നമുക്ക് വേണ്ട... നമ്മൾ വ്യത്യസ്തരാണ്... നമ്മുടെ രാജാവ് ക്രിസ്തു മാത്രം... നമ്മൾ തനിച്ചു പാർക്കുന്ന ഒരു ജനം ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല!
പ്രസിദ്ധനായ എഴുത്തുകാരൻ എ. ഡബ്ല്യു. ടോസറുടെ (A.W. Tozer) വാക്കുകൾ ഈ പശ്ചാത്തലത്തിൽ വളരെ ശ്രദ്ധേയമാണ്.
"ഇന്നത്തെ അനേകം ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ദൗർബല്യം അവർ ഈ ലോകത്തിൽ അതിയായി ഇണങ്ങിച്ചേർന്നിരിക്കുന്നു എന്നതാണ്. വീണ്ടുംജനനം പ്രാപിക്കാത്ത സമൂഹത്തോട് സുഖകരമായി ഇണങ്ങിച്ചേരാൻ ശ്രമിക്കുന്നതിനിടെ, അവർ തങ്ങളുടെ പരദേശിത്വം നഷ്ടപ്പെടുത്തി. പകരം തങ്ങൾ എതിർക്കേണ്ട അതേ ധാർമ്മിക വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ലോകം അവരെ തിരിച്ചറിയുകയും അവർ ആരാണോ അതുപോലെ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ച് പറയാവുന്ന ഏറ്റവും ദുഃഖകരമായ കാര്യം ഇതാണ്. അവർ ഏകാകികളല്ല; എന്നാൽ, അവർ വിശുദ്ധന്മാരുമല്ല (The weakness of so many modern Christians is that they feel too much at home in the world. In their effort to achieve restful "adjustment" to unregenerate society they have lost their pilgrim character and become an essential part of the very moral order against which they are sent to protest. The world recognizes them and accepts them for what they are. And this is the saddest thing that can be said about them. They are not lonely, but neither are they saints." ~ A. W. Tozer)
പാട്ടുകാരൻ പാടുന്നതുപോലെ നമുക്കും ഏറ്റുപാടാം...
"ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾ സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം മേലുള്ളെറുശലേം നിത്യഗ്രഹം
യാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ് ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയും"
ഇതായിരിക്കട്ടെ നമ്മുടെ സമർപ്പണം.
പ്രാർത്ഥന : യേശുവേ ഈ ലോകത്തോട് അമിതമായി ഇണങ്ങിച്ചേരാതെ, അങ്ങയുടെ രാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന പരദേശികളായി ഞങ്ങളെ നടത്തണമേ. സത്യത്തിനുവേണ്ടി ഉറച്ചുനിൽക്കുവാനും, വിശുദ്ധിയിൽ ജീവിക്കുവാനും, ക്രിസ്തുവിനെ ലോകത്തേക്കാൾ അധികം സ്നേഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ നാഥാ..
നൂറ്റാണ്ടുകൾ സൂക്ഷിക്കപ്പെട്ട യോസേഫിന്റെ അസ്ഥികൾ!
വായിച്ചതും ഗ്രഹിച്ചതും -20
"യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു..."(യോശുവ 24:32).
ഈ സംഭവം യിസ്രായേലിന്റെ ചരിത്രത്തിലെ ദൈവത്തിന്റെ വിശ്വസ്തതയുടെ ശാശ്വത സാക്ഷ്യമായിരുന്നു. പൂർവപിതാവായ അബ്രാഹാമിന് ദൈവം നൽകിയ വാഗ്ദത്ത പ്രകാരം, നാനൂറിലധികം വർഷങ്ങൾക്കുശേഷം അവർ കനാൻദേശത്തേക്ക് മടങ്ങിയെത്തി. ഒടുവിൽ, യാക്കോബ് വർഷങ്ങൾക്കു മുമ്പ് വാങ്ങിയ അതേ സ്ഥലത്തു യോസേഫിന്റെ അസ്ഥികൾ അടക്കം ചെയ്യപ്പെടുകയാണ്.
ദൈവത്തിന്റെ വാഗ്ദത്തത്തിലുള്ള അചഞ്ചല വിശ്വാസത്തിന്റെ അടയാളമായി, ആ അസ്ഥികൾ നൂറ്റാണ്ടുകളോളം സൂക്ഷിക്കപ്പെട്ടു...
ആയിരക്കണക്കിന് മൈലുകൾ യാത്രചെയ്തു…തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടു... നഷ്ടപ്പെടാവുന്ന അനേക സാഹചര്യങ്ങളെ അതിജീവിച്ചു..
ശ്രദ്ധിക്കുക...
മിസ്രയീമിൽ നിന്ന് അവർക്കു തിടുക്കത്തിൽ പുറപ്പെടേണ്ടിവന്നു…
ചെങ്കടൽ കടക്കേണ്ടി വന്നു.... മരുഭൂമിയിലെ നാല്പതിലധികം സ്ഥലങ്ങളിൽ പാളയമിറങ്ങി.... അനേകം യുദ്ധങ്ങൾ നേരിട്ടു... യോർദ്ദാൻ കടന്നു... ഒടുവിൽ യെരീഹോയും മറ്റ് നിരവധി നഗരങ്ങളും കീഴടക്കിയശേഷമാണ് അവർ ശേഖേമിലെത്തിയത്. സംഭവബഹുലമായ ഒരു ദീർഘ യാത്രയുടെ സമാപ്തിയിലാണ് ഈ ചരിത്രപ്രധാനമായ യോസേഫിന്റെ അസ്ഥികളുടെ സംസ്ക്കാരം പൂർത്തിയാകുന്നതു.!
ഈ അസാധാരണമായ എല്ലാ സാഹചര്യങ്ങളിലൂടെയും ദൈവം ഒരേയൊരു സത്യം തെളിയിച്ചു. അവിടുന്ന് പരമാധികാരിയാണ്, വിശ്വസ്തനാണ്, നൽകിയ വാഗ്ദത്തങ്ങൾ നിറവേറ്റുവാൻ പൂർണ്ണമായും പ്രാപ്തനാണ്.
പ്രസിദ്ധനായ മിഷനറി ഹഡ്സൺ ടെയ്‌ലർ പറഞ്ഞത് ഇപ്രകാരമാണ്:
"ഇന്നലെ ചൈന ഇൻലാൻഡ് മിഷന്റെ കൈവശം ഉണ്ടായിരുന്നത് വെറും ഇരുപത്തിയഞ്ച് സെന്റ് മാത്രം. എന്നാൽ, അതോടൊപ്പം ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു. (The financial balance for the entire China Inland Mission yesterday was twenty-five cents. Twenty-five cents and all the promises of God ~ Hudson Taylor)
നമ്മുടെ ദൈനംദിന ജീവിതയാത്രയിലും, ദൈവരാജ്യത്തിന്റെ വ്യാപനത്തിനായി അവിടുത്തോടൊപ്പം പങ്കാളികളാകുമ്പോൾ, ദൈവരാജ്യവുമായി ബന്ധപ്പെട്ട അവിടുത്തെ വാഗ്ദത്തങ്ങൾ (സ്വാർത്ഥ താല്പര്യങ്ങൾ അല്ലതാനും) നമ്മുടെ ജീവിതത്തിൽ നിവർത്തിക്കാൻ അവിടുന്ന് സർവശക്തനാണെന്ന് പൂർണ്ണമായി വിശ്വസിക്കാം.
പാട്ടുകാരൻ പാടിയത് പോലെ നമ്മുക്കും ഏറ്റുപാടാം...
"വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവൻ മാറുകില്ല;
വാനവും ഭൂമിയും മാറിടുമേ
വചനങ്ങൾക്കോ ഒരു മാറ്റമില്ല".
പ്രാർത്ഥന : കാലം വൈകിയാലും വാഗ്ദത്തം നൽകിയ അങ്ങയിൽ ഉറച്ചു വിശ്വസിച്ചു മുന്നേറുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ.
വായിച്ചതും ഗ്രഹിച്ചതും -19
വെളിച്ചം കണ്ടവരും ശബ്ദം കേട്ടവനും!
എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും, എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. (അപ്പൊ. പ്രവൃത്തികൾ 22 : 9)
പൗലോസിന്റെ മാനസാന്തരത്തിനു നിദാനമായ സന്ദർഭം ആണ് ഈ വാക്യത്തിലെ പ്രതിപാദ്യ വിഷയം.തന്റെ ജീവിതത്തിൽ ഉണ്ടായ സമൂലമായ പരിവർത്തനത്തിന്റെ കാരണം, തനിക്കുണ്ടായ വ്യക്തിപരമായ ദൈവിക ഇടപെടലാണ് എന്ന് പൗലോസ് ഇവിടെ വ്യക്തമാക്കുകയാണ്. തന്നോട് കൂടെയുള്ളവർ വെളിച്ചം കണ്ടുവെങ്കിലും ആർക്കും തന്നെ തനിക്കുണ്ടായതുപോലെ പരിവർത്തനം ഉണ്ടായതായി കാണുന്നില്ല.
വൈകാരികമായ അനുഭൂതിയിലൂടെ ആർക്കും ആത്മീക പരിവർത്തനം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. പക്ഷെ, ഇന്ന് വെളിച്ചം മാത്രം കാണുവാനും കാണിക്കുവാനും ഉള്ള തത്രപ്പാടിലാണ് ഭൂരിഭാഗം ആളുകളും.
എന്നാൽ, യഥാർത്ഥ മാനസാന്തരത്തിനു കാരണമായ ദൈവിക ഇടപെടലുകൾക്കു പ്രാധാന്യം കൊടുക്കുന്നതാകട്ടെ നമ്മുടെ ലക്ഷ്യം. കാരണം, ദൈവരാജ്യത്തിന് ആവശ്യമായിട്ടുള്ളത് വെളിച്ചം മാത്രം കണ്ടവരെയല്ല, പ്രത്യുത കർത്താവിന്റെ വ്യക്തിപരമായ വിളി കേട്ടവരെയാണ്.
കർത്താവ് പറഞ്ഞ നഷ്ടപ്പെട്ടുപോയ ആടിന്റെ ഉപമയിലും ഈ സന്ദേശം വ്യക്തമാണ്… ഇടയൻ അന്വേഷിച്ച് വന്നത് തൊണ്ണൂറ്റൊമ്പത് പേരെയല്ല; നഷ്ടപ്പെട്ടതും വഴിതെറ്റിയതും നിസ്സഹായനുമായ ആ ഒരുവനെയായിരുന്നു. എന്നാൽ, ഇന്ന് നമ്മിൽ പലരും തങ്ങളെത്തന്നെ "തൊണ്ണൂറ്റൊമ്പതിന്റെ" കൂട്ടത്തിൽ(വെളിച്ചം മാത്രം കണ്ടവരുടെ) കാണാൻ ആഗ്രഹിക്കുന്നു.
പരിചിതവും ക്രമീകൃതവും പുറമേ സുരക്ഷിതമായി തോന്നുന്നതുമായ ഒരു സാമൂഹിക ക്രിസ്തീയതയിൽ നാം തൃപ്തരാകുന്നു. എന്നാൽ, നഷ്ടപ്പെട്ടവനെ അന്വേഷിച്ച് എത്തുന്ന ഇടയന്റെ വ്യക്തിപരമായ സ്പർശനം പലപ്പോഴും നാം അനുഭവിച്ചിട്ടില്ല."നഷ്ടപ്പെട്ടത് ഞാനായിരുന്നു... എന്നാൽ, എന്റെ ഇടയൻ എന്നെ അന്വേഷിച്ചെത്തി". ഇതായിരിക്കണം നമ്മുടെ സാക്ഷ്യം...അപ്പോഴാണ് രക്ഷ വ്യക്തിപരമാകുന്നത്.
അപ്പോഴാണ് കൃപ യാഥാർത്ഥ്യമാകുന്നത്. അപ്പോഴാണ് ഇടയന്റെ ചുമലിലെ ചൂടും സുരക്ഷിതത്വവും, അവിടുത്തെ വിളിയുടെ ആഴവും നാം അനുഭവിക്കുന്നത്.
പാട്ടുകാരൻ പാടുന്നതുപോലെ...
"ആഴി എന്നോർത്തില്ല ആഴം ആരാഞ്ഞില്ല അലകൾക്ക് ഞാൻ തെല്ലും ഭയപ്പെട്ടില്ല ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ നിൻ വിളി കേട്ടു പിൻ വരുവാൻ"
നമ്മൾ ആരുടെ കൂട്ടത്തിൽ ആണ് എന്ന് നമ്മേ തന്നെ ശോധന ചെയ്തു നോക്കാം. വെളിച്ചം കണ്ടവരുടെയോ അതോ നാഥന്റെ ശബ്‌ദം വ്യക്തിപരമായി കേട്ടവരുടെയോ ?
പ്രാർത്ഥന: ഈ ലോകത്തിൽ ഞാൻ മാത്രമായിരുന്നാലും, യേശുവേ അങ്ങ് എനിക്കുവേണ്ടി മരിക്കുമായിരുന്നു. അങ്ങയുടെ രക്ഷണ്യ പദ്ധതിക്കായി നന്ദി നാഥാ
വായിച്ചതും ഗ്രഹിച്ചതും -18
ദൈവത്തിന് ഒരു സ്നേഹിതൻ!
1 Samuel 3:1: ശമുവേൽ ബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുർല്ലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു.
യിസ്രായേൽ ജനം ആത്മികമായി വളരെ അധഃപതിച്ച ഒരു കാലഘട്ടത്തിലായിരുന്നല്ലോ ശമുവേലിന്റെ ജനനം. ഈ കാലഘട്ടത്തിന്റെ രണ്ട് പ്രത്യേകതകൾ മേൽപ്പറഞ്ഞ വാക്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. വചനം ദുർലഭമായിരുന്നു എന്ന് മാത്രമല്ല; ദർശനവും ഏറെ ഇല്ലായിരുന്നു. ഇതിന്റെ അർത്ഥം ദൈവം നിശബ്ദനായിരുന്നു എന്നല്ല മറിച്ച് ദൈവശബ്ദം കേൾക്കുവാനും ദൈവീക ദർശനങ്ങൾ ദർശിക്കുവാനും ഉള്ള ഉൾക്കാഴ്ചയുള്ളവർ ഇല്ലായിരുന്നു എന്നാണ്.
ദൈവശബ്ദം കേൾക്കേണ്ട പുരോഹിതന്മാരും ദർശനങ്ങൾ ഉൾക്കൊള്ളേണ്ട പ്രവാചകന്മാരും മറ്റു പലതിന്റെയും പിന്നിൽ വ്യാപൃതരായിരുന്നു.! അനുഭവസമ്പത്ത് ഉണ്ടെന്ന് അഭിമാനിക്കുന്ന ഏലി പുരോഹിതൻ നിശബ്ദനായിരുന്നു... തന്റെ ഭൗതിക കണ്ണുകൾ മങ്ങിയെന്ന് മാത്രമല്ല തന്റെ ആത്മീയ കാതുകളും മന്ദമായി...
അതുകൊണ്ടു തന്നെ ദൈവം പറയുന്നത് കേൾക്കുവാൻ ആരെങ്കിലും ഉണ്ടോ എന്ന് കൊതിക്കുന്ന ദൈവത്തിന്റെ ഹൃദയം ഇവിടെ നമുക്ക് കാണുവാൻ സാധിക്കും. അടിയൻ ഇതാ,അരുളിചെയ്യേണമേ എന്ന് ശമുവേൽ സമർപ്പണത്തോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം തന്റെ ഹൃദയം തുറന്നു.
നാളുകളായി സംസാരിക്കുവാൻ ആരും ഇല്ലാതെ ഒറ്റയ്ക്ക് ഏകാന്തതയിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തി തനിക്കൊരു സ്നേഹിതനെ ലഭിച്ചപ്പോൾ വാതോരാതെ സംസാരിക്കുന്ന ഒരു ചിത്രം ആണ് ഇവിടെ പ്രകടമാകുന്നത്. തനിക്കു ശമുവേൽ എന്ന ഒരു സ്നേഹിതനെ ലഭിച്ച സന്തോഷത്തിലാണ് ദൈവം...
വീണ്ടും… വീണ്ടും… ദൈവം ശമുവേലിനോട് സംസാരിച്ചുകൊണ്ടിരുന്നു. ദൈവം നിശബ്ദനായിരുന്നോ എന്നു തോന്നുമാറുള്ള കാലഘട്ടത്തിന്റെ മുഖച്ഛായ മാറി…ദിശാബോധം നൽകുന്ന ദൈവ ശബ്ദത്തിന്റെ പ്രതിനിധിയായി ശമുവേൽ മാറി...
ഈ കാലഘട്ടത്തിലും ദൈവം ഒരു സ്നേഹിതനെ അന്വേഷിക്കുകയാണ്... ദൈവശബ്ദം കേൾക്കുവാൻ.... ദർശനങ്ങൾ ദർശിക്കുവാൻ...ദിശാബോധം നൽകുവാൻ…പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ “കർത്താവിങ്കൽ നിന്ന് പ്രാപിക്കുകയും നിങ്ങൾക്ക് ഏൽപ്പിച്ചു തരികയും” ചെയ്യുന്ന ശുശ്രൂഷയ്ക്ക് വേണ്ടി ഒരുക്കപ്പെട്ട ഒരുവനെ…

സി.എച്ച്.സ്പർജൻ
പ്രസംഗകരുടെ പ്രഭു എന്നറിയപ്പെടുന്ന സി.എച്ച്.സ്പർജൻ പറഞ്ഞ പ്രസ്താവന വളരെ പ്രസക്തമാണ്; "ദൈവം നമ്മുടെ മുഖാന്തരം സംസാരിക്കുമെന്നത് എത്ര മഹത്തായ അത്ഭുതം! അപ്പോൾ നമ്മുടെ വാക്കുകൾ നിർഭയവും നിർമലവും ആയ സത്യമായിരിക്കും; അവ പരിശുദ്ധാത്മാവിന്റെ ശക്തിയോടെ പുറപ്പെടും" ("For God to speak by us, what a marvel! We shall speak sure, pure truth; and we shall speak it with power." — Charles H. Spurgeon). ഈ കാലഘട്ടത്തിന്റെ ശമുവേലുമാ രായി നാം ഓരോരുത്തരും മാറുവാൻ നമുക്ക് പ്രാർത്ഥിക്കാം... അടിയൻ ഇതാ അരുളിച്ചെയ്യേണമേ..!
പാട്ടുകാരൻ പാടിയതുപോലെ നമുക്കും ഏറ്റുപാടാം…
തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ;
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങൾ എന്തിനു നാഥാ;
ഈ ജീവിതം എന്തിനു നാഥാ...
പ്രാർത്ഥന: കർത്താവേ, എന്നെ അവിടുത്തെ അധരമാക്കേണമേ, എന്റെ വാക്കുകൾ സത്യവും, എന്റെ ഉദ്ദേശ്യങ്ങൾ ശുദ്ധവുമായിരിക്കട്ടെ. അങ്ങയുടെ ശബ്ദം എന്റെ ജീവിതത്തിലൂടെ ലോകം കേൾക്കട്ടെ.
വായിച്ചതും ഗ്രഹിച്ചതും -17
എവിടെ നമ്മുടെ സങ്കീർത്തനങ്ങൾ?
യഹോവേ, എത്രത്തോളം നീ എന്നെ മറന്നു കൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും? (സങ്കീർത്തനങ്ങൾ 13 : 1-2)
എല്ലാ സങ്കീർത്തനങ്ങളുടെയും പിറകിൽ ഓരോരോ അനുഭവങ്ങളുണ്ട്.. ചിലത് ദുഃഖത്തിന്റെ മറ്റു ചിലത് സന്തോഷത്തിന്റെയും...
ഞാനിന്നും ഓർക്കുന്നു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എനിക്ക് അന്നത്തെ എന്റെ പഠന വിഷയം ആയിരുന്ന വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി പരീക്ഷയ്ക്ക് വന്ന ഒരു ചോദ്യം ഇങ്ങനെയായിരുന്നു... "ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചുകീറിയ ഒരു ഏടാണ്, അതിന്റെ വക്കിൽ ഇപ്പോഴും രക്തം പൊടിഞ്ഞു നിൽക്കുന്നു സമർത്ഥിക്കുക?"
അതുപോലെ ഓരോ സങ്കീർത്തനങ്ങളും അത് എഴുതിയവരുടെ ജീവിതത്തിൽ നിന്നും വലിച്ചുകീറിയ ഏടുകളാണ്, അതിന്റെ വക്കുകളിൽ നിന്ന് ഇപ്പോഴും രക്തം പൊടിഞ്ഞു നിൽക്കുന്നുണ്ട്… ആഴമേറിയ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ഈ സങ്കീർത്തനങ്ങൾ ഇന്നും അനേകർക്ക് ആശ്വാസമാണ്.
ദാവീദിന്റെ തൂലികയിൽ നിന്നും അടർന്നുവീണ പതിമൂന്നാം സങ്കീർത്തനം തന്റെ ജീവിതത്തിന്റെ നിർണായകമായ നിമിഷങ്ങളിൽ ദൈവം തന്നോട് കൂടെ ഉണ്ടോ എന്നുള്ള സംശയം തനിക്ക് ഉണ്ടായപ്പോൾ താൻ ദൈവത്തോട് ചോദിച്ച ചില ചോദ്യങ്ങളാണ്.
ഈ സങ്കീർത്തനങ്ങൾ എല്ലാം വിളിച്ചു പറയുന്നത് അവരാരും നമ്മളിൽ നിന്ന് വ്യത്യസ്തരല്ലായിരുന്നു എന്നതാണ്..പല സങ്കീർത്തനങ്ങളും തുടക്കത്തിൽ വിലാപമാണെന്ന് തോന്നിയേക്കാം. എന്നാൽ, അവസാനിക്കുമ്പോൾ പ്രത്യാശയുടെയും സ്തുതി സ്തോത്രങ്ങളുടെയും ആരവങ്ങളാണ്.
അതുപോലെ ഇന്ന് നമ്മൾ പാടുന്ന പല ഗാനങ്ങളും ഭക്തന്മാരുടെ ജീവിതങ്ങളിൽ നിന്നും അടർന്നു വീണ അനുഭവങ്ങളാണ്. ആ ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു...അനേകരെ ധൈര്യപ്പെടുത്തുന്നു... നിരാശയിൽ കിടക്കുന്നവരെ മുന്നോട്ടു നയിക്കുവാൻ പ്രേരിപ്പിക്കുന്നു...
യോശുവ യിസ്രായേൽ മക്കളോട് പറഞ്ഞതു പോലെ... യോർദാനിൽ നിന്നും പെറുക്കിയെടുത്ത പന്ത്രണ്ടു കല്ലുകൾ വരും തലമുറകൾക്ക് ഒരു അടയാളം ആയി പ്രതിഷ്ഠിക്കുവാൻ... അടുത്ത തലമുറയ്ക്ക് കൈമാറേണ്ട കഥ പറയുന്ന കല്ലുകൾ!
എന്നാൽ, നമ്മളോടുള്ള ചോദ്യം ഇതാണ്.. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ അതെല്ലാം സങ്കീർത്തനങ്ങൾ ആക്കി മാറ്റുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?
നമ്മുടെ ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങൾ കടന്നു വരുമ്പോൾ പിറുപിറുക്കാതെ... അവ ഓരോന്നും ദൈവസഭയ്ക്ക് പ്രയോജനകരമാകുന്ന സങ്കീർത്തനങ്ങൾ ആക്കി നമുക്ക് സൂക്ഷിക്കാം..വരും തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാകട്ടെ... ഗാനങ്ങളായും, അനുഭവങ്ങളായും, കുറിപ്പുകളായും, ലേഖനങ്ങളായും, പുസ്തകങ്ങളായും, ആശ്വാസ വാക്കുകളായും പുറത്തു വരട്ടെ...
അപ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാതലായ ഒരു കാര്യം എന്നത്; ഇതിലൂടെ ഒന്നും നമ്മുടെ പേര് മഹിമപ്പെടുവാൻ ഇടയാകരുത്... മറിച്ച് എല്ലാം ദൈവനാമ മഹത്വത്തിനായി തന്നെ തീരണം.
പാട്ടുകാരൻ പാടുന്നത് പോലെ
" എല്ലാം അങ്ങേ മഹത്വത്തിനായി..എല്ലാം അങ്ങേ പുകഴ്ചയ്ക്കായി.. തീർന്നിടേണമേ പ്രിയനേ.. തിരുനാമമുയർന്നിടട്ടെ" എന്നായിരിക്കട്ടെ നമ്മുടെയും തീരുമാനം.
പ്രാർത്ഥന : എല്ലാ ജീവിത സാഹചര്യങ്ങളിലും ഉറച്ചുനിൽപ്പാനും അങ്ങയുടെ നന്മയെ സാക്ഷീകരിക്കുവാനും ഞങ്ങളെ സഹായിക്കണമേ നാഥാ.
വായിച്ചതും ഗ്രഹിച്ചതും -16
മരണം എന്ന മർമ്മം….!
സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. (1 തെസ്സലൊനീക്യർ 4 : 13)
ആകസ്മികമായ ചില മരണങ്ങൾ കേട്ടപ്പോൾ ഉണ്ടായ മാനസികാവസ്ഥയിൽ നിന്നും ഉളവായതാണ് ഈ കുറിപ്പ്…. കഴിഞ്ഞദിവസം വിശ്വാസ ഗോളത്തെ മുഴുവനും ഞെട്ടിച്ച ഒരു വേർപാട് ആയിരുന്നു പ്രിയ ഡേവ് ഫിജിയുടേത്. തന്റെ വിവാഹ ദിവസം തന്നെ താൻ ഈ ലോകം വിട്ട് യാത്രയായി.. ഇതുകേട്ട തന്റെ ഒരു ബന്ധു ഇങ്ങനെ പറഞ്ഞു പോലും"സ്വർഗ്ഗത്തിലേക്കുള്ള വഴി നരകതുല്യമാണെന്ന് തോന്നുന്നു (It looks like path to heaven is hell)" എന്ന്..
ഇങ്ങനെ നമുക്ക് പ്രിയപ്പെട്ടവർ വേർപിരിയുമ്പോൾ നമ്മൾ എപ്പോഴും ദൈവത്തോട് ചോദിക്കുന്ന പല ചോദ്യങ്ങളിൽ ഒരു ചോദ്യമാണ് ദൈവമേ എന്തുകൊണ്ട് ഇത് ഇപ്പോൾ സംഭവിച്ചു? പക്ഷേ ചോദ്യം ചോദിക്കുവാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു. കാരണം, ഉത്തരം നൽകേണ്ട ജീവന്റെ ഉടമസ്ഥൻ പലപ്പോഴും നിശബ്ദനായിരിക്കും. ഈ നിശബ്ദത നമ്മെ അസ്വസ്ഥരാക്കും. എങ്കിലും, ഒരു കാര്യം വളരെ വ്യക്തമാണ് വചനത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്തുവിൽ മരിച്ചവർ അവനോടുകൂടെ ആണെന്നുള്ള സത്യം…!
പാട്ടുകാരൻ പാടിയതുപോലെ..
"കാലങ്ങൾ കഴിയുമ്പോൾ
നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും
നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായി വ്യക്തമായി
കൃപയിൻ കരുതലറിയും നാം"
അന്ന് മാത്രമേ നമുക്ക് ദൈവത്തിന്റെ സമയത്തിന്റെ മർമ്മം മനസിലാക്കാൻ സാധിക്കു. വാൻസ് ഹാവ്നർ എന്ന ദൈവ ശാസ്ത്രജ്ഞനോട് തന്റെ ഭാര്യയുടെ വിയോഗത്തിൽ ഒരു സുഹൃത്തു ഇങ്ങനെ പറഞ്ഞു: "താങ്കളുടെ നഷ്ടത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു" എന്ന്. അതിനു മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് താൻ ഇങ്ങനെ പറഞ്ഞു പോലും..."നമുക്ക് വേണ്ടപ്പെട്ടത് എവിടെയാ ണെന്നറിഞ്ഞാൽ ഒരിക്കലും അതിനെ നഷ്ടമെന്ന് വിളിക്കുവാൻ സാധ്യമല്ല (You haven’t lost anything when you know where it is) ".
ലോകം ചിന്തിക്കുന്നത് പോലെ ഒരു ഭക്തന്റെ മരണം തന്റെ ജീവിതത്തിന്റെ ദാരുണമായ അവസാനമല്ല; പ്രത്യുത അതി സുന്ദരമായ ഒരു യാത്രയുടെ ആരംഭമാണ്, ഏറ്റവും ശ്രേഷ്ഠമായതിലേക്കുള്ള പ്രവേശനമാണ്, തനിക്കു മുൻപ് പോയ ഭക്തരോടുള്ള ഒത്തുചേരലാണ്, തനിക്കു വേണ്ടി ഒരുക്കിവെച്ച സ്വസ്ഥതയിലേക്കുള്ള പ്രവേശനമാണ്, തനിക്ക് ലഭിക്കുവാൻ പോകുന്ന വ്യക്തിപരമായ കിരീടത്തിന് വേണ്ടിയുള്ള ഒരുക്കമാണ്. എല്ലാറ്റിലും ഉപരിയായി തന്റെ പ്രാണനാഥനുമായുള്ള കൂടിക്കാഴ്ചയാണ്.
താത്കാലികമായ ദുഃഖം നമുക്ക് ഉണ്ടാകുമെങ്കിലും, ഒരിക്കലും മരണത്തെ നഷ്ടം എന്ന് വിളിക്കുവാൻ സാധ്യമല്ല. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവും ആണ്.
ചില ഭക്തർ നേരത്തെ പോയി, മറ്റു ചിലർ ഇത്തിരി വൈകി യാത്രയായി എന്നേയുള്ളു. എന്നാൽ, എല്ലാവരും ഒരിടത്തേക്കാണ് പോയിരിക്കുന്നത്.... ഇപ്പോൾ ജീവനോടിരിക്കുന്ന നമ്മളും അവിടേയ്ക്ക് തന്നെയാണ് പോകുന്നത്… ആ ദിവസത്തിനായി നമുക്കും പ്രത്യാശയോടു കൂടി ഒരുങ്ങാം…
പ്രാർത്ഥന: ക്ഷണികമായ ഈ ലോകത്ത് നിത്യമായ രാജ്യത്തിനുവേണ്ടി ഒരുങ്ങി കാത്തിരിപ്പാൻ ഞങ്ങളെ സഹായിക്കണമേ നാഥാ ???? ആകയാൽ
വായിച്ചതും ഗ്രഹിച്ചതും - 15
നിൽക്കുന്നു എന്ന് തോന്നുന്നവനും വീണു എന്ന് തോന്നാത്തവനും…
ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. (1 കൊരിന്ത്യർ 10:12)
പൗലോസിന്റെ ഭാഷയിലുള്ള ശക്തമായ ഒരു പ്രബോധനമാണ് മേൽപ്പറഞ്ഞ വാക്യത്തിലെ പ്രതിപാദ്യ വിഷയം.
നിൽക്കുന്നു എന്ന് ഉറപ്പുള്ളവൻ വീഴാതിരിപ്പാനും എന്നാൽ, വീണു എന്ന് മനസ്സിലാക്കിയവർ എഴുന്നേൽപ്പാനും ശ്രദ്ധിക്കണം. ഇത് രണ്ടും നമ്മെ ബോധ്യപ്പെടുത്തേണ്ടത് പരിശുദ്ധാത്മാവാണ്.
പക്ഷേ, വീണു കിടക്കുന്നവരിൽ പലരും ഇപ്പോഴും നിൽക്കുകയാണ് എന്ന തോന്നലിൽ തുടരുകയാണ്. അവരെ ഈ വ്യാജം വിശ്വസിപ്പിക്കുകയാണ് സാത്താന്റെ തന്ത്രം. ഇങ്ങനെ കബളിപ്പിക്കപ്പെട്ട പലരും ഇന്ന് വീണു കിടക്കുകയാണ്.
പാട്ടുകാരൻ പാടുന്നതുപോലെ..
"എന്നിലും ഭക്തർ എന്നിലും ശക്തർ വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം വീരപുമാൻകളിൽ വീണവരിൽ"...
ശിംശോനു സംഭവിച്ചത് നോക്കുക....(പിന്നെ അവൾ: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു. ന്യായാധി :16:20)
അതുപോലെ കർത്താവ് പറഞ്ഞ ഉപമയിൽ മണലിൻമേൽ വീട് പണിയുന്നവൻ താനും പാറമേലാണ് പണിയുന്നത് എന്നുള്ള വ്യാജേന പണി തുടർന്നു. പരീക്ഷണ ദിവസത്തിൽ ആ വീട് തകർന്നു പോയി. കാലം അധികം ഇല്ല എന്ന് വളരെ വ്യക്തമായി അറിയാവുന്ന നമ്മുടെ പ്രതിയോഗി ആരെ വീഴ്ത്തേണ്ടു എന്ന് നോക്കി ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. നിൽക്കുന്നവരെ വീഴ്ത്തുവാനും വീണവരെ എഴുന്നേൽപ്പിക്കാതിരിക്കുവാനും ആണ് സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിലും വളരെ ശ്രദ്ധയോടെ, ദൈവകൃപയിൽ ആശ്രയിച്ച്, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, അനുദിനം അനുതാപ ഹൃദയത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.
ഡേവിഡ് ബ്രെയ്നാർഡ്
18-ആം നൂറ്റാണ്ടിലെ പ്രശസ്ത മിഷനറിയായിരുന്ന ഡേവിഡ് ബ്രെയ്നാർഡിന്റെ പ്രബോധനം വളരെ പ്രസക്തമാണ്...
"ആദ്യം ദൃഢനിശ്ചയം കൈക്കൊൾക; പിന്നെ ഗൗരവവും കർശനവുമായ ആത്മനിയന്ത്രണവും ഉള്ള ജീവിതം ഓരോ ദിവസവും അഭ്യസിക്കാൻ പരിശ്രമിക്കുക (First, resolve upon, and daily endeavour to practise, a life of seriousness and strict sobriety)"..
പരിശുദ്ധാത്മാവിന്റെ നിരന്തരമായ ഉണർത്തലുകൾക്ക് നമുക്ക് അനുതാപത്തോടെ പ്രതികരിക്കാം...
സാത്താന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാം...
വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവനിൽ നമ്മുക്ക് ആശ്രയിക്കാം...
പ്രാർത്ഥന: സംവേദനക്ഷമത നഷ്ടപെടാതെ പരിശുദ്ധാത്മാവിന്റെ ഉണർത്തലുകൾക്ക് അനുതാപത്തോടെ പ്രതികരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ
വായിച്ചതും ഗ്രഹിച്ചതും -14
സൃഷ്ടി സൃഷ്ടാവിനെ കണ്ട നിമിഷം!
മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു (മർക്കോ 10 : 48)
ഈ വാക്യത്തിലെ പ്രതിപാദ്യ വിഷയമായ ബർത്തിമായി എന്ന മനുഷ്യൻ ജന്മനാ കുരുടനായിരുന്നല്ലോ. പുറമെയുള്ള കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കാത്ത തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ട് തന്നെ സൃഷ്ടിച്ചവൻ ആയ ദൈവത്തെ ഒന്ന് നേരിൽ കാണുവാൻ കൊതിക്കുന്ന ഒരു മനുഷ്യഹൃദയം.
സ്വന്തം മാതാവിനെയോ പിതാവിനെയോ തിരിച്ചറിയുവാൻ ഒരു കുഞ്ഞിനു കണ്ണിന്റെ ആവശ്യമില്ല...എന്നു പറയുന്നതുപോലെ തന്റെ സൃഷ്ടാവിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാൻ സൃഷ്ടിക്ക് ഒരു ഭാഷയുണ്ട്...
ആ ഭാഷയാണ് അത്യുച്ചത്തിലുള്ള നിലവിളിയായി ഈ മനുഷ്യനിൽ നിന്നും പുറത്തുവന്നത്. പുരുഷാരത്തിനു ആ നിലവിളി ഒരു അരോചകമായി തോന്നിയപ്പോൾ, സൃഷ്ടാവ് അത് തന്റെ സൃഷ്ടിയുടെ ഹൃദയത്തിന്റെ ദീനരോദനമായിട്ടാണ് ഉൾക്കൊണ്ടത്.

യേശുവാണ് തന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യമായ വ്യക്തിയെന്ന് ഒരാൾ തിരിച്ചറിയുന്ന നിമിഷം, മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ആശങ്ക നിസ്സാരമാകുന്നു. ബർത്തിമായിക്കു ചുറ്റും പല ശബ്ദങ്ങളും ഉണ്ടായിരുന്നു; “മിണ്ടാതിരിക്കൂ” എന്ന് പറയുന്ന ശബ്ദങ്ങൾ.. എന്നാൽ, അവന് വ്യക്തത ഉണ്ടായിരുന്നു: യേശുവിനെ എനിക്കു വേണം
അങ്ങനെ ആ ദീനരോദനത്തിനു മുൻപിൽ യേശു നിന്നു... സൃഷ്ടാവ് സൃഷ്ടിക്കു വേണ്ടി നിന്ന നിമിഷം..അവനെ അരികിൽ വിളിച്ചു..അവനു കാഴ്ച കൊടുത്തു... ആദ്യമായി തന്റെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ തന്റെ സൃഷ്ടാവിനെ കണ്ട അനുഗ്രഹ നിമിഷം.. പിന്നീടുള്ള തന്റെ യാത്രയിൽ അദ്ദേഹം തന്റെ സൃഷ്ടാവിനെ അനുഗമിച്ചു...
പാപത്താൽ കുരുടാക്കപ്പെട്ട നമ്മുടെ ജീവിതത്തിലും ഇതുപോലൊരു നിമിഷം ഉണ്ടായിരുന്നു… നമ്മുടെ ആത്മീക കണ്ണുകൾ തുറന്ന ആ നിമിഷം… നമ്മുടെ നിലവിളിക്ക് മുമ്പിൽ നമ്മുടെ സൃഷ്ടാവ് നിന്ന ആ നിമിഷം… നാം നമ്മുടെ സൃഷ്ടാവിനെ കണ്ട നിമിഷം...
വേദശാസ്ത്രപരമായി പത്രോസിന്റെ ഭാഷയിൽ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്... "അന്ധകാരത്തിൽ നിന്നും തന്റെ (ക്രിസ്തുവിന്റെ) അത്ഭുത പ്രകാശത്തിലേക്ക് വന്ന നിമിഷം"....
പ്രസിദ്ധനായ സി. എസ്. ലൂയിസിന്റെ ഭാഷയിൽ "മനുഷ്യർ ദൈവത്തിന്റെ മക്കളാകുവാൻ ദൈവപുത്രൻ മനുഷ്യനായി (The Son of God became a man to enable men to become sons of God)" വന്ന നിമിഷം...
അന്നുമുതൽ നാം അവനെ അനുഗമിക്കുകയാണ്...
പാട്ടുകാരൻ പാടുന്നതുപോലെ നമുക്കും ഏറ്റുപടാം..
"യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ"
ഓർക്കുക! ഈ യാത്ര അവസാനിക്കുന്നത് നമ്മുടെ സൃഷ്ടാവിന്റെ മുൻപിൽ നമ്മൾ എത്തുമ്പോൾ ആണ്... അന്ന് നമ്മൾ അവനെ നമ്മുടെ കണ്ണുകൾ കൊണ്ട് നേരിട്ടു കാണും...
അതുകൊണ്ട് നമുക്ക് ലഭിച്ച ഉൾക്കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കാതെ നമ്മുടെ നാഥനെ നമുക്ക് അനുദിനം പിന്തുടരാം... അവനെ നേരിൽ കാണുന്നതുവരെ!
പ്രാർത്ഥന: പാപത്തിന്റെ അന്ധകാരത്തിൽ കിടന്ന എന്നെ അങ്ങയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി നാഥാ
വീട്ടുതടങ്കലിലെ കൂട്ടായ്മ !
വായിച്ചതും ഗ്രഹിച്ചതും -13
അപ്പൊ. പ്രവൃത്തികൾ 28:29-30
“അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്‍സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെയൊക്കെയും കൈക്കൊണ്ടു പൂർണ്ണ പ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു”.
പൗലോസിന്റെ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങൾ വിവരിക്കുന്ന അധ്യായത്തിലേക്കു വന്നെത്തിനിൽക്കുന്ന ഈ അവസരത്തിൽ താൻ ദൈവരാജ്യ വ്യാപ്തിക്കു വേണ്ടി വ്യാപൃതനായിരിക്കുന്ന ഒരു മനോഹരമായ കാഴ്ചയാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. മാനുഷികമായി നോക്കിയാൽ ഒരു വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടമാണിത്. എന്നാൽ, തന്നെ രക്ഷിച്ച അരുമ നാഥന്റെ പ്രേക്ഷിത പ്രവർത്തനം താൻ നിർബാധം തുടരുകയാണ്. വാടകയ്ക്ക് എടുത്ത വീട്ടിൽ, ഒരു വീട്ടു തടവുകാരനായി തന്റെ അന്ത്യ വിധിക്കുവേണ്ടി കാത്തിരിക്കുമ്പോഴും താൻ ദൈവരാജ്യം പ്രസംഗിക്കുകയാണ്.
പൗലോസ് ആരാണ്? നാല് മിഷനറി യാത്രകൾ ചെയ്ത അപ്പോസ്തലൻ…
ആയിരക്കണക്കിനു മൈലുകൾ സഞ്ചരിച്ച സുവിശേഷകൻ... അനേക സഭകൾ സ്ഥാപിച്ച ഇടയൻ... ത്രീവമായ പീഡനങ്ങൾ സഹിച്ച ക്രിസ്തുശിഷ്യൻ... അനേകരെ ക്രിസ്തുവിനു വേണ്ടി വാർത്തെടുത്ത മാർഗ്ഗദർശി...
തനിക്കു പറയുവാൻ ഒരുപാടു ഒഴികഴിവുകൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ സുഖകരമായ പരിധി (comfort zone) വിട്ടു ത്യാഗോജ്വലമായ സേവനത്തിനായി തന്നെത്തന്നെ സമർപ്പിച്ചു. തന്റെ ജീവനെ വിലയേറിയതായി താൻ എണ്ണിയില്ല. തന്റെ അവസാന ശ്വാസം വരെ സുവിശേഷത്തിനായി പോരാടും എന്ന ദൃഢനിശ്ചയം തനിക്കുണ്ടായിരുന്നു. ഈ മാതൃകയാണ് നമ്മൾ അനുകരിക്കേണ്ടത്.
എന്നാൽ, ഒരു ചെറിയ പ്രയാസം വരുമ്പോൾ നമ്മൾ തളർന്നു പോകുന്നവരാണ്.. ഒഴികഴിവുകൾ പറഞ്ഞു അവസരങ്ങൾ നഷ്ടപ്പെടുത്തുന്നവരാണ്...
‘ഇത്രയൊക്കെ മതി' എന്നുള്ള മനോഭാവമാണ് നമുക്ക്...

Hudson Taylor
പ്രസിദ്ധനായ മിഷനറി ഹഡ്സൺ ടെയ്ലർ പറഞ്ഞതോർക്കുക...
“എനിക്ക് പത്ത് ജീവൻ ഉണ്ടായിരുന്നുവെങ്കിൽ, അവയെല്ലാം ഞാൻ ചൈനയ്ക്കായി സമർപ്പിച്ചേനേ (If ten lives were mine, I would lay them all down for China)"
നമ്മുടെ ജീവിതത്തെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാം...പാട്ടുകാരൻ പാടിയതുപോലെ നമ്മെ തന്നെ സമർപ്പിക്കാം...
"നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും".
പ്രാർത്ഥന : യേശുവേ, അങ്ങയുടെ രാജ്യത്തിനുവേണ്ടി അവസാനത്തെ ശ്വാസം വരെ പോരാടുവാൻ എനിക്ക് കൃപ തരേണമേ നാഥാ...
വായിച്ചതും ഗ്രഹിച്ചതും - 12
രേഖാബ്യരിൽ (ലോകരിൽ) നിന്നും പഠിക്കേണ്ട പാഠം!
തങ്ങളുടെ ഉടയവനായ ദൈവത്തിൽ നിന്നും അകന്നുപോയ യിസ്രായേൽ ഗ്രഹത്തിന്റെ വളരെ ദാരുണമായ ഒരു സ്ഥിതിവിശേഷമാണ് ഈ അധ്യായത്തിൻ്റെ പശ്ചാത്തലം. പത്തുഗോത്രങ്ങൾ അടങ്ങുന്ന വടക്കേ രാജ്യം അശ്ശൂർ രാജാവിന്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ടു. ബാക്കിയുള്ള രണ്ടു ഗോത്രങ്ങൾ ഇപ്പോൾ ഇതാ ബാബേലിന്റെ അടിമകളായി പോകുവാൻ പോകുന്നു. ഈ സമയത്ത് യിരെമ്യാ പ്രവാചകൻ അവരുടെ ദുഷ്പ്രവർത്തികൾ വിട്ടൊഴിയുവാൻ അവരോട് പ്രവചിക്കുകയാണ്. എന്നാൽ, യിരെമ്യാ പ്രവാചകന്റെ വാക്കു കേൾക്കാതെ അവർ അവരുടെ ദുഷ്പ്രവർത്തികൾ തുടർന്നുകൊണ്ടേയിരുന്നു.(യിരെമ്യാവ് 35:)
ഈ സമയത്ത് അവരുടെ ഇടയിൽ ഉണ്ടായിരുന്ന നാടോടികളായ രേഖാബ്യർ എന്ന ഒരു ജാതീയ സമൂഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം അവരോട് പറയുന്ന പാഠം വളരെ ചിന്തനീയമാണ്.
"രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവർത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ, ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല" (യിരെമ്യാ- 35:14,16).
അവർ(രേഖാബ്യർ) അവരുടെ പൂർവപിതാവിനു കൽപ്പിക്കുന്ന വില പോലും എന്റെ ജനം എനിക്ക് നൽകുന്നില്ലല്ലോ എന്ന ദൈവത്തിന്റെ വിലാപം...പലപ്പോഴും ഇങ്ങനെയുള്ള അവസ്ഥ തന്നെയല്ലേ നമുക്കും സംഭവിക്കുന്നത്?
ദൈവമക്കൾ എന്ന് അഭിമാനിക്കുന്ന നമ്മൾ പലപ്പോഴും ദൈവത്തെ അറിയാത്തവരേക്കാൾ...
അനുസരണം ഇല്ലാത്തവരായി മാറുന്നില്ലേ? ധാർമികമായി അധഃപതിക്കുന്നില്ലേ? വിശുദ്ധിയുടെയും വേർപാടിന്റെയും അതിർവരമ്പുകൾ മാറ്റുന്നില്ലേ?
മഹാത്മാ ഗാന്ധി ക്രിസ്ത്യാനികളെ കുറിച്ച് പറഞ്ഞത് ഓർക്കുമല്ലോ...
“നിങ്ങളുടെ ക്രിസ്തുവിനെ എനിക്ക് ഇഷ്ടമാണ്; പക്ഷേ നിങ്ങളുടെ ക്രിസ്ത്യാനികളെ എനിക്ക് ഇഷ്ടമല്ല. കാരണം നിങ്ങളുടെ ക്രിസ്ത്യാനികൾ നിങ്ങളുടെ ക്രിസ്തുവിനെ പ്പോലെ അല്ല (I like your Christ, but I do not like your Christians. Your Christians are so unlike your Christ).”
നമുക്ക് നമ്മേ തന്നെ ഒന്നു പരിശോധിക്കാം;
രേഖാബ്യരിൽ(ലോകരിൽ) നിന്നും പാഠം പഠിക്കേണ്ട അവസ്ഥ നമുക്ക് വരാതിരിക്കട്ടെ! നമ്മളെ വീണ്ടെടുത്ത ക്രിസ്തുവിന്റെ സ്വഭാവം നമ്മളിൽ ഉണ്ടാകട്ടെ.. അതാകട്ടെ നമ്മുടെ മുഖമുദ്ര.
പാട്ടുകാരൻ പാടിയതുപോലെ നമുക്കും ഏറ്റുപാടാം:
"യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ
യേശുവേ നോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ"
പ്രാർത്ഥന : യേശുവേ, അങ്ങേയെപ്പോലെ ആകുവാൻ കൃപ തരേണമേ നാഥാ!
പോയവനും പോകാമെന്ന് പറഞ്ഞവനും
വായിച്ചതും ഗ്രഹിച്ചതും - 11
യേശുക്രിസ്തു കപടഭക്തിക്കാരായ പരീശന്മാരുടെ ഹൃദയം തുറന്നു കാണിക്കുന്ന ഒരു ഉപമയാണ് ഇവിടുത്തെ പശ്ചാത്തലം. ഈ ഉപമയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾ വ്യത്യസ്തമായ വിശ്വാസ മൂല്യങ്ങളുടെ പ്രതിനിധികളാണ്. പോകാമെന്ന് പറഞ്ഞിട്ട് പോകാത്തവൻ മനുഷ്യരുടെ മുമ്പിൽ മാത്രം ഭക്തി കാണിക്കാൻ ആഗ്രഹിക്കുന്ന പരീശഭക്തരുടെ പ്രതിനിധിയാണ്. ആദ്യം പോകുകയില്ല എന്ന് പറഞ്ഞിട്ട് പിന്നീട് പോയവൻ മാനസാന്തരം ആവശ്യമാണെന്ന് തോന്നുന്ന ചുങ്കക്കാരുടെയും പാപികളുടെയും പ്രതിനിധിയാണ്.(മത്തായി 21:28-31)
ഇന്നും നമ്മുടെ ഇടയിൽ ഈ രണ്ട് ഗ്രൂപ്പുകൾ പ്രബലമാണ്. ആളുകളുടെ കൈയ്യടി വാങ്ങാനും, പ്രസിദ്ധരായി തീരാനും ആഗ്രഹിച്ചുകൊണ്ട് ഭക്തിയുടെ വേഷം ധരിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടം. അവരുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇക്കൂട്ടർ എല്ലാ സാഹചര്യങ്ങളിലും ധരിക്കുവാൻ അനുയോജ്യമായ ഒരു മുഖംമൂടി എടുത്തു കൊണ്ടാണ് നടക്കുന്നത്. പൗലോസ് തിമൊത്തിയോസിനോട് പറയുന്നതുപോലെ: “ഇക്കൂട്ടർ ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിക്കുന്നവരാണ് “. ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് കേൾക്കുവാൻ വിധിക്കപ്പട്ടവർ, ഇവർക്കു അയ്യോ കഷ്ടം!
എന്നാൽ, മറുഭാഗത്ത് മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കുവാൻ ഹൃദയംകൊണ്ട് ആഗ്രഹിക്കുന്ന ഒരു കൂട്ടർ. വാക്കുകൾ മാത്രമല്ല അനുസരണത്തിന് പ്രാധാന്യം കൊടുക്കുന്നവർ, രഹസ്യമായി പ്രാർത്ഥനയിൽ സമയം ചെലവഴിക്കുന്നവർ, ആരും അറിയാതെ ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ,ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നവർ,രഹസ്യ ജീവത്തിലും ജീവിത വിശുദ്ധിക്കുവേണ്ടി പോരാടുന്നവർ. ഇക്കൂട്ടരാണ് യജമാനന്റെ വായിൽ നിന്ന് നല്ലവനും വിശ്വസ്തനും ആയ ദാസനെ എന്നുള്ള വിളി കേൾക്കുന്നവർ.

Lillian Hunt Trasher
ഈജിപ്റ്റിലേക്ക് മിഷനറിയായി പോയ ലില്ലിയൻ ഹണ്ട് ട്രഷർ എന്ന സഹോദരി തനിക്കു ഒൻപതു വയസുള്ളപ്പോൾ ഇങ്ങനെ പ്രാത്ഥിച്ചുപോലും...“കർത്താവേ, എപ്പോഴെങ്കിലും എനിക്ക് അങ്ങേയ്ക്കായി എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, എന്നെ അറിയിക്കണമേ; ഞാൻ അത് ചെയ്യാം”. (Lord, if ever I can do anything for you, just let me know and I will do it).” വെറുതെ ഒരു ഭംഗി വാക്കായിരുന്നില്ല അത്... പിന്നീട് താൻ ഈജിപ്റ്റിലേക്ക് ഒരു മിഷനറിയായി പോയി... അൻപതു വർഷത്തോളം അവിടെ അനാഥ കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചു..
ഈ ത്യാഗോജ്ജ്വലമായ സേവനത്തിന്റെ ഫലമായി, അവളെ സ്‌നേഹത്തോടെ “മാമ ലില്ലിയൻ” എന്നും “നൈൽ നദിയുടെ അമ്മ (Mother of Nile)” എന്നും വിളിക്കപ്പെടുന്നു.
പാട്ടുകാരൻ പാടിയതുപോലെ നമുക്കും ഏറ്റുപാടാം...
"നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ..
എന്റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ.."
നമ്മോളോട് തന്നെ നമുക്ക് ചോദിക്കാം..
നമ്മൾ ആരുടെ കൂട്ടത്തിലാണ്? പോയവന്റെ കൂട്ടത്തിലോ അതോ പോകാമെന്നു പറഞ്ഞവന്റെ കൂട്ടത്തിലോ?
പ്രാർത്ഥന : കേവലം വാക്കുകളിൽ മാത്രം ഒതുങ്ങാതെ, അനുസരണത്തിന്റെ പാതയിൽ ഞങ്ങളെ നടത്തണമേ നാഥാ...
വായിച്ചതും ഗ്രഹിച്ചതും - 10
"ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക”.(2 തിമോ. 4:13)
തന്റെ ഓട്ടം തികച്ച് തനിക്കുവേണ്ടി വച്ചിട്ടുള്ള ജീവകിരീടത്തിന് വേണ്ടി ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്ന പൗലോസിന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്നാണ് മേൽപ്പറഞ്ഞ വാക്യത്തിലെ പശ്ചാത്തലം. ഇത് പൗലോസിന്റെ ജീവിതത്തിന്റെ ഒന്നുമില്ലായ്മയുടെ ദീനരോദനം അല്ല, പ്രത്യുത സംതൃപ്തിയുള്ള തന്റെ ഹൃദയത്തിൽ നിന്നുമുള്ള അഭിലാഷം ആണ്. പൗലോസിൽ ഉറങ്ങിക്കിടന്ന ഒരു പച്ചയായ മനുഷ്യന്റെ ലളിതമായ ഒരു ആഗ്രഹമാണ് താൻ തന്റെ നിജപുത്രനായ തിമൊഥെയൊസിനോട് പറയുന്നത്.
ലോകപ്രകാരം നോക്കിയാൽ അന്നത്തെ അറിയപ്പെടുന്ന സമ്പന്നരിൽ ഒരാളാകേണ്ട ആളാണ് പൗലോസ്. തനിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉണ്ടായിരുന്നു, സമൂഹത്തിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു, പണം ഉണ്ടാക്കാൻ ഉള്ള എല്ലാ വിദ്യകളും തന്റെ കൈവശം ഉണ്ടായിരുന്നു തന്നെയുമല്ല റോമാ പൗരനും ആയിരുന്നു.... എന്നാൽ, ദൈവരാജ്യത്തിന് വേണ്ടി തനിക്കുള്ളതെല്ലാം ചപ്പും ചവറും എന്ന് താൻ എണ്ണി. ഇപ്പോൾ തനിക്ക് ആകെയുള്ളത് ഒരു പുതപ്പും, കുറച്ചു പുസ്തകങ്ങളും, പിന്നെ ചർമ്മലിഖിതങ്ങളും മാത്രം.

തനിക്കിനി ലോകപ്രകാരം ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല... എല്ലാ സാഹചര്യങ്ങളിലും ദൈവം തന്നെ വിശ്വസ്തയോടെ നടത്തി “താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു”. (ഫിലിപ്പിയർ 4 :12). ഇനി തന്റെ അരുമ നാഥനെ കാണണം, ആ ആഗ്രഹത്തിൽ താൻ റോമൻ കാരാഗ്രഹത്തിൽ സംതൃപ്തനായി കഴിയുകയാണ്!
"വിലപിടിപ്പുള്ളത് നേടാനായി തനിക്കു സൂക്ഷിക്കാൻ കഴിയാത്തത് ത്യജിക്കുന്നവൻ ഭോഷനല്ല (He is no fool who gives what he cannot keep to gain that which he cannot lose)" എന്നാണ് ഇക്വഡോറിൽ രക്തസാക്ഷിയായ മിഷണറി ജിം എലിയറ്റ് തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്...

നമുക്കും ഈ ലോകത്തിലെ ആവശ്യങ്ങൾ സ്തോത്രത്തോടെ കർത്താവിനെ അറിയിച്ചുകൊണ്ട്, സംതൃപ്തിയുള്ള ഒരു ജീവിതത്തിന്റെ ഉടമയായി നമ്മുടെ ഓട്ടം ഓടി തികെക്കാം. പാട്ടുകാരൻ പാടിയതുപോലെ...
"നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാൻ"
ഇതാകട്ടെ നമ്മുടെയും ആപ്തവാക്യം..
സംതൃപ്തിയിലെ സമ്പന്നത ആകട്ടെ നമ്മുടെ മുഖമുദ്ര!
പ്രാർത്ഥന : സംതൃപ്തിയുള്ള ജീവിതത്തിനു ഉടമയാക്കി ഞങ്ങളെ സമ്പന്നരാക്കേണമേ നാഥാ
വായിച്ചതും ഗ്രഹിച്ചതും - 9
കാണാത്തതിനെ നോക്കി കാണുന്ന ഭക്തർ !!
“കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കി ക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”. (2 കൊരിന്ത്യർ 4 :18).

കാണാൻ സാധിക്കാത്തതിനെ എങ്ങനെ നോക്കും? എന്നാൽ,അതിനുള്ള ഉൾക്കാഴ്ച പ്രാപിക്കുന്നതാണ് ഒരു ക്രിസ്തു വിശ്വാസിയുടെ മഹത്വം. ഈ ഉൾക്കാഴ്ചയാണ് നമ്മെ ലോകരിൽ നിന്നും വ്യത്യസ്ഥരാക്കുന്നത്. ഒരുവൻ ക്രിസ്തുവിലാകുന്നതിലൂടെ ഈ ഉൾക്കാഴ്ച അവനു ലഭിക്കുകയാണ്...
അകത്തെ മനുഷ്യന്റെ ജ്വലിക്കുന്ന കണ്ണുകൾ. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ നിത്യമായതു കാണാൻ കഴിവുള്ള സൂക്ഷ്മ കണ്ണുകൾ (inner eyes)!
“കർത്താവേ, നിത്യതയെ എന്റെ കണ്ണുകളിൽ പതിപ്പിക്കണമേ (Lord, stamp eternity on my eyeballs)" എന്നാണ് ഭക്തനായ ജോനാഥൻ എഡ്വേർഡ്സ് പ്രാർത്ഥിച്ചത്...

ജോനാഥൻ എഡ്വേർഡ്സ്
ഇക്കൂട്ടർ “കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചു പോകുന്നില്ല” (2 കൊരിന്ത്യർ 4 : 8)
പുറമെയുള്ള മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുന്നത് കഷ്ടതയും, ബുദ്ധിമുട്ടും, ഉപദ്രവവും, വീണുകിടക്കുന്നതും ഒക്കെയാണ്… എന്നാൽ, ഉൾകാഴ്ചയുള്ള ഭക്തൻ മേല്പറഞ്ഞ സാഹചര്യങ്ങളിലൊന്നും പതറുകയില്ല…കാരണം, അവന്റെ അകത്തെ മനുഷ്യൻ നാൾക്കുനാൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.
ഈ ഉൾക്കാഴ്ച വിശ്വാസത്താൽ; ക്രിസ്തുവിന് മുൻപേ തന്നെ പ്രാപിച്ച പഴയ നിയമ ഭക്തന്മാർ നമുക്ക് ഒരു ഉത്തേജനമാണ്. എബ്രായ ലേഖനം പതിനൊന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വാസ വീരന്മാർ ഇക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ, പുതിയ നിയമത്തിന്റെ അനുഭവസ്ഥരായ നമ്മൾ ഈ ഉൾക്കാഴ്ച ക്രിസ്തുവിലൂടെ പ്രാപിച്ചവരാണ്.... പഴയ നിയമ ഭക്തരേക്കാൾ നമ്മൾ എത്രയോ ധന്യർ !
ഇക്കൂട്ടരുടെ പുറമെയുള്ളവൻ ക്ഷയിച്ചു കൊണ്ടിരുന്നാലും അകമെയുള്ളവൻ ബലപ്പെട്ടുകൊണ്ടേയിരിക്കും. അധികം സൂക്ഷ്‌മമായതു കാണുവാൻ...
ചില പുതിയ നിയമ ഭക്തരുടെ അനുഭവങ്ങൾ നോക്കൂ...
സ്തേഫാനോസ് കല്ലേറ് കൊണ്ടപ്പോൾ സ്വർഗീയ തേജസ്സ് കണ്ടു...
പത്രോസ് കാരാഗൃഹത്തിൽ സുഖമായി ഉറങ്ങി...
പൗലോസും ശീലാസും ജയിലിൽ ദൈവത്തെ പാടി സ്തുതിച്ചു...
യോഹന്നാൻ പത്മോസ് ദ്വീപിൽ ദിവ്യ ദർശനം കണ്ടു...
എത്രയോ ധന്യമായ അവസ്ഥ... ലോകം ഇതു കണ്ടു അത്ഭുതപ്പെട്ടു പോയി... നമ്മളും ഇപ്രകാരം നമ്മുടെ അകകണ്ണുകൾ കൊണ്ട് ലോകർക്കു കാണാൻ സാധിക്കാത്തതിനെ കാണണം... നമുക്ക് വേണ്ടി വച്ചിരിക്കുന്ന തേജസ്സ് കാണണം....ഒടുവിൽ പുറമേയുള്ളവനെ ഉപേക്ഷിച്ചു, അകമെയുള്ളവൻ രൂപാന്തരം പ്രാപിക്കും.... അന്ന് നമ്മുടെ അകകണ്ണുകൾ കണ്ടത് യാഥാർഥ്യം ആകും.. പാട്ടുകാരൻ പാടിയതുപോലെ..
"കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും"
കർത്താവിനെ നമ്മുടെ സ്വന്ത കണ്ണുകൾ കൊണ്ട് നാം നേരിൽ കാണും.. ആമേൻ !
പ്രാർത്ഥന: കർത്താവേ, നിത്യതയെ എന്റെ കണ്ണുകളിൽ പതിപ്പിക്കണമേ, നാഥാ...
വായിച്ചതും ഗ്രഹിച്ചതും - 8
അങ്ങനെ യോനയ്ക്കും വിസ കിട്ടി !!
യോനാ 1:3: എന്നാൽ, യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തർശ്ശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.

ദൈവവിളിക്ക് അനുസരണക്കേട് കാണിച്ച യോനാ പ്രവാചകൻ തന്റെ ഹിതപ്രകാരം യാത്ര ചെയ്യുവാൻ ഒരുങ്ങുന്ന പശ്ചാത്തലമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
എന്നാൽ,ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്…
ദൈവഹിതത്തിൽ നിന്നും ഒളിച്ചോടിപോകുന്ന യോനാ പ്രവാചകനു ആദ്യം അനുകൂലമായ ചില കാര്യങ്ങൾ ഇവിടെ സംഭവിക്കുകയാണ്. യാത്ര ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഒരു കപ്പൽ... അതിൽ സഞ്ചരിക്കുവാൻ ആവശ്യമായ കൂലി… ഇനി എന്തുവേണം ഇതു ദൈവം അനുകൂലമായി പ്രവർത്തിക്കുകയാണ് എന്ന് വ്യാഖ്യാനിക്കാൻ?

കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ ബില്ലി ഗ്രഹാം ഇതിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്, “ദൈവത്തിൽ നിന്ന് ഓടി പോകുവാൻ ആഗ്രഹിക്കുന്നവർക്കായി ശത്രു എപ്പോഴും ഒരു ‘കപ്പൽ’ തയ്യാറാക്കിയിരിക്കും (The devil will always have a 'boat' or ship ready for someone who wishes to sail away from God)"
പ്രായോഗികമായി നോക്കിയാൽ എത്രയോ യാഥാർത്ഥ്യമായ ഒരു വസ്തുതയാണ് ഇത്? നമ്മുടെ ജീവിതത്തിൽ പലപ്പോഴും അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം അത് ദൈവഹിതം ആണെന്ന് വ്യാഖ്യാനിക്കുവാൻ നാം തത്രപ്പെടാറില്ലേ?
സ്വാർത്ഥതയോടെ പ്രവചിക്കുന്ന ഒരു പ്രവാചകൻ പറഞ്ഞതുകൊണ്ടോ, ഒരു വിസ കിട്ടിയത് കൊണ്ടോ, ഒരു വിവാഹം നടന്നതു കൊണ്ടോ, ഒരു ഡിഗ്രി ലഭിച്ചത് കൊണ്ടോ, ഒരു സ്ഥാനം ലഭിച്ചത് കൊണ്ടോ,ഒരു സ്ഥാനക്കയറ്റം ലഭിച്ചതുകൊണ്ടോ, പൂർണ്ണമായ ദൈവഹിതത്തിൽ നിന്നും ഒളിച്ചോടിപ്പോകുന്ന എത്രയോ യൗവനക്കാർ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്!
അവരുടെ മേലുള്ള പൂർണ്ണമായ ദൈവഹിതം തിരിച്ചറിയാതെ തർശീശിലേക്കു കപ്പൽ കയറുന്ന ഇവർക്കു അയ്യോ കഷ്ടം!
എന്നാൽ, സ്നേഹനിധിയായ ദൈവം ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് ഒരു മഹാ മത്സ്യത്തെ കൊണ്ട് യോനയെ വിഴുങ്ങി തിരിച്ച് അനുസരണത്തിലേക്ക് അവനെ മടക്കി കൊണ്ടുവന്നു. വൈകിയാണെങ്കിലും യോനാ അനുതപിച്ച് ദൈവഹിതത്തിനു കീഴടങ്ങി. ഇങ്ങനെയുള്ള സാഹചര്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുവാൻ നാം ഓരോരുത്തരും വളരെ ശ്രദ്ധാലുക്കൾ ആയിരിക്കേണം.

അതുകൊണ്ട് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ദൈവഹിതം നിർവചിക്കുവാൻ നമ്മൾ പരിശ്രമിക്കരുത്. പ്രത്യുത “ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2)
പാട്ടുകാരൻ പാടുന്നത് പോലെ നമുക്ക് ദൈവത്തിന്റെ പൂർണ്ണഹിതത്തിനായി സമർപ്പിക്കാം...
"എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ വന്നീടുന്നെ ഞാനിന്നു മോദമായ്...
എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ"
പ്രാർത്ഥന: സമ്പൂർണ്ണമായ അങ്ങയുടെ ഹിതത്തിനായി സമർപ്പിക്കുവാനും അതിനുവേണ്ടി ഞങ്ങളുടെ ഹിതം ത്യജിക്കുവാനും അവിടുന്ന് ഞങ്ങളെ സഹായിക്കണമേ നാഥാ
വായിച്ചതും ഗ്രഹിച്ചതും - 7
ഒരു സാധാരണ ദിവസമായിരുന്നു അതും സംഭവിച്ചത് !
“പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ." (2 പത്രൊസ് 3:3-4)
സംഭവിക്കുന്നതെല്ലാം എനിക്ക് അറിവുള്ളതായ കാര്യങ്ങളാണ് എന്ന തരത്തിലുള്ളതായ ‘സ്വഭാവികതയുടെ' അപകടത്തിൽപ്പെട്ട് (lost in normalcy of life) വഴിതെറ്റിപ്പോയ ഒരു കൂട്ടം ആളുകളെക്കുറിച്ചാണ് പത്രോസ് ഇവിടെ പറയുന്നത്. അതുകൊണ്ട് തന്നെ യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ അവൻ്റെ മടങ്ങിവരവിനെക്കുറിച്ചു പോലും അവർ അജ്ഞരായിരുന്നു.

എല്ലാം സ്വാഭാവികമായി നടക്കുന്നുണ്ടല്ലോ എന്നാണ് അവരുടെ വാദം...
സൂര്യൻ ഉദിക്കുന്നു..
അസ്‌തമിക്കുന്നു..
ജീവചക്രം മുന്നോട്ടു പോകുന്നു....
'എന്റെ ലോകം സുരക്ഷിതം' ഇതായിരുന്നു അവരുടെ ജീവിതത്തിന്റെ ആപ്തവാക്യം.
ഇതു തന്നെയാണ് നോഹയുടെ കാലത്തിലും സംഭവിച്ചത്..
യേശുവും ഈ കാലഘട്ടത്തെക്കുറിച്ചു ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്; "ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല"
ജലപ്രളയം വന്ന ദിവസം വരെ അവർ അവരുടേതായ ലോകത്തിൽ ഉല്ലസിച്ചു... അവരുടെ മനഃസാക്ഷി മരവിച്ചിരുന്നു ... അന്ന് സംഭവിക്കാനിരുന്ന വലിയ ചരിത്രസംഭവത്തിനു ഒരുങ്ങി നിൽപ്പാൻ അവർക്കു കഴിഞ്ഞില്ല...
മുന്നറിയിപ്പുകളെ അവർ അവഗണിച്ചു... എത്രയോ പരിതാപകരമായ അവസ്ഥ...
ഇക്കാലത്തും കർത്താവിനെ അവിടുത്തെ മഹത്വത്തിൽ കണ്ടുമുട്ടാനുള്ള ആവേശവും പ്രത്യാശയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. അതിനാൽ, കർത്താവിന്റെ ദിവസം (അല്ലെങ്കിൽ നമ്മുടെ മരണം) ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരുമെന്നതിനാൽ, ജീവിതത്തിന്റെ 'സ്വഭാവികതയിൽ' നഷ്ടപ്പെടാതിരിക്കാൻ നമുക്ക് അതീവ ജാഗ്രത പാലിക്കാം.
പാട്ടുകാരൻ പാടുന്നതുപോലെ നമ്മുടെ വീണ്ടെടുപ്പ് അടുത്തു..
"കാഹളനാദം കേൾക്കാറായി
കുഞ്ഞാട്ടിൻ കാന്തേ;
വ്യാകുലകാലം തീരാറായി
ക്രൂശിൻ സാക്ഷികളെ;
ആയാറിൽ നീ കണ്ടിടും ദൂതസേനകളേ
അവരുടെ നടുവിലെൻ പ്രിയനെ കാണാം മേഘത്തിൽ.”

Jonathan Edwards
"യേശുവിൻ്റെ മടങ്ങി വരവിൻ്റെ കാഹളശബ്ദം കേൾക്കുവാൻ ഒരു മണിക്കൂറിൽ കൂടുതൽ ഇല്ല എന്നറിഞ്ഞാൽ ചെയ്യുവാൻ ഞാൻ ഭയപ്പെടുന്നത് ഒന്നും ഒരിക്കലും ചെയ്യുകയില്ല." എന്ന ജോനാഥൻ എഡ്വേർഡ്സിന്റെ ദൃഢനിശ്ചയം പോലെ നമുക്കും ഒരു തീരുമാനമെടുക്കാം…
പ്രാർത്ഥന: ഇന്നെന്ന പോലെ അവിടുത്തെ വരവിനു വേണ്ടി ഒരുങ്ങി നിൽപ്പാൻ ഞങ്ങളെ സഹായിക്കണമേ നാഥാ. ജീവിതത്തിന്റെ സ്വാഭാവികതയിൽ നഷ്ടപ്പെട്ടു പോകുവാൻ ഞങ്ങളെ ഇടയാക്കരുതേ...
വായിച്ചതും ഗ്രഹിച്ചതും - 6
ഇന്നത്തെ പ്രശസ്തിയും അന്നത്തെ കിരീടവും
'ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2 Timo. 4:7,8)
തൻ്റെ ഓട്ടം തികച്ച് അക്കരെ നാട് എത്തുവാൻ യാത്ര ചെയ്ത പൗലോസിന്റെ അന്ത്യാഭിലാഷം ആണ് ഈ വാക്യത്തിന്റെ പശ്ചാത്തലം. തന്നെ വിളിച്ചവന്റെ കയ്യിൽ നിന്നുതന്നെ ആ നീതിയുടെ കിരീടം ലഭിക്കും എന്ന് പൗലോസിനു ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസത്തെ നോക്കി പൗലോസ് പ്രത്യാശയോടെ യാത്ര ചെയ്തു.

ഇന്ന് ലഭിക്കുന്ന കൈയ്യടികളും പ്രോത്സാഹനങ്ങളും ഒന്നും തന്നെ അതിനു തുല്യമാകുകയില്ല എന്ന് പൗലോസിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ശ്രമിച്ചില്ല. പ്രത്യുത ഈ ലോകത്തിലെ പേരും പ്രശസ്തിയും പൗലോസ് ചപ്പും ചവറും എന്നാണ് എണ്ണിയത്.
നാളുകൾ മിഷണറിയായി സേവനം അനുഷ്‌ഠിച്ചു തന്റെ സ്വന്തം നാട്ടിലേക്കു മടങ്ങി വന്ന ഒരു മിഷനറി ദൈവത്തോടു പരാതി പറഞ്ഞുവത്രേ…
“ഞാൻ ഇത്ര നാൾ കഷ്ടപ്പെട്ട് നിനക്കു വേണ്ടി പ്രവർത്തിച്ച് മടങ്ങി വന്നപ്പോൾ, ഒരു സ്വീകരണം തരാൻ പോലും ഒറ്റ വ്യക്തികളെ കണ്ടില്ലല്ലോ” എന്ന്. ദൈവം അദ്ദേഹത്തോട് മറുപടി പറഞ്ഞുപോലും... "അതിനു ആരു പറഞ്ഞു നീ വീട്ടിൽ എത്തിയെന്നു?”. അത് കേട്ടപ്പോൾ തനിക്കു ആശ്വാസമായി...
നമ്മൾ ഓരോരുത്തരുടെ ജീവിതത്തിലും ഈയൊരു കാഴ്ചപ്പാട് വളരെ ആത്യാവശ്യമാണ്. അന്ന് ലഭിക്കുവാൻ പോകുന്ന പ്രതിഫലത്തെക്കാൾ വലുതാണ് ഇന്ന് ലഭിക്കുന്ന പ്രശസ്തി എന്ന് തോന്നിക്കും വിധമാണ് നമ്മൾ പലപ്പോഴും നെട്ടോട്ടം ഓടുന്നത്. നമ്മുടെ ഒരു ഫോട്ടോ പത്രത്തിൽ വരാനും, പേര് സ്റ്റേജിൽ വിളിച്ചു പറയുവാനും, നമ്മളാണ് മുഖ്യർ എന്ന് വരുത്തി തീർക്കുവാനുമായി, ചിലപ്പോൾ ഏതറ്റം വരെയും നമ്മൾ പോകും.
എന്നാൽ, ഒരു കാര്യം ഓർക്കുക! ഇങ്ങനെ നാം പരിശ്രമിക്കുമ്പോൾ അന്ന് ലഭിക്കുവാൻ ഉള്ള നമ്മുടെ പ്രതിഫലത്തെ കാര്യമായി ഇത് ബാധിക്കും. മത്താ:6:1”മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല”
അതുകൊണ്ട്, നമ്മെത്തന്നെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാം. നമ്മൾ ഓടുന്നത് ഇന്നത്തെ നഷ്ടപ്പെട്ടു പോകുന്ന പ്രശസ്തിക്കോ അതോ അന്നത്തെ വാടാത്ത കിരീടത്തിനോ?.
പാട്ടുകാരനോടൊപ്പം നമുക്കും ഏറ്റു പാടാം....
“ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ,
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ് ”...
പ്രാർത്ഥന : ഈ ലോകത്തിൽ ലഭിക്കുന്ന താത്കാലികമായ മാനങ്ങളെക്കാൾ നിത്യതയിൽ ലഭിക്കുന്ന വാടാത്ത കിരീടത്തിനു വേണ്ടി പ്രത്യാശിക്കാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !
വായിച്ചതും ഗ്രഹിച്ചതും - 5
ലാസറിന്റെ കിടപ്പും ധനവാന്റെ നോട്ടവും…
ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു...
ധനവാൻ പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു...
ഭൂമിയിൽ ആയിരുന്നപ്പോൾ ഉള്ള അവസ്ഥയുടെ വളരെ വ്യത്യസ്തമായ കാഴ്ചയാണ് ഇവിടെ കാണുന്നത്. ഭൂമിയിൽ ലാസർ മുകളിലോട്ടു നോക്കിയിരുന്നത് ധനവാന്റെ മുഖത്തേക്കായിരുന്നു... നിസ്സഹായമായ നോട്ടം…
ഒരു നേരത്തെ ആഹാരത്തിനുവേണ്ടി… എന്നാൽ, ഇപ്പോൾ ധനവാൻ ലാസറിന്റെ മുഖത്തേക്ക് നോക്കുന്നത് ഒരു തുള്ളി വെള്ളത്തിനുവേണ്ടിയാണ്...

ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാനെ ചുറ്റിപ്പറ്റി ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു...
എന്നാൽ, ലാസറെ തിരിഞ്ഞു നോക്കുവാൻ പോലും ആരും ഉണ്ടായിരുന്നില്ല...
ധനവാന് സമൂഹം നല്ല അടക്കം നൽകി... ലാസറിനു ദൂതന്മാർ നല്ല വരവേൽപ് നൽകി...
ധനവാന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവർ എല്ലാം ചിന്തിച്ചിരിക്കുന്നത് അദ്ദേഹം സ്വർഗ്ഗത്തിലാണെന്നാണ്...
ഒരുപാട് പേർ അനുശോചന സന്ദേശത്തിലൂടെ അത് പ്രകടിപ്പിച്ചും കാണും. എന്നാൽ, യാഥാർത്ഥ്യം എത്രയോ വ്യത്യസ്തമാണെന്നു നോക്കുക…
ഇന്ന് ലാസർ വളരെ ഉയരത്തിൽ ആണ്... ധനവാനു പാതാളത്തിൽ നിന്നും എത്തുപിടിക്കുവാൻ കഴിയാത്ത അത്രയും ഉയരത്തിൽ….
അബ്രാഹാമിന്റെ മടിയിൽ!
നമ്മൾ ഓർക്കേണ്ട ഒരു സത്യം ഉണ്ട്, മരണത്തിനപ്പുറം ഉള്ള ജീവിതത്തിൽ നമ്മുടെ അവസ്ഥ മാറും...
ലോകത്തിലെ ഏറ്റവും ഉയർന്ന പദവിയെക്കാളും ഉയരത്തിലായിരിക്കും നമ്മൾ…
യേശുവിന്നുള്ളവർ അവിടുത്തെ മടിയിൽ!
പാട്ടുകാരൻ പാടുന്നതുപോലെ....
“നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാലെന്‍ ഇരുള്‍ നിറം മാറിടുമേ
രാജരാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന രാജാവ് വേഗം വരും”....
1 കൊരിന്ത്യർ 15:42-43 : മരിച്ചവരുടെ പുനഃരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
പ്രാർത്ഥന : നിത്യതയിൽ ഞങ്ങൾക്കുള്ള തേജസ്സിന്റെ നിത്യഘനം കാണുവാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ നാഥാ...
വായിച്ചതും ഗ്രഹിച്ചതും - 4
മുഖ്യമായത് വിട്ടുകളയരുത് !
പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപ്പെടുന്ന സത്യദൈവസഭയുടെ പ്രതിനിധികളായ പത്രൊസും യോഹന്നാനും അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് ഈ വാക്യങ്ങളുടെ പശ്ചാത്തലം. ജന്മനാ മുടന്തനായ ഈ യാചകൻ അവരിൽ നിന്ന് ലഭിക്കുവാൻ ആഗ്രഹിച്ചത് വെള്ളിയും പൊന്നുമാണ്. എന്നാൽ, ശിഷ്യന്മാർ പറയുന്നതു ശ്രദ്ധിക്കൂ... "ഞങ്ങളെ നോക്കൂ" ഞങ്ങൾ വ്യത്യസ്തരാണ്, നീ ആഗ്രഹിക്കുന്ന വെള്ളിയും പൊന്നുമല്ല ഞങ്ങളുടെ മുഖമുദ്ര, പ്രത്യുത ഇവിടെ ഇതുവരെ വന്നവരാർക്കും നൽകുവാൻ സാധിക്കാത്ത അതുല്യനായ ക്രിസ്തുവാണ്.
എന്നാൽ, ഇന്നത്തെ നമ്മുടെ അവസ്ഥ ഇതാണോ? ഇന്ന് നമുക്ക് ഊറ്റം കൊള്ളുവാനുള്ളത് നമ്മുടെ കയ്യിലുള്ള വെള്ളിയിലും പൊന്നിലുമല്ലേ? ഞങ്ങളെ നോക്കൂ, ഞങ്ങൾക്കും ഇതെല്ലാം ഉണ്ട് എന്ന് പറഞ്ഞുകൊണ്ടല്ലേ നമ്മൾ അഭിമാനിക്കുന്നത്?
ദൈവരാജ്യ വ്യാപ്തിക്കുവേണ്ടി ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ നമ്മുടെ വിഗ്രഹങ്ങളായി മാറി.. കെട്ടിടങ്ങൾ.. സ്ഥാവരജംഗമ വസ്തുക്കൾ... വീടുകൾ... വാഹനങ്ങൾ.. ഇതൊക്കെയായി നമ്മുടെ അഭിമാനത്തിന്റെ അടയാളങ്ങൾ. ഇതൊക്കെ കാണിച്ചുകൊണ്ടാണ് നമ്മൾ ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നത്... എത്രയോ പരിതാപകരമായ അവസ്ഥ!
എന്നാൽ നമ്മൾ മറന്നുപോകുന്ന ഒരു സത്യം ഉണ്ട്... ഈ പറയുന്ന വെള്ളിക്കും പൊന്നിനും ഒന്നും സാധിക്കാത്ത ഒരു വീണ്ടെടുപ്പാണ് ക്രിസ്തുവിലൂടെ നമുക്ക് സാധിച്ചത്. (വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ). ക്രിസ്തുവിലൂടെയുള്ള ഈ വീണ്ടെടുപ്പാണ് സഭയ്ക്ക് ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ളത്.
സഭയ്ക്ക് ഈ ലോകത്തിൽ ആവശ്യമുള്ളതെല്ലാം (ആഡംബരങ്ങൾ സഭക്കു വേണ്ടതാനും) ദൈവം നൽകട്ടെ. എന്നാൽ, അതൊന്നും ആകരുത് നമ്മുടെ വ്യത്യസ്തത; പ്രത്യുത ക്രിസ്തുവാകണം നമ്മുടെ മുഖമുദ്ര. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ "ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. ക്രൂശിക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയുടെ ധനം, അല്ലാതെ വെള്ളിയും പൊന്നുമല്ല!.
പാട്ടുകാരൻ പാടുന്നത് പോലെ...
"എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം സമ്പത്താകുന്നു " എന്ന് നമുക്കും ഏറ്റുപാടാം.
പ്രാർത്ഥന: ക്രിസ്തു മാത്രം എന്റെ സമ്പത്ത് എന്ന് ഏറ്റുപറയുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !
വായിച്ചതും ഗ്രഹിച്ചതും - 3
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ സ്വാതന്ത്ര്യം!
നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ മനോഭാവം ആയിരിക്കണം ഒരു ദൈവപൈതലിന്റേത്, കാരണം നമ്മൾ ഈ ലോകത്തിലേക്കു ഒന്നും കൊണ്ടുവന്നില്ല, ഒന്നും നമ്മൾ കൊണ്ടുപോകയും ഇല്ല.
പ്രസിദ്ധയായ മേരി ബനീഞ്ജ തന്റെ 'ലോകമേ യാത്ര' എന്ന കവിതയിൽ ഇങ്ങനെ പാടി..
"ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം
ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു
താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.
അനന്തമായ ജീവിതം സുഖത്തോടേ നയിക്കുവാൻ
ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ
മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ
എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ."
ഒരു ക്രിസ്തീയ പാട്ടുകാരനും അതു പോലെ പാടി...
"നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാൻ "
ഈ ത്യാഗ മനോഭാവത്തിലാണ് ക്രിസ്തീയ സ്വാതന്ത്ര്യം അനുഭവവേധ്യമാകുന്നത്, സന്തൃപ്തിയുള്ള ഹൃദയത്തിന് ഉടമയാകുന്നത്, നന്ദിയോടെ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുന്നത്, നിത്യതക്കായുള്ള പ്രത്യാശയിൽ വളരുവാൻ സാധിക്കുന്നത്, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുവാൻ സാധിക്കുന്നത്, ദൈവരാജ്യത്തിനുവേണ്ടി ചെലവായി പോകുവാൻ ഏല്പിച്ചു കൊടുക്കുന്നത്.
അതുകൊണ്ട് ഈ ജീവിത യാത്രയിൽ ഇവിടെ സമ്പന്നരാകുവാനുള്ള തത്രപ്പാടിൽ ഈ വിലപ്പെട്ട സ്വാതന്ത്ര്യം നമ്മൾ നഷ്ടപ്പെടുത്തരുത്. ഇവിടെ നമുക്കുണ്ടെന്നു തോന്നുതെല്ലാം ഒരു ദിവസം വിട്ടിട്ടു പോകേണ്ടതിനാൽ, നിത്യതയിൽ സമ്പന്നരാകാൻ നമുക്ക് പരിശ്രമിക്കാം!
പ്രാർത്ഥന: പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !
വായിച്ചതും ഗ്രഹിച്ചതും - 2
ആ ചെറിയ ലോകം അവളുടെതായി; യേശു ഉള്ള ആ ലോകം
https://onlinegoodnews.com/simjon_coloum_march_13_2026
വായിച്ചതും ഗ്രഹിച്ചതും - 1
ഘടികാരത്തിലെ മൂന്നു മണി
https://onlinegoodnews.com/Friday_talk_feb_272028
Advertisement
















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement
































































Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement
































































Advertisement




















































