കുമരകത്ത് വെള്ളക്കെട്ട്: ആശുപത്രിയിലെത്താൻ വൈകി; ഗൃഹനാഥ മരിച്ചു

കുമരകത്ത് വെള്ളക്കെട്ട്: ആശുപത്രിയിലെത്താൻ വൈകി; ഗൃഹനാഥ മരിച്ചു
ad
ad
ad

കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് ആശുപത്രിയിൽ പോകാൻ വൈകിയതിനെ തുടർന്ന് ഒരാൾ മരിച്ചു. കുമരകം മങ്കുഴി പാകത്തുശ്ശേരി റോസമ്മ (71) ആണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കുമരകം കവളാറ്റിൻകര ഐപിസി എബനേസർ സഭാംഗമാണ്.

സംസ്‌കാരം ആഗസ്റ്റ് 8 ന് ശനിയാഴ്ച രാവിലെ 10ന് കവളാറ്റിൻകര ഐപിസി എബനേസർ സഭാങ്കണത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ചിലമ്പ്രകുന്ന് സെമിത്തേരിയിൽ.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് റോസമ്മ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഉച്ചമുതൽ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ വഴിയിലും വീടിനു ചുറ്റിലും വെള്ളം കയറിയതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല. വൈകിട്ട് മൂന്നുമണിയോടെ സമീപവാസിയായ ജൂലിയാണ് റോസമ്മയെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്.

തുടർന്ന് പഞ്ചായത്തംഗം ബി.കെ. സുനിതയും സേവാഭാരതി പ്രവർത്തകരും സ്ഥലത്തെത്തി വള്ളത്തിൽ കയറ്റി റോഡിന് സമീപത്തേക്ക് കൊണ്ടുപോയി. അവിടെനിന്ന് കസേരയിലിരുത്തി പ്രധാന റോഡിലെത്തിച്ച ശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ഭർത്താവ്: പീറ്റർ. മക്കൾ: ഷീബ, ഷിജു, ഷീന. മരുമക്കൾ: ജോൺസൺ, അജി, നീന.

തോട്ടിൻവരമ്പത്തെ ഒരു ചെറിയ ഭവനത്തിൽ താമസിക്കുന്ന ഇവർ സഭാകാര്യങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബമാണെന്നും കുടുംബനാഥൻ പീറ്റർ ഒരു നിത്യരോഗിയാണെന്നും സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ.ശശി സാം ഗുഡ്ന്യൂസിനോട് പറഞ്ഞു. വിവരങ്ങൾക്ക്: 97477 88733

Advertisement