മരണഭയം, പരിശുദ്ധാത്മശക്തി; നിത്യത

മരണഭയം, പരിശുദ്ധാത്മശക്തി; നിത്യത
ad
ad
ad

യേശുകർത്താവിനെ ശത്രുക്കൾ പിടിച്ചപ്പോൾ 'ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി' (മത്തായി 26 : 56) എന്ന് വിശുദ്ധ ബൈബിളിൽ നാം വായിക്കുന്നു. യേശുകർത്താവിനോടുള്ള സ്നേഹക്കുറവോ, വിശ്വാസക്കുറവോ ആയിരുന്നില്ല അതിനു കാരണം. ശരീരത്തിൽ കഷ്ടത സഹിക്കുവാനുള്ള ഭയമായിരിക്കാം ശിഷ്യഗണങ്ങളെ അതിനു പ്രേരിപ്പിച്ചത്. ലോകത്തോടുള്ള സ്നേഹവും, സ്വർഗത്തെക്കുറിച്ചുള്ള അജ്ഞതയും സമൂഹത്തെക്കുറിച്ചുള്ള ശങ്കയും മറ്റു കാരണങ്ങളായിരുന്നു.

യേശുവിനുവേണ്ടി മരിക്കുവാനും വേണ്ടിവന്നാൽ രക്തസാക്ഷിമരണം പ്രാപിക്കുവാനും തയാറാണെന്ന് വീമ്പിളക്കാൻ നമുക്ക് ബുദ്ധിമുട്ട് കാണില്ല. എന്നാൽ കടുത്ത പ്രതിസന്ധിവേളയിൽ യേശുവിനൊപ്പം നിൽക്കുവാനുള്ള വിശ്വാസസ്ഥിരത നമുക്കുണ്ടോ എന്നു പരിശോധിച്ചു നോക്കുന്നത് ഉചിതമായിരിക്കും. മാനുഷികമായ ബുദ്ധിയിലും, ആവേശത്തിലും യേശുവിനുവേണ്ടി മരിക്കുവാൻപോലും തയാറാണ് എന്നു പറയുന്നതിൽ ഒരർത്ഥവും ആത്മാർത്ഥതയുമില്ല. യേശുക്രിസ്തു മഹാദൈവമാണെന്ന് (തീത്തൊസ് 2 : 12) മൂന്നരവർഷം കൂടെനിന്ന് രുചിച്ചറിഞ്ഞിട്ടും അവസാനനിമിഷം ശിഷ്യന്മാർ പ്രണരക്ഷാർത്ഥം ഗുരുവിനെവിട്ട് ഓടിപ്പോയി. അപ്പോൾ സാധാരണക്കാരായ നമ്മുടെ അവസ്ഥ എന്തായിരിക്കും ?

'നിത്യത' ((Eternity) ഒരു യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയുകയും പരിശുദ്ധാത്മശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ശിഷ്യന്മാരിൽനിന്നും മരണഭയം പാടേ മാറിപ്പോയി. യോഹന്നാൻ ഒഴികെയുള്ള മുഴുവൻ ശിഷ്യന്മാരും രക്തസാക്ഷികളായി. തന്നോടുണ്ടായിരുന്നദൈവവാഗ്ദത്തം നിറവേറാൻവേണ്ടി മാത്രം യോഹന്നാൻ ദീർഘായുസ് ഉള്ളവനായി മരിച്ചു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി അവസാനംവരെ നിലകൊള്ളുവാൻ നാം തയാറാണോ ? അതോ ആദ്യസമയത്ത് ശിഷ്യന്മാർ യേശുവിനെവിട്ട് ഓടിപ്പോയതുപോലെ നാമും ഓടിപ്പോകുമോ ? ഓരോ ദിവസവും നാം നമ്മോടുതന്നെ ചോദിക്കേണ്ട ഗൗരവമുള്ള ഒരു ചോദ്യമാണിത്. പരിശുദ്ധാത്മാവ് തക്കസമയത്ത് നമുക്കു ശക്തി തരുന്നതിനായി നമുക്കു പ്രാർത്ഥിക്കാം.

ചിന്തക്ക് : 'നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ, നിങ്ങളെത്തന്നെ ശോധന ചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ ? ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. സത്യത്തിനു അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ' (2 കൊരിന്ത്യർ 13 : 5...8).