മരിയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ
സ്റ്റോക്കോം: 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയായിരുന്നു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും മചാഡോ ഉൾപ്പെട്ടിരുന്നു
Advt.















