ചതഞ്ഞ ഓടയും പുകയുന്ന തിരിയും | സാന്ത്വന സ്പർശം

ചതഞ്ഞ ഓടയും പുകയുന്ന തിരിയും | സാന്ത്വന സ്പർശം

സാന്ത്വന സ്പർശം 13

ചതഞ്ഞ ഓടയും പുകയുന്ന തിരിയും

ഡോ. ബിനു ഡാനിയേൽ 


യെശയ്യാവ് 42:3 ഇങ്ങനെ പറയുന്നു: “ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.” ഈ വാക്യം ആഴത്തിൽ നോക്കുമ്പോൾ ദൈവത്തിന്റെ ഹൃദയത്തെപ്പറ്റിയുള്ള ഒരു മഹത്തായ സത്യം വെളിപ്പെടുന്നു - ദൈവം തകർന്ന ഹൃദയങ്ങളെ മറക്കുകയില്ല; മങ്ങിയ പ്രത്യാശകളെ അണയ്ക്കുകയില്ല.

പഴയ യഹൂദ ജീവിതത്തിൽ “ഓട” എന്നത് ഒരു സാധാരണ വസ്തുവായിരുന്നു. നദിക്കരകളിൽ വളരുന്ന ചെറുകമ്പുകൾകൊണ്ട് ആളുകൾ കുഴലുകളും അളവുകോലുകളും ഉണ്ടാക്കുമായിരുന്നു. അത് ചതഞ്ഞാൽ ആരും അത് പരിചരിക്കുകയില്ല; അതിന്റെ ഉപയോഗം നഷ്ടപ്പെട്ടാൽ എറിഞ്ഞുകളയും. എന്നാൽ നമ്മുടെ ദൈവം അങ്ങനെ ചെയ്യുന്നില്ല. അവൻ ചതഞ്ഞ ഓടയെ ഒടിച്ചുകളയുന്നില്ല, അതായത് തകർന്ന ഹൃദയങ്ങളെയും പരാജയപ്പെട്ട ജീവിതങ്ങളെയുംഅവൻ കരുണയോടെ കൈകൊണ്ട് ഉയര്‍ത്തുന്നു. മനുഷ്യരുടെ കണ്ണിൽ വിലകുറഞ്ഞവർക്കാണ് അവന്റെ സ്പർശം കൂടുതൽ അനുഭവപ്പെടുക.

അതുപോലെ “പുകയുന്ന തിരി” എന്നും ആ കാലഘട്ടത്തിലെ ഒരു പ്രതീകമാണ്. എണ്ണവിളക്കിലെ എണ്ണ തീർന്നപ്പോൾ തിരി പുകയുകയും പ്രകാശം മങ്ങുകയും ചെയ്യും. പലരും അതിനെ അണച്ചുകളയും, കാരണം അതിൽ വെളിച്ചം ഇനി ഇല്ല. പക്ഷേ ദൈവം അങ്ങനെ ചെയ്യുകയില്ല. അവൻ പുകയുന്ന തിരിയെ കെടുത്തുന്നില്ല, അതായത് മങ്ങിയ പ്രത്യാശകളിലും ദുർബലമായ വിശ്വാസത്തിലും അവൻ വീണ്ടും ജീവൻ പകരുന്നു. മങ്ങിയ വെളിച്ചത്തിൽ അവൻ തന്റെ ജീവൻ പകർന്നു അതിനെ വീണ്ടും കത്തിക്കുന്നു.
ഇത് യേശുകർത്താവിന്റെ സ്നേഹത്തിന്റെ മുഖമുദ്രയായിരുന്നു. മത്തായി 12:20ൽ -അവൻ പാപികളെയും നിരസിക്കപ്പെട്ടവരെയും സ്വീകരിച്ചു, രോഗികളെ സ്പർശിച്ചു, നിരാശരിൽ പ്രത്യാശ പകർന്നു. ലോകം അവരെ “ചതഞ്ഞ ഓട” എന്നും “പുകയുന്ന തിരി” എന്നും കണ്ടപ്പോൾ, ദൈവം അവരിൽ തന്റെ രൂപം വീണ്ടെടുത്തു. അവന്റെ കണ്ണിൽ ദുർബലതയും പരാജയവും വെറുപ്പിനുള്ള കാരണമല്ല, മറിച്ച് കരുണയുടെയും പുനരുജ്ജീവനത്തിന്റെയും വഴിയാണ്.

ഈ വചനത്തിന്റെ ആഴത്തിലുള്ള സന്ദേശം ഇതാണ്: ദൈവത്തിന്റെ നീതി കടുപ്പത്തിലല്ല, കരുണയിലൂടെയാണ്. അവന്റെ ന്യായം ശിക്ഷയല്ല, പുനരുജ്ജീവനമാണ്. അവൻ മനസ് തകർന്നവരെ സൗഖ്യം ആക്കുന്നു, മങ്ങിയവരിൽ പ്രകാശം ഉളവാക്കുന്നു. അവന്റെ നീതി കരുണയുടെ രൂപമാണ്, അവന്റെ സത്യസന്ധത മനുഷ്യ ഹൃദയങ്ങളെ സാന്ത്വനപ്പെടുത്തുന്നു.

ജീവിതത്തിൽ പലപ്പോഴും നമ്മളും തകർന്നതും വിലകുറഞ്ഞതും. ആയ ചതഞ്ഞ ഓടയായിരിക്കും - അല്ലെങ്കിൽ പ്രത്യാശയും തീയും മങ്ങി പോയ ഒരു പുകയുന്ന തിരിയായിരിക്കും - പക്ഷേ ദൈവം നമ്മെ അണച്ചുകളയുന്നില്ല. അവൻ അടുത്ത് വന്നു പറയുന്നു: “ഞാൻ നിന്നെ ഒടിച്ചുകളകയില്ല; നിന്റെ തീ ഞാൻ കെടുത്തുകയില്ല.” അതാണ് ദൈവസ്നേഹത്തിന്റെ മഹത്വം - തകർച്ചയിലും അവൻ സാന്ത്വനമാണ്, മങ്ങലിലും അവൻ പ്രകാശമാണ്. മനുഷ്യർ മറക്കുന്നിടത്ത് ദൈവം ഓർക്കുന്നു; ലോകം ഉപേക്ഷിക്കുന്നിടത്ത് അവൻ പുതിയൊരു ജീവൻ തെളിക്കുന്നു.

സാന്ത്വന സ്പർശം 12

ഹോശേയയും ഗോമെറും: ദൈവസ്നേഹത്തിന്റെ അതിരില്ലാത്ത കഥ

ഡോ. ബിനു ഡാനിയേൽ

ഹോശേയ പഴയ നിയമത്തിലെ ഒരു പ്രധാന പ്രവാചകനാണ്. ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിൽ, ഇസ്രായേലിന്റെ വടക്കൻ രാജ്യത്തിൽ അദ്ദേഹം ജീവിച്ചിരുന്നു. അന്ന് രാജ്യം അസാധാരണമായ അസ്ഥിരതയും ഭയങ്ങളും നിറഞ്ഞതായിരുന്നു. ദൈവത്തെ മറന്ന ജനങ്ങൾ ആത്മീയമാനദണ്ഡങ്ങളും മറന്നു പോയി. ജനങ്ങൾ ബാൽപൂജ പോലുള്ള വിഗ്രഹാരാധനയിലേക്ക് വഴുതി. ദൈവത്തിന്റെ ഉപദേശങ്ങളും മറന്ന്, അവരുടെ ജീവിതം തെറ്റായ കാര്യങ്ങളിലേക്ക് നീങ്ങി. 

ഈ പശ്ചാത്തലത്തിലാണ് ദൈവം ഹോശേയയെ പ്രവാചകനായി ഉയർത്തിയത്. ജനങ്ങളുടെ തെറ്റായ ജീവിതത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും, ശരിയായ വഴിയിലേക്ക് തിരിച്ചുവരാൻ വിളിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ദൗത്യമായിരുന്നു.

ദൈവം ഹോശേയയോട് ഒരു അപ്രതീക്ഷിത നിർദേശം നൽകി. വേശ്യയായ ഗോമെറിനെ വിവാഹം ചെയ്യണമെന്ന് ദൈവം പറഞ്ഞു. ഇത് ഒരു സാധാരണ വിവാഹമല്ലായിരുന്നു. ദൈവത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് കാണിക്കുന്നതിന് ദൈവം തന്നെയായിരുന്നു ഈ വഴിയെ തിരഞ്ഞെടുത്. ദൈവത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഇസ്രായേൽ ജനങ്ങളുടെ അവസ്ഥയെ പ്രകടിപ്പിക്കുന്ന ഒരു ജീവിച്ചിരിക്കുന്ന പ്രതീകമായിരുന്നു അത്. ഗോമെർ ഹോശേയയുടെ ഭാര്യയായതോടെ, വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞു. കുട്ടികളുടെ ചിരിയും പുതിയ പ്രത്യാശകളും വീട്ടിൽ പ്രഭയായി. ഗോമെർ തന്റെ പഴയ തെറ്റുകളിൽ നിന്നും മാറി ഒരു ആത്മീയ ജീവിതത്തിലേക്ക് കടന്നെന്നു കരുതി.

ദൈവം അവരുടെ മക്കൾക്കു നൽകിയ പേരുകൾ പോലും ഒരു ദൈവിക സന്ദേശം വഹിച്ചു. “ജെസ്‌റീൽ” എന്ന പേരിൽ ന്യായവിധിയുടെ സൂചന ഉണ്ടായിരുന്നു. “ലോറുഹാമ” എന്ന് പേരിട്ട രണ്ടാമത്തെ കുട്ടി, ദൈവം തന്റെ കരുണ താൽക്കാലികമായി പിൻവലിക്കുന്നതിന്റെ ചൂടുള്ള മുന്നറിയിപ്പായിരുന്നു. “ലോഅമ്മി” എന്ന മൂന്നാം കുട്ടിയുടെ പേര്, ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധം തകർന്ന് പോവുകയാണെന്ന വേദനാജനകമായ സത്യത്തെ വ്യക്തമാക്കുന്നതായിരുന്നു. ഓരോ പേരും ജനങ്ങൾക്ക് ഉണർവ് നൽകാൻ ദൈവം തന്ന സന്ദേശമായി.

എന്നാൽ ആ സന്തോഷം ദീർഘകാലം നിലനിന്നില്ല. ഗോമെർ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് തിരിഞ്ഞു. അന്യപുരുഷന്മാരെ അന്വേഷിച്ച്, പണത്തിന്റെയും വ്യർത്ഥ ആഗ്രഹങ്ങളുടെയും പിന്നാലെ അവൾ കുതിച്ചോടി. ഭർത്താവായ ഹോശേയയെ അവൾ ഉപേക്ഷിച്ചു. അവളുടെ ഈ ദ്രോഹവും തെറ്റായ വഴിയും, ദൈവത്തെ മറന്ന് വിഗ്രഹാരാധനയിൽ മുങ്ങിപ്പോയിരുന്ന ഇസ്രായേൽ ജനത്തിന്റെ യഥാർത്ഥ അവസ്ഥയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.

ഹോശേയയുടെ ഹൃദയം തകർന്നുവെങ്കിലും, അവന്റെ സ്നേഹം അവസാനിച്ചില്ല. ഗോമെർ നഷ്ടപ്പെട്ട വഴികളിലേക്ക് മറഞ്ഞപ്പോൾ, അവളെ തിരികെ നേടാൻ അവൻ യാത്ര തുടർന്നു. അവസാനം വിപണിയിലെ ഒരു മൂലയിൽ അടിമയായി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഹൃദയം തകർന്നു. ഒരിക്കൽ സ്നേഹിച്ച സ്ത്രീ, ഇപ്പോൾ വിലയിടപ്പെടുന്ന ഒരു വസ്‍തു. അവളുടെ കണ്ണുകളിൽ ലജ്ജയും വേദനയും നിറഞ്ഞിരുന്നു. അവൻ അവളെ വില കൊടുത്ത് സ്വന്തമാക്കി. സ്വന്തം ഭാര്യയായിട്ടും, വില കൊടുത്തു “വാങ്ങേണ്ടി” വന്ന ആ നിമിഷം ദൈവസ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറി. അവൻ അവളെ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞു പറഞ്ഞു: “നീ ഇനി മറ്റാരുടെയും അടിമയല്ല; നീ എന്റേതാണ്, ഞാനും നിനക്കുള്ളവനാണ്.”

ലോകം അവനെ ഭ്രാന്തനെന്ന് പരിഹസിച്ചു. പക്ഷേ അത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കഥയല്ലായിരുന്നു - അത് ദൈവത്തിൻ്റെയും തന്റെ വിശ്വാസഭ്രഷ്ടമായ ജനത്തിൻ്റെയും കഥയായിരുന്നു. ഗോമെർ പോലെ ഇസ്രായേൽ ജനവും ദൈവത്തെ മറന്നു അന്യദൈവങ്ങളെ തേടിയിരുന്നു. എങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല; മറിച്ച് കരുണയോടെ തിരികെ വിളിച്ചു, വില കൊടുത്ത് വീണ്ടെടുത്തു.

ഹോശേയയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നത് - ദൈവസ്നേഹം കരുണയാണ്. ഗോമെറിന്റെ ക്ഷീണിതമായ കണ്ണുകളിലൂടെ ഹോശേയ കണ്ടത്, ഒരു സ്ത്രീയെ മാത്രമല്ല, ദൈവത്തിൽ നിന്നും ഓടിപ്പോയ മുഴുവൻ മനുഷ്യരെയും ആണ്.

ഹോശേയയുടെയും ഗോമെറിന്റെയും കഥ ഇന്നും നമ്മോട് ചോദിക്കുന്നു - നമ്മളും നമ്മുടെ ഹൃദയം ലോകത്തിലെ ചെറു ലാഭങ്ങൾക്കുവേണ്ടി, സ്ഥാനമാനങ്ങൾക്കുവേണ്ടി,പ്രശസ്തിക്കുവേണ്ടി, വിറ്റുകളയുന്നവരല്ലേ? എങ്കിൽ നമ്മെ വീണ്ടും തിരികെ വാങ്ങി വീട്ടിലേക്കു വിളിക്കുന്ന ആ ദൈവസ്നേഹത്തിൽ നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ആ സാന്ത്വനസ്പർശം നമ്മെ തേടി വരും.

സാന്ത്വന സ്പർശം 11

നിങ്ങളുടെ വിശ്വാസം എവിടെ?

ഡോ. ബിനു ഡാനിയേൽ

വിശ്വാസത്തിൽ ഉറച്ച ശിഷ്യർ കർത്താവായ യേശുവിനെ പിന്തുടർന്നു. ഒരു ആഗ്രഹവും അവർ കർത്താവിനോടു ചോദിച്ചില്ല. അവർക്കു വേണ്ടതെല്ലാം കർത്താവ് തന്നെയായിരുന്നു ഒരുക്കുന്നത്.

യേശു പറഞ്ഞതുപോലെ, “നാളെയെക്കുറിച്ച് ചിന്തിക്കേണ്ട; ഇന്നിന് ആവശ്യമായതു തന്നെ മതി.” അവർ ആ വാക്കിൽ ജീവിച്ചു. ഭക്ഷണമില്ലാത്ത ദിവസം വന്നാലും അവർ ആശങ്കപ്പെട്ടില്ല, കാരണം അവരുടെ ദൈവം അവർക്കായി നിലകൊള്ളുന്നു എന്നുറപ്പുണ്ടായിരുന്നു. അവർക്ക് ഉണ്ടായിരുന്നത് ദൈവകൃപയും, ദൈവത്തിന്റെ സാന്നിധ്യവുമാണ്. അതിൽ അവർ തൃപ്തരായിരുന്നു. ലോകം മുന്നോട്ടു ഓടുമ്പോൾ, അവർ കർത്താവിനോടൊപ്പം നടന്നു - നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ, വീടും കുടുംബവും തൊഴിലും സ്വപ്നങ്ങളും വിട്ട് അവർ യേശുവിന്റെ വഴികളിൽ നടന്നു. ആകാശം അവരുടെ മേൽക്കൂരയും മണ്ണ് അവരുടെ കിടക്കയും.

ഒരിടത്തും സ്ഥിരതയില്ലാത്ത ജീവിതം, എന്നാൽ ഒരാശ്വാസം - യേശു അവരോടൊപ്പം ഉണ്ടെന്നുറപ്പ്. അവരുടെ ജീവിതം വെറും സഞ്ചാരമല്ല, വിശ്വാസത്തിന്റെ പാഠശാലയായിരുന്നു. അവർ ലോകത്തിന്റെ കാഴ്ചയിൽ പരാജിതർ, പക്ഷേ സ്വർഗത്തിന്റെ കാഴ്ചയിൽ വിജയികൾ. അവർ ഉപേഷിച്ചതെല്ലാം ലോകം വിലമതിക്കുന്നതായിരുന്നു.

ഒരു ദിവസം യേശു ശിഷ്യന്മാരോട് അവരുടെ ചെറിയ പടകിൽ തടാകത്തിന്റെ മറുകരയിലേക്കു പോകാം എന്ന് ആവശ്യപ്പട്ടു. അവർ പടകിൽ കയറി യാത്ര തുടങ്ങി. യേശു ഉറങ്ങി പോയി. അപ്രതീക്ഷിതമായി കാറ്റ് വീശി. തിരമാലകൾ പടകിനെ ഉലച്ചു, വെള്ളം നിറഞ്ഞു. മീൻപിടിത്തം തൊഴിൽ ആയിരുന്നവർ, കടലിനെ നല്ലവണ്ണം അറിയാവുന്നവർ. പക്ഷെ ഭയം അവരെ പിടികൂടി; അവർ മുങ്ങിപ്പോകുമെന്ന തോന്നലിൽ വിറച്ചു.
ഗലീലാ കടൽ - വലിപ്പത്തിൽ ചെറുതെങ്കിലും അതിന്റെ ആഴത്തിൽ അത്ഭുതം മറഞ്ഞിരിക്കുന്നു. താഴ്വാരങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകം പർവ്വതങ്ങളിൽ നിന്ന് ഇറങ്ങുന്ന കാറ്റിനും ചൂടൻ നീലതരികളുമായുള്ള ഏറ്റുമുട്ടലിൽ പെട്ടെന്ന് കൊടുങ്കാറ്റായി പൊട്ടിത്തെറിക്കും. നിമിഷങ്ങൾക്കകം നിശ്ശബ്ദമായ തിരകൾ കോപഭരിതമായ തിരമാലകളായി ഉയർന്ന്, ചെറു പടകുകളെ വിറപ്പിക്കും.

ജീവിതത്തിൽ ഇതുപോലുള്ള നിമിഷങ്ങൾ നമ്മെയും എത്തിക്കുന്നു. നാം വിശ്വസിക്കുന്നതെല്ലാം തകർന്നുപോകുന്നതുപോലെ തോന്നുമ്പോൾ, ദൈവം മിണ്ടാതിരിക്കുമ്പോൾ, നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. ശിഷ്യന്മാർ അന്ന് നേരിട്ട ഭയം മനുഷ്യന്റെ ഹൃദയത്തിലുണ്ടാകുന്ന സംശയത്തിന്റെ പ്രതീകമാണ്. അവർ യേശുവിനെ ഉണർത്തി വിളിച്ചു: “ഗുരുവേ, നാം നശിക്കുന്നു!” യേശു എഴുന്നേറ്റ് കാറ്റിനെയും തിരമാലയെയും ശാസിച്ചു. കാറ്റ് നിശ്ചലമായി, കടൽ ശാന്തമായി. അതിനുശേഷം യേശു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?”

ഈ ചോദ്യം വെറും ശിഷ്യന്മാർക്കുള്ളതല്ല, നമ്മോടുമാണ്. നമുക്ക് തോന്നുന്നു - യേശു ഉറങ്ങുകയാണ്, അവൻ കാണുന്നില്ല, കേൾക്കുന്നില്ല. പരാതിയുടെ പ്രവാഹം ആണ്. എന്നാൽ അവന്റെ സാന്നിധ്യം നമ്മെ വിട്ടുമാറുകയില്ല. ചിലപ്പോഴൊക്കെ അവൻ മിണ്ടാതിരിക്കുക നമ്മുടെ വിശ്വാസത്തെ വളർത്താനാണ്. അവന്റെ നിശബ്ദതയും സ്നേഹത്തിന്റെ ഭാഗമാണ്.
യേശുവും ശിഷ്യന്മാരും മാറുകരയിലേക്കു പോകുന്ന സംഭവം നമ്മുടെ ജീവിതത്തിന്റെ പ്രതീകമാണ്. സ്വർഗീയമായ ലക്ഷ്യത്തിലേക്കുള്ള വിളിയാണ്.  ചിലപ്പോൾ ശാന്തം, ചിലപ്പോൾ കൊടുങ്കാറ്റ്. എന്നാൽ അവ എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന ബോധം നമ്മെ ഉറപ്പിക്കുന്നു. ജീവിതം എത്ര അസ്ഥിരമായാലും, യേശു കപ്പലിൽ ഉണ്ടെന്നു മറക്കരുത്. അതാണ് നമ്മുടെ രക്ഷയും സമാധാനവും.
യേശുവിനോടൊപ്പം യാത്ര ചെയ്യുന്നവർക്കു നഷ്ടമൊന്നുമില്ല, നാം ലോകത്തെ വെറുക്കുമ്പോൾ ആണ് സത്യമായ സമ്പത്ത് കണ്ടെത്തുന്നത്- ദൈവത്തിന്റെ അനന്ത സാന്നിധ്യം.

സാന്ത്വന സ്പർശം 10

നിന്റെ ദൈവം, എന്റെ ദൈവം!

ഡോ. ബിനു ഡാനിയേൽ

മോവാബിന്റെ വരണ്ട പാതകളിൽ, ഉഷസ്സിന്റെ മങ്ങിയ വെളിച്ചത്തിൽ, വേർപിരിയലിന്റെ വേദനയുമായി മൂന്നു സ്ത്രീകൾ നിശ്ശബ്ദമായി നിൽക്കുകയാണ്. - അവരുടെ കണ്ണുകളിൽ കണ്ണുനീരും,  വേദനയും ഹൃദയങ്ങളിൽ അനിശ്ചിതത്വവും. ആ മൂന്ന് ജീവിതങ്ങളിൽ നഷ്ടത്തിന്റെ കരിനിഴലിൽ പിണഞ്ഞിരിക്കുന്നു-  വേദനയുടെ ഭാരം ചുമന്ന നവോമിയും, അവളുടെ മരുമക്കളായ ഓർപ്പയും റൂത്തും. ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ട നവോമി ജീവിതത്തിന്റെ ശൂന്യതയിൽ സ്വന്തദേശത്തേക്കു മടങ്ങാൻ തയ്യാറെടുക്കുമ്പോൾ, അവളുടെ ഹൃദയത്തിൽ ഒരു തീരുമാനം പിറന്നു -  “ഇനി ഈ മക്കളെ വേദനയുടെ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകരുത്.”

“മക്കളെ മടങ്ങിപോകുവിൻ” അവൾ പറഞ്ഞു. വാക്കുകളിൽ കരളലിയിക്കുന്ന കരുണയും, കണ്ണുകളിൽ വിടവാങ്ങലിന്റെ വിങ്ങലും. ഓർപ്പയും റൂത്തും അവളെ ചേർത്ത് പിടിച്ചു കരഞ്ഞു. ആ നിമിഷം ഭൂമിയും അന്തരീക്ഷവും അവരുടെ വേദനയെ ഏറ്റുവാങ്ങി. ആരെയും കരൾ അലിയിപ്പിക്കുന്ന രംഗം.  പക്ഷേ നവോമിയുടെ വാക്കുകൾ ഓർപ്പയുടെ ഹൃദയത്തിൽ കല്ലുപോലെ തറച്ചു-  ഭാവിയുടെ അനിശ്ചിതത്വത്തിനും  സ്നേഹത്തിന്റെ ആഴത്തിനും ഇടയിൽ. മനസില്ലാമനസോടെ എങ്കിലും അവൾ തന്റെ അമ്മായിഅമ്മയോടു യാത്ര പറഞ്ഞു, തന്റെ ദേശത്തേക്കു മടങ്ങി പോയി. കണ്ണുനീർ പൊടിയിൽ ചേർന്നു. നവോമി അവളുടെ കണ്ണുകൾ ഉയർത്തി പ്രാത്ഥിച്ചു “യഹോവേ, അവളെ അനുഗ്രഹിക്കേണമേ.” ആ പ്രാർത്ഥന വിടവാങ്ങലിന്റെ വേദനയിലൊരു ദിവ്യസാന്ത്വനമായിരുന്നു. ഇനി ജീവിതത്തിന്റെ ഇടനാഴികളിൽ ഒരിക്കലും അവർ തമ്മിൽ കാണുകയില്ല.

അവളുടെ ശബ്ദത്തിൽ നിന്നു പൊങ്ങിയ ആ പ്രാർത്ഥന, പൊടിയിലും നിശ്ശബ്ദതയിലും വിറച്ചുപോയി. അത് ഒരു അമ്മയുടെ ഹൃദയത്തിലുണ്ടായ ദൈവബന്ധത്തിന്റെ വിളിയായിരുന്നു. ഓർപ്പയുടെ വിടവാങ്ങൽ നവോമിയുടെ മനസിൽ വേദനയായി നിന്നെങ്കിലും, അതേ നിമിഷം അവൾ മനസ്സിലാക്കി - ഓരോ വിടവാങ്ങലിലും ദൈവത്തിന്റെ കൃപയുടെ നൂലിഴകൾ ഒളിഞ്ഞിരിക്കുന്നു.
സ്വന്തം സഹോദരിയെപോലെ ആയിരുന്ന  ഓർപ്പ വിട്ടു പോകുമ്പോൾ, മനസ് വിങ്ങുന്നുണ്ടെങ്കിലും, നവോമിയോട് വിട പറയാൻ റൂത്ത് തയ്യാറല്ലായിരുന്നു- ഉറച്ച മനസ്സോടെ അവൾ ഒരു പ്രഖ്യാപനം നടത്തി. “നീ പോകുന്നിടത്തേക്കു ഞാൻ പോകും; നിന്റെ ദേശം എന്റെ ദേശം നിന്റെ ദൈവം എന്റെ ദൈവം.” അത് സ്നേഹത്തിന്റെ പ്രതിജ്ഞ മാത്രമല്ല, ദൈവവിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു. യഥാർത്ഥ സ്നേഹം സൗകര്യത്തിലല്ല, ത്യാഗത്തിലാണെന്നും, വിശ്വാസം അനിശ്ചിതത്വത്തിന്റെ നടുവിലാണ് തെളിയുന്നതെന്നും റൂത്ത് മനസ്സിലാക്കി,
അവളുടെ ഈ തീരുമാനത്തിൽ ഒരു ദിവ്യമായ ഒരു സന്ദേശം തെളിഞ്ഞു. മനുഷ്യബന്ധങ്ങളുടെ പരിധിയെ മറികടക്കുന്ന വിശ്വാസത്തിന്റെ ജ്വാല. നവോമിയെ പിന്തുടർന്നത് ഒരു ബന്ധത്തിന്റെ ബാധ്യതയല്ല, ദൈവത്തിന്റെ വിളിയായിരുന്നു. അവളുടെ ഓരോ ചുവടിലും ദൈവം അവളെ നയിച്ചു. റൂത്തിന്റെ യാത്ര സ്നേഹത്തിന്റെ തീർത്ഥയാത്രയായി മാറി, അവിടെ നഷ്ടവും വേദനയും സാന്ത്വനമായി പിറവി നേടി. തന്റെ ദേശത്തോടും, ബന്ധുക്കളോടും എന്നന്നേക്കുമായി യാത്ര പറഞ്ഞു, തന്റെ അമ്മായിഅമ്മയായ നവോമിയോടുകൂടെ കൈപ്പിന്റെ ജീവിതം തിരഞ്ഞെടുത്തത്, ദൈവത്തോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു.

അവളുടെ തീരുമാനമാണ് ചരിത്രം മാറ്റിയത്. ദൈവം ആ വിനീതയായ അന്യദേശസ്ത്രീയെ തന്റെ രക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി. ബോവാസിനെ വിവാഹം ചെയ്ത് അവൾ ദാവീദിന്റെ വംശത്തിലേക്കു ചേർന്നു; ആ വംശത്തിൽ നിന്നാണ് യേശുക്രിസ്തു ജനിച്ചത്. ഒരു അന്യസ്ത്രീയുടെ വിശ്വാസം ദൈവത്തിന്റെ വംശരേഖയായി മാറി- അതാണ് ദൈവ സ്നേഹത്തിന്റെ അത്ഭുതം.
റൂത്തിന്റെ കഥ നമ്മോട് പറയുന്ന ഒരു സന്ദേശം ഉണ്ട്- നഷ്ടം അവസാനം അല്ല, അത് പുതിയ ദൈവനിശ്ചയങ്ങളുടെ ആരംഭം മാത്രമാണ്. അനിശ്ചിതത്വത്തിന്റെയും വേദനയുടെയും നടുവിൽ, അവൾ കണ്ടെത്തിയത് ആത്മസമാധാനമായ സാന്ത്വനം. നവോമിയോടുള്ള സ്നേഹവും ദൈവത്തോടുള്ള വിശ്വാസവും അവളെ ആ ദിവ്യസാന്ത്വനത്തിലേക്കു നയിച്ചു. സ്നേഹത്തിലും വിശ്വാസത്തിലും ഉറച്ചു നിൽക്കുന്ന ഹൃദയം ഒരിക്കലും ശൂന്യമാകുന്നില്ല. വേദനയുടെയും വിടവാങ്ങലിന്റെയും നടുവിൽ പോലും ദൈവത്തിന്റെ സാന്ത്വനം നിലനിൽക്കും.

സാന്ത്വന സ്പർശം 9

കാക്കയും വിധവയും

ഡോ. ബിനു ഡാനിയേൽ

ദൈവത്തിന്റെ പ്രവർത്തനങ്ങളും അവൻ ഉപയോഗിക്കുന്ന വഴികളും തിരഞ്ഞെടുക്കുന്ന മനുഷ്യരും നമ്മുടെ ബുദ്ധിക്കു അതീതമാണ്. ഏലിയാവ് പ്രവാചകന്റെ ജീവിതം അതിന് ഉജ്ജ്വല സാക്ഷ്യമാണ്. ക്ഷാമം ദേശത്തെ വിഴുങ്ങിയപ്പോൾ ദൈവം അവനോടു പറഞ്ഞത്: തോട്ടില്‍നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു..” (1 രാജാക്കന്മാർ 17:4)

ദൈവം ഭക്ഷണം നൽകാൻ തെരഞ്ഞെടുത്തത് ഒരു കാക്കയാണ് - സ്വഭാവത്തിൽ സ്വാർത്ഥത ഏറ്റവും കൂടുതൽ ഉള്ള ഒരു ജീവി. എന്നാൽ ദൈവത്തിന്റെ കല്പനയിൽ ആ കാക്ക അനുസരണയോടെ ഏലിയാവിനെ പോഷിപ്പിച്ചു. അതാണ് ദൈവത്തിന്റെ മഹത്വം - തോട്ടിലെ വെള്ളം കുടിച്ചു, കാക്കയുടെ പക്കൽ നിന്നും ആഹാരവും കഴിച്ചു യാത്ര തുടരുമ്പോൾ, ദൈവത്തിന്റെ അടുത്ത കല്പന. ക്ഷാമം ഏറ്റവും കൂടുതൽ ഉള്ള സാരെഫാത്തിലെ ഒരു വിധവയോടു നിനക്ക് ആഹാരം തരാൻ കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു. (1 രാജാക്കന്മാർ 17:9).

അവൻ ആ വാക്ക് കേട്ടപ്പോൾ ഒരു നിമിഷം അവന്റെ മനസ്സിൽ ചിന്ത ഉണ്ടായി. “കാക്ക കഴിഞ്ഞപ്പോൾ ഇപ്പോൾ ഒരു ദരിദ്ര വിധവയെയോ? അവൾക്ക് എങ്ങനെ എന്നെ പോഷിപ്പിക്കാനാകും?” 
അവൻ ആലോചിച്ചു, പക്ഷേ സംശയിച്ചില്ല. അവൻ അറിഞ്ഞിരുന്നു- ദൈവം കല്പിച്ചാൽ അത് അനുസരിച്ചാൽ മതി, എങ്ങനെ ആണ് എന്ന് ചോദിക്കണ്ട!  അവൻ ശാന്തമായി ദൈവത്തിന്റെ വാക്കിൽ ഉറച്ചു നിന്നു, കാരണം അവന്റെ വിശ്വാസം കണ്ണുകാണുന്നതിലല്ല, ദൈവം പറഞ്ഞതിലായിരുന്നു.    
കടുത്ത ക്ഷാമം മൂലം സാരെഫാത്തിലെ ആ ദിവസങ്ങൾ ഇരുട്ടായിരുന്നു. മഴ ഇല്ല. കിണറുകൾ വരണ്ടു. ആ പട്ടണത്തിലെ ഒരു ചെറിയ വീട്ടിൽ ഒരു വിധവയും അവളുടെ മകനും ജീവിതത്തിലെ അവസാനത്തെ നിമിഷത്തിനായി കാത്തിരിക്കുകയാണ്. അവളുടെ കൈവശം ബാക്കി ഉണ്ടായിരുന്നത് അല്പം മാവും കുറച്ച് എണ്ണയും മാത്രം. അത് കഴിച്ച ശേഷം മരിക്കാൻ തയ്യാറെടുത്തു ഇരിക്കുന്ന അവസ്ഥ.
ആ സ്ത്രീയെ കണ്ടപ്പോൾ, അവളുടെ മുഖത്തിലെ ദാരിദ്ര്യവും വേദനയും കണ്ടപ്പോഴും, ദൈവം പറഞ്ഞതിനെ അവൻ ഓർമ്മിച്ചു - “ഞാൻ  കല്പിച്ചിരിക്കുന്നു.” ദൈവം തന്റെ വാക്കുകൾ  ഒരിക്കലും വിഫലമാക്കില്ല. അവൻ വാക്കു പറഞ്ഞാൽ, ആ വാക്ക് അത്ഭുതമാകാതെ തിരികെ പോകില്ല.

ദൈവത്തിന്റെ ശബ്ദം ഏലീയാവിലൂടെ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. “ആ മാവിൽ നിന്ന് എനിക്കായി ഒരു ചെറിയ അട ഉണ്ടാക്കി തരൂ,” എന്ന് അവൻ പറഞ്ഞു.അവളുടെ ഹൃദയം കുലുങ്ങി -  മകന്റെ അവസാന അത്താഴം തന്നെയല്ലേ അത്! ഭയം പറഞ്ഞു: “ഇത് കൊടുത്താൽ നിനക്കും മകനും മരണം.” രണ്ട് ശബ്ദങ്ങൾ തമ്മിൽ അവൾ പോരാടിയെങ്കിലും, അവളുടെ ഹൃദയം ദൈവത്തിന്റെ വാക്ക് തിരഞ്ഞെടുത്തു. അവൾ തീ കത്തിച്ചു, ആ ചെറിയ അട വിശ്വാസത്തിന്റെ അപ്പം ആയി. അവൾ ഇല്ലായമയിൽ നിന്നും കൊടുത്തു, പക്ഷേ ദൈവം നൽകിയതു അനന്തമായിരുന്നു.
മാവ് തീർന്നില്ല, എണ്ണ വറ്റിയില്ല - ദൈവം തന്റെ മഹത്വം തെളിയിച്ചു.
അവൾ മകനെ ചേർത്ത് കരഞ്ഞു - ആ കണ്ണുനീർ ദൈവത്തിന്റെ വിശ്വസ്തതയുടെ തെളിവായിരുന്നു. അവളുടെ വീടിനെ ക്ഷാമം തൊടാതെ ദൈവം സംരക്ഷിച്ചു. അവളുടെ കുറവിനെ അവൻ അത്ഭുതമാക്കി, അവളുടെ സമർപ്പണത്തെ അനുഗ്രഹമാക്കി.
ദൈവം അവളെ തിരഞ്ഞെടുത്തത് അവളുടെ സമ്പന്നത കാരണം അല്ല, അവളുടെ വിശ്വാസം കാരണം ആണ്. അവൾ അനുഭവിച്ച ആ അത്ഭുതം ഇന്നും നമ്മെ പഠിപ്പിക്കുന്നു - നമ്മിൽ ഉള്ള കുറവുകളെ ആണ് ദൈവം നോക്കുന്നത്.  ദൈവ സന്നിധിയിൽ കുറവുകളെ സമർപ്പിക്കുമ്പോൾ ദൈവം തന്റെ മഹത്വം തെളിയിക്കും.

അനുസരണമുള്ള ഹൃദയത്തിൽ ദൈവം അത്ഭുതങ്ങൾ വിതയ്ക്കുന്നു. നിന്റെ കൈയിലെ കുറവിനെ അവൻ അത്ഭുതത്തിന്റെ പാത്രമാക്കും.
നിന്റെ ശൂന്യത അവന്റെ സാന്നിധ്യത്തോടെ സമൃദ്ധമാകും. ദൈവത്തിന്റെ കല്പനകൾ മനുഷ്യബുദ്ധിക്ക് വിചിത്രമായിരിക്കും,
പക്ഷേ അനുസരിക്കുന്നവർക്ക് അതിൽ അത്ഭുതം ഉറപ്പാണ്.

സാന്ത്വന സ്പർശം 8

ഒരിക്കലും മറക്കാത്ത ദൈവം

ഡോ. ബിനു ഡാനിയേൽ

“ഒരു അമ്മ തനിക്കു ജനിച്ച കുഞ്ഞിനെ മറക്കുമോ?” ഈ വാക്കുകൾ ദൈവത്തിന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തിന്റെ മുഴക്കം പോലെ യെശയ്യാപ്രവാചകൻ എഴുതിയ വചനങ്ങളാണ് (യെശയ്യാവ്‌ 49:13–16).

ആകാശവും ഭൂമിയും ആനന്ദത്തോടെ പാടുവാൻ വിളിക്കുമ്പോൾ, സീയോൻ ദുഃഖത്തോടെ നിലവിളിക്കുന്നു: “യഹോവ എന്നെ വിട്ടുകളഞ്ഞു, യഹോവ എന്നെ മറന്നു.” അതൊരു മനുഷ്യഹൃദയത്തിന്റെ വിലാപമാണ് - വേദനയുടെ നിശബ്ദതയിൽ നിന്ന് ഉയരുന്ന ചോദ്യം: “ദൈവമേ, നീ എന്നെ ഓർക്കുന്നുണ്ടോ?”

പക്ഷേ, ദൈവത്തിന്റെ മറുപടി കോപത്താൽ അല്ല, കരുണയാൽ നിറഞ്ഞതാണ്. അവൻ ചോദിക്കുന്നു: “ഒരു അമ്മ തനിക്കു മുലകുടിക്കുന്ന കുഞ്ഞിനെ മറക്കുമോ? അവൾക്ക് കരുണയില്ലാതാകുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നോക്കൂ, ഞാൻ നിന്നെ എന്റെ കൈകളിൽ കൊത്തിയിരിക്കുന്നു.”

ഇത് വെറും ആശ്വാസവാക്കല്ല, അതൊരു ദിവ്യമായ ഉറപ്പാണ്. സകലസൃഷ്ടിയും തീർത്ത ആ കൈകളിൽ, നിന്റെ പേരാണ് കൊത്തിയിരിക്കുന്നത്. അത് മഷിയാൽ എഴുതിയതല്ല, മാഞ്ഞുപോകാത്ത ആഴത്തിലുള്ള കൊത്തുപണി. ഓരോ വരയിലും നിന്റെ കഥയും നിന്റെ വേദനയും നിന്റെ പ്രതീക്ഷയും ചേർന്നിരിക്കുന്നു. 

ജീവിതത്തിൽ തകർന്നു പോകുന്ന ചില നിമിഷങ്ങൾ ഉണ്ടാകും, പ്രാർത്ഥനകൾ മൗനത്തിൽ ആകുന്ന സമയം. നമ്മൾ സ്വയം പറഞ്ഞുപോകും: “ദൈവമേ, നീ എന്നെ മറന്നല്ലോ.” പക്ഷേ അന്നു പോലും അവന്റെ മറുപടി അത് തന്നെയാണ് “ഞാൻ നിന്നെ മറക്കുകയില്ല.” അവന്റെ ഓർമ്മ മനുഷ്യരുടെ പോലെ അല്ല; അത് സ്നേഹത്തിന്റെ ശാശ്വത ജ്വാലയാണ്.

ഒരു അമ്മയുടെ സ്നേഹം ഭൂമിയിലെ ഏറ്റവും വിശുദ്ധമായ ബന്ധമാണ്. അവൾ തന്റെ കുഞ്ഞിന്റെ കരച്ചിൽ ഓർക്കും, കുഞ്ഞിന്റെ ശ്വാസം കേട്ടുറങ്ങും, തളർന്നാലും കരുതലൊഴിയുകയില്ല. എങ്കിലും, മാനുഷികമായതിനാൽ അമ്മയും മറക്കാം. എന്നാൽ ദൈവം പറയുന്നു: “അവൾ മറന്നാലും ഞാൻ മറക്കുകയില്ല.” അതാണ് ദൈവസ്നേഹം — മനുഷ്യസ്നേഹത്തെ കവിയുന്ന, കാലത്തിന്റെ അതിരുകൾ മറികടക്കുന്ന, മറക്കാത്ത സ്നേഹം.

ദൈവം നിന്റെ പേര് തന്റെ കൈകളിൽ കൊത്തിയപ്പോൾ, അതിന് അവൻ സ്വന്തം രക്തത്തിന്റെ മുദ്രയിട്ടു. ക്രൂശിൽ അവന്റെ കൈകൾ കൂർത്ത ആണികൾ കൊണ്ട് തുളയുമ്പോൾ, അവിടെ നിന്റെ പേരും വീണ്ടും എഴുതപ്പെട്ടു, മഷിയാൽ അല്ല, അവന്റെ സ്നേഹരക്തത്താൽ. ദൈവം പറഞ്ഞ വാഗ്ദാനം, ആ ദിനത്തിൽ ക്രൂശിൽ സത്യമായി തെളിഞ്ഞു. അവന്റെ കൈകളിലെ മുറിവുകൾ ഇന്നും അതേ സ്നേഹം പറയുന്നുണ്ട് “നിന്നെ ഞാൻ ഒരിക്കലും മറക്കുകയില്ല.”

ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്ന് നീ മറഞ്ഞുപോകുന്നില്ല; അവന്റെ ഹൃദയത്തിൽ നീ ശാശ്വതമായി ചേർന്നിരിക്കുന്നു. നമുക്ക് തോന്നും ദൈവം മിണ്ടുന്നില്ലെന്ന്, പക്ഷേ അവന്റെ മൗനം പോലും സ്നേഹത്താൽ നിറഞ്ഞതാണ്. നിന്റെ പേര് അവന്റെ ഹൃദയതാളത്തിലുണ്ട്. അവന്റെ കൈകളിൽ നിന്റെ കഥ എഴുതപ്പെട്ടിരിക്കുന്നു. 

ആകയാൽ ജീവിതം ഇരുട്ടിലായാലും, പ്രതീക്ഷ അകലുമ്പോഴും, നിന്റെ കണ്ണുകൾ അടച്ച് അവന്റെ കൈകളെ ഓർക്കുക. അവിടെ നിന്റെ പേര് ഉണ്ട്, പ്രകാശമുള്ള അക്ഷരങ്ങളായി, രക്തത്താൽ എഴുതപ്പെട്ട അക്ഷരങ്ങളായി. നീ മറക്കപ്പെട്ടിട്ടില്ല, മറക്കപ്പെടുകയുമില്ല. അവന്റെ കൈകൾ നിന്നെ ചേർത്തുനിർത്തുന്നു, അവന്റെ ശബ്ദം മൃദുവായി പറയുന്നു: “നിന്നെ ഞാൻ ശാശ്വതസ്നേഹത്താൽ സ്നേഹിച്ചിരിക്കുന്നു. നീ എന്റേതാണ്.”യെശയ്യാവ്‌ കണ്ട ദർശനവും യേശു ക്രൂശിൽ പൂർത്തിയാക്കിയ സത്യവും ഇതാണ്, ദൈവം ഒരിക്കലും നിന്നെ മറക്കുകയില്ല. അതാണ് ദൈവസ്നേഹം!

സാന്ത്വന സ്പർശം 7

ഒരു പ്രവാസവും ശാശ്വതമല്ല!

ഡോ. ബിനു ഡാനിയേൽ

ബാബിലോണിലെ രാത്രികൾ ദൈർഘ്യമേറിയതായിരുന്നു. അന്യദേശത്തിന്റെ ആകാശം യെരൂശലേമിലെ നക്ഷത്രങ്ങളെപ്പോലെ ചൂടും സ്നേഹവും നിറഞ്ഞതായിരുന്നില്ല. യിസ്രായേൽ ജനങ്ങൾ ഇനി കേൾക്കാത്ത ആലയത്തിന്റെ മണിയൊച്ചകൾക്കും ധൂപത്തിന്റെ സുഗന്ധത്തിനും യഹോവയുടെ സന്നിധിയിൽ ഉയർന്ന ഗാനങ്ങൾക്കുമൊക്കെ അവർ ആകുലതയോടെ ഓർമ്മിച്ചു. അവർ പാപത്തിന്റെ ഭാരം ചുമന്നു, അന്യദേശത്തിൽ അടിമകളായി ജീവിച്ചു.

ബി.സി. 586-ൽ നെബൂഖദ്നേസർ രാജാവ് യെരുശലേമിനെ നശിപ്പിക്കുകയും യെഹൂദയിലെ ജനങ്ങളെ ബാബിലോണിലേക്ക് ബന്ദികളാക്കുകയും ചെയ്തതോടെയാണ് ബാബിലോണിയൻ പ്രവാസം ആരംഭിച്ചത്. യിരെമ്യാവ് പ്രവചിച്ചതുപോലെ അത് 70 വർഷം നീണ്ടുനിന്നു. ഈ കാലയളവിൽ, യിസ്രായേൽ ജനം തങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന് അകലെയായിരിക്കുമ്പോൾ തന്നെ അനുതാപവും വിശ്വസ്തതയും പഠിച്ചു.

എഴുപത് വർഷങ്ങൾ കടന്നു. നഷ്ടത്തിന്റെ വേദനയിൽ ജീവിച്ചും മരിച്ചും പോയ തലമുറകൾ. പുതുതായി ജനിച്ച കുട്ടികൾ യെരൂശലേം കാണാതെ വളർന്നു; അതിന്റെ മഹത്വം അവർ മൂപ്പന്മാരുടെ വിറയുന്ന ശബ്ദത്തിൽ നിന്നാണ് കേട്ടത്. മഹത്വം മാഞ്ഞുപോയിരുന്നു, സ്വർഗ്ഗം മൗനമായിരുന്നു.
പക്ഷേ ഒരു രാവിൽ, ആ മൗനം ആനന്ദത്തിലേക്കു വഴിമാറി. അതു ഒരു പ്രവാചകന്റെ ശബ്ദത്തിലൂടെയോ ദൂതന്റെ ഇടപെടലുകൊണ്ടല്ല, മറിച്ച് ഒരു അന്യരാജാവിന്റെ കല്പനയിലൂടെയായിരുന്നു.
“പേർഷ്യരാജാവായ സൈറസ് ഇപ്രകാരം പറയുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ എനിക്കു ഭൂമിയിലെ എല്ലാ രാജ്യങ്ങളും തന്നിരിക്കുന്നു; അവൻ യെരൂശലേമിൽ അവന്റെ ആലയമൊരുക്കുവാൻ ആജ്ഞ ചെയ്തിരിക്കുന്നു.”
ആ വാക്കുകൾ അവിശ്വസനീയമായി തോന്നിയിരിക്കണം,  ദീർഘകാല ദുഃഖത്തിൽ മങ്ങിയ കാതുകൾക്കു അത്ര തെളിഞ്ഞ ശബ്ദം. ദൈവത്തെ അറിയാത്ത ഒരാളുടെ വായിൽ നിന്നു വീണ്ടെടുപ്പ് വരുമോ? എന്നാൽ ആ രാജകീയ ശബ്ദത്തിനുള്ളിൽ അവർ തിരിച്ചറിഞ്ഞത് ദൈവകൃപയുടെ മൃദുലമായ സംഗീതം തന്നെയായിരുന്നു.
ആശ്വാസമായി ദൈവം മൗനത്തിലൂടെ ചൊല്ലിയതു പോലെ തോന്നി — “ഞാൻ നിന്നെ മറന്നിട്ടില്ല.”

പക്ഷേ മടക്കയാത്ര എളുപ്പമല്ലായിരുന്നു. ദേശം ശൂന്യമായിരുന്നു, യെരൂശലേം പൊളിഞ്ഞുകിടന്നു, ആലയം ചിതറിക്കിടന്നു. പുതുതായി അടിത്തറയിട്ടപ്പോൾ മൂപ്പന്മാർ കരഞ്ഞു; അവർ ശലോമോന്റെ ആലയം കണ്ടവരായിരുന്നു. അവരുടെ കരച്ചിലുകൾ പുതുതലമുറയുടെ സന്തോഷഗാനങ്ങളുമായി കലർന്നു. പഴയ ദേവാലയം തകർന്നുപോയതിനെക്കുറിച്ച് ഓർത്ത് ചിലർ കരയുകയും, പുതിയ ദേവാലയത്തിന്റെ പണി ആരംഭിച്ചപ്പോൾ ജനങ്ങൾ അതിൽ സന്തോഷത്തിലും വലിയ ആർപ്പുവിളികളോടെ ആഘോഷിക്കുകയും ചെയ്തതിനാൽ, ആ ആർപ്പുവിളിയുടെയും കരച്ചിലിന്റെയും ശബ്ദം വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. ഈ ശബ്ദം വളരെ ദൂരത്തോളം കേൾക്കാൻ സാധിച്ചു  (എസ്രാ 3:13). അതാണ് വീണ്ടെടുപ്പിന്റെ രഹസ്യസൗന്ദര്യം,  ദൈവം ദുഃഖത്തെ സ്പർശിച്ച് അതിനെ ആശ്വാസത്തിലാക്കി മാറ്റുന്നു. നഷ്ടത്തിന്റെ കണ്ണുനീർ തന്നെയാണ് പുതിയ വിശ്വാസത്തിന്റെ വിത്തിനെ നനയിക്കുന്നത്.

സൈറസിന്റെ ആജ്ഞ ഒരു ഭരണനിയമമല്ല; അത് ദൈവത്തിന്റെ ഹൃദയമിടിപ്പാണ്, ചരിത്രത്തിലൂടെ മുഴങ്ങുന്ന, “ഞാൻ ഇപ്പോഴും പ്രവർത്തിക്കുന്നു” എന്നു പറയുന്ന ദൈവത്തിന്റെ സ്നേഹശബ്ദം.

കാലങ്ങൾ കടന്നുപോയിട്ടും ആ സത്യം ഇന്നും അതേപോലെ തന്നെയാണ്. ചിലപ്പോൾ ദൈവം വളരെ ദൂരെയാണെന്ന് തോന്നും, പ്രാർത്ഥനകൾ മൗനത്തിൽ നഷ്ടപ്പെടും, പ്രത്യാശയുടെ വെളിച്ചം മങ്ങിപോകും. സൈറസിന്റെ ആജ്ഞ നമ്മെ ഓർമ്മിപ്പിക്കുന്നു: ഒരു പ്രവാസവും ശാശ്വതമല്ല. പേർഷ്യയുടെ രാജാവിന്റെ ഹൃദയം ചലിപ്പിച്ച ദൈവം ഇന്നും മനുഷ്യഹൃദയങ്ങൾ ചലിപ്പിക്കുന്നു. അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽപ്പോലും ദൈവത്തിന്റെ വീണ്ടെടുപ്പ് ഇതിനകം ആരംഭിച്ചിരിക്കുന്നു.

സാന്ത്വന സ്പർശം 6

വഴി തുറക്കുന്ന ദൈവം

ഡോ. ബിനു ഡാനിയേൽ

യോശുവാ മൂന്നാം അധ്യായം നമ്മെ ഒരു അത്ഭുതകരമായ സംഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്. നാല്പത് വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന യിസ്രായേൽ മക്കൾ അവസാനം വാഗ്ദത്തദേശത്തിന്റെ കവാടത്തിൽ എത്തി. പക്ഷേ അവരുടെ മുന്നിൽ വലിയൊരു തടസ്സം- പ്രളയം മൂലം കരകവിഞ്ഞൊഴുകുന്ന യോർദാൻനദി. ഒറ്റ നോട്ടത്തിൽ അവർ വിധി എഴുതി “ഇതിലൂടെ കടന്നുപോകാനാവില്ല.”

പക്ഷേ, ദൈവത്തിന് വേറെ പദ്ധതി ഉണ്ടായിരുന്നു. നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ ആദ്യം വെള്ളത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ, പ്രളയിക്കുന്ന ജലം പെട്ടെന്നു നിന്നുപോയി. വഴിയില്ലാത്തിടത്ത് വഴി തുറന്നു. ദൈവത്തിന്റെ കരത്താൽ ജനങ്ങൾ ഉണങ്ങിയ നിലത്തിലൂടെ സുരക്ഷിതമായി കടന്നുപോയി.
ഇവിടെ നിന്നാണ് നമ്മൾ ഒരു മഹത്തായ പാഠം പഠിക്കുന്നത്. വിശ്വാസത്തിന്റെ ചുവടുവെപ്പ് അത്ഭുതങ്ങളെ ജനിപ്പിക്കുന്നു. മനുഷ്യശേഷിയാൽ കഴിയാത്തതു, ദൈവം തന്റെ കരത്താൽ സാധ്യമാക്കും.

യിസ്രായേൽമക്കൾക്ക് കിട്ടിയത് കനാൻ ദേശം മാത്രമല്ല, ദൈവത്തിന്റെ കരുതലിന്റെ ഉറപ്പും ആയിരുന്നു. “ഞാൻ നിങ്ങളോടൊപ്പം ഇരിക്കുന്നു” എന്ന ദൈവവാക്ക് അവരുടെ ഹൃദയത്തിൽ സമാധാനവും ധൈര്യവും നിറച്ചു.
ഇന്ന് നമ്മുടെ ജീവിതത്തിലും അനവധി “യോർദ്ദാനുകൾ” ഉണ്ട്. കടക്കാനാവാത്ത പരീക്ഷണങ്ങൾ, മനസ്സിനെ തളർത്തുന്ന പ്രശ്നങ്ങൾ, ഉറക്കം കെടുത്തുന്ന ആശങ്കകൾ - എല്ലാം നമ്മെ ഭീതിപ്പെടുത്തുന്നു. ചിലപ്പോൾ നമ്മൾ ചോദിക്കും: “ഇതിൽനിന്ന് രക്ഷപെടാൻ എനിക്ക് കഴിയുമോ?”പക്ഷേ യോർദ്ദാനിൽ അത്ഭുതം ചെയ്ത ദൈവം ഇന്നും നമ്മോടു പറയുന്നത്: “ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പം ഇരിക്കുന്നു.”
നമ്മുടെ വഴികൾ തടസ്സപ്പെടുത്തുന്ന പ്രവാഹങ്ങൾ ദൈവം തന്റെ കാരത്താൽ തടയും.

നമ്മൾ വിശ്വാസത്തോടെ മുന്നോട്ട് ചുവടുവെച്ചാൽ, വഴിയില്ലാത്തിടത്ത് ദൈവം വഴിയൊരുക്കും. മരുഭൂമിയെ ഓർമ്മകളാക്കി, വാഗ്ദത്തത്തിന്റെ പാത തെളിയിക്കുന്ന ദൈവമാണ് അവൻ.

അന്ന് യിസ്രായേൽമക്കൾ കണ്ടതുപോലെ, ഇന്നും നമ്മുടെ കണ്ണുകൾക്ക് തടസ്സമായി തോന്നുന്നതെല്ലാം ദൈവത്തിന്റെ മഹത്വം പ്രകടിപ്പിക്കുന്ന വേദികളാണ്. അവൻ തന്നെയാണ് വഴി, അവൻ തന്നെയാണ് പാലം, അവൻ തന്നെയാണ് വിജയം. നമ്മുടെ ജീവിതത്തിലെ വലിയ സംശയങ്ങൾ പോലും ദൈവത്തിന്റെ സാന്നിധ്യത്തിൽ ചെറുതാകുന്നു. അവനെ ആശ്രയിക്കുന്ന ജീവിതം ഒരിക്കലും ശൂന്യമാകുകയില്ല. ദൈവത്തിന്റെ സമയം ചിലപ്പോൾ വൈകിയതുപോലെ തോന്നാം, പക്ഷേ അതിൽ അവന്റെ അത്ഭുതകരമായ പദ്ധതികൾ മറഞ്ഞിരിക്കുന്നു. കണ്ണുനീരിലൂടെ കടന്നുപോകുമ്പോൾ പോലും, അവൻ നമ്മെ തന്റെ കരങ്ങളിൽ ചേർത്തുപിടിച്ചിരിക്കുന്നു. നമ്മുടെ ഓരോ കണ്ണുനീരും അവന്റെ കരുണയുടെ വിത്തുകളാണ്.

അതുകൊണ്ട് വിശ്വാസം വിട്ടുകളയരുത്- കാരണം നിങ്ങളുടെ യോർദ്ദാനിന് അപ്പുറം ദൈവം ഒരുക്കിയ മഹത്വമുള്ള ഭാവി കാത്തിരിക്കുന്നു.
അവൻ നിങ്ങളുടെ ഭയങ്ങളെ ധൈര്യമായി മാറ്റും, നിങ്ങളുടെ വേദനയെ വിജയം ആക്കും. അവന്റെ കരങ്ങളിൽ അനന്തമായ സ്നേഹവും, ശാന്തതയും, കരുതലും നിറഞ്ഞിരിക്കുന്നു. നമുക്ക് ചെയ്യാവുന്ന ഏറ്റവും മനോഹരമായ പ്രവൃത്തി - ദൈവത്തെ പൂർണ്ണമായി വിശ്വസിക്കുക എന്നതാണ്. അവൻ നമ്മെ ഒരിക്കലും വിട്ടുകളയുകയില്ല എന്ന  ഉറപ്പോടെ മുന്നോട്ട് നടക്കുക.

സാന്ത്വന സ്പർശം 5

കരുണാമയനായ യേശുകർത്താവ്

ഡോ. ബിനു ഡാനിയേൽ

ലൂക്കോസ് 23:39-43, നാം വായിക്കുന്നത് മനുഷ്യഹൃദയത്തെ നടുക്കുന്ന ദൃശ്യമാണ്. ഗോൽഗോഥയിലെ കുന്നിൻ മുകളിൽ, മൂന്നു ക്രൂശുകൾ നിലകൊള്ളുന്നു. നടുവിൽ നിരപരാധിയായ യേശു, കർത്താവ്. ഇരുവശത്തും കുറ്റക്കാരായ രണ്ട് മനുഷ്യർ. ഒരാൾ അവനെ പരിഹസിക്കുന്നു, എന്നാൽ മറ്റെയാൾ തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, ക്രൂശിൽ കിടന്നു സത്യത്തെ തിരിച്ചറിയുന്നു.

എന്റെ കർത്താവേ, "ഞാൻ കള്ളനാണ്", അവന്റെ ഹൃദയം നിലവിളിച്ചു. "എന്റെ കൈകളിൽ ആണികൾ തറച്ചിരിക്കുന്നു. എനിക്ക് അങ്ങയെ വണങ്ങണം എന്നുണ്ട്, എനിക്ക് ഗുരുവിന്റെ കാലുകൾ തൊട്ടു വണങ്ങണം എന്നുണ്ട്. പക്ഷെ എനിക്കതിനു ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുന്നില്ല. എന്റെ അധരങ്ങളിൽ നിന്ന് വരുന്ന വാക്കുകളാണ് എനിക്ക് നൽകാനാകുന്ന വഴിപാടു."

ജീവിതം മുഴുവൻ കുറ്റങ്ങളിലും ഇരുട്ടിലും മുങ്ങി കഴിഞ്ഞവൻ, ഇപ്പോൾ യേശുവിന്റെ നിരപരാധിത്വം കാണുമ്പോൾ തന്റെ ഹൃദയം തകർന്നുപോകുന്നു. ജയിലുകളും മനുഷ്യർ നിലനിർത്തിയ മതിലുകളും അവനു ഒരിക്കലും പാശ്ചാത്താപത്തിനുള്ള വഴി തുറന്നിരുന്നില്ല. എന്നാൽ ഇവിടെ, ദൈവപുത്രൻ തന്നോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്നതായി കണ്ടപ്പോൾ, അവന്റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു. ലോകം തന്റെ സ്രഷ്ടാവിനെ കുറ്റക്കാരനാക്കി ക്രൂശിക്കുന്ന ഭീകരമായ കാഴ്ച അവനെ ഹൃദയത്തെ പൊള്ളിച്ചു.

അവൻ തന്റെ കൂട്ടുകാരനെ ശാസിച്ചു: "നമ്മുടെ ശിക്ഷ ന്യായമാണ്. പക്ഷേ ഈ മനുഷ്യൻ ഒരു തെറ്റ് ചെയ്തിട്ടില്ല." പിന്നെ തന്റെ മുഴുവൻ ധൈര്യവും ശക്തിയും എടുത്തു, യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു.

അവന്റെ അപേക്ഷ ചെറിയതായിരുന്നു, പക്ഷേ അതിന്റെ ആഴം ഹൃദയ സ്പർശി ആയിരുന്നു. പ്രതികാരത്തിന്റെയും ക്രൂരതയുടെയും നടുവിൽ, അവൻ കരുണയ്ക്കായി പ്രാർത്ഥിച്ചു. യേശുവിന്റെ മറുപടി ലോകത്തിനുള്ള ഏറ്റവും മഹത്തായ ആശ്വാസമായി മുഴങ്ങി: "ഇന്നുതന്നെ നീ എന്റെ കൂടെ പറുദീസയിൽ ഇരിക്കും."

ക്രൂശിന്റെ നിഴലിൽ, മരണം കാത്തു കിടക്കുന്ന കള്ളൻ ഒരിക്കൽ നിഷേധിക്കപ്പെട്ട സ്വർഗത്തിൽ പ്രവേശിച്ചു. ഹൃദയം കൊണ്ട് കർത്താവിനെ രക്ഷിതാവായി ഏറ്റു പറഞ്ഞു അവൻ നിത്യതക്കു അവകാശി ആയി മാറി. കർത്താവിനോടു കൂടെ അക്ഷരീകമായി മരിക്കുകയും ആത്മീയമായി ഉയർത്തു എഴുനേൽക്കാനും കഴിയുന്നത് എത്ര ഭാഗ്യമാണ്. ഈ ദൃശ്യത്തിൽ അതിവിശാലമായ ദുഃഖമുണ്ട്—ലോകം തന്റെ സ്രഷ്ടാവിനെ ക്രൂശിച്ചു. പക്ഷേ ഇതിൽ അതിലേറെ വലിയ പ്രത്യാശയും ഉണ്ട്. കള്ളനെ സ്വീകരിച്ച ദൈവസ്നേഹം ഇന്നും നമ്മെ വിളിക്കുന്നു: നമ്മുടെ ഏറ്റവും ഇരുണ്ട പാപങ്ങൾ പോലും അവസാന വാക്കല്ല. ദൈവത്തിന്റെ സ്നേഹമാണ് അവസാന വാക്ക്. മരണം എപ്പോഴാണെന്ന് നാം അറിയുന്നില്ല. അവസരം നഷ്ടപ്പെടുത്തരുത്.

മനുഷ്യൻ കുറ്റകാരൻ എന്ന് വിധി എഴുതിയാലും ദൈവം അനുകൂലം എങ്കിൽ മരണത്തിന്റെ നിഴലിൽ പോലും നമ്മെ രക്ഷിക്കാൻ ദൈവം ശക്തനാണ്. മനുഷ്യന്റെ വിധി അന്തിമമല്ല. ദൈവത്തിന്റെ മുഖം കാണുന്നവർ ലജ്ജിച്ചു പോകയില്ല. ആ കള്ളനെ പോലെ ചെയ്തു പോയ തെറ്റുകളെ ഓർത്തു, പശ്ചാത്തപിക്കുന്ന ഒരു ഹൃദയം മാത്രം മതി.

സാന്ത്വന സ്പർശം 4

വേദനയെ അനുഗ്രഹമാക്കുന്ന ദൈവം

ഡോ. ബിനു ഡാനിയേൽ

ന്റെ ഏറ്റവും പ്രിയപ്പെട്ട യോസേഫ് കാണാതായതിന്റെ ദുഃഖം ഇനിയും യാക്കോബിന്റെ ഹൃദയത്തിൽ മാഞ്ഞിരുന്നില്ല. മാത്രവുമല്ല, ധാന്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ മക്കൾ മിസ്രയീമിലേക്കു പോയി മടങ്ങിയപ്പോൾ അവർ വന്നത് ഒഴിഞ്ഞ കൈകളോടെ. അത്രയുമല്ല, കൂട്ടത്തിൽ ശിമെയോനും ഉണ്ടായിരുന്നില്ല. മിസ്രയീമിലെ മന്ത്രിയുടെ കല്പനപ്രകാരം ശിമെയോനെ തടവിലാക്കി.

ഇളയമകനായ ബെന്യാമിനെ കൂട്ടിക്കൊണ്ടു വരുകയാണെങ്കിൽ മാത്രമേ ധാന്യം ലഭിക്കുകയുള്ളു എന്ന് അദ്ദേഹം നിർദേശിച്ചു.
ബെന്യാമീനെ കൂടെ കൊണ്ട് പോകാൻ മക്കൾ ആവശ്യപ്പെട്ടപ്പോൾ യാക്കോബു പറഞ്ഞത്: എന്റെ മകൻ നിങ്ങളോടുകൂടെ പോരുകയില്ല; അവന്റെ ജ്യേഷ്ഠൻ യോസേഫ് മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളൂ; നിങ്ങൾ പോകുന്ന വഴിയിൽ അവനു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും എന്നു പറഞ്ഞു (ഉല്പത്തി 42:38). യോസേഫിന് ശേഷം ഏറ്റവും പ്രിയപ്പെട്ട മകനായ ബെന്യാമിനെയും നഷ്ടപ്പെടുമോ എന്ന ഭയം യാക്കോബിന്റെ മനസിനെ വിഷമത്തിലാക്കി. വീണ്ടും ഒരു മകനെ നഷ്ടപ്പെടും എന്ന വിചാരത്തിൽ അവൻ തകർന്നു. പക്ഷേ അവൻ അറിയാതെ പോയി - ആ യാത്ര ദൈവത്തിന്റെ അനുഗ്രഹത്തിലേക്കുള്ള വഴിയായിരുന്നു. കടുത്ത ക്ഷാമം  വരുന്നതിനു മുൻപ് തന്നെ ദൈവം യോസേഫിനെ മിസ്രയിമിൽ അയച്ചു.  

അടിമയായി വിൽക്കപ്പെട്ടെങ്കിലും, കുപ്പയിൽ നിന്നും ഉയർത്തി മിസ്രയിമിലെ പ്രധാനമന്ത്രി ആയി യോസേഫിനെ ഉയർത്തിയ വിവരം ആരും തന്നെ അറിഞ്ഞിരുന്നില്ല. യാക്കോബ് ഗ്രഹത്തെ കടുത്ത ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനു പദ്ധതിയും ഉണ്ടായിരിന്നു. വീട്ടിൽ ഏറ്റവും വെറുക്കപ്പെട്ട യോസേഫിനെ ഉയർത്താനും ദൈവത്തിനു പദ്ധതി ഉണ്ടായിരുന്നു.

മാറായെ മധുരമാക്കുന്നവൻ ആണ് നമ്മുടെ ദൈവം. നാം അറിയാതെ നമുക്ക് വേണ്ടി കരുതുന്നവൻ ആണ് ദൈവം. ആരെയാണോ നിന്ദിച്ചത്, അവനെ കൊണ്ടുതന്നെ ദൈവം നിന്ദിച്ചവർക്കു നന്മ ഒരുക്കും. ‘നിന്ദിച്ചതിനെ വന്ദിക്കും’ എന്നല്ലേ പഴംചൊല്ല്. 
നമ്മുടെ ജീവിതത്തിലും ചില സാഹചര്യങ്ങൾ വേദനയും അനിശ്ചിതത്വവും നിറഞ്ഞതായിരിക്കും. പലപ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടാത്തപോലെ തോന്നാം. വഴികൾ അടഞ്ഞുപോയെന്നു തോന്നാം. പക്ഷേ ദൈവം നമ്മെ കാണാതെ തന്നെ അനുഗ്രഹത്തിലേക്കു കൊണ്ടുപോകുന്നു.

ദൈവം പ്രവർത്തിക്കുന്ന വഴികൾ നമുക്ക് മനസ്സിലാകണമെന്നില്ല, അവൻ ഒരിക്കലും നമ്മെ വിട്ടുകളയുന്നില്ല.
ഇന്നും ദൈവം അതുപോലെ പ്രവർത്തിക്കുന്നു. നമ്മെ തകർക്കും എന്ന് തോന്നുന്ന വഴികൾ തന്നെ അനുഗ്രഹത്തിലേക്കുള്ള വഴികളാകാം.

ദൈവം നമ്മുടെ ദുർബലതകളിലും ഭയങ്ങളിലുമാണ് തന്റെ ശക്തി പ്രകടിപ്പിക്കുന്നത്. അവൻ നമ്മുടെ കണ്ണുനീർ പോലും ശ്രദ്ധിക്കുന്ന കരുണാനിധിയാണ്. ദൈവം നൽകുന്ന അനുഗ്രഹം പലപ്പോഴും കാത്തിരിപ്പിന് ശേഷമാണ് വരുന്നത്, പക്ഷേ അത് എപ്പോഴും മികച്ചതായിരിക്കും. അവൻ വാഗ്ദാനം ചെയ്തതു ഒരിക്കലും വ്യർത്ഥമാകുകയില്ല. അതുകൊണ്ട് നാം കാണാത്ത വഴികളിലും അവനെ പൂർണ്ണമായി വിശ്വസിക്കണം.

സാന്ത്വന സ്പർശം 3

അപ്പവും ഒരു തുരുത്തി വെള്ളവും

ഡോ. ബിനു ഡാനിയേൽ

ബ്രാഹാമിന്റെ വീട്ടിൽ സന്തോഷം നിറഞ്ഞിരുന്നതായിരുന്നുവെങ്കിലും, ഇസ്ഹാക്ക് ജനിച്ചതോടെ ഹാഗറിൻ്റെ മകൻ ഇശ്‌മായേലിനെക്കുറിച്ച് സാറായിയുടെ മനസിൽ അസൂയയും ആശങ്കയും വളർന്നു. ഇശ്‌മായേൽ ഇസ്ഹാക്കിനോടൊപ്പം അവകാശി ആകരുതെന്ന് അവൾ ആഗ്രഹിച്ചു. ഒടുവിൽ അവൾ അബ്രാഹാമിനോടു ഹാഗറിനെയും മകനെയും പുറത്താക്കാൻ ആവശ്യപ്പെട്ടു. ഇത് അബ്രാഹാമിനെ ദുഃഖിപ്പിച്ചെങ്കിലും ദൈവം അവനോട് സാറായിയെ അനുസരിക്കാൻ പറഞ്ഞു. ഇസ്ഹാക്കിലൂടെ സന്താനപരമ്പര അറിയപ്പെടും, എങ്കിലും ഇശ്‌മായേലിനെയും ഒരു വലിയ ജനതയാക്കുമെന്നു ദൈവം വാഗ്ദ‌ാനം ചെയ്തു.

അബ്രാഹാം, ഹാഗറിനും കുഞ്ഞിനും അപ്പം, വെള്ളം എന്നിവ കൊടുത്ത് അവരെ മരുഭൂമിയിലേക്കയച്ചു. സങ്കടത്തോടെ എന്നന്നേക്കുമായി യാത്ര പറഞ്ഞു. അബ്രഹാമിന്റെ തണലിൽ കഴിഞ്ഞ അമ്മയും കുഞ്ഞും തനിച്ചാകുകയാണ്. എങ്കിലും യജമാനനെ അനുസരിക്കാതെ നിവർത്തിയില്ല, മാത്രമല്ല, സാറായിയുടെ എതിപ്പും അത്രമാത്രം ആയിരുന്നു. ബേർ-ശേബ മരുഭൂമിയിൽ അവർ അലഞ്ഞുനടന്നു. പുകയുന്ന ചൂടിലും പൊള്ളുന്ന മണലിലും നീണ്ടുനീണ്ട വഴികൾ നടന്ന് ഒടുവിൽ അവൾ തളർന്നു വീണു. ശരീരവും മനസും തളർന്ന അവൾക്ക് അവിടെ തന്നെ ജീവിതം അവസാനിക്കുമെന്നു തോന്നി.

വെള്ളം തീർന്നപ്പോൾ ഹാഗർ കുഞ്ഞിനെ കുറ്റിക്കാട്ടിൽ കിടത്തി, "അവൻ മരിക്കുന്നതു കാണാൻ എനിക്കാകില്ല" എന്നു പറഞ്ഞ് അകലെയിരുന്നു കരഞ്ഞു. ആ നിലവിളി ദൈവം കേട്ടു. ആകാശത്തുനിന്നു ദൈവത്തിൻറെ ദൂതൻ ഹാഗറിനെ വിളിച്ചു: "ഭയപ്പെടേണ്ടാ; ദൈവം കുഞ്ഞിൻ്റെ കരച്ചിൽ കേട്ടിരിക്കുന്നു. എഴുന്നേൽക്കൂ, അവനെ മാറിലണച്ച് ആശ്വസിപ്പിക്കൂ. അവനെ ഞാൻ ഒരു വലിയ ജനതയാക്കും." ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു. അവൾ വെള്ളം എടുത്തു കുഞ്ഞിന് കൊടുത്തു.

ദൈവം നമ്മെ കാണുന്നു എന്ന വിശ്വാസം, ജീവിതത്തിൻ്റെ പൊള്ളുന്ന വഴികളിൽ തളർന്നവർക്കു ജീവൻ നൽകുന്ന മിഴിവായിത്തീരുന്നു. ആരും കാണുന്നില്ലെന്നു തോന്നുന്ന രാത്രികളിലും അവൻ നമ്മെ നിരീക്ഷിക്കുന്നു; ആരും കേൾക്കുന്നില്ലെന്നു തോന്നുന്ന നിലവിളികളിലും അവൻ നമ്മോടൊപ്പമുണ്ട്. അവൻ മറക്കുന്ന ദൈവമല്ല, മറിച്ച് മറന്നുപോയവരെ കണ്ടെത്തുന്ന ദൈവമാണ്. മനസിൻ്റെ ആഴങ്ങളിൽ നിന്നും വിളിക്കുന്ന നിലവിളികൾ ദൈവം നിരസിക്കുന്നില്ല.

പ്രതിസന്ധികളുടെ കനൽപ്പാതയിൽ തളർന്നുപോകുന്നവർക്ക് ഹാഗറിന്റെ അനുഭവം ഒരാശ്വാസസ്മരണയാണ്. മരുഭൂമിയിലെ ഉറവിനരികിൽ പ്രത്യക്ഷപ്പെട്ട ആ ദൈവം ഇന്നും നമ്മെ തേടി വരുന്നു. നീ ഒറ്റക്കല്ല - ദൈവത്തിൻ്റെ കണ്ണുകൾ ഇപ്പോഴും നിന്നെ സ്നേഹത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു.

ജീവിതയാത്രയിലെ എല്ലായിടങ്ങളിലും അവൻ്റെ കരുതലിൻ്റെ ദൃഷ്ടി നമ്മെ അനുഗമിക്കുന്നു. കണ്ണുനീർ നിറഞ്ഞ രാത്രികളിലും ആരും അറിയാത്ത വേദനകളിലും ദൈവം നമ്മോടൊപ്പം ഉണ്ടാകും. അവൻ്റെ കരുതലിൽ വിശ്വാസം വെച്ചാൽ, മരുഭൂമിപോലെയുള്ള വഴികളും അനുഗ്രഹത്തിൻ്റെ തോട്ടമായി വിരിയും. സമൃദ്ധിയിൽ നിന്നും ഇല്ലായ്മയിലേക്കു നാം വീഴുമ്പോഴാണ് ദൈവത്തിൻ്റെ യഥാർത്ഥ കരുതൽ അനുഭവിക്കാൻ കഴിയുന്നത്.

സാന്ത്വന സ്പർശം 2

കരുണയുടെ വാതിൽ

ഡോ. ബിനു ഡാനിയേൽ

ശാന്തമായ ഗലീല തീരങ്ങളിൽ നിന്നു ദൂരെ, സോർ സീദോൻ ദേശവാസിയായ ഒരു കനാന്യ സ്ത്രീ നെടുവീർപ്പുള്ള ഹൃദയത്തോടെ അതിവേഗം നടക്കുകയാണ്. കണ്ണുകളിൽ ഉറങ്ങാത്ത രാത്രികളുടെ ഇരുട്ട്, അധരങ്ങളിൽ കരച്ചിലിനും നിലവിളിക്കും ഇടയിൽ കുടുങ്ങിയ വാക്കുകൾ. മകളുടെ ശരീരത്തിൽ കത്തിക്കൊണ്ടിരുന്ന ദുഷ്ടാത്മാവിന്റെ ഭാരം, എല്ലാ വാതിലുകളും അടഞ്ഞു; ജനങ്ങൾ പരിഹസിച്ചു, ബന്ധുക്കൾ വിട്ടുമാറി. അവൾ ജീവതത്തിൽ ഒറ്റപെട്ടു.

എന്നിരുന്നാലും, അവളുടെ ഉള്ളിൽ തീർന്നുപോകാത്ത പ്രത്യാശ ജ്വലിച്ചു നിന്നു. അവൾ കേട്ടിരുന്നതു ഒരുവനെക്കുറിച്ചായിരുന്നു- കരുണയുടെ രാജാവ് അവളുടെ ദേശത്തു എത്തിയ വാർത്ത. ദു:ഖിതരുടെ കണ്ണീർ തുടച്ചു നീക്കുന്നവൻ, മുറിവേറ്റ ഹൃദയങ്ങളെ സൗഖ്യമാക്കുന്നവൻ, അടിമകളായ ആത്മാക്കൾക്ക് സ്വാതന്ത്ര്യം കല്പിക്കുന്നവൻ. അവന്റെ അധരങ്ങളിൽ നിന്നും പൊഴിയുന്ന ഓരോ വാക്കിലും സ്വർഗ്ഗത്തിന്റെ മധുരം മുഴങ്ങുന്നു; അവന്റെ സ്പർശത്തിൽ മരണം പോലും ജീവന്റെ വഴിക്കു വഴിമാറുന്നു.

അവനായിരുന്നു യേശു, കർത്താവ്-ശാശ്വതവചനത്തിന്റെ അവതാരം, അനന്താനുഗ്രഹത്തിന്റെ പ്രതിഫലനം. അവന്റെ സാന്നിധ്യത്തിൽ ഒരുത്തനും അന്യനായിരുന്നില്ല; അവന്റെ കരങ്ങളിലേക്കു വീണവർ പുതുതായി ജനിച്ചവരായി. കാറ്റും കടലും അവന്റെ കല്പന അനുസരിച്ചു . മനുഷ്യഹൃദയങ്ങളിലെ കൊടുങ്കാറ്റും അവന്റെ സ്നേഹസാന്നിധ്യത്തിൽ ശമിച്ചിരുന്നു.

ആ അമ്മയും തന്റെ വിങ്ങിയ ഹൃദയത്തോടു കൂടി അവന്റെ മുമ്പിൽ വീണു. അധരങ്ങളിൽ നിന്നും പൊഴിഞ്ഞു വന്നതു കണ്ണുനീരിൽ കലർന്നൊരു നിലവിളി: “കരുണാപൂർണ്ണനായ കർത്താവേ, അടിയന്റെ മകളെ ദുഷ്ടാത്മാവ് പിടിച്ചിരിക്കുന്നു. എന്നോട് ദയ തോന്നേണമേ!!”
പക്ഷേ, അവളുടെ അപേക്ഷയ്ക്ക് ആദ്യം മറുപടി കടുപ്പമായിരുന്നു: “മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്കു എറിയുന്നത് നല്ലതല്ല.” ദൈവത്തിന്റെ വിധി എഴുത്തും അവൾക്കു വിപരീതമായിരുന്നു, എന്നാൽ അവൾ വിട്ടുകൊടുക്കാൻ തയ്യാറല്ല. അവൾ പിന്നെയും വാദിച്ചു. “അതേ കർത്താവേ, നായ്ക്കൾക്കും അവരുടെ യജമാനന്റെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നാറുണ്ടല്ലോ!

അവളുടെ നിലവിളി അവസാനത്തെ അത്താണി ആയിരുന്നു. അത് സ്വർഗ്ഗത്തിന്റെ വാതിലുകളെ തട്ടിയുണർത്തുന്ന വിശ്വാസത്തിന്റെ നാദമായിരുന്നു. യേശു അവളെ നോക്കി: “മകളേ,  നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.

സാന്ത്വന സ്പർശം 1

നിരാശയുടെ നീർച്ചുഴിയിലും തെളിനീര്

ഡോ. ബിനു ഡാനിയേൽ

ബ്രാമിന്റെ ജീവിതകഥയുടെ പ്രാരംഭഘട്ടത്തിൽ നിർണായകമായ പങ്കുവഹിച്ചത് അവന്റെ അപ്പനായ തേരഹ് ആയിരുന്നു. കൽദയരുടെ പുരാതന നഗരമായ ഊരിൽ നിന്നാണ് തേരഹ് കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്. ലക്ഷ്യം വ്യക്തമായിരുന്നു - കാനാൻ ദേശം. എന്നാൽ യാത്ര ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുൻപ് തന്നെ, അവർ ഏകദേശം 600 മൈൽ (960 കിലോമീറ്റർ) ദൂരം പിന്നിട്ട് ഹാരാനിൽ താമസമാക്കി.

ഹാരാൻ വ്യാപാരപാതകളിലെ ഒരു പ്രധാനകേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ, യാത്രക്കാർക്കും കുടിയേറ്റക്കാർക്കും അത് സുരക്ഷിതവും സൗകര്യപ്രദവുമായ നഗരമായി. സമൃദ്ധിയും സ്ഥിരതയും അവിടെ ലഭ്യമായതിനാൽ, അബ്രാമിന്റെ കുടുംബം അവിടെ സ്ഥിരതാമസമാക്കി. ഇങ്ങനെ, കാനാനിലേക്കുള്ള യാത്ര ഹാരാനിൽ അവസാനിച്ചു.

കാലം കഴിഞ്ഞപ്പോൾ, തേരഹ് ഹാരാനിൽ വച്ച് മരണപെട്ടു. അബ്രാം അപ്പന്റെ ചുമതലകളും കുടുംബത്തിന്റെ ഭാരവും ഏറ്റെടുത്തു. അവിടെ അവന് ആശ്വാസകരമായ ജീവിതം മുന്നിൽ കാത്തു നിന്നിരുന്നുവെങ്കിലും, ദൈവം അവനു വേണ്ടി പുതുമയുള്ളൊരു പദ്ധതി തയ്യാറാക്കിയിരുന്നു.

അത്തരം നിമിഷത്തിലായിരുന്നു ദൈവത്തിന്റെ സ്വരം അവനെ തേടിയെത്തിയത്: “നിന്റെ ദേശവും, ബന്ധു വീടും, അപ്പന്റെ വീടും വിട്ട്, ഞാൻ കാണിച്ചു തരുന്ന ദേശത്തിലേക്കു പുറപ്പെടുക.” ദൈവത്തിന്റെ പദ്ധതി എപ്പോഴും അങ്ങനെ ആണ്. നമ്മൾ ഇപ്പോഴുള്ള സ്വസ്ഥമായ അവസ്ഥയിൽ തൃപ്തരാകുന്ന സമയത്താണ്, ദൈവത്തിന്റെ യഥാർത്ഥ പദ്ധതി നമ്മോട് വെളിപ്പെടുന്നത്.

ഈ വാക്കുകൾ അബ്രാമിന്റെ ഹൃദയത്തിൽ ഇടിച്ചുകയറി. വേർപാടിന്റെ വേദന നിറച്ചൊരു നിർദ്ദേശമായി. വളരെ കാലം ജീവിച്ച നാട്ടിൻസ്ഥലം, മനസ്സിൽ പതിഞ്ഞ അനേകം ഓർമ്മകൾ, പ്രിയപ്പെട്ട എല്ലാവരെയും വിട്ടു പോകേണ്ടിവരുന്ന വേദന - ഇവയെല്ലാം വിട്ടൊഴിയണമെന്ന് ദൈവം ആവശ്യപ്പെട്ടു. അവന്റെ മനസ്സിൽ ഒരു ഇരുണ്ട ആശങ്ക ഉയർന്നു.

അബ്രാഹാം സ്വയം ചോദിച്ചു:“എനിക്ക് പോകേണ്ടി വരുന്ന ദേശം എവിടെയാണ്?” ആ യാത്രയിൽ എനിക്ക് സുരക്ഷിതത്വമുണ്ടോ?”
ഈ ചോദ്യങ്ങൾ അബ്രാമിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. അവൻ കണ്ണുകൾ അടച്ചു. അവന്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടത് ഇരുട്ട് മാത്രം. എന്നിരുന്നാലും, ആ ഇരുട്ടിനിടയിൽ ഒരു പ്രകാശകിരണം തെളിഞ്ഞു. ദൈവത്തിന്റെ സ്വരം ഭയപ്പെടുത്തുന്നതായിരുന്നു, പക്ഷേ അതിൽ സ്വാന്തനത്തിന്റെ സ്പർശം ഉണ്ടായിരുന്നു. “ഞാൻ കാണിച്ചു തരുന്ന ദേശം.” 

ഈ വാക്കുകൾ തന്നെയായിരുന്നു പ്രത്യാശയുടെ വിത്ത്. സ്വാന്തനത്തിന്റെ ഉറവിടം മനുഷ്യസ്നേഹത്തിന്റെ ചൂടിൽ മാത്രം അല്ല; ദൈവത്തിന്റെ വാഗ്ദാനത്തിലും ഉണ്ട്.
ദൈവത്തിന്റെ വിളി വീണ്ടും അവനെ ഉണർത്തി. അന്നേരം, അബ്രാം തന്റെ ചുറ്റും ഉറങ്ങിക്കിടക്കുന്നവരെ നോക്കി. അവർക്ക് ഒന്നും അറിയില്ല- ഈ മനുഷ്യന്റെ ജീവിതം ഇനി ഒരിക്കലും പഴയപോലെ ആയിരിക്കില്ലെന്ന്.

കണ്ണീരോടെ അവൻ തിരിച്ചറിഞ്ഞു:
ദൈവത്തിന്റെ വിളിയുടെ മഹത്വം, എല്ലാം വിട്ടൊഴിയേണ്ടി വരുന്ന വേദനയോടു ചേർന്നിരുന്നു. ആ രാത്രി, നഷ്ടത്തിന്റെ കണ്ണീരും ഭാവിയുടെ പ്രത്യാശയും ഒരുമിച്ച് കൈകോർത്തുനിന്നു.

അവന്റെ മനസ്സിന്റെ ഇരുട്ടിൽ ദൈവത്തിന്റെ സ്വരം സ്വാന്തന സ്പർശം പോലെ അനുഭവപെട്ടു 
“നീ ഒറ്റക്കല്ല; ഞാൻ നിന്നോടൊപ്പം ഉണ്ടാകും.” ആ ഉറപ്പ്, അവന്റെ തളർന്ന മനസ്സിന് കരുത്തായി. അവൻ എഴുന്നേറ്റു, സ്വർഗ്ഗത്തേക്കു  നോക്കി, സ്വന്തം ഉള്ളിൽ പറഞ്ഞു: 

“എനിക്ക് എല്ലാം വിട്ടൊഴിയേണ്ടി വന്നാലും, ദൈവം കാണിച്ചു തരുന്ന ദേശത്തിലേക്കുള്ള യാത്രയിൽ ഞാൻ ഒറ്റക്കല്ല.”

അബ്രാമിന്റെ കഥ, നമ്മുടെയും ജീവിത കഥയാണ് - നിരാശയുടെ നീർച്ചുഴിയിലും തെളിനീര് പോലെ വെളിപ്പെടുന്ന ദൈവശബ്ദം നമ്മുടെയും കാതുകളിൽ മുഴങ്ങട്ടെ!

Advt.