പരിശുദ്ധാത്മാവാണ് പെന്തെക്കോസ്തിന്റെ ഐഡന്റിറ്റി: റവ. കെ.സി. ജോൺ


പരിശുദ്ധാത്മാവാണ് പെന്തെക്കോസ്തിന്റെ ഐഡന്റിറ്റി: റവ. കെ.സി. ജോൺ
ad
ad
ad

ഫ്ളോറിഡ : പരിശുദ്ധാത്മാവാണ് പെന്തെക്കോസ്തിന്റെ ശരിയായ ഐഡന്റിറ്റിയെന്നും ആ അടയാളം തലമുറകളിലേക്ക് കാത്തുസൂക്ഷിക്കപ്പെടണമെന്നും ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് റവ. കെ.സി. ജോൺ പ്രസ്താവിച്ചു. അപ്പോസ്തല പ്രവൃത്തികൾ 19:2-നെ ആധാരമാക്കി ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യകാല പെന്തെക്കോസ്തു വിശ്വാസികൾ തമ്മിൽ കാണുമ്പോൾ ചോദിച്ചിരുന്നത് രക്ഷിക്കപ്പെട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നായിരുന്നു. എന്നാൽ ഇക്കാലങ്ങളിൽ അത്തരം ചോദ്യങ്ങൾ ഉണ്ടാവാറില്ല. പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ അടയാളമായി അന്യഭാഷ സംസാരിക്കുന്നവരാണ് പെന്തെക്കോസ്തുകാർ. പരിശുദ്ധാത്മാഭിഷേകം എല്ലാവരിലും പകരപ്പെടണം. ഈ ആത്മീയ അടയാളം നമ്മുടെ ഇടയിൽ നിന്നും അണഞ്ഞുപോകാതെ തലമുറതലമുറയായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്, അദ്ദേഹം ഓർമ്മിപ്പിച്ചു.

സൗത്ത് ഫ്ലോറിഡയിലുള്ള ഐപിസി ചർച്ചിൽ (6180 NW 11th Street, Sunrise) ആരംഭിച്ച കൺവൻഷന്റെ പ്രഥമ യോഗത്തിൽ പാസ്റ്റർ ജെയിംസ് ജോർജ് അധ്യക്ഷത വഹിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം സ്വാഗതവും റവ. വിൽസൺ വർക്കി മുഖ്യവചന ശുശ്രൂഷയും നിർവ്വഹിച്ചു.

സെപ്റ്റംബർ 4 മുതൽ ആരംഭിച്ച കൺവൻഷൻ സെപ്റ്റംബർ 8-നാണ് സമാപിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അനുഗ്രഹീത പ്രസംഗകരും ഉണർവ് പ്രഭാഷകരുമായ റവ. ഡോ. വിൽസൺ വർക്കി, റവ. ഡോ. തോംസൺ കെ. മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സെപ്റ്റംബർ 6 ഞായറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും. കൂടാതെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ യുവജന സമ്മേളനവും സഹോദരി സമ്മേളനവും 3 മുതൽ 4 വരെ കൗൺസിൽ യോഗവും ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റർമാരായ ജോയി ഏബ്രഹാം, പി.എ. കുര്യൻ, ഏബ്രഹാം തോമസ്, പോത്തൻ ചാക്കോ, മാത്യൂസ് ഇട്ടി തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ സഹകരിക്കും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കൺവൻഷനിൽ സംബന്ധിക്കുന്നുണ്ട്.

റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ.സി. ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി. ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകിവരുന്നു.

വാർത്ത: നിബു വെള്ളവന്താനം