വിശുദ്ധ കുറ്റിക്കാടും ഇരട്ട സിംഹാസനവും

വിശുദ്ധ കുറ്റിക്കാടും ഇരട്ട സിംഹാസനവും

ആക്ഷേപഹാസ്യം

വിശുദ്ധ കുറ്റിക്കാടും ഇരട്ട സിംഹാസനവും

ആൻ്റണി പെരേര, കുവൈറ്റ് 

ആത്മീയതയുടെ സുഗന്ധം വമിക്കുന്ന 'ഹരിതവനം പ്രാർത്ഥനാ സഭ'യിൽ ഇപ്പോൾ മൃഗങ്ങൾക്കിടയിൽ പരസ്പരമുള്ള സ്നേഹം ഇരട്ടിച്ചിരിക്കുകയാണ്. ആരെക്കണ്ടാലും ഹല്ലേലൂയയും സ്തുതിപ്പും മാത്രം. പക്ഷേ, വനത്തിലെ വരാൻ പോകുന്ന വലിയ ഭരണസമിതി തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ മാത്രം ഈ സ്നേഹം മാറി കടിച്ചുകീറലായി മാറും.

സഭയുടെ പരമമായ ലക്ഷ്യം 'ആകാശത്തിലെ സ്വർഗ്ഗരാജ്യം' ആണെങ്കിലും, തൽക്കാലം കാട്ടിലെ ഈ നാലേക്കർ കാട്ടുപ്രദേശവും അതിലെ തേൻകൂടുകളും ആര് ഭരിക്കും എന്നതിലാണ് തർക്കം.
പ്രശ്നം തുടങ്ങിയത് നാല് വർഷം മുൻപാണ്. അന്ന് കാട്ടിലെ നിയമപ്രകാരം വരിവരിയായി നിന്ന് വോട്ട് ചെയ്ത് ജയിച്ചുവന്ന ഒരു സമിതിയുണ്ട്—'നിയമാവലി പുള്ളിപ്പുലികൾ'. അവരുടെ കാലാവധി കഴിഞ്ഞിട്ടില്ല, നിയമവും ചട്ടവും അവരുടെ കൈയിലാണ്. എന്നാൽ പെട്ടെന്നാണ് ആകാശത്തെ വലിയ കഴുകന്മാരുടെ കൗൺസിൽ ഇടപെട്ടത്.

അവർ ഒറ്റ രാത്രികൊണ്ട് ഈ പുള്ളിപ്പുലികളെ അങ്ങ് പിരിച്ചുവിട്ടു! പകരം തങ്ങൾക്കനുകൂലികളായ മറ്റൊരു കൂട്ടരെ അവരോധിച്ചു—'കൗൺസിൽ സിംഹങ്ങൾ'.
ഇതോടെ വനം ആകെ ആശയക്കുഴപ്പത്തിലായി. ഒരേ സഭയ്ക്ക് ഇപ്പോൾ രണ്ട് ഭരണാധികാരികൾ! രണ്ടുപേരും അവകാശപ്പെടുന്നത് തങ്ങളാണ് 'യഥാർത്ഥ ദൈവവിളിയുള്ളവർ' എന്നാണ്.

ഞായറാഴ്ചത്തെ വലിയ കൺവെൻഷൻ വേദിയിൽ ഈ വൈരുദ്ധ്യം അതിന്റെ പരകോടിയിലെത്തി. സ്റ്റേജിൽ വലിയ ബാനർ തൂക്കിയിട്ടുണ്ട്: "നമ്മൾ ദൈവത്തിൽ ഒന്നാകുന്നു." പ്രസംഗിക്കാൻ കയറിയത് കൗൺസിൽ സിംഹങ്ങളുടെ പ്രധാന ഉപദേശിയായ 'വാലിലൻ ഒട്ടകം' ആണ്.

ഒട്ടകം കണ്ണ് പകുതി പൂട്ടി, കഴുത്ത് നീട്ടി ആകാശത്തേക്ക് നോക്കി പ്രസംഗിക്കാൻ തുടങ്ങി: "പ്രിയപ്പെട്ട ആടുകളേ, നമ്മൾ ഒന്നാണ്! ഈ മണ്ണിലെ അധികാരവും കസേരയും വെറും മായയാണ്. നാളെ നമ്മൾ ഒരുമിച്ച് പരലോകത്തെ വിശുദ്ധ പുൽമേടുകളിൽ മേയും. സഹോദരനെ സ്നേഹിക്കാത്തവന് അങ്ങോട്ട് പ്രവേശനമില്ല..."

പ്രസംഗം കേട്ട് താഴെയിരുന്ന പാവം മുയലുകളും മാനുകളും ആത്മീയത മൂത്ത് കരയാൻ തുടങ്ങി. അവർ പരസ്പരമുള്ള കുടിപ്പകകൾ മറന്ന് കെട്ടിപ്പിടിച്ചു.
പക്ഷേ, പ്രസംഗം കഴിഞ്ഞ് സ്റ്റേജിന് പിന്നിലേക്ക് വന്ന ഒട്ടകം നേരെ ചെന്നത് തന്റെ അനുയായികളായ വടിയേന്തിയ 'കരിമ്പാറ കുരങ്ങന്മാരുടെ' അടുത്തേക്കാണ്. അവിടെച്ചെന്ന് പല്ലിറുമ്മിക്കൊണ്ട് ഒട്ടകം പതുക്കെ പറഞ്ഞു: "ഡേയ്, അപ്പുറത്തെ നിയമപക്ഷത്തെ പുള്ളിപ്പുലികൾ ഇലക്ഷൻ ബൂത്ത് പിടിക്കാൻ മഴുവും കൊണ്ട് വരുന്നുണ്ട്. പ്രസംഗം കേട്ട് ആരും വടി താഴെ വെക്കരുത്. ആത്മീയതയൊക്കെ താഴെയുള്ള പാവം മണ്ടന്മാർക്ക് കണ്ണ് നനയാൻ വേണ്ടി പറയുന്നതാ. നമുക്ക് ബൂത്ത് പിടിക്കണം!"
ഇലക്ഷൻ ദിവസം അടുത്തതോടെ കാട്ടിൽ രണ്ട് സമാന്തര ബൂത്തുകൾ ഉയർന്നു. ഒരേ മരത്തിന്റെ ഇടതുവശത്ത് നിയമാവലി പക്ഷവും, വലതുവശത്ത് കൗൺസിൽ പക്ഷവും പെട്ടി വെച്ചു. രണ്ടിന്റെയും മുകളിൽ 'ഒഫീഷ്യൽ' എന്ന ബോർഡുമുണ്ട്.

വോട്ട് ചെയ്യാൻ വന്ന പാവം 'ചെവിയൻ അണ്ണാനെ' രണ്ട് കൂട്ടരും കൂടി വഴിയിൽ വെച്ച് തടഞ്ഞു.
നിയമാവലി പുലി: "നീ നിയമത്തെ അനുസരിക്കുന്ന വിശ്വാസിയാണെങ്കിൽ ഈ പെട്ടിയിൽ വോട്ട് ചെയ്യണം. ഇല്ലെങ്കിൽ നിന്റെ മരത്തിലെ കപ്പ മുഴുവൻ ഞങ്ങൾ പിഴുതെറിയും."
കൗൺസിൽ സിംഹം: "നീ അവർക്ക് വോട്ട് ചെയ്താൽ നിന്നെ സഭയിൽ നിന്ന് പുറത്താക്കും. പിന്നെ നിന്റെ മക്കളുടെ കല്യാണത്തിന് ഈ കാട്ടിലെ ഒരു മൃഗവും വരില്ല."
അണ്ണാൻ അന്തംവിട്ടുപോയി. സ്വർഗ്ഗത്തിൽ ഒരൊറ്റ ദൈവമേ ഉള്ളൂ എന്നാണ് കഴിഞ്ഞ വാരം കേട്ട പ്രസംഗം.

പക്ഷേ ഇവിടെ വോട്ട് ചോദിക്കാൻ രണ്ട് ദൈവങ്ങൾ വന്നിരിക്കുന്നു! ഒടുവിൽ ജീവനിൽ പേടിയുള്ള അണ്ണാൻ രണ്ട് പെട്ടിയിലും ഒരേപോലെ വോട്ട് രേഖപ്പെടുത്തി ഓടി രക്ഷപ്പെട്ടു.
ഇതിനിടയിൽ സഭയുടെ പുതിയ ഉപദേശങ്ങൾ കാട്ടിലെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി:
 "നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക; പക്ഷേ അവൻ വോട്ട് അപ്പുറത്ത് ചെയ്താൽ അവന്റെ കാൽ തല്ലിയൊടിക്കുക."
 "വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്; പ്രത്യേകിച്ച് വോട്ടർമാർക്ക് കള്ളപ്പണവും കപ്പയും വിതരണം ചെയ്യുന്ന കാര്യം."

വൈകുന്നേരമായപ്പോൾ കാട്ടിലെ പ്രായം ചെന്ന 'കൊമ്പൻ കാട്ടുപോത്ത്' ദൂരെയിരുന്ന് ഈ കോലാഹലങ്ങളെല്ലാം നോക്കിക്കാണുന്നുണ്ടായിരുന്നു. വോട്ട് ചോദിച്ചു വന്ന ചെറുപ്പക്കാരനായ 'കുറുക്കൻ മൂപ്പനോട്' കാട്ടുപോത്ത് പതുക്കെ ചോദിച്ചു: "എന്തരപ്പാ ഇത്? നിങ്ങളുടെ പ്രസംഗം കേട്ടാൽ തോന്നും നിങ്ങൾ നാളെത്തന്നെ സ്വർഗ്ഗത്തിലേക്ക് പാഴ്സലായി പോകുമെന്ന്. എന്നിട്ടാണോ ഈ മണ്ണിലെ കസേരയ്ക്ക് വേണ്ടി ഇങ്ങനെ കടിച്ചുകീറുന്നത്?"
കുറുക്കൻ ചുറ്റും നോക്കി പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "അപ്പൂപ്പാ, സ്വർഗ്ഗത്തിലെ കാര്യം അവിടെ ചെല്ലുമ്പോൾ നോക്കാം. ഇപ്പോൾ ഈ കാട്ടിലെ ഭരണം കയ്യിലിരുന്നാൽ ഇവിടുത്തെ പള്ളിക്കൂടവും, കാട്ടുതേനും, ഫണ്ടും ഒക്കെ ഞങ്ങൾക്ക് ഭരിക്കാം. പ്രസംഗം വെറും ആത്മീയത, പക്ഷേ ഇലക്ഷൻ എന്നത് പക്കാ ബിസിനസ്സാണ്!"

കാട്ടിൽ രാത്രിയായപ്പോൾ വീണ്ടും പ്രാർത്ഥനാ യോഗം തുടങ്ങി. പക്ഷേ ഇത്തവണ മൃഗങ്ങൾ കണ്ണടച്ച് പ്രാർത്ഥിച്ചത് ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നില്ല, പകരം അപ്പുറത്തെ പാർട്ടിയുടെ വോട്ട് പെട്ടി എങ്ങനെ തല്ലിപ്പൊളിക്കാം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾക്ക് വേണ്ടിയായിരുന്നു!

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement