വിദ്വാൻ കുട്ടിയും സ്വർണ്ണവും പിന്നെ പെന്തെക്കോസ്തും

വിദ്വാൻ കുട്ടിയും  സ്വർണ്ണവും  പിന്നെ പെന്തെക്കോസ്തും

സജി പീച്ചി 

സ്വർണ്ണത്തെചൊല്ലിയാണ് ഇപ്പോഴുള്ള കോലാഹലങ്ങൾ. കാലം മാറും തോറും ഇത്തരത്തിലുള്ള വിവിധ വിഷയങ്ങൾ നമ്മുടെയിടയിൽ ഉയർന്നു വരും..!

ആർഭാട ജീവിതം ഉപേക്ഷിച്ച് ലളിതജീവിതം നയിക്കുക എന്ന ഉദ്ദേശത്തോടെ പിതാക്കന്മാർ കൊണ്ടു വന്ന ഒരാശയമാണ് ആഭരണ വർജ്ജനം. 

പെന്തെകോസ്ത് ഉപദേശത്തിന് വേണ്ടി പീഡനങ്ങൾ സഹിച്ചും അവഗണന ഏറ്റു വാങ്ങിയും പരിഹാസങ്ങളുടെയും വെല്ലുവിളികളുടെയും നടുവിൽ ഉയർന്നു വന്ന ചരിത്രമാണ് പെന്തെകോസ്ത് സഭയ്ക്കുള്ളത്. 

സ്വർണ്ണത്തെ ചൊല്ലി അന്നും വിവാദങ്ങളുണ്ടായിരുന്നു. കെട്ടുതാലി പൊട്ടിച്ചവരും പറിച്ചെറിഞ്ഞവരുമുണ്ടായിരുന്നു. മിക്കവരുടെയും സാമ്പത്തിക സ്ഥിതി ഏറെ ശോചനീയമായിരുന്നു. 

മക്കൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത് മുതലാണ് നാലു പുത്തൻ കൈയ്യിൽ വന്നു തുടങ്ങിയത്.  ചോർന്നൊലിക്കുന്ന വീടും ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത ദാരിദ്ര്യവും സന്താനങ്ങളെ പഠിപ്പിക്കാനും സന്ധിക്കാനുമാകാതെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ നാളുകൾ ഏറെയാണ്. നഗ്നപാദരായാണ് മിക്കവരും നടന്നിരുന്നത്. അപ്രകാരമുള്ള ഒരു പൂർവ്വ കാല ചരിതം പെന്തകോസ്തിനുണ്ടായിരുന്നു. 

ഓല മേഞ്ഞ വീടുകളിൽ നിന്നും വാർക്ക വീടുകളിലേക്കുള്ള മാറ്റവും പട്ടു വസ്ത്രങ്ങളും ആഡംബര വാഹനങ്ങളും സ്വന്തമായതിന്റെയും പിന്നിൽ ഏറെ സഹനമുണ്ടായിരുന്നു. സന്താനങ്ങൾ ജോലി തേടി വിദേശത്ത് പോയി കടൽ കടന്നെത്തിയ നന്മകൾ കൈകളിൽ വന്നതിന് ശേഷമാണ് മൂന്നു നേരം വയറു നിറയെ ആഹരിക്കാൻ പലർക്കുമായത്.  അരി വാങ്ങാൻ കാശില്ലാത്ത  അത്താഴപ്പട്ടിണിക്കാരൻ സ്വർണ്ണമിട്ടു നടക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവുമായിരുന്നില്ല.  ഇന്ന് ദൈവം അനുഗ്രഹിച്ച് സൗകര്യങ്ങളും ചുറ്റുപാടുകളും വർധിച്ചപ്പോൾ നമ്മുടെ ജീവിതം ആർഭാട പൂർണ്ണമായി. 

ആഭരണമെന്നത് ആർഭാടത്തിന്റെ മുഖമുദ്രയായി. സഭ അനുവാദം നൽകിയാൽ 916 ഗോൾഡ് ധരിക്കാൻ ആഗ്രഹമുള്ള പലരും പെന്തെകോസ്തിലുണ്ട്.  ജ്വല്ലറികൾക്ക് എന്നും നല്ല കാലമാണ്. മുട്ടിനു മുട്ടിന് ജ്വല്ലറികളാണ് നമ്മുടെ നാട്ടിൽ ദിനേന പെരുകി വരുന്നത്...?

വിദേശത്ത് നിന്നും സ്വർണ്ണ ബിസ്‌ക്കറ്റുകൾ ഇറക്കുമതി ചെയ്യുന്നു. പല രൂപത്തിലും കമനീയമായ രീതികളിലുമുള്ള ആഭരണങ്ങളാണ് വിപണിയിൽ ലഭ്യമാകുന്നത്. സ്വർണ്ണവില എത്ര കുതിച്ചുയർന്നാലും അതൊന്നും പലർക്കും വിഷയമല്ല. ബാങ്കിലെ ലോക്കറിൽ എത്ര പവൻ സ്വർണ്ണമാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് അവർക്ക് തന്നെ നിശ്ചയമില്ല.

ഇതുവരെ പറയാത്ത ഒരു കാര്യത്തെപ്പറ്റിയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. 

സ്വർണ്ണം പെന്തകോസ്തിന് നിഷിദ്ധമല്ലെന്ന്...!!. അത് ഉപദേശ വിഷയമല്ലെന്ന്..!!!വെറുതെ പറഞ്ഞു കൊതിപ്പിക്കയാണോ..?

പെന്തെകോസ്ത്കാർക്ക് പറ്റിയ അമളി എത്ര ഓർത്തിട്ടും മനസ്സിലാകുന്നില്ല.  കഴുത്തിൽ മാലയും കയ്യിൽ വളയും മോതിരവും കമ്മലും കൊലുസും പാദസരവും അണിഞ്ഞ് സർവ്വാഭരണ വിഭൂഷിതരായി ആഡംബര വാഹനത്തിൽ എന്നെങ്കിലും നമ്മുടെ കൺവെൻഷന് പങ്കെടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നവരും ഇല്ലാതില്ല.

പണ്ട് പലർക്കും പെന്തെകോസ്തിൽ മുങ്ങാൻ ആഗ്രഹമുണ്ടായിരുന്നു. ആഭരണത്തെ ചൊല്ലിയാണ് അത് വേണ്ടെന്ന് വച്ചത്. എന്തെല്ലാം നൂലാമാലകളും വിവാദങ്ങളുമായിരുന്നു പറഞ്ഞിരുന്നതും ..?, പഠിപ്പിച്ചിരുന്നതും ..?

എന്നിട്ടിപ്പോൾ പറഞ്ഞു വയ്ക്കുന്നു. 

അങ്ങനെ ഒരു ഉപദേശം ഇല്ലെന്ന്..!!!

ഇതൊക്കെ ഒരു തരം ചതിയല്ലേ..?

ധൈര്യമായി സ്വർണ്ണം വാങ്ങാം, ഇഷ്ടമുള്ള ഫാഷനിൽ പണിയാം...അണിയാം.. നാട്ടുകാരുടെ മുന്നിൽ ഇട്ടു നടക്കാം. 

പെന്തെകോസ്ത്കാർ സ്വർണ്ണം അണിയാൻ ആരംഭിച്ചാൽ നമ്മുടെ പ്രസ്ഥാനത്തിന്റെ കൺവെൻഷൻ യോഗങ്ങൾ സ്വർണ്ണമയമാകും. സോദരീ സമാജത്തിന്റെ പാരിതോഷികങ്ങൾ ഇനി ഏഴര മാറ്റുള്ള തനി തങ്കം കൊണ്ടുള്ളതായിരിക്കും. പണയം വയ്ക്കാനും പണം വാങ്ങാനും കൺവെൻഷൻ സ്ഥലത്ത് സൗകര്യമുണ്ടാകും. 

ഇതൊക്കെയാണെങ്കിലും വിറ്റവരുടെയും വിട്ടവരുടെയും വിവാഹം വിലക്കുന്നവരുടെയും സഭയുടെ വാതിൽപ്പടി ചവിട്ടണമെങ്കിൽ പലർക്കും രണ്ട് വട്ടം ആലോചിക്കണം.

അവർ യാതൊരു കാരണവശാലും ഇത്തരം ഉപദേശങ്ങൾക്കൊന്നും കൂട്ടു നിൽക്കില്ല. കേരളത്തിൽ ആഭരണ വർജ്ജനോപദേശം കൊണ്ടു വന്നത് യൂസ്തൂസ് ജോസഫ് എന്ന വിദ്വാൻ കുട്ടി അച്ചനായിരുന്നു. ബ്രാഹ്‌മണ പശ്ചാത്തലത്തിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ച വ്യക്തി ആയിരുന്നു വിദ്വാൻ കുട്ടി. 

ഒരു ചതിയിലൂടെ ആയിരുന്നു അദ്ദേഹം ആ നിലപാട് സ്വീകരിച്ചത്.  വാക്ചാതുര്യവും സംഗീത ചാതുര്യവും ഒത്തു ചേർന്ന പ്രതിഭയായിരുന്നതിനാൽ വിദ്വാൻ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ വിദ്വാൻകുട്ടി ആയി. 

മുൻ തയ്യാറാക്കിയ പദ്ധതി പ്രകാരം  അദ്ദേഹത്തിന്റെ യോഗത്തിൽ പങ്കെടുത്ത വിശ്വാസികളോട് ആഭരണ വർജ്ജന ഉപദേശം വളരെ തന്മയത്വത്തോടെ അദ്ദേഹം പ്രസംഗിച്ചു. വിദ്വാൻ കുട്ടിയുടെ പ്രസംഗത്തിൽ ആവേശഭരിതരായ ജനം കെട്ടു താലി ഉൾപ്പടെയുള്ള സകല സ്വർണ്ണാഭരണങ്ങളും വിദ്വാൻ കുട്ടി പ്രസംഗിക്കുന്ന വേദിയിലേക്ക് പൊട്ടിച്ചെറിഞ്ഞു. മുൻ പദ്ധതി പ്രകാരം അവ വാരിയെടുക്കാൻ അമ്മയെ താൻ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. അമ്മ വാരിയെടുത്ത് അളന്നു നോക്കിയപ്പോൾ ഒന്നര ചങ്ങഴിയോളം സ്വർണ്ണാഭരണങ്ങൾ ലഭിച്ചെന്നാണ് ചരിത്രം. പക്ഷെ വാരിയെടുത്ത മാതാവിന്റെ കൈകൾ പിന്നീട് കുഷ്ടം ബാധിച്ചുവെന്നും പറയപ്പെടുന്നു.

പിന്നീട് പെന്തെകോസ്ത് സഭാ നേതാക്കൾ പിന്തുടർന്ന് വന്നതും ഈ ആഭരണ വർജ്ജന ഉപദേശമായിരുന്നു.