ബൈക്കിടിച്ച് അപകടം; സുവിശേഷ പ്രവർത്തക കർത്തൃസന്നിധിയിൽ
തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം ഇരുമ്പുപാലത്ത് ബൈക്കിടിച്ച് സുവിശേഷ പ്രവർത്തകക്ക് ദാരുണാന്ത്യം.
മുല്ലക്കര പുന്നവേലിൽ തമ്പിയുടെ ഭാര്യ ഗ്രേസി (62) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 തോടെ ബൈക്കിടിച്ചായിരുന്നു അപകടം. ഇരുമ്പു പാലത്തെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരികെ പോകുന്നതിനായി ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശ്ശൂർ ദിശയിൽ നിന്നും അതിവേഗം വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇവരെ ഓടി കൂടിയവർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണൂത്തി വെട്ടിക്കൽ സെറ്റ് ഫ്രീ ചർച്ചസ് ഇന്ത്യ സഭാംഗമായിരുന്നു ഗ്രേസി. ഇവർ കുടുംബമായി സുവിശേഷ പ്രവർത്തകരായിരുന്നു.
മൃതദേഹം പോസ്റ്റു മാർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മണ്ണൂത്തി ശാരോൻ ചർച്ച് ഹാളിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം 4.30 ന് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ സംസ്കരിക്കും.
ജിതേഷ്, ജിതിൻ, ജീവൻ എന്നിവർ മക്കളും അക്സ മരുമകളുമാണ്.
വാർത്ത: ഡെന്നി പുലിക്കോട്ടിൽ
Advertisement

































































