ഗുഡ്‌ന്യൂസിലെ സജി നടുവത്രയും പി.സി. ഗ്ലെന്നിയും | നേട്ടം
ജോർജ് മാത്യു പുതുപ്പള്ളി
പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അർഹമായ നേട്ടങ്ങൾ കൈവരുമ്പോൾ ഉള്ളിൽ ആഹ്ലാദം ഉണ്ടാകുക സ്വാഭാവികമാണല്ലോ. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ തോമസ് തോന്നയ്ക്കൽ പുരസ്‌കാരം പ്രിയ സജി നടുവത്രക്കും, പ്രവാസി മാധ്യമ പുരസ്‌കാരം പ്രിയ പി സി ഗ്ലെന്നിക്കും ലഭിച്ചു എന്നറിഞ്ഞപ്പോൾ അതേ ആഹ്ലാദമാണ് എന്റെ ഹൃദയത്തിലും ഉണ്ടായത്.
തികച്ചും അർഹമായ കൈകളിലാണ് ഈ രണ്ട് പുരസ്‌കാരങ്ങളും എത്തിയത് എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. കൃത്യമായ വിധിനിർണയം നടത്തിയ ജൂറിയംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.
സജിയും ഗ്ലെന്നിയും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരുമായും എനിക്കുള്ള ആത്മീയസൗഹൃദത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഞാൻ വൈദികനായിരുന്ന സമയത്തു തന്നെ പ്രിയ സി.വി. മാത്യു സാർ ചീഫ് എഡിറ്ററായ 'ഗുഡ്ന്യൂസ് വീക്കിലി' പള്ളിയിൽ മുടങ്ങാതെ വരുത്തിയിരുന്നു. അതിലെ ആത്മീയ ആശയങ്ങൾ എന്റെ പള്ളിപ്രസംഗങ്ങളിൽ കടമെടുത്തു ഞാൻ പ്രസംഗിച്ചിരുന്നു.
അന്നേ അതിലെ ഗ്രാഫിക് ഡിസൈനറും കാർട്ടൂണിസ്റ്റുമായിരുന്ന സജി നടുവത്രയുടെ പേര് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അദ്ദേഹം ആരാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് വിശ്വാസ മാർഗത്തിൽ വന്നതിനു ശേഷമാണ് സൗമ്യമുഖമുള്ള ആ യുവാവിനെ പരിചയപ്പെടുവാനും അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ തിരിച്ചറിയുവാനും സാധിച്ചത്.
പ്രിയ പി.സി. ഗ്ലെന്നിയുമായും അദ്ദേഹത്തിന്റെ സഹോദരൻ പാസ്റ്റർ പ.സി. ഡെന്നിയുമായുമുള്ള എന്റെ ആത്മീയ സൗഹൃദത്തിനും മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വിശ്വാസമാർഗത്തിലെ ആദ്യനാളുകളിൽ ഞാൻ ഏറ്റവും കൂടുതൽ കൺവൻഷനുകളിൽ പ്രസംഗിച്ചിട്ടുള്ളത് പഴഞ്ഞിയിലാണ്.
ഗ്ലെന്നിയുടെ പിതാവ് ഭക്തനായ പി വി ചുമ്മാർ പാസ്റ്ററാണ് എന്നെ ഏറ്റവും കൂടുതൽ പ്രസംഗത്തിന് വിളിച്ചിട്ടുള്ളത്. സ്വന്തം കുടുംബംപോലുള്ള ആത്മീയബന്ധമായിരുന്നു എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും തമ്മിൽ ഉണ്ടായിരുന്നത്.
വർഷങ്ങളായി യുഎഇ പെന്തെക്കൊസ്ത് സമൂഹത്തിൽ പി സി ഗ്ലെന്നി നടത്തുന്ന സുവിശേഷ - സാഹിത്യപ്രവർത്തനം ഞാൻ പറയാതെതന്നെ അദ്ദേഹത്തെ പരിചയമുള്ള എല്ലാവർക്കും അറിയാം. 'മന്ന' എന്ന വാർത്താ മാധ്യമം മാത്രംമതി മികച്ച ഉദാഹരണത്തിന്.
ദീപിക പത്രത്തിൽ ഞാൻ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ ശ്രീ ടോമിൻ ജെ തച്ചങ്കരി സാർ (മുൻ ഡിജിപി) കുറച്ചുനാൾ എന്റെ സീനിയറായി അവിടെ ജേർണലിസ്റ്റായി പ്രവർത്തിച്ചിരുന്നതു പോലെ ഒരോർമ. അദ്ദേഹം മുഖ്യാതിഥിയായി പുരസ്‌കാരപ്രസംഗം നടത്തുന്നു എന്ന അറിവിന് ഇരട്ടിമധുരത്തിന്റെ സ്വാദ്.
Advertisement

















































































