കടലിൽ സുവിശേഷം, പ്രളയത്തിൽ കാവലാൾ: രക്ഷാദൗത്യവുമായി പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ

പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ
റിപ്പോർട്ട്: പാസ്റ്റർ എം. വർഗ്ഗീസ്, കായംകുളം
പ്രളയജലത്തിൽ ജീവനായി കേണവർക്ക് മുന്നിലേക്ക് സ്വന്തം വള്ളവുമായി പ്രത്യാശയുടെ വെളിച്ചമായി എത്തിയത് ഒരു ദൈവദാസനാണ്; കൊല്ലം പള്ളിത്തോട്ടം കടൽത്തീരത്തുകോളനിയിൽ താമസിക്കുന്ന പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ. സ്വന്തം ഉപജീവനമാർഗ്ഗവും സാമ്പത്തിക ഞെരുക്കങ്ങളും മാറ്റിവെച്ച്, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പ്രളയത്തിരമാലകളിലേക്ക് വള്ളമിറക്കിയ ഈ സുവിശേഷകൻ്റെ ജീവിതം സുവിശേഷ സേവനത്തിന്റെ യഥാർത്ഥ മാതൃകയാണ്.
കൊല്ലത്തെ തീരപ്രദേശത്തുനിന്നും എഴുപതിലധികം കിലോമീറ്ററുകൾ അകലെയുള്ള തിരുവല്ല താലൂക്ക് ഓഫീസിനു മുന്നിലേക്ക് തങ്ങളുടെ സ്വന്തം 'ബഥേൽ' എന്ന എഞ്ചിൻ വള്ളവും ടെമ്പോയിൽ കയറ്റി പാസ്റ്റർ സ്റ്റീഫനും ജ്യേഷ്ഠസഹോദരൻ സെബാസ്റ്റ്യനും എത്തുമ്പോൾ അവരുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ—ഒറ്റപ്പെട്ടുപോയ മനുഷ്യരെ സുരക്ഷിതരാക്കുക. തുടർച്ചയായ പ്രളയങ്ങളിൽ ചെങ്ങന്നൂർ, ആറൻമുള, പുത്തൻകാവ്, കല്ലുങ്കൽ, തിരുവല്ല പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒട്ടേറെ ആളുകളെയാണ് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഇരുവരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.
2018-ലെ മഹാപ്രളയത്തിൽ പാണ്ടനാട്, മുളക്കുഴ പ്രദേശങ്ങളിലും, 2020-ൽ മല്ലപ്പള്ളിയിലും പാസ്റ്റർ സ്റ്റീഫൻ തന്റെ വള്ളവുമായി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മഹാപ്രളയത്തിൽ ഒട്ടേറെ ജീവന്റെ കാവലാളായപ്പോൾ, സ്വന്തം ജീവിതത്തിൽ വലിയൊരു സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുകയായിരുന്നു അദ്ദേഹം. രണ്ടു പെൺമക്കളുടെ വിവാഹം നടത്താൻ പോലും വഴിയില്ലാതെ ബുദ്ധിമുട്ടിയ നാളുകൾ. എന്നാൽ തന്റെ ഞെരുക്കങ്ങളെക്കാൾ പ്രധാനം മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സർക്കാരിൽ നിന്ന് പ്രശംസാപത്രങ്ങളും പുരസ്കാരങ്ങളും ലഭിച്ചു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിച്ചുകൊണ്ട് ലാഭേച്ഛയില്ലാത്ത സേവനമാണ് തന്റേതെന്ന് അദ്ദേഹം തെളിയിച്ചു. പരീക്ഷകളുടെ നാളുകൾക്കൊടുവിൽ ദൈവകൃപയാൽ പെൺമക്കളുടെ വിവാഹവും ഭംഗിയായി നടന്നു.
ലത്തീൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സ്റ്റീഫൻ സൗദി അറേബ്യയിലെ ജോലിക്കിടെയാണ് സുവിശേഷ വേലയിലേക്ക് ആകൃഷ്ടനാകുന്നത്. നാട്ടിൽ തിരിച്ചെത്തി ബൈബിൾ സ്കൂൾ പഠനം പൂർത്തിയാക്കി ഐ.പി.സി കൊല്ലം നോർത്ത് സെന്ററിന് കീഴിലുള്ള പുത്തൂർ എസ്.എൽ പുരം സഭയുടെ പാസ്റ്ററായി. സ്വന്തം പരിശ്രമം കൊണ്ട് സഭാഹാളും പാർസനേജും നിർമ്മിച്ച അദ്ദേഹം ഇപ്പോൾ ശക്തികുളങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

എഞ്ചിൻ ഘടിപ്പിച്ച തൻ്റെ വള്ളത്തിൽ മൈക്ക് ഘടിപ്പിച്ച് കടലിലും കായലിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുന്ന വേറിട്ട രീതിയാണ് അദ്ദേഹത്തിന്റേത്. ഇതിന്റെ പേരിൽ പലപ്പോഴും ഭീഷണികളും ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും "എന്റെ ഓട്ടവും കർത്താവ് തന്ന ശുശ്രൂഷയും തികയ്ക്കണമെന്നേ എനിക്കുള്ളൂ" എന്ന പൗലോസ് അപ്പൊസ്തലന്റെ വാക്കുക പേറി അദ്ദേഹം മുന്നോട്ട് പോകുന്നു.
സുവിശേഷ പ്രഘോഷണത്തിനൊപ്പം അടിയന്തിര ഘട്ടങ്ങളിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുന്ന പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ, ദൈവസ്‌നേഹം വാക്കുകളിലല്ല പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.




