സഭാ പദവി ലഭിച്ചത് പെന്തെക്കോസ്‌ത് സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യം: പാസ്റ്റർ കെ.സി. ജോൺ
തിരുവല്ല: പെന്തെക്കോസ്‌ത് വിഭാഗത്തിനു സർക്കാർ സഭാ പദവി നൽകിയതിലൂടെ നിറവേറ്റപ്പെട്ടത് സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്ന് പെന്തെക്കോസ്‌ത് സഭാ നേതാവ് പാസ്റ്റർ കെ.സി. ജോൺ അഭിപ്രായപ്പെട്ടു. ഒരു സമൂഹമെന്ന നിലയിൽ ഒട്ടേറെ അവഗണനകളും പ്രയാസങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗമാണ് പെന്തെക്കോസ്ത് സമൂഹം. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാതെയും മതിയായ രേഖകൾ ലഭിക്കാതെയും ജോലി പരിഗണന ലഭിക്കാതെയും മറ്റും ചിലയിടങ്ങളിൽ പുറംത്തള്ളപ്പെടുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ പെന്തെക്കോസ്‌ത് വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പെന്തെക്കോസ്‌ത് സഭകളുടെ വളർച്ച വചനാധിഷ്ഠിതമാണെന്നും അതൊരു പരിശുദ്ധാത്മ പകർച്ചയാണെന്നും
അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ സഭകളെല്ലാം വളർന്നതിനു പിന്നിൽ ആത്മാർത്ഥമായ കഠിനാധ്വാനവും പ്രാർത്ഥനയും മാതൃകാപരമായ ജീവിതവും ആയിരുന്നുവെന്നും പാസ്റ്റർ കെ.സി പറഞ്ഞു. പരിശുദ്ധാത്മാവും വേർപാടുമാണ് പെന്തെക്കോസ്തിന്റെ മുഖമുദ്ര.
പെന്തെക്കോസ്‌ത് വിഭാഗങ്ങളെ ക്രൈസ്‌തവ സഭയായി അംഗീകരിക്കും

തിരുവനന്തപുരം: പെന്തെക്കോസ്തു വിഭാഗത്തിന് സഭ പദവി നല്കാൻ മന്ത്രിസഭാ തീരുമാനം. പെന്തെക്കോസ്തു ക്രൈസ്‌തവർ ഉൾപ്പെടെയുള്ള SCCC, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സംവരണങ്ങൾ ഉൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ ലഭിക്കാൻ തീരുമാനം ഉപകാരപ്പെടും.
പെന്തെക്കോസ്തു സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും സർക്കാരിൽ കൂടുതൽ പരിഗണന വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പെന്തെക്കോസ്തു ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയിരുന്നു.
പെന്തെക്കോസ്‌ത് വിഭാഗത്തിനു സഭ പദവി നൽകിയത് സ്വാഗതാർഹം: ഐപിസി കേരള സ്റ്റേറ്റ്
കുമ്പനാട്: പെന്തെക്കോസ്‌ത് വിഭാഗത്തിന് സഭ പദവി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അഭിനന്ദനാർഹമാണെന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വളരെ കാലമായുള്ള ആവശ്യമായിരുന്നു സഭ പദവി അംഗീകാരം. സംസ്ഥാന സർക്കാരിന്റെ പെന്തെകൊസ്ത് വിഭാഗത്തോടുള്ള അനുകൂലമായ തീരുമാനം വിശ്വാസ സമൂഹത്തിനു ഏറെ പ്രയോജനപ്പെടുമെന്നും പ്രസ്താവനയിൽ ഭാരവാഹികളായ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ചൂണ്ടിക്കാട്ടി.
ചില ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ച ക്രൈസ്തവ വിഭാഗ നേതാക്കളുടെ മീറ്റിംഗിൽ സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പങ്കെടുത്തിരുന്നു.
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗത്തിലെ കമ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലെത്തി ഐപിസി സഭ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് നിവേദനം നൽകുന്നു. മന്ത്രി വി.എൻ.വാസവൻ, പാസ്റ്റർ ജെയിംസ് വി.ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ സമീപം.
Advertisement















































