കഴുകേണ്ടവർ കുറ്റം വിധിക്കുമ്പോൾ

ഗ്ലോറിസൺ ജോസഫ് തൃശൂർ
“ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” എന്ന് പത്രോസിനോട് പറഞ്ഞ യേശു,നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ് എന്ന ഉത്തരവാദിത്തം ഏൽപ്പിച്ചാണ് വാക്കുകൾ അവസാനിപ്പിക്കുന്നത്.
മറ്റുള്ളവർ കാണാൻ സാധ്യതയുള്ള ഭാഗങ്ങൾ മനോഹരമാക്കി കൊണ്ട് നടക്കാൻ മാത്രം ശ്രമിക്കുമ്പോൾ മറ്റുള്ളവർ ശ്രദ്ധിക്കില്ലെന്നും ആരും കാണുന്നില്ല എന്നും ഉറപ്പുള്ള ഭാഗങ്ങൾ പലപ്പോഴും പൊടിപറ്റാൻ സാധ്യതയുണ്ട്. കർത്താവ് ശിഷ്യന്മാരുടെ കയ്യോ മുഖമോ കഴുകാൻ ആവശ്യപ്പെട്ടില്ല. മറിച്ചു ആരും ശ്രദ്ധിക്കാതെ പോകുന്ന, ആരെയും കാണിക്കാൻ ആഗ്രഹിക്കാത്ത, കാൽ പാദങ്ങൾ കർത്താവ് കയ്യിലെടുത്തു. പലപ്പോഴും നാം മറച്ചുവയ്ക്കുന്നതിന് ദൈവം പുറത്തെടുക്കാൻ ആഗ്രഹിക്കുന്നു. അതിനെ കഴുകാൻ ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ ദൈവ ബന്ധം തുടരാൻ ആകു എന്ന സത്യം കർത്താവ് പങ്കുവെക്കുന്നു
പലപ്പോഴും പറ്റിയത് ഒരു പൊടിയല്ലേ, ചെറുതല്ലേ, നിസ്സാരമല്ലേ എന്ന് കരുതുമ്പോൾ ഇന്ന് നിസ്സാരമെന്ന് കരുതുന്ന പലതും നാളെകളിൽ സാരമായ വീഴ്ചകൾക്ക് കാരണമായിത്തീരുന്നു എന്ന് തിരിച്ചറിഞ്ഞ കർത്താവ് അതിനെ കഴുകാൻ ആവശ്യപ്പെടുന്നു.
പൊടി പറ്റിയാൽ കൃത്യസമയത്ത് കഴുകി കളഞ്ഞില്ലെങ്കിൽ അത് മറ്റു പലയിടത്തും നാം പറ്റിച്ചു വയ്ക്കും. നമ്മുടെ ഹൃദയത്തിനകത്ത് പറ്റിയ പൊടി മറ്റ് ഹൃദയങ്ങളിലേക്ക് പകരപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട്, അത് ഒരു ശിഷ്യന്റെ ജീവിതത്തിൽ സംഭവിക്കരുത് എന്ന് ദൈവമാഗ്രഹിക്കുന്നത് കൊണ്ട്, കഴുകി കളയുവാൻ ദൈവം ആവശ്യപ്പെടുന്നു.
ഈ പൊടി പാമ്പിന്റെ ഭക്ഷണമാണ്. അതു കർത്താവിന്റെ ശിഷ്യനുമായിട്ട് അതൊരു ബന്ധവും പുലർത്താൻ ദൈവം ആഗ്രഹിക്കുന്നില്ല. പക്ഷേ കർത്താവ് കഴുകാൻ ആവശ്യപ്പെടുന്നിടത്ത് മറ്റൊരു കാര്യം കൂടി ആവശ്യപ്പെടുന്നു, ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ കാലുകൾ കഴുകി എങ്കിൽ നിങ്ങളും അങ്ങനെ തന്നെ ചെയ്യേണ്ടതാകുന്നു.
പരസ്പരം മറ്റുള്ളവരുടെ കാലിലെ പൊടികൾ കാണാൻ എളുപ്പമാണ്." മറ്റൊരാളുടെ കാലിലെ പൊടി നാം കണ്ടെങ്കിൽ, നാം ഒരു ക്രിസ്തു ശിഷ്യൻ ആണെങ്കിൽ, അത് കഴുകുക എന്നുള്ളതും നമ്മുടെ ഉത്തരവാദിത്വമാണ്. അത് മറ്റൊരാളോട് പറയാനും പറഞ്ഞു പരത്താനും എളുപ്പമാണ്. പക്ഷേ അത് കഴുകാൻ എളുപ്പമല്ല.

നമ്മുടെ ഉത്തരവാദിത്വം അതിനെ പറഞ്ഞു പരത്തുകയല്ല ആ പൊടിയെ കഴുകി കളയുകയാണ്. അതിനു വേണ്ടി നാം ക്രിസ്തുവിന്റെ മനസ്സുള്ളവനാകണം. "നമ്മുടെ മുട്ട് കുത്തേണ്ടിവരും, അതും കാലിൽ പൊടി പറ്റിയ ആളുടെ മുന്നിൽ മുട്ടുകുത്തി നിൽക്കാൻ തയ്യാറായാൽ " മാത്രമേ ആ പൊടികൾ കഴുകാൻ ആവു.
തെറ്റുപറ്റിയ ആളുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് കഴുകാൻ ആരെങ്കിലുമൊക്കെ തയ്യാറായിരുന്നെങ്കിൽ, ഒരു വലിയൊരു സമൂഹം ഇന്നും തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകില്ലായിരുന്നു. വിശുദ്ധിയുള്ള ഒരു കൂട്ടത്തെ കർത്താവിന് വേണ്ടി ഒരുക്കാൻ നമുക്ക് കഴിയുമായിരുന്നു. ക്രിസ്തു ശിഷ്യന്മാർ ഇനിയും എഴുന്നേൽക്കട്ടെ!




