സഹോദരനെ കൊല്ലുന്ന സഹോദരൻ

പാസ്റ്റർ നിബു ജേക്കബ് പെരുമ്പാവൂർ
വേദപുസ്തകത്തിലെ എന്നല്ല ലോക ചരിത്രത്തിലെ തന്നെ ആദ്യ കൊലപാതകം. അതും ആരാധനയുടെ പേരിൽ, ആത്മീകതയുടെ പേരിൽ, ദൈവത്തിൻ്റെ പേരിൽ. അതെ ഇന്നും അതൊക്കെ തന്നെയല്ലേ ലോകം മുഴുവൻ സംഭവിക്കുന്നത്. യിസ്രായേൽ, പാലസ്തീൻ,, റഷ്യ, ഉക്രൈൻ, അഫ്ഗാൻ, നയ്ജീരിയ,മണിപ്പൂർ ......etc..എന്നൊന്നും വ്യത്യാസമില്ലാതെ എങ്ങും ഇവിടെയും ഇവയുടെ പേരിൽ തന്നെ കൊല്ലലുകൾ . എന്നിട്ട് ന്യായീകരണങ്ങൾ, പക്ഷം പിടിക്കലുകൾ, പ്രകടനങ്ങൾ, ജാഥകൾ, സമ്മേളനങ്ങൾ, വിശദീകരണങ്ങൾ. ആരും തങ്ങൾ തെറ്റ് ചെയ്തതെന്ന് സമ്മതിക്കുകയേ ഇല്ല, എല്ലാവർക്കും മറ്റുള്ളവർ ആണ് തെറ്റുകാർ. അതു സ്ഥാപിക്കാൻ കൂട്ടു നിൽക്കുന്നവരെ കൂടെ കൂട്ടുന്നു.
ഏന്നാൽ ഭൗതീക കൊലപാതകങ്ങൾ മാത്രമാണോ നടക്കുന്നത് അല്ലേ, അല്ല! കുടുംബങ്ങളിൽ, രാഷ്ട്രീയത്തിൽ, സംഘടനകളിൽ എത്രയോ, എത്രയോ കുലപാതകങ്ങൾ മാനസീകമായി നടക്കുന്നു, നടന്നു കൊണ്ടിരിക്കുന്നു, നടത്താൻ സംഘം ചേരുന്നു. രാഷ്ട്രീയത്തിലും രാജ്യങ്ങളിലും നടക്കുന്നത് ഭൗതീക മരണങ്ങൾ ആയതിനാൽ എല്ലാവരും കാണുന്നു, കേൾക്കുന്നു, പ്രതിഷേധിക്കുന്നു. എന്നാൽ ആത്മീയ ലോകത്തിലെ കൊലപാതകങ്ങൾ ഇവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല. എത്രയോ പേർ കൊല്ലപ്പെട്ടു കഴിഞ്ഞു, എത്രയോ പേരെ കൊല്ലാൻ അണിയറയിൽ നീക്കങ്ങൾ കൊഴുക്കുന്നു.

ഹാബേലിനെ കായീൻ കൊന്നത് (ഉൽ പത്തി 4:8) കൂടുതൽ ഹാബേൽ ആല്മീകനായത് ഇഷ്ടപ്പെടാതെ വന്നതാണ്. ഹാബേലിലും അവൻ്റെ ആരാധനയിലും ദൈവപ്രസാദം ലഭിച്ചതിലെ അനിഷ്ടം അസൂയ ആയി മാറിയത് ആയിരുന്നു.
രാജാവായ ആഹാബ് നാബോത്തിനെ കൊല്ലാൻ (1 രാജാക്കന്മാർ 21:12,13) കാരണം അധികാരിയുടെ ഇഷ്ടം സാധിപ്പിച്ചു കൊടുക്കാൻ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടായിരുന്നു. അതിനു തൻ്റെ ഇഷ്ടക്കാരായ ദേശത്തിലെ മൂപ്പന്മാരെയാണ് ഉപയോഗിച്ചത്.
വലിയ ആത്മീകനായ ദാവീദ് തൻ്റെ ജഡത്തിൻ്റെ ഇഷ്ടം സാധിപ്പിക്കാൻ കുടുംബം മറന്നു ദേശത്തിന് വേണ്ടി നിലകൊണ്ട പാവം ഊരിയാവിനെ കൊല്ലാൻ (1ശാമുവേൽ 11:17) രഹസ്യ തന്ത്രങ്ങൾ മെനഞ്ഞു .അതു താൻ നടപ്പിലാക്കിയത് തൻ്റെ വലം കയ്യായ യോവാബിനെ ഉപയോഗിച്ച് ദേശത്തിന് വേണ്ടിയുള്ള യുദ്ധത്തിൻ്റെ നടുവിൽ വച്ചായിരുന്നു.
സത്യ ദൈവത്തിനു വേണ്ടി നിലനിന്ന പ്രവാചകരെ കൊല്ലാൻ ( 1 രാജാക്കന്മാർ 18:4) പ്രജകൾക്ക് വേണ്ടി നിലപാട് എടുക്കേണ്ട രാജാവിൻ്റെ ഭാര്യ ഇസ്‌ബെൽ തന്നെ മുന്നിട്ടിറങ്ങി. കാരണം തനിക്ക് അന്യ ആരാധന പ്രോത്സാഹിപ്പിക്കണം ആയിരുന്നു.

ഒരു നീണ്ട ദൈവനിശബ്ദതക്കു വിരാമം കുറിച്ച് ഒരു കാലഘട്ടത്തിൻ്റെ ശബ്ദമായ സ്നാപക യോഹന്നാനെ ഇല്ലായ്മ ചെയ്യാൻ ഒരു നൃത്തത്തിൻ്റെ വശീകരണം മതിയായിരുന്നു (മർക്കോസ് 6:22-29).
എന്തിന് ലോകൈകനാഥൻ മാനവരക്ഷക്കായി ഭൂമിയിൽ അവതരിച്ചപ്പോൾ ആരാധന അർപ്പിക്കേണ്ട , പ്രമാണം കയ്യിൽ പിടിച്ച, ദൈവത്തിൻ്റെ പ്രതിപുരുഷൻമാർ എന്ന സ്ഥാനമാനങ്ങൾ അലങ്കരിച്ച, അതിൻ്റെ വേഷ ഭൂഷാദികൾ ധരിച്ച് നിന്ന ഒരിക്കലും തമ്മിൽ ചേരാതെ നിന്ന പൂരോഹിത ,സാദുക്യ , പരീശ മത മേലാളന്മാർ ഒരുമിച്ച് കൂടി, ഒറ്റക്കെട്ടായി നിന്ന് പാവം ജനത്തെ യേശുമശിഹക്ക് എതിരെ എതിർപ്പിൻ്റെ സ്വരം ഉയര്ത്തി, അധികാരികളെ സമ്മർദ്ദം ചെലുത്തി ഇല്ലാതാക്കുന്നതിൽ വിജയിച്ചു.(അതു മാനവരാശിയുടെ പാപമോചനത്തിനു വേണ്ടിയുള്ള ദൈവപദ്ധതി ആയിരുന്നു എന്നത് വിസ്മരിക്കുന്നില്ല).
എന്നാൽ യേശു ജീവദാതാവും സ്വയം ഉയിർക്കാൻ അധികാരം ഉള്ളവനുമാകയാൽ ഉയിർത്തെഴുന്നേറ്റു ഇന്നും മനുഷ്യ മനസ്സുകളിൽ രാജാവായി രക്ഷകനായി പൂർണ ദൈവമായി വാഴുന്നു എന്നത് ഏറ്റവും ആനന്ദ നിർവൃതിയോടെ സർവ്വ മാനവും മഹത്വവും നൽകിക്കൊണ്ട് എന്നും ആഘോഷിക്കപ്പെടേണ്ട സത്യം.
എന്നാൽ കൊല്ലപ്പെട്ട പലരും ഇവിടെ ഉയർക്കപ്പെട്ടില്ല എന്നത് ചരിത്ര സത്യം. അവരെ അതിലേക്ക് നയിച്ചവർ വലിയ വില കൊടുക്കേണ്ടി വന്നു എന്നത് അതിലും വലിയ ചരിത്ര സത്യം. അതു എന്നേക്കുമുള്ള എല്ലാവർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലായി നിലകൊള്ളട്ടെ !

അതെ, ഇതെല്ലാം ചരിത്രം. എന്നാൽ ഇന്നോ?. നമ്മുടെ വാക്കിലൂടെ ഇടപാടുകളിലൂടെ കൂട്ടുകെട്ടുകളിലൂടെ സ്വാധീനങ്ങളിലൂടെ നിലപാടുകളിലൂടെ തെറ്റിദ്ധാരണകളിലൂടെ നേതൃത്വങ്ങളുടെ തെറ്റായ നയങ്ങളിൽ രഹസ്യ അജണ്ടകൾ നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ ഭൂരിപക്ഷ തീരുമാനങ്ങളിൽ സംഘടനാ രാഷ്ട്രീയ കളികളിൽ കൂടെ , സ്വന്തം താൽപര്യങ്ങളും കൂടെ നിൽക്കുന്നവരുടെ താൽപര്യങ്ങളും സാധിപ്പിക്കാനുള്ള കുതന്ത്രങ്ങളിലൂടെ ,അങ്ങനെയുള്ള മറ്റു മറ്റു പലതിൽ കൂടെ ഏതെങ്കിലും ഒക്കെ നിരപരാധികളായ സഹോദരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടോ? കൊല്ലപ്പെടുന്നുണ്ടോ, കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടോ?.
എങ്കിൽ നമുക്ക് മാനസാന്തരപ്പെടാം!
നമുക്ക് ഏറ്റുപറയാം !
തെറ്റുകൾ ക്ഷമിക്കുന്ന ദൈവത്തോട്, അവൻ നമ്മോട് ക്ഷമിക്കട്ടെ. നിരപരാധികളുടെ ചോര നമ്മുടെകയ്യിൽ പറ്റിയിട്ടുണ്ടെങ്കിൽ യേശുവിൻ്റെ രക്തത്താൽ കഴുകൽ പ്രാപിക്കാം !
അറിയാതെ പോലും ഒരു സഹോദരൻ്റെ ചോര നമ്മുടെ മേൽ കണക്കിടാതിരിക്കാൻ നമുക്ക് നമ്മുടെ ജീവിതത്തെ ശ്രദ്ധിക്കാം! സൂക്ഷിക്കാം!
ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ അവസാനിപ്പിക്കാൻ കഴിയുന്നില്ല.
സ്നേഹത്തിൻ്റെ സന്ദേശമായ നിത്യ ജീവൻ്റെ പ്രത്യാശ നൽകുന്ന പുതിയ നിയമം രണ്ടു മരണത്തെ ചൂണ്ടി കാണിക്കുന്നു.

ഒന്ന്, പരിശുദ്ധാത്മാവിനോടും ആത്മാവിനാൽ നടത്തപ്പെടുന്ന ദൈവദാസന്മാരോടും വ്യാജം കാണിച്ച അനന്യാസ്, സഫീറ ദമ്പതിമാരുടെ മരണം (Act: 5:1-10).
രണ്ട്, ജീവൻ്റെ പുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനേയും തീപോയകയിൽ തള്ളിയിടുന്ന രണ്ടാം മരണം. അഥവാ നിത്യ മരണം (വെളിപ്പാട് 20:14,15) ഇത് യോഹന്നാൻ്റെ ഭാവന അല്ലല്ലോ, യേശുവിൻ്റെ വാക്കുകൾ കൂടെ ആണല്ലോ!
ആരെയും ഭയപ്പെടുത്തുവാൻ അല്ല, മറിച്ച് ഹൃദയം പിടച്ച് ,വിരലുകൾ വിറച്ചുകൊണ്ട് ആണ് ഇത് എഴുതുന്നത്. ഇത് രണ്ടും എനിക്ക് സംഭവിക്കല്ലേ കർത്താവേ!. അല്ല ആർക്കും ഇത് സംഭവിക്കല്ലേ കർത്താവേ!
ഇത് ദൈവത്താൽ സംഭവിച്ചതും ദൈവത്താൽ സംഭവിക്കാൻ പോകുന്നതും ആണല്ലോ ? നമുക്ക് ഇവ ഉണ്ടാകാതിരിക്കട്ടെ .നമുക്ക് കരയാം ,പ്രാർത്ഥിക്കാം,ജീവിതത്തെ ക്രമപെടുത്താം,യേശുവിൻ്റെ മുൻപിൽ മുട്ട് മടക്കാം , വചനം അനുസരിക്കാം, പരിശുദ്ധാത്മാവിന് വിധേയപ്പെടാം.


