ഗാന്ധി എന്ന കെടാവിളക്ക്: പ്രകാശ സ്മരണയിൽ നിലനിന്ന ടി.വി.ജോർജും ഓർമ്മയായി

ഗാന്ധി എന്ന കെടാവിളക്ക്: പ്രകാശ സ്മരണയിൽ നിലനിന്ന ടി.വി.ജോർജും ഓർമ്മയായി

തയ്യാറാക്കിയത്
ജോജി ഐപ്പ് മാത്യൂസ് 

ടി.വി. ജോർജിൻ്റെ 100-ാം ജന്മദിനത്തിൽ ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ ഹാളിൽ വച്ച് പാസ്റ്റർ ജോസ് പാപ്പച്ചനും സെക്രട്ടറി ജോർജ് മാത്യുവും ചേർന്ന് ഉപഹാരം നൽകുന്നു.

ന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ അകാല വിയോഗത്തിൻ്റെ ഓർമ്മകൾ 78 വർഷം പിന്നിടുമ്പോൾ അന്ന് ഒപ്പമുണ്ടായിരുന്ന എയർഫോഴ്സ് മാസ്റ്റർ വാറൻ്റ് ഓഫീസർ കവിയൂർ കക്കുടിയിൽ ടി.വി.ജോർജ് 102-ാം വയസിൽ ഓർമ്മയായി.

2026 ജനുവരി 25ന് നിര്യാതനായ ടി.വി.ജോർജിൻ്റെ ശവസംസ്കാര ശുശ്രൂഷ ജനുവരി 29ന് ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാ സെമിത്തേരിയിൽ നടന്നു.

മഹാത്മാവിന്റെ സ്മരണകളാല്‍ ധന്യമായിരുന്നു ശതാബ്ദി പിന്നിട്ട ടി.വി.ജോര്‍ജ്ജിന്റെ ജീവിതം. ഗാന്ധിജിയുടെ ശവസംസ്‌കാര ചടങ്ങില്‍ അന്ന് എയര്‍ഫോഴ്‌സ് ഓഫീസറായിരിക്കെ സുരക്ഷാ ക്രമീകരണങ്ങളില്‍ പങ്കാളിയായ ടി.വി.ജോര്‍ജ്ജിൻ്റേത് ജ്വലിക്കുന്ന ഓര്‍മ്മകളാണ്.

  ടി.വി. ജോർജിൻ്റെ 100-ാം ജന്മദിനത്തിൽ ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ ഹാളിൽ വച്ച് സഭ നൽകിയ ആദരവിന് നന്ദി പറയുന്നു. പാസ്റ്റർ ജോസ് പാപ്പച്ചൻ സമീപം.

 'നമ്മുടെ ജീവിതങ്ങളില്‍ നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു.....'1948 ജനുവരി 29 ന് വൈകുന്നേരം 5.17 ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാവ് ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചപ്പോള്‍ ഡല്‍ഹിയിലെ ബിര്‍ള ഹൗസിന്റെ ഗേറ്റിന് മുകളില്‍ നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ വാക്കുകളാണിത്.

രാജ്യത്തെ ഇരുട്ടിലാക്കിയ സംഭവത്തിന്റെ നടുക്കത്തില്‍

രാജ്യമാകെ ഇരുട്ടിലായ അവസ്ഥയായിരുന്നു ആ സായാഹ്നം. തലസ്ഥാനം നിശ്ചലമായി. ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി വരുമ്പോള്‍, തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വെടിവച്ച് കൊന്നപ്പോള്‍ വെളിച്ചം മാഞ്ഞുപോകുകയായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗാന്ധിജി ഇങ്ങനെ പ്രഖ്യാപിച്ചു : 'ഒരു ഭ്രാന്തന്റെ വെടിയേറ്റ് എനിക്ക് മരിക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ അത് പുഞ്ചിരി യോടെ സ്വീകരിക്കും. എനിക്ക് ഒരു ദേഷ്യവും ഉണ്ടാവില്ല. ദൈവം എന്റെ ഹൃദയത്തിലും ചുണ്ടുകളിലുമുണ്ടാവും.' 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവനുനേരെ ആക്രമണം ഉണ്ടായത്. ബിര്‍ല ഹൗസില്‍ വച്ചുതന്നെ മുമ്പ് ഒരു തവണ ഗാന്ധിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു തീവ്രവാദിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ബോംബെ വഴി പൂനെയിലേക്ക് മടങ്ങിപ്പോയിരുന്നു. ഗംഗാധര്‍ ദന്തവാദെയുടെ സഹായത്തോടെ ഒരു ബെരെറ്റ എം 1934 എ പിസ്റ്റണ്‍ വാങ്ങിയ നാഥൂറാം വിനായക് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും വീണ്ടും 1948 ജനുവരി 29ന് ഡല്‍ഹിയിലെത്തുകയും ഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ ആറാം നമ്പര്‍ വിശ്രമ മുറിയില്‍ ഇരുന്ന് ഗാന്ധി വധം ആസൂത്രണം ചെയ്യുകയുമായിരുന്നു എന്ന് പറയപ്പെടുന്നു. 

കണ്ണീരോടെ രാജ്യം

 ഗാന്ധിജി വധിക്കപ്പെട്ട രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന രാജ്യം കണ്ണീരോടെയാണ് രാജ്ഘട്ടിലേക്ക് ഒഴുകിയെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്‍പ്പടെ 10 ലക്ഷത്തിലധികം പേര്‍ സമാധി ചടങ്ങുകളില്‍ പങ്കെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്.

ഭൗതിക ശരീരത്തിനരികില്‍ ടി.വി. ജോര്‍ജ്

അന്ന് ചിതയൊരുക്കുമ്പോള്‍ ഭൗതീക ശരീരത്തിന് ഏറ്റവും അരികില്‍ ഉണ്ടായിരുന്ന എയര്‍ഫോഴ്‌സ് മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ കവിയൂര്‍ കക്കുടിയില്‍ ടി.വി.ജോര്‍ജ്ജിൻ്റെ ജീവിതം ശതാബ്ദി പിന്നിട്ടപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മകളായിരുന്നു.

രാഷ്ട്രപിതാവിന്റെ ശവസംസ്‌കാരം 

 വെടിയേറ്റ് വീണ പൂന്തോട്ടത്തില്‍ നിന്ന് ഗാന്ധിജിയുടെ മൃതദേഹം ബിര്‍ളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്ഘട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ 250 പേരടങ്ങുന്ന കര- കടല്‍-വ്യോമ സൈനികരുടെ ഒരു സംഘമാണ് ശവമഞ്ചം വഹിച്ചുകൊണ്ട് പോയത്. ലക്ഷങ്ങള്‍ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്തെത്താന്‍ അഞ്ച് മണിക്കൂറെടുത്തു. ഹൈന്ദവ പാരമ്പര്യമനുസരിച്ച്, ഗാന്ധിജിയുടെ മൂത്തപുത്രനായ ഹരിലാലിന്റെ അസാന്നിധ്യത്തില്‍ ചടങ്ങുകള്‍

നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട രാംദാസാണ് ചിതയ്ക്ക് തീ കൊളുത്തിയതെന്ന് ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ഓര്‍ത്തെടുത്ത് ടി.വി. ജോര്‍ജ് തൻ്റെ മരണത്തിനു മുൻപ് പറഞ്ഞിരുന്നു.

പ്രധാന സൈനിക സംഘത്തില്‍

 250 അംഗ സൈനീക സംഘത്തില്‍ അംഗമായ ടി.വി.ജോര്‍ജിന് അന്ന് 25 വയസായിരുന്നു. സൈന്യത്തിന്റെ പരേഡ് ഗ്രൗണ്ടായ റെയ്‌സ്‌കോഴ്‌സില്‍ ബാഡ്മിന്റണ്‍ കളിക്കുമ്പോഴാണ് വെടിയേറ്റ വാര്‍ത്ത കേള്‍ക്കുന്നത്. ലോകത്തിന് എന്തോ മാറ്റം വന്നപോലെ; പുറത്തെങ്ങും നിശ്ചലവും മ്ലാനവുമായ അവസ്ഥയായിരുന്നു. ഉടന്‍ തന്നെ യൂണിഫോം ധരിച്ച് റൈഫിളുകളുമേന്തി എയര്‍ഫോഴ്‌സ് ട്രക്കില്‍ ബിര്‍ളാ ഹൗസിലേക്ക് നീങ്ങി.

നെഹ്‌റുവിന്റെ വാക്കുകള്‍

പുലര്‍ച്ചെ നാല് മണിക്ക് രാജ്ഘട്ടിലെത്തുമ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൗണ്ട് ബാറ്റണ്‍ പ്രഭു തുടങ്ങിയവര്‍ ക്രമീകരണങ്ങളില്‍ വ്യാപൃതരായി അവിടെയുണ്ടായിരുന്നു. ജനക്കൂട്ടം എത്തിയപ്പോള്‍ എനിക്ക് സൈന്യത്തിന്റെയോ മറ്റോ ഒരു സംരക്ഷണവും ആവശ്യമില്ലെന്ന് (I don't want any protection) ഉച്ചത്തില്‍ ഗൗരവഭാവത്തില്‍ നെഹ്രു പറഞ്ഞപ്പോള്‍ ജോർജും സംഘവും ഏറെ വ്യാകുലപ്പെട്ടു. ജനക്കൂട്ടത്തിനിടയില്‍ നിന്നും എന്തും സംഭവിക്കാവുന്ന നിലയില്‍ പ്രധാനനേതാക്കളെ കൂടെ സംരക്ഷിക്കേണ്ട ചുമതലയുള്ള അവരെ ഭീതിയിലാക്കി. ഗാന്ധിജിയുടെ ഭൗതീകശരീരത്തിന് ഏറ്റവും അടുത്തായി തിരഞ്ഞെടുക്കപ്പെട്ട 25 സൈനീകരെ ചുമതലപ്പെടുത്തിയപ്പോള്‍ ടി.വി. ജോര്‍ജും ഉണ്ടായിരുന്നു. ദഹിപ്പിക്കുന്നതിനായി ചിത ഒരുക്കുമ്പോഴും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴും ഇവരെ ചുറ്റിലും നിര്‍ത്തി. ചന്ദന വിറകും ശുദ്ധമായ പശുവിന്‍ നെയ്യും ഉള്‍പ്പടെയുള്ളവ രാജ്ഘട്ടില്‍ സുഗന്ധം പരത്തിയപ്പോള്‍ അടിമത്വത്തില്‍ നിന്നും സ്വതന്ത്ര്യത്തിലേക്ക് ഒരു രാജ്യത്തെ എത്തിച്ച രാഷ്ട്രപിതാവാണ് ഓര്‍മ്മയായതെന്നസത്യം ഉള്‍ക്കൊള്ളാനാകാതെ തേങ്ങലുകളോടെ എല്ലാവരും പിരിഞ്ഞത്. ആ ഓർമ്മ 78 വർഷം പിന്നിടുമ്പോൾ ഒപ്പമുണ്ടായിരുന്നു ടി.വി.ജോർജും നമ്മിൽ നിന്നും വിടവാങ്ങി.

മറക്കാത്ത സംഭവം

റോയല്‍ എയര്‍ഫോഴ്‌സില്‍ അഞ്ചു വര്‍ഷത്തെ സേവനം ഉള്‍പ്പടെ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും 36 വര്‍ഷത്തെ സേവനത്തിനുശേഷം ടി.വി. ജോര്‍ജ് 1979ല്‍ പടിയിറങ്ങുമ്പോള്‍ ഒരിക്കലും മറക്കാനാവാത്തതായി ജീവിതത്തില്‍ കുറിയ്ക്കപ്പെട്ട സംഭവമാണ് മഹാത്മഗാന്ധിയുടെ മരണവും സംസ്‌കാര ചടങ്ങുകളും. വളരെ തീവ്രവും ഹൃദയഭേദകവുമായിരുന്നു അത്. എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങ് കഴിഞ്ഞിരുന്നതിനാല്‍ പൈലറ്റുമാര്‍ക്കുള്ള പരിശീലനത്തിന്റെ തിയറി ക്ലാസ്സുകളും ടി.വി. ജോര്‍ജ് നിയന്ത്രിച്ചിരുന്നു. കാഴ്ച സംബന്ധിച്ച് ചെറിയ പ്രയാസമുണ്ടായിരുന്നതിനാല്‍ പൈലറ്റാകണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനായില്ല.

വിശ്രമം അല്ല ജീവിതമെന്ന് സമൂഹത്തെ പഠിപ്പിച്ചു

ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി നാട്ടിലെത്തുന്നവര്‍ക്ക് വിശ്രമ ജീവിതം എന്നാണ് വയ്പ്പ്. എന്നാല്‍ ടി.വി.ജോര്‍ജ് എന്ന അദ്ധ്വാനിക്ക് ഇതൊരു പുതിയ സേവനത്തിന്റെ തുടക്കമായിരുന്നു. കൃഷിയെ ജീവിതശൈലിയാക്കി പകല്‍ മുഴുവന്‍ മണ്ണിനോട് മല്ലിടുന്നത് ഒരു വ്യായാമം കൂടിയാണ്. അതിന്റെ ബലവും പ്രാര്‍ത്ഥനയുടെ തണലും കൂടി ചേരുന്നതായിക്കുന്ന 100 പിന്നിട്ട വാര്‍ധ്യക്യത്തിലും യൗവനത്തിന്റെ ചുറുചുറുക്ക് ഉണ്ടായിരുന്നു.

സംഗീതം ഇഷ്ടപ്പെട്ട സൈനികന്‍

 സേനയിലായിരിക്കുമ്പോഴും സംഗീതത്തോട് ഏറെ കമ്പം കാണിച്ചിരുന്നു. മെലഡി കിംങായ ജിം റീവ്‌സിന്റെ പാട്ടുകളോടായിരുന്നു കൂടുതല്‍ ഇഷ്ടം. സൈലന്റ് നൈറ്റ് ഹോളി നൈറ്റ്, സില്‍വര്‍ ബെല്‍സ് തുടങ്ങിയ പാട്ടുകള്‍ ഈണം തെറ്റാതെ പാടുമായിരുന്നു. വാഹനം ഉണ്ടെങ്കിലും ഞായര്‍ ആരാധനയ്ക്ക് കിലോമീറ്ററുകള്‍ നടന്നാണ് പലപ്പോഴും ആഞ്ഞിലിത്താനം ഐ.പി.സി ഹാളില്‍ എത്തുന്നത്. അവിടെയിരുന്ന് 'എത്ര മധുരമവന്‍ നാമമെനിക്കു പാര്‍ത്താല്‍, ഓര്‍ത്തു വരും തോറുമെന്നാര്‍ത്തി മാഞ്ഞു പോകുന്നേ .....'

എന്ന മലയാളത്തിലെ ഇഷ്ടഗാനം പാടുമ്പോള്‍ ദൈവാശ്രയബോധമേറെ ജോര്‍ച്ചായനിർ ഉണ്ടായിരുന്നു. 

ടു ഡയാനാസ് എന്ന പാര്‍പ്പിടം

റിട്ട.ഗവണ്‍മെന്റ് സ്‌ക്കൂള്‍ അധ്യാപികയായ ഭാര്യ മറിയാമ്മ ചില മാസങ്ങൾക്ക് മുൻപാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.. രണ്ട് പെണ്‍മക്കളുടെ പേരിലാണ് കക്കുടിയില്‍ ഭവനം അറിയപ്പെടുന്നത്. ടു ഡയനാസ് എന്നാണ് വീടിന്റെ പേര്. മൂത്ത മകള്‍ ജൂലിയാന ഇരവിപേരൂരിലും രണ്ടാമത്തെ മകള്‍ ഡയാന വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മറ്റൊരു ഭവനത്തിലുമാണ് താമസിക്കുന്നത്. പ്രായത്തിന്റെ അവശതകളില്ല പ്രതിസന്ധികളിലും സന്തോഷം പകർന്നു നൽകിയ ടി.വി. ജോര്‍ജ് എന്ന ചരിത്രത്തിന്റെ സാക്ഷി ഇനി ഓർമ്മയിൽ. വീണ്ടും കാണാമെന്ന പ്രത്യാശ നൽകിയാണ് തൻ്റെ മടക്കം.

ടി.വി. ജോർജിൻ്റെ ഭവനത്തിലെത്തി സഭയുടെ ഉപഹാരം നൽകുന്നു.

Advertisement