സാധു സുന്ദർസിംഗും പക്ഷിയും പിന്നെ പാമ്പും

സാധു സുന്ദർസിംഗും പക്ഷിയും പിന്നെ പാമ്പും

രിക്കൽ സാധു സുന്ദർസിംഗ് ഒരു കൂറ്റൻ പാറയുടെ മുകളിലിരുന്ന് ധ്യാനിക്കുകയായിരുന്നു. ധ്യാനത്തിൽ നിന്നുണർന്ന അദ്ദേഹം മനോഹരമായ പ്രകൃതിയെ നിരീക്ഷിക്കുവാൻ തുടങ്ങി. അപ്പോൾ താനിരുന്ന പാറയുടെ താഴ്വാരത്തു കൂടി ഒരു പക്ഷി പറക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പക്ഷിമൃഗാദികളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സുന്ദർസിംഗ് അതിനെ വിശദമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച അദ്ദേഹം കണ്ടത്. പാറയുടെ അടിവാരത്തിലിരുന്ന് ഭീകരനായ ഒരു പാമ്പ്‌ ആകർഷണശക്തിയുള്ള അതിന്റെ കണ്ണുകൾകൊണ്ട് ആ പക്ഷിയെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ആ പാമ്പിന് ഒരിക്കലും ആ പക്ഷിയെ പിടിക്കുവാൻ കഴിയുകയില്ല എന്നു സുന്ദർസിംഗ് കരുതി. എന്നാൽ സാധുവിന്റെ വിശ്വാസത്തെ തകർക്കുന്ന കാഴ്ചയാണ് പിന്നീട് അവിടെ കണ്ടത്.

ശക്തമായ ആകർഷണശക്തിയുള്ള കണ്ണുകളുടെ കാന്തികശക്തിയിലൂടെ പാമ്പ്‌, പറക്കുന്ന പക്ഷിയെ തന്റെ സമീപത്തേക്ക് കൊണ്ടുവന്നു. പക്ഷിയെ രക്ഷിക്കുവാനായി സുന്ദർസിംഗ് കല്ലെടുത്ത് എറിഞ്ഞെങ്കിലും അതിനുമുമ്പ് തന്നെ ആ പാവം പക്ഷി പാമ്പിന്റെ വായിൽ അകപ്പെട്ടു 

മോഹനവാഗ്ദാനങ്ങളാൽ ആദിമാതാപിതാക്കളായ ആദമിനെയും ഹവ്വയെയും വിഴുങ്ങിക്കളഞ്ഞ കൗശലക്കാരനായ പാമ്പ്‌ ഇന്നും ഈ ഭൂമിയിലുണ്ട്. അനേകരുടെ ജീവനെ എടുത്തു കളയുവാൻ അവൻ തക്കം പാർത്തു നടക്കുകയാണ്. കൂർത്തുമൂർത്ത വാലും, രണ്ടു കൊമ്പും, കറുത്ത ശരീരവും പ്രകടിപ്പിച്ചുകൊണ്ടല്ല അവൻ വരുന്നത്, പകരം വെളിച്ചദൂതന്റെ വേഷത്തിലാണ്. പുറമെ, ഗുണമുള്ളതെന്നോ, സൗന്ദര്യമുള്ളതെന്നോ, അടുത്ത സുഹൃത്ത് എന്നോ ഒക്കെ മറ്റുള്ളവർക്കു തോന്നിയേക്കാം. അത് പിശാചിന്റെ തന്ത്രത്തിന്റെ മാത്രം മിടുക്കാണ്. പക്ഷെ ഒന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. അവൻ വരുന്നത് നമ്മെ സഹായിക്കുവാനല്ല, നിത്യജീവൻ നമ്മിൽനിന്നും എടുത്തുകളയേണ്ടതി നത്രേ. 

ബലമുള്ള ശത്രുക്കളിൽനിന്നും തനിക്കു സംരക്ഷണം നൽകുവാൻ മഹാവീരനായ ദൈവത്തിന്റെ നിഴൽമാത്രം മതി എന്ന ദാവീദിന്റെ വിശ്വാസം എത്രയോ ആഴമേറിയതാണ്. ആ നിഴലിൽ മറഞ്ഞിരിക്കുമ്പോൾ ശത്രുക്കൾക്കു തന്നെ തൊടുവാൻപോലും കഴിയുകയില്ല എന്ന ഉറപ്പ് ദാവീദിനെപ്പോലെ നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. പ്രിയ സ്നേഹിതരേ, പിശാചിന്റെ തന്ത്രങ്ങളെപ്പറ്റി നാം നന്നായി അറിഞ്ഞിരിക്കണം. അവന്റെ ആകർഷണവലയത്തിൽ അകപ്പെടാതെ നാം സൂക്ഷിക്കണം.

ചിന്തക്ക് : 'യഹോവയാം ദൈവം മനുഷ്യനെ വിളിച്ചു. നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു. നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു ? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു. അതിനു മനുഷ്യൻ :എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു. ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട് : നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന് : പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്ന് സ്ത്രീ പറഞ്ഞു' (ഉൽപത്തി 3 : 9...13).

Advertisement