ആയുസ്സിന്റെ നീളമല്ല, നിറഞ്ഞ ജീവിതം നയിക്കുക 

ആയുസ്സിന്റെ നീളമല്ല, നിറഞ്ഞ ജീവിതം നയിക്കുക 

ആയുസ്സിന്റെ നീളമല്ല, നിറഞ്ഞ ജീവിതം നയിക്കുക 

പാസ്റ്റർ ജോമോൻ ജേക്കബ്, തൈച്ചേരിൽ 

മ്മുടെ അവസാന ദിവസം എപ്പോൾ? എവിടെവച്ച്?  എങ്ങനെ വരുമെന്ന് നമുക്കാർക്കും അറിയില്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യങ്ങളിലൊന്ന്. നാളെ എന്ത് സംഭവിക്കുമെന്ന് ഉറപ്പോടെ പറയുവാൻ സാധിക്കാത്തവരാണ് മനുഷ്യർ. അതുകൊണ്ടാണ് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്: "ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ; അങ്ങനെ ഞങ്ങൾ ജ്ഞാനമുള്ള ഹൃദയം പ്രാപിക്കും" (സങ്കീ. 90:12). ദീർഘമായ കാലങ്ങൾ ജീവിച്ചു എന്നതിനേക്കാൾ, ജീവിതത്തിലേക്ക് എത്രമാത്രം നൽകുവാൻ കഴിഞ്ഞു എന്നതിലാണ് അർത്ഥവത്തായ നിറഞ്ഞ ജീവിതത്തിന്റെ പ്രസക്തി എക്കാലവും നിലനിൽക്കുന്നത്.

അടുത്തിടെ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ എന്ന യുവ ദൈവദാസന്റെ അപ്രതീക്ഷിത വേർപാട് പലരുടെയും ഹൃദയത്തെ വേദനിപ്പിച്ചു. വിവാഹിതനാകാത്ത, വെറും 28 വയസ്സ് മാത്രം പ്രായമുള്ള ആ ശുശ്രൂഷകൻ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാഗത്ത് യാതൊരു അശ്രദ്ധയും  ഉണ്ടായിരുന്നില്ലെങ്കിൽ പോലും, പിന്നാലെ വന്ന നിയന്ത്രണം വിട്ട വാഹനം അദ്ദേഹത്തിന്റെ ജീവിതയാത്രയ്ക്ക് അപ്രതീക്ഷിത വിരാമമിട്ടു. ഒരു പക്ഷേ ജീവിതത്തിന്റെ പരിമിതമായ നാളുകളെ എണ്ണിത്തിട്ടപ്പെടുത്തുവാൻ കഴിയുന്നതുപോലെ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദൈവമേൽപിച്ച ദൗത്യം വേഗത്തിൽ പൂർത്തീകരിച്ചു. കൊല്ലം ജില്ലയുടെ മലയോര പ്രദേശത്ത് തന്റെ മുന്നണി പ്രവർത്തനത്തിലെ സഭയ്ക്കായി ഒരു കെട്ടിടവും വിശ്വാസ ഭവനവും പൂർത്തീകരിച്ചു. പഠിക്കുന്ന കാലയളവിലും അയക്കുന്നിടത്തെല്ലാം സംഗീത ശുശ്രൂഷയുടെ യും സുവിശേഷീകരണ യോഗങ്ങളിലൂടെയും തന്റെ സമയത്തെ വേഗത്തിൽ ഉപയോഗിച്ചു. ഈ അപ്രതീക്ഷിത വേർപാട്
നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു. ജീവിതത്തിന്റെ മൂല്യം അതിന്റെ ദൈർഘ്യത്തിലല്ല; അതിന്റെ സംഭാവനയിലാണ്. എത്ര വർഷം ജീവിച്ചു എന്നതല്ല ദൈവം ചോദിക്കുന്നത്; ജീവിച്ച വർഷങ്ങളിൽ എത്രത്തോളം കർത്താവിനു വേണ്ടി  ഫലപ്രദമായി ജീവിച്ചു എന്നതാണ് പ്രധാനം.

യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷ മൂന്നര വർഷം മാത്രമായിരുന്നു. എന്നാൽ ആ ചെറിയ കാലയളവ് ഇന്നും ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലോസ് ജീവിതാവസാനത്തിൽ പറയുന്നത്: "ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തുസൂക്ഷിച്ചു" (2 തിമൊഥെയൊസ് 4:7). അദ്ദേഹം ആയുസ്സിന്റെ ദൈർഘ്യം പറഞ്ഞില്ല; മറിച്ച് ലഭിച്ച നാളുകളുടെ വിശ്വസ്തതയുടെ സാക്ഷ്യമാണ് പറഞ്ഞത്.
നമ്മുടെ ജീവിതത്തിനും അതുതന്നെയാണ് വെല്ലുവിളി. നമുക്ക് എത്ര സമയം ബാക്കിയുണ്ടെന്ന് നിശ്ചയമില്ല. എന്നാൽ, ഓരോ ദിവസവും ദൈവത്തിനായി, കുടുംബത്തിനായി, സഭയ്ക്കായി, സമൂഹത്തിനായി, മറ്റുള്ളവരുടെ നന്മയ്ക്കായി ഫലപ്രദമായി വിനിയോഗിക്കാം. 
ദൈവത്തിനു ഉപയോഗപ്രദമല്ലാത്ത സഭാ-സാമൂഹിക കാര്യങ്ങൾക്ക് വേണ്ടി, അന്യോന്യം പോരിനുവിളിച്ചും, അസൂയപ്പെട്ടും, മത്സര മനോഭാവികളായും സമയം വൃഥാകളെയാതെ നമ്മുടെ മൂല്യമുള്ള ജീവിതം ദൈവത്തിനൊരു സംഭാവന ആക്കി മാറ്റാം. 

ആയുസ്സിന്റെ ദൈർഘ്യം നമ്മുടെ കൈകളിലല്ല; എന്നാൽ ജീവിതത്തിന്റെ ഫലപ്രാപ്തി നമ്മുടെ തീരുമാനങ്ങളിലാണ്. അതുകൊണ്ട് സമയം പാഴാക്കാതെ, ഓരോ ദിവസവും ദൈവം ഏൽപ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിർവഹിക്കാം. കാരണം, ദൈർഘ്യമേറിയ ജീവിതമല്ല, ഫലപ്രദമായ ജീവിതമാണ് ദൈവസന്നിധിയിൽ ഏറ്റവും മൂല്യമുള്ളത്.