ഇനി ആത്മീയ ഉണർവിന്റെ നാളുകൾ; ഐ.പി.സി യുകെ & അയർലണ്ട് റീജിയണ്‍ കൺവൻഷന് ഏപ്രിൽ 10 മുതൽ
വാർത്ത: സിബി നിലമ്പൂർ, ബെൽഫാസ്റ്റ്
ലണ്ടൻ/ലിവർപൂൾ: ആഗോള പെന്തെക്കോസ്ത് സമൂഹത്തിലെ പ്രഗത്ഭരായ രണ്ടു വചന പ്രഭാഷകർ ഒരേ വേദിയിൽ കൈകോർക്കുന്ന ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ ലിവർപൂള്‍ കണ്‍വന്‍ഷന്‍ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലെത്തി. ഏപ്രിൽ 10 മുതൽ 12 വരെ ലിവർപൂളിലെ സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജിലാണ് (St. John Bosco Arts College, 61 Storrington Avenue, Liverpool, L11 9DQ) ഐപിസി യുകെ & അയർലണ്ട് റീജിയന്റെ 19-ാമത് വാർഷിക കൺവൻഷന്‍ നടക്കുന്നത്. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജും, പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പാസ്റ്റർ ഷിബിൻ ജി. സാമുവലുമാണു മുഖ്യ പ്രഭാഷകര്‍.
പാസ്റ്റർ തോമസ് ജോർജ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ജോയൻ്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്നു. വചനസത്യങ്ങൾ ലളിതമായും എന്നാൽ അഗാധമായും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശൈലി ശ്രദ്ധേയമാണ്.
യുവതലമുറയുടെ ആവേശമായി പാസ്റ്റർ ഷിബിൻ ജി. സാമുവൽ കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ.പി.എയുടെ സംസ്ഥാന പ്രസിഡന്റാണ്. യുവജനങ്ങളെ ആത്മീയ പാതയിലേക്ക് നയിക്കുന്നതിലും സഭയുടെ യുവജന ശാഖയെ ചലനാത്മകമായി നിലനിർത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിക്കുന്നു. പുതുതലമുറയുടെ ഭാഷയിൽ വചനം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യുവവിശ്വാസികൾക്കു വലിയ ആവേശമാണ് പകരുന്നത്.
കൂടാതെ വിശിഷ്ട അതിഥികളായി ഡോക്ടർ ബിജു തോമസ് (ഒറീസ), ഡോക്ടർ ബാബു ജോൺ വേട്ടമല (യുകെ) എന്നിവരും പ്രസംഗിക്കും.
ലിവർപൂളിലെ സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജിൽ നടക്കുന്ന കൺവൻഷനിൽ പ്രമുഖരായ ദൈവദാസന്മാരുടെ സാന്നിധ്യം യുകെയിലെയും യൂറോപ്പിലെയും വിശ്വാസസമൂഹത്തിന് വലിയ ആത്മീയ ഉണർവ് നൽകുമെന്നു സംഘാടകർ അറിയിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ലിവർപൂളിലെ കൺവൻഷൻ വേദിയില്‍ വചനത്തിന്റെ അഗ്നിപ്പകര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ക്വയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ മാത്യുവിൻ്റെ നേതൃത്ത്വത്തിൽ റീജിയൻ ക്വയർ നയിക്കുന്ന ഹൃദ്യമായ ആരാധനയും കൺവൻഷന്റെ സവിശേഷതയായിരിക്കും.
ഈ ആത്മീയ പാരമ്പര്യത്തിന്റെ തുടർച്ചയായി, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കേരളത്തിൽ നിന്നുള്ള വിശ്വാസികൾ—പ്രത്യേകിച്ച് പെന്തെക്കോസ്ത് വിശ്വാസികൾ—ലിവർപൂളിൽ എത്തി താമസമാക്കിയതിനു പിന്നാലെയാണ് ഇവിടെ പുതിയൊരു ആത്മീയ അധ്യായം ആരംഭിക്കുന്നത്. ഇന്ന് ലിവർപൂൾ, യുകെയിലെ പെന്തെക്കോസ്ത് വിശ്വാസികളുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമായി മാറിയിട്ടുണ്ട്.
കൺവൻഷൻ കോർഡിനേറ്ററും റീജിയൻ വൈസ് പ്രസിഡൻറുമായ പാസ്റ്റർ വിൽസൻ ബേബി, മറ്റ് ഭാരവാഹികളായ പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ പി.സി സേവ്യർ (അഡ്മിനിസ്ട്രേറ്റർ), ബ്രദർ തോമസ് മാത്യു (നോർത്ത് അയർലൻ്റ് കോ-ഓർഡിനേറ്റർ), ട്രസ്റ്റി അംഗങ്ങൾ ബ്ര.തോമസ് കുഞ്ഞച്ചൻ, മാത്യു സാം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പൂർത്തിയായിവരുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലെ പെന്തെക്കോസ്തു സഭകളുടെ ആത്മീയ ഐക്യത്തിനും ഉണർവിനും ഈ കൺവൻഷൻ വലിയ പ്രചോദനമാകുമെന്നു സംഘാടകർ അറിയിച്ചു.




Advertisement















































