ആരു പിഴച്ചു?
ആരു പിഴച്ചു?
പാസ്റ്റർ ബാബു ചെറിയാൻ, പിറവം
ഗൃഹപാഠം ചെയ്യാതിരുന്നതിനു രണ്ടാം ക്ലാസുകാരനെ തല കീഴായി ജനലിൽ കെട്ടിതൂക്കിയിരിക്കുന്നത് നമ്മുടെ നമ്പർ വൺ ഇന്ത്യയിലാണ്. മലയാള മനോരമ ഇതൊക്കെ ഇങ്ങനെ ഒന്നാം പേജിൽ തന്നെയിട്ടാൽ ഇന്ത്യയുടെ തിളക്കം മങ്ങി പോകില്ലേ...? നമ്മുടെ ഭരണക്കാർ എത്ര പാടുപെട്ടു തിളക്കിയ ഇന്ത്യയാണിത്. ഇങ്ങനെയൊക്കെ സ്വയവിമർശനത്തിനുതകുന്ന പത്ര സ്വാതന്ത്ര്യത്തെ നമിക്കുന്നു. പക്ഷെ ചോദ്യമിതാണ് ആർക്കാണിവിടെ തെറ്റുപറ്റിയത്? കുട്ടിക്കോ, മാതാപിതാക്കൾക്കോ, അധ്യാപകർക്കോ, ഗവണ്മെന്റിനോ...?? ആരു പിഴച്ചു?
മാതാപിതാക്കൾക്ക് വേണ്ട വിവരമില്ലല്ലോ. അധ്യാപകർക്കു വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ല. സ്കൂളിന്റെ നിലവാരം അത്ര മോശമല്ലെന്നു ഏഴു വയസുകാരന്റെ യൂണിഫോമിൽ നിന്നും മനസ്സിലാക്കാം. നല്ല ഒന്നാന്തരം ഷൂസും നിക്കറും ബെൽറ്റുമെല്ലാം ചിത്രത്തിൽ കാണാം. എന്റെ കൊച്ചുമകന്റെ പ്രായം. ചങ്കു തകരുന്ന കാഴ്ചയാണ്. ഇവർ അധ്യാപകരാണോ എന്നല്ലാ മനുഷ്യരാണോ എന്നാണ് ചോദിക്കാൻ തോന്നുന്നത്. ലോകം മുഴുവൻ ഈ കാഴ്ച കാണുകയല്ലേ. നമ്മുടെ രാജ്യത്തിന്റെ നിലവാരം മറ്റുള്ളവർ കാണുന്നുണ്ടെന്നു വേണ്ടപ്പെട്ടവർ മറക്കുകയാണോ?കേരളത്തിലെ ലോക്കപ്പു മർദ്ദന വിദഗ്ദന്മാരെ അങ്ങോട്ടൊന്നു അയച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. ഈ അധ്യാപകർക്കു നല്ല അടിയുടെ കുറവുണ്ട്. ഇവർ അടിച്ചിട്ടേയുള്ളു. അടി കൊണ്ടിട്ടില്ല.

ബൈബിൾ എന്ന മഹൽ ഗ്രന്ഥം മക്കളെക്കുറിച്ചും മാതാപിതാക്കളെ കുറിച്ചും രക്ഷകർത്തൃത്വത്തെ കുറിച്ചും വളരെ കൃത്യമായ കല്പനകൾ നൽകിയിട്ടുണ്ട്. മനുഷ്യന്റെ കുട്ടി വളരുകയല്ലാ അവനെ വളർത്തുകയാണ് വേണ്ടത്. കാക്ക, കോഴി, ആട്, പശു, കാട്ടുമൃഗങ്ങൾ ഇവയെല്ലാം മക്കളെ വളർത്തുന്നുമുണ്ട്. പക്ഷെ അതെല്ലാം വളരെ ചുരുങ്ങിയ കാലം മാത്രം. കോഴിക്കുഞ്ഞു ജനിച്ചാൽ പത്തു മിനിറ്റിനുള്ളിൽ തനിയെ കാലുകൊണ്ട് ചികഞ്ഞു ഭക്ഷണം കണ്ടെത്തുകയും തനിയെകഴിക്കുകയും ചെയ്യും. എന്നാൽ പതിനഞ്ചു വയസായിട്ടും അമ്മ വാരികൊടുത്തു വളർത്തുന്ന മക്കളെ എനിക്കറിയാം. അതൊക്കെ അല്പം അധികമാണെങ്കിലും മക്കളെ വളർത്തുക തന്നെ ചെയ്യണം.
"നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിനു അവരെ പ്രകോപിപ്പിക്കരുത് "എന്ന തിരുവചനം മനസ്സിലാക്കിയാൽ കുട്ടികളെ വളർത്തുന്നതിന്റെ പ്രധാന്യത ഏകദേശം പിടികിട്ടും. "മക്കൾ ദൈവം തരുന്ന ദാനമാണെന്നും തിരുവചനം പറയുന്നു".ഒരു കുട്ടിയെ ഉണ്ടാക്കാൻ ആർക്കു കഴിയും? കെട്ടി തൂക്കാനും മാനഭംഗപ്പെടുത്താനും തല്ലികൊല്ലാനും കഴിയും. പക്ഷെ ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ പറ്റുമോ ടീച്ചറെ...? ഒരു മനുഷ്യകുട്ടിയുടെ വില ആർക്കറിയാം? ഒരു പക്ഷെ അവനായിരിക്കാം ഭാവി ഇന്ത്യൻ പ്രസിഡന്റ്, പ്രധാന മന്ത്രി, ജില്ലാ കലക്റ്റർ, വൈദ്യൻ, വൈദീകൻ.
മാതാപിതാക്കളെ... അധ്യാപകരെ... വൈദീകരെ... നമ്മുടെ മക്കൾ വിലയേറിയവരാണ്. അവരെ കൊല്ലരുതേ, അവരെ ക്രിമിനൽ ആക്കരുതേ. ഒരു കുട്ടിപോലും ചീത്തയല്ല. 'എല്ലാ കുട്ടികളും മാലാഖമാരായി ജനിക്കുന്നു. എന്നാൽ നമ്മൾ അവരെ തവളകളെപ്പോലെയാക്കുന്നു എന്നോരു മനഃശാസ്ത്ര ചിന്തകൻ പറഞ്ഞിരിക്കുന്നു.' നമുക്കൊരു മുന്നറിയിപ്പും കൂടിയാകട്ടെ ഈ ഹരിയാന സംഭവം. പറന്നുയരേണ്ട കുട്ടികളെ ദൈവം നമ്മുടെ കൈയ്യിൽ തന്നിരിക്കുവാണ്. ആരും ഉപേക്ഷയായി വിചാരിക്കരുതേ....
Advt.











