ഓർമകളിൽ നിറയുന്ന പാസ്റ്റർ സി.സി. വർഗീസ്
ഓർമകളിൽ നിറയുന്ന പാസ്റ്റർ സി.സി. വർഗീസ്
ഐപിസി ഗ്ലോബൽ മീഡിയ യുഎഇ പ്രസിഡൻ്റ് ലാൽ മാത്യു കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ സി.സി. വർഗീസിനെ അനുസ്മരിക്കുന്നു.
കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച് പാസ്റ്റർ സി.സി. വർഗീസ് (72) യാത്രയായി. ഒരു പുരുഷായുസ്സു മുഴുവൻ വിശ്വസ്തതയോടു കർത്താവിനെ സേവിച്ച ദൈവഭൃത്യൻ സഹനത്തിന്റെ ഉറ്റ തോഴനായിരുന്നു. തിരുവല്ല കാവുംഭാഗം ചേരിപ്പറമ്പിൽ സി.വൈ. ചാണ്ടി - മറിയാമ്മ ദമ്പതികളുടെ മകനായാണു സി.സി. വർഗീസ് ജനിച്ചത്. ജോയി എന്നായിരുന്നു വിളിപ്പേര്. തിരുവല്ല മാർത്തോമാ കോളേജിലെ ബിരുദപഠനത്തിനുശേഷം 1978 ലാണു ദുബായിയിലെത്തുന്നത്. ആരംഭ ദിനങ്ങളിൽ ദുബായ് പെന്തെക്കോസ്തൽ ചർച്ചിൽ ആരാധിച്ചുപോന്നു.

ജന്മനാട്ടിലെ ആത്മീയപൈതൃകം നിലനിർത്തുന്ന ആരാധനയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെയും സമാന ചിന്താഗതിക്കാരായ മറ്റു ചിലരുടെയും ആഗ്രഹമാണു 1986ൽ എമിറേറ്റ്‌സ് പെന്തെക്കോസ്ത് ചർച്ച് ദുബായിയുടെ സ്ഥാപനത്തിനു വഴിയായത്.
പ്രാരംഭ നാളുകളിൽ പാസ്റ്റർ ബാബുവാണു സഭയുടെ ശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. പിന്നീട് ഓർഡിനേഷൻ ലഭിച്ചതിനെ തുടർന്നു1997 മുതൽ 2020 ഡിസംബർ വരെ സി.സി. വർഗീസ് പാസ്റ്ററായി. സമർപ്പണത്തോടും വിനയത്തോടെയും അദ്ദേഹം സേവനമനുഷ്ഠിച്ച നാളുകൾ സഭയുടെ സുവർണ കാലഘട്ടമായിരുന്നു.

ദൈവത്തോടും ദൈവജനത്തോടും താൻ ആഴമായ സ്‌നേഹം പുലർത്തിയിരുന്നു. പ്രഭാഷകൻ എന്നതിലുപരി, തിരുവചനാധ്യാപകനും അനേകർക്ക് ആത്മീയ പിതാവുമായിരുന്നു. ആത്മാർഥമായ പ്രാർഥന, മികച്ച ബൈബിൾ പഠനം, മാതൃകയുള്ള പരിചരണം എന്നിവയാൽ തന്റെ ശുശ്രൂഷ അടയാളപ്പെടുത്തി.
വളർച്ചയുടെയും വെല്ലുവിളികളുടെയും പരിവർത്തനത്തിന്റെയും കാലഘട്ടങ്ങളിൽ അദ്ദേഹം സഭയോടു ചേർന്നുനിന്നു. ക്രിസ്തുവിൽ വേരൂന്നി, ദൈവവിളിയോടു വിശ്വസ്തത പുലർത്തി ജീവിക്കാൻ വിശ്വാസികളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.

സൺഡേസ്‌കൂളിനു അദ്ദേഹത്തിന്റെ ജീവിതത്തിൽ അതുല്യ സ്ഥാനമുണ്ടായിരുന്നു. കേവലം മൂന്നു വിദ്യാർഥികളോടെ ഇവിടെ തുടക്കംകുറിച്ച സൺഡേസ്‌കൂൾ ക്രമേണ വളർന്നു നൂറിലധികം കുട്ടികളും സമർപ്പിതരായ നിരവധി അധ്യാപകരുമുള്ള പുത്രികാസംഘടനയായി വളർന്നു. തങ്ങളുടെ സ്വന്തം ജോയിസാറിനെ കുറിച്ച് ഒരു വിദ്യാർഥിനി പറയുന്നത് ഇങ്ങനെ: ''എനിക്ക്, സൺഡേസ്‌കൂൾ ശരിക്കും ഒരു കുടുംബംപോലെയായിരുന്നു. ഓരോ കുട്ടിയും, പാട്ടും മനഃപാഠവാക്യവും പാഠവും നന്നായി പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാർ ശ്രദ്ധിച്ചിരുന്നു. എപ്പോഴും ക്ഷമയും സ്‌നേഹവുംകൊണ്ടു ഞങ്ങളെ വളർത്തി. ചെറുതെങ്കിലും വിശ്വസ്തമായ തുടക്കം ഞങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിനോടുള്ള ഒരു ശാശ്വത സ്‌നേഹം വളർത്തി. കർത്താവിനെ രക്ഷകനായി സ്വീകരിക്കാൻ ഞങ്ങളെ സഹായിച്ചു. സൺഡേസ്‌കൂൾ എണ്ണമറ്റ ജീവിതങ്ങളെ അനുഗ്രഹിച്ചു. സാറിന്റെ സാന്ത്വനവചനങ്ങളും ഊഷ്മളവും സൗമ്യവുമായ പുഞ്ചിരിയും എനിക്കു വളരെ നഷ്ടമാകുന്നു; പക്ഷേ, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ സമർപ്പണത്തിന്റെയും ഫലമായി വിശ്വാസികളായ നമ്മിൽ അദ്ദേഹം തിരികൊളുത്തിയ വിശ്വാസപാരമ്പര്യം നിലനിൽക്കുന്നു.'' മറ്റൊരു വിദ്യാർഥിനി ഇങ്ങനെ അനുസ്മരിക്കുന്നു: ''ചെറുപ്പം മുതൽ ആത്മീയ തീക്ഷ്ണത നിറഞ്ഞ അദ്ദേഹം അവസാന ശ്വാസംവരെ അതു നിലനിർത്തി. 1980കളുടെ മധ്യത്തിൽ ഞാൻ ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ, എല്ലാ ആരാധനാദിനങ്ങളിലും അദ്ദേഹം ഞങ്ങളെ സാക്ഷ്യംപറയാൻ പ്രോത്സാഹിപ്പിച്ചിരുന്നത് ഓർക്കുന്നു.''

പാസ്റ്റർ വർഗീസ് സമർപ്പിതാത്മാവായ ദൈവഭൃത്യൻ മാത്രമല്ല, സ്‌നേഹനിധിയായ ഭർത്താവും പിതാവുമെല്ലാം ആയിരുന്നു. ഭാര്യ ആനിയും മക്കളായ അനു, ജോയൽ, ജെനി എന്നിവരും കർത്തൃദാസന്റെ ഭക്തിപാരമ്പര്യം നിലനിർത്തുമെന്നു നമുക്ക് ഉറപ്പായും വിശ്വസിക്കാം. അദ്ദേഹം പകർന്നു നൽകിയ കരുത്താണല്ലോ ശാരീരിക വെല്ലുവിളികളുള്ള മകൻ ജോയലിനു ജെഎൻയുവിൽ ഉയർന്ന നിലയിൽ ബിരുദാനന്തര പഠനം നടത്താനും ഡോക്ടറൽ പഠനം തുടരാനും സാധിച്ചത്.
ക്രൈസ്തവ ദൗത്യത്തെക്കുറിച്ച് ആഴമായ ബോധ്യമുള്ള ദൈവദാസനായിരുന്നു അദ്ദേഹം.

മാതൃരാജ്യത്തെ സുവിശേഷമെത്താത്ത ഗ്രാമങ്ങളിൽ രക്ഷാസന്ദേശം നൽകാൻ എന്നും തന്റെ ഹൃദയം തുടിച്ചിരുന്നു. ഭാര്യയോടൊപ്പം നിരവധി തവണ ഒറീസ സന്ദർശിച്ച അദ്ദേഹം സുവിശേഷത്തിന്റെ വ്യാപനത്തിനായി സൗജന്യ ബോർഡിംഗ് സ്‌കൂളിന്റെ പ്രവർത്തനത്തിലും പുതിയ കൂടിവരവുകൾ തുടങ്ങുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നു.
പെന്തെക്കോസ്തു സഭകളുടെ ഐക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ദുബായിലും ഷാർജയിലുമുള്ള പെന്തെക്കോസ്തു വിശ്വാസികളുടെ ഐക്യവേദിയായ യുപിഎഫിന്റെ പ്രസിഡന്റായി അദ്ദേഹം സ്ത്യുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. അക്കാലങ്ങളിൽ എല്ലാ അംഗസഭകളോടും അടുത്തിടപഴകുകയും വിശ്വാസികളുടെ ആത്മീയോന്നമനത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു.
ദൈവാശ്രയത്തിന്റെ ആൾരൂപമായിരുന്നു പാസ്റ്റർ സി. സി. വർഗീസ്.

കടുത്ത പ്രതിസന്ധിയുടെയും രോഗത്തിന്റെയും സമയങ്ങളിൽപോലും കർത്താവിലുള്ള ആശ്രയം കൈവിട്ടില്ല. സ്ഥിരോത്സാഹം, ശാന്തത, ദൈവത്തിന്റെ പരമാധികാരത്തിലുള്ള അചഞ്ചല വിശ്വാസം എന്നിവ തന്നിൽ തിളങ്ങിനിന്നു. വാക്കുകളിലൂടെയും ജീവിതത്തിലൂടെയും അദ്ദേഹം ജനത്തെ നിരന്തരം ക്രിസ്തുവിലേക്ക് അടുപ്പിച്ചു. നിത്യതയെ മുന്നിൽ കണ്ടു ജീവിതം നയിക്കാൻ അദ്ദേഹം എല്ലാവരെയും ഓർപ്പിച്ചു.
പാസ്റ്ററുടെ സ്‌നേഹവും ത്യാഗപൂർണ ശുശ്രൂഷയും നിരവധി ആളുകളുടെ ജീവിതത്തിന് അനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ, ദേഹവിയോഗത്തിൽ ദുഃഖിക്കുമ്പോഴും പാസ്റ്റർ സി.സി. വർഗീസിന്റെ ജീവിതശുശ്രൂഷകളിലൂടെ നമുക്കു ലഭിച്ച ദൈവിക ദാനങ്ങൾക്കു നന്ദി പറയാൻ നിരവധിയുണ്ട്. അദ്ദേഹത്തിന്റെ വിശ്വസ്ത സേവനം എമറേറ്റ്‌സ് പെന്തെക്കോസ്തു ചർച്ചിൽ മാത്രമല്ല, എണ്ണമറ്റ വിശ്വാസികളുടെ ഹൃദയങ്ങളിലും നിലനിൽക്കുന്ന പാരമ്പര്യം അവശേഷിപ്പിച്ചിരിക്കുന്നു. അദ്ദേഹം തന്റെ ഓട്ടം പൂർത്തിയാക്കി, വിശ്വാസം കാത്തുസൂക്ഷിച്ചു, ഇപ്പോൾ രക്ഷകന്റെ മഹത്ത്വപൂർണമായ സാന്നിധ്യത്തിൽ വിശ്രമിക്കുന്നു.

കർത്താവിന്റെ വേലയിൽ വിശ്വസ്തതയോടെ തുടരുന്നതിലൂടെ അദ്ദേഹം ഉയർത്തിപ്പിടിച്ച ആദർശങ്ങളോടു ആദരവു നിലനിർത്താൻ അവിടുന്നു നമ്മെ സഹായിക്കട്ടെ.
പാസ്റ്റർ സി.സി. വർഗീസ് ഭൂമിയിലെ തന്റെ വേല തികച്ച് നിത്യതീരത്തെത്തി. നാം ഒരു നാൾ അവിടെ എത്തുമ്പോൾ കർത്താവിനോടും അനേകം ദൂതന്മാരോടും കൂടെ അദ്ദേഹത്തെ കാണാം. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കുവേണ്ടി നമുക്കു പ്രാർഥിക്കാം.


