ദുബായ്ക്കാരുടെ പൊന്നമ്മച്ചി!
ദുബായ്ക്കാരുടെ പൊന്നമ്മച്ചി!
ഷിബു മുള്ളംകാട്ടിൽ
മലയാളി നസ്രാണി സ്ത്രീകളുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ഇന്ന് അപൂർവ കാഴ്ചയാണ്. എന്നാൽ വീട്ടിലും പുറത്തും ചട്ടയും മുണ്ടും മാത്രം ധരിക്കുന്ന ഒരു അമ്മച്ചി ഒന്നര പതിറ്റാണ്ടായി അറേബ്യൻ നാട്ടിലുണ്ട്.
പെണ്ണമ്മ വർഗീസ്. വയസ്സ് 90!
വാർധക്യം വിശ്രമത്തിന്റെ കാലമാണെന്ന് കരുതുന്ന ലോകത്തോട് തികച്ചും വ്യത്യസ്തമായ മറുപടിയാണ് പെണ്ണമ്മ അമ്മച്ചിയുടെ ഓരോ ദിവസവും.
രാത്രി പത്ത് മണിയോടെ വിശ്രമിക്കാൻ കിടക്കുന്ന അമ്മച്ചി പുലർച്ചെ രണ്ട് മണിക്ക് എഴുന്നേൽക്കും. ഒരു മണിക്കൂർ പ്രാർത്ഥനയിൽ ചെലവഴിച്ച ശേഷം അൽപസമയം വിശ്രമിച്ച് വീണ്ടും അഞ്ചര മണിക്ക് ഉണരും. അടുക്കളയിൽ പോയി സ്വയം കാപ്പിയുണ്ടാക്കി കുടിച്ച ശേഷം വീണ്ടും രണ്ട് മണിക്കൂർ പ്രാർത്ഥനയിൽ മുഴുകും.
പകൽ ഉറങ്ങുന്ന ശീലം അമ്മച്ചിക്കില്ല. ആ സമയം വേദപുസ്തക ധ്യാനത്തിനും ക്രിസ്തീയ ഗ്രന്ഥങ്ങളുടെ വായനയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നു. ഇതിനിടയിൽ അടുക്കളയിൽ കയറി മരുമകളെ സഹായിക്കാനും മറക്കില്ല.

ഒരു കാര്യത്തിൽ മാത്രം പെണ്ണമ്മ അമ്മച്ചിക്ക് ചെറിയൊരു പിടിവാശിയുണ്ട്—സ്വന്തം വസ്ത്രങ്ങൾ സ്വയം കഴുകണം, സ്വയം ഇസ്തിരിയിടണം!
ഭക്ഷണത്തിലും യാതൊരു നിർബന്ധങ്ങളുമില്ല. കഞ്ഞി മുതൽ കെന്റക്കി ചിക്കൻവരെ ഒരേ സന്തോഷത്തോടെ കഴിക്കും. കൊച്ചുമക്കളോടൊപ്പം ക്യാരംസും 'ഏണിയും പാമ്പും' കളിക്കുമ്പോൾ തൊണ്ണൂറ് വയസ്സിന്റെ ഭാരമല്ല, ഒൻപത് വയസ്സിന്റെ നിഷ്കളങ്കതയാണ് ആ മുഖത്ത് തെളിയുന്നത്.
ദുബായ് എബനേസർ ഐപിസിയിലെ ഏറ്റവും പ്രായം കൂടിയ അംഗമായ പെണ്ണമ്മ വർഗീസ് ആരാധനായോഗങ്ങളിൽ മാത്രമല്ല, സഭയുടെ എല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ്. പ്രസംഗകൻ വേദഭാഗം വായിക്കാൻ ആവശ്യപ്പെടുമ്പോൾ വ്യക്തവും ഉറച്ചതുമായ ശബ്ദത്തിൽ തിരുവചനം വായിച്ചുകൊടുക്കുന്ന അമ്മച്ചി യുവതലമുറയ്ക്കു പ്രചോദനമാണ്.
പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടയ്ക്കൽ മുളമൂട്ടിൽ തോമസ് കുഞ്ഞച്ചന്റെയും അന്നമ്മ തോമസിന്റെയും മൂത്ത മകളായി 1936 ജനുവരി 31-ന് പെണ്ണമ്മ ജനിച്ചു. ആത്മീയാന്തരീക്ഷത്തിൽ വളർന്നതിനാൽ ചെറുപ്പത്തിലേ സുവിശേഷവേലയ്ക്കായി ജീവിതം സമർപ്പിച്ചു. തിരുവല്ല ശാരോൻ ബൈബിൾ സ്കൂളിൽ ഹ്രസ്വകാല വേദപഠനം നടത്തിയ ശേഷം ഐപിസിയുടെ നിയന്ത്രണത്തിലുള്ള കൊല്ലകടവ് സേവിനി സങ്കേതത്തിൽ പൂർണ്ണസമയ സുവിശേഷപ്രവർത്തനം ആരംഭിച്ചു.
വീടുവീടാന്തരമുള്ള സുവിശേഷീകരണം, പരസ്യയോഗങ്ങൾ, ഉപവാസപ്രാർത്ഥനകൾ എന്നിവയിലൂടെ കർമ്മ നിരതയായി. പിന്നീട് ഏവൂർ സങ്കേതത്തിലും തട്ടാരമ്പലം സങ്കേതത്തിലും താമസിച്ചു പ്രവർത്തിച്ചു.
കുടുംബ ജീവിതത്തിലേക്ക്
കുടുംബസ്ഥയായി കർതൃ ശുശ്രൂഷ ചെയ്യണമെന്ന ദൈവവിളി തിരിച്ചറിഞ്ഞതോടെ ഏഴ് വർഷത്തെ സങ്കേതജീവിതത്തിന് വിരാമമായി.
1972 ഏപ്രിൽ 20-ന് കോഴഞ്ചേരി പാറയിൽ പാസ്റ്റർ സൈമൺ വർഗീസ് ജീവിതപങ്കാളിയായി. തുടർന്ന് മധ്യകേരളം, വടക്കൻ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി പതിനൊന്ന് സഭകളിൽ കുടുംബമായി സുവിശേഷവേല ചെയ്തു. തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന പാസ്റ്റർ സൈമൺ വർഗീസ് സഭാ നേതൃത്വത്തിന് പലപ്പോഴും അനഭിമതനായി. ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയപ്പോഴും എന്നും നേരിന്റെ പക്ഷത്തായിരുന്നു പാസ്റ്റർ സൈമൺ വർഗീസ്.
ദുരിത വഴികൾ
കഷ്ടതയുടെ കനൽ വഴികളിലൂടെയാണ് ഈ സുവിശേഷ കുടുംബം കടന്നു പോയത്. പട്ടിണിയും രോഗവും ദുരിതവും വിശ്വാസത്തെ തളർത്തിയില്ല.
ഇളയ മകൾക്ക് വെറും നാൽപ്പത് ദിവസം പ്രായമുള്ള സമയം. മൂത്ത അഞ്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. സഭയിൽ നിന്നും കാര്യമായ വരുമാനങ്ങളില്ല. ഉച്ചഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ ഒന്നും ഇല്ലാത്ത സ്ഥിതി.
കൈക്കുഞ്ഞിനെ ചേർത്തുപിടിച്ച് ദൈവസന്നിധിയിൽ മുട്ടുമടക്കി പെണ്ണമ്മ പ്രാർത്ഥിച്ചു. അൽപസമയത്തിനുശേഷം വാതിൽക്കൽ കാലൊച്ച കേട്ടു. 'മലയിലെ അപ്പച്ചൻ' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന സഭയിലെ ഒരു മൂപ്പൻ ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളുമായി വീട്ടിലെത്തി. ദൈവിക കരുതലിന്റെ നിരവധി അനുഭവങ്ങളിൽ ഒന്നു മാത്രമാണിത്.
രണ്ട് കുഞ്ഞുങ്ങൾ ഒരേസമയം അതിസാരവും ഛർദ്ദിയും ബാധിച്ച് അവശരായി. മറ്റൊരിക്കൽ കുടുംബം മുഴുവൻ ചിക്കൻപോക്സ് ബാധിച്ചപ്പോൾ ഭർത്താവ് ബോധരഹിതനായി വീണു. അത്തരം പ്രതിസന്ധികളിലെല്ലാം ദൈവസന്നിധിയിൽ മുട്ടുമടക്കി വിടുതൽ അനുഭവിച്ചത് നിറ കണ്ണുകളോടെ പെണ്ണമ്മ അമ്മച്ചി ഓർക്കുന്നു.
മീനമാസത്തിലെ ഒരു വേനൽ മഴയുള്ള ദിനം. മൂത്തമകനെയും രണ്ട് പെൺമക്കളെയും കൂട്ടി തുണിയലക്കാൻ ആറ്റുകടവിൽ പോയി. പെൺമക്കൾ കരയിൽ കളിക്കുകയായിരുന്നു. പെട്ടെന്ന് മൂത്തമകളുടെ നിലവിളി കേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മകൻ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പൊങ്ങുന്നതാണ് കണ്ടത്.
"സ്തോത്രം" പറഞ്ഞുകൊണ്ട് വെള്ളത്തിലേക്ക് ചാടിയ പെണ്ണമ്മ, മകനെ പിടിച്ചുകയറ്റുമ്പോൾ ആഴമായ കയത്തിനടുത്ത് വരെ എത്തിയിരുന്നു. ഭയത്തോട് മാത്രമേ ഇപ്പോഴും ഓർക്കുവാൻ കഴിയുകയുള്ളൂ എന്നു പെണ്ണമ്മ അമ്മച്ചി പറഞ്ഞു.
പാസ്റ്റർ സൈമൺ വർഗീസ്
2007 ഫെബ്രുവരി 11-ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ പതിനഞ്ച് വർഷമായി മക്കളോടൊപ്പം
പെണ്ണമ്മ അമ്മച്ചി ദുബായിലാണ് താമസം. നാട്ടിൽ ഐപിസി ഫെയ്ത്ത് സെൻറർ തിരുവനന്തപുരം സഭാംഗമാണ്.
മക്കൾ: പരേതയായ ഏലിയാമ്മ സാമുവേൽ, ജോളി പൊന്നച്ചൻ (ദുബായ്), ഷേർളി ബിനു , ഷാജി വർഗീസ് (ദുബായ്), സൈമൺ വർഗീസ് (ദുബായ്), കെസിയ വർഗീസ്.
പരമ്പരാഗത വേഷത്തിന്റെ സൗന്ദര്യവും, അച്ചടക്കമുള്ള ജീവിതശൈലിയും, അചഞ്ചലമായ പ്രാർത്ഥനയും, പരന്ന വായനയും ഒരുമിച്ച് ചേർന്ന വ്യക്തിത്വമാണ് പെണ്ണമ്മ അമ്മച്ചി.
വയസ്സ് ഒരു സംഖ്യ മാത്രമാണെന്നും, ദൈവവിശ്വാസത്തോടെ ജീവിക്കുന്നവർക്ക് വാർധക്യം ഒരു തടസ്സമല്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. പരാതികളോ, പരിഭവങ്ങളോ, നിർബന്ധങ്ങളോ ഇല്ലാത്ത ഒരു ജീവിതം. ആർക്കും പോസിറ്റീവ് എനർജി നൽകുന്ന ഇടപ്പെടൽ! അതാണ് ദുബായിലെ വിശ്വാസ സമൂഹത്തിൻ്റെ പൊന്നമ്മച്ചിയായ പെണ്ണമ്മ വർഗീസ്!
Advertisement
























































