ലോക പുസ്തകദിനവും മഹാപുസ്തകമായ ബൈബിളും

ലോക പുസ്തകദിനവും മഹാപുസ്തകമായ ബൈബിളും

ലോക പുസ്തകദിനവും മഹാപുസ്തകമായ ബൈബിളും

ഇവാ. സാം കൊണ്ടാഴി (സിഇഒ, വിക്ലിഫ് ഇന്ത്യ)

രോ വർഷവും ഏപ്രിൽ 23 ലോകമെമ്പാടും “ലോക പുസ്തകദിനം” ആയി ആചരിക്കപ്പെടുന്നു. UNESCO പ്രഖ്യാപിച്ച ഈ ദിനം, പുസ്തകങ്ങളുടെയും വായനയുടെയും മഹത്വം ഉയർത്തിക്കാട്ടുന്നു. സാഹിത്യലോകത്തെ മഹാകവി William Shakespeare ജനിച്ചതും മരിച്ചതും ഈ തീയതിയോടു ബന്ധപ്പെട്ടു എന്നത് ഈ ദിനത്തിന് പ്രത്യേകത നൽകുന്നു. 

പുസ്തകങ്ങളുടെ ചരിത്രം മനുഷ്യസംസ്കാരത്തിന്റെ വളർച്ചയുമായി ചേർന്നിരിക്കുന്നു. ഒരുകാലത്ത് പുസ്തകങ്ങൾ കൈയെഴുത്തുപ്രതികളായിരുന്നു. ഒരു ബൈബിൾ പകർത്തിയെഴുതാൻ ഒരു ബൈബിൾ പരിഭാഷകന് ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടിവന്നിരുന്നു. അതുകൊണ്ട് പുസ്തകങ്ങൾ രാജാക്കന്മാർക്കും പണ്ഡിതന്മാർക്കും സഭകൾക്കും മാത്രം സ്വന്തമായിരുന്ന അമൂല്യവസ്തുക്കളായിരുന്നു.

എന്നാൽ 15-ാം നൂറ്റാണ്ടിൽ Johannes Gutenberg എന്ന ജർമൻ കണ്ടുപിടിത്തകാരൻ അച്ചടിയന്ത്രം വികസിപ്പിച്ചതോടെ ലോകചരിത്രം തന്നെ മാറി. അദ്ദേഹത്തിന്റെ ‘ഗുട്ടൻബർഗ് ബൈബിൾ’ ചരിത്രത്തിലെ ആദ്യത്തെ വലിയ തോതിലുള്ള അച്ചടിച്ച പുസ്തകമായി മാറി. ഇതോടെ അറിവിന്റെ ലോകത്ത് ഒരു വലിയ വിപ്ലവം ഉണ്ടായി. കുറച്ച് ദശകങ്ങൾക്കുള്ളിൽ തന്നെ യൂറോപ്പിൽ പുസ്തകങ്ങളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് കോടികളിലേക്ക് ഉയർന്നു.

ഈ അച്ചടിവിപ്ലവം അറിവിനെ ജനങ്ങളിലേക്ക് കൊണ്ടുവന്നു. പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമായി. സാധാരണക്കാർക്ക് സ്വന്തം ഭാഷയിൽ വായിക്കാൻ അവസരം ലഭിച്ചു. അറിവ് പള്ളികളുടെയും കൊട്ടാരങ്ങളുടെയും പരിധി വിട്ട് വീടുകളിലേക്ക് കടന്നു. വായന മനുഷ്യന്റെ ചിന്താഗതിയെ മാറ്റിയ ശക്തിയായി മാറി.

ക്രിസ്തീയചരിത്രത്തിൽ ഈ മാറ്റം ഏറെ നിർണായകമാണ്. 1517-ൽ Martin Luther അവതരിപ്പിച്ച 95 തീസിസുകൾ അച്ചടിയുടെ സഹായത്തോടെ യൂറോപ്പിലുടനീളം വ്യാപിച്ചു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലഘുലേഖകൾ ജർമ്മനി മുഴുവനും, ഒരു മാസത്തിനകം യൂറോപ്പ് മുഴുവനും പ്രചരിച്ചു. അച്ചടിയില്ലാത്ത ഒരു ലോകത്തിയിരുന്നെങ്കിൽ, അദ്ദേഹത്തിൻ്റെ വാദങ്ങൾ ഒരു പക്ഷെ, വിറ്റൻബർഗ് പള്ളിയുടെ വാതിലിൽ മാത്രം ഒതുങ്ങിയെനെ. ബൈബിൾ ലത്തീൻ ഭാഷയിൽ നിന്നു ജനങ്ങളുടെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇതോടെ സാധാരണ വിശ്വാസികൾക്ക് ദൈവവചനം നേരിട്ട് വായിക്കാൻ അവസരം ലഭിച്ചു.

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മഹാഗ്രന്ഥം ബൈബിൾ തന്നെയാണ്. അനേകം ഭാഷകളിൽ ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകവും ബൈബിളാണ്. ലോകത്തിലെ ഏകദേശം ഏഴായിരത്തോളം ഭാഷകളിൽ, മുഴുവൻ ബൈബിൾ 776 ഭാഷകളിലും, പുതിയ നിയമം 1798 ഭാഷകളിലും, സുവിശേഷ ഭാഗങ്ങൾ 1433 ഭാഷകളിലും ഉൾപ്പെടെ ആകെ 4007 ഭാഷകളിലേക്ക് ദൈവവചനം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നിരവധി ഭാഷാസമൂഹങ്ങൾക്ക് വായനയുടെ വാതിൽ തുറന്നതും, നിരക്ഷരത എന്ന അന്ധകാരത്തെ നീക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും ഈ ദൈവവചനമാണ്.

വായന വെറും അറിവ് സമ്പാദനമല്ല; അത് ആത്മീയ വളർച്ചയുടെ മാർഗമാണ്. “നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീർത്തനങ്ങൾ 119:105) എന്ന വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. വായനയിലൂടെ നമ്മൾ ദൈവത്തിന്റെ ഹൃദയം മനസ്സിലാക്കുകയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയും ചെയ്യുന്നു.

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിലും സ്‌ക്രീൻ വായനയുടെ സ്വാധീനത്തിലും പുസ്തകവായനയുടെ പ്രസക്തി കുറയുന്നില്ല. പ്രത്യേകിച്ച് ദൈവവചനമായ ബൈബിൾ ഇന്നും മനുഷ്യന്റെ ആത്മാവിനെ സ്പർശിക്കുന്ന ശക്തിയാണ്. അത് സത്യവും പ്രത്യാശയും നൽകുന്ന ശാശ്വത വചനമാണ്.

ഓരോ കുടുംബവും വായനയ്ക്കായി സമയം മാറ്റിവെക്കട്ടെ. പ്രത്യേകിച്ച് ദൈവവചന വായനയിലുടെ.