വിശുദ്ധരെ തകർക്കുന്ന പൈശാചിക തന്ത്രം
റവ.ജോർജ് മാത്യു പുതുപ്പള്ളി
ആവശ്യത്തിനു വേണ്ട പണം ആഗ്രഹിക്കുന്നതും സമ്പാദിക്കുന്നതും ന്യായമാണ്. അത് ദ്രവ്യാഗ്രഹമല്ല. എന്നാൽ പണത്തോടുള്ള ആർത്തിയും ദൈവത്തെക്കാൾ അതിനോടുള്ള സ്നേഹവും ദ്രവ്യാഗ്രഹമാണ്. ഇതായിരുന്നു യേശുവിന്റെ ശിഷ്യനായിരുന്ന ഇസ്കര്യോത്ത യൂദയെ നശിപ്പിച്ചത്. പണം ശേഖരിക്കുവാനും സൂക്ഷിക്കുവാനുമുള്ള സാധാരണ ആഗ്രഹം അവനുണ്ടായി. അതിൽ പാപമില്ലായിരുന്നു. എന്നാൽ അവൻപോലും അറിയാതെ ആ ആഗ്രഹം വളർന്ന് അവനെ നശിപ്പിച്ചു.
ആത്മശക്തി ധാരാളമായി അനുഭവിച്ചുകൊണ്ടിരുന്ന ഒരു ശുശ്രൂഷകന് പണം വർദ്ധിച്ചു. അതിന്റെ പരീക്ഷ അദ്ദേഹത്തെ ബാധിക്കുവാൻ തുടങ്ങി. അത് ദ്രവ്യാഗ്രഹമായി. ന്യായമായി സമ്പാദിച്ചതാണല്ലോ എന്നോർത്ത് അദ്ദേഹം സ്വയം നീതീകരിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്ഥാനമില്ലാതെയായി.
ദ്രവ്യാഗ്രഹം അതിജാഗ്രതയോടുകൂടി തിരിച്ചറിയേണ്ടതാണ്.പാപങ്ങൾ ഒന്നും തന്നെ ചെയ്യാത്ത വിശുദ്ധന്മാരായിരിക്കും സാത്താന്റെ കുടിലതന്ത്രങ്ങളിൽപ്പെട്ട് ഏറ്റവും വലിയ ദ്രവ്യാഗ്രഹികളായി വിരാജിക്കുന്നത്. മാനദണ്ഡം വച്ച് അളന്ന് ദ്രവ്യാഗ്രഹിയാണോ എന്നു കണ്ടുപിടിക്കുവാനും പ്രയാസമാണ്. മറ്റ് ഏതു പാപങ്ങളും മാനദണ്ഡം വച്ച് കണ്ടുപിടിക്കാം. ദ്രവ്യാഗ്രഹം അവനവൻ തന്നെ കണ്ടുപിടിക്കേണ്ടതാണ് മനസാണ് അതിന്റെ അടിത്തറ. ഇവിടെ കിടക്കുന്ന ആഗ്രഹങ്ങൾ ദൈവവും അവനവനും മാത്രമറിയുന്നു.
മറ്റുള്ളവർ ദ്രവ്യാഗ്രഹികളാണെന്ന് തെളിയിക്കുവാനും അവരെ ശിക്ഷിക്കുവാനുമുള്ള അളവുകോൽ ആരുടെയും കൈവശമില്ല. അവനവൻ ദൈവത്തോടും സ്വന്തം മന:സാക്ഷിയോടും ചോദിച്ച് അക്കാര്യം കണ്ടുപിടിക്കുകയും തിരുത്തുകയുമാണു വേണ്ടത്. പാപത്തെ പ്രാണത്യാഗത്തോളം എതിർക്കുക എന്ന ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ദ്രവ്യാഗ്രഹവും ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്.
ദ്രവ്യാഗ്രഹം ധനികരിൽ മാത്രമല്ല, ദരിദ്രരിലും ഉണ്ടാകുന്നതാണ്. അതുകൊണ്ട് ഉള്ളവനും ഇല്ലാത്തവനും അതിൽ ജാഗ്രത പുലർത്തിയിരിക്കണം. ദൈവശക്തിയെ ഹനിച്ചു കളയുന്ന ഒരു പാപസ്വഭാവം കൂടിയത്രേ ദ്രവ്യാഗ്രഹം. ദൈവശക്തിയുടെ ശത്രുക്കളിൽ അപകടകാരിയായ ഒന്നാണ് ഇത് എന്നതിനാൽ വിശ്വാസികളും ശുശ്രൂഷകരും ഇതിനെ ഏറ്റവും ഭയപ്പെടേണ്ടതാണ്. പ്രതിഷ്ഠയിൽ തെറ്റാത്തവരും, പാപങ്ങളിൽ വീഴാത്തവരുമായ ആത്മീയരെയായിരിക്കും സാത്താൻ പ്രധാനമായും ഈ പാപത്തിന് അടിമകളാക്കുന്നത്.
ചിന്തക്ക് : 'ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു' (1 തിമൊഥെയൊസ് 6 : 7...10).

