പെട്ടീ ... പെട്ടീ ... ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോൾ....... 

പെട്ടീ ... പെട്ടീ ... ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോൾ....... 

പാസ്റ്റർ  ബിജു ഹെബ്രോൻ, ബഹ്റൈൻ 

ഗ്രാമങ്ങളിലെ പതിവ് കാഴ്ചയായ ആക്രി കച്ചവടക്കാരെപ്പോലെ "വോട്ട് വേണോ... വോട്ട്, നല്ല പെന്തക്കോസ്ത് വോട്ട് " എന്ന് ഉച്ചത്തിൽ കൂവി, പെന്തക്കോസ്ത് സമൂഹത്തിന്റെ വോട്ടെല്ലാം ചാക്കിലാക്കി, തലസ്ഥാന നഗരിയിലൂടെ നടക്കുന്ന ചില സ്വയം പ്രഖ്യാപിത (സ്വപ്ര) നേതാക്കൻമാരായ മൊത്തക്കച്ചവടക്കാരെ മാധ്യമങ്ങളിലൂടെ കണ്ടു. പിന്നീടാണറിഞ്ഞത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി ഡീൽ ഉറപ്പിച്ച് ഒരു മുന്നണിക്ക് പെന്തക്കോസ്ത് വോട്ടുകൾ മൊത്തക്കച്ചവടം ചെയ്തെന്ന്. 

മലയാളക്കരയിലെ പെന്തക്കോസ്തുകാർ എഴുത്തും വായനയും അറിയാവുന്നവരും ആത്മീയ ഭാഷയിൽ പറഞ്ഞാൽ ഭേദാഭേദങ്ങളെ വിവേചിച്ചറിയാൻ പ്രാപ്തരുമാണ്. അവർ ആരുടേയും അഭിപ്രായ ഉച്ചിഷ്ടം തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല. തികഞ്ഞ ആത്മാഭിമാനവും രാഷ്ട്രീയ ബോധമുള്ളവരും സമകാലീക രാഷ്ട്രീയത്തെ മുൻവിധി കൂടാതെ വീക്ഷിക്കുന്നവരുമാണ്. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വളർച്ചക്കും ദൈവജനത്തിന്റെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഉപകരിക്കപ്പെടുന്നവരെ തെരഞ്ഞെടുത്ത് സംസ്ഥാന ഭരണ സാരഥികളാക്കുന്നതിലൂടെ ഒരു ഉത്തമ ഇൻഡ്യൻ പൗരന്റെ ഭരണഘടന നൽകുന്ന ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാൻ വിവേചനബുദ്ധിയുള്ളവരാണവർ. 

പട്ടിണി കിടന്ന കാലത്തും ആരുടേയും ഔദാര്യത്തിന് കാത്ത് കിടക്കാതെ അധ്വാനിച്ച് ആത്മാഭിമാനത്തോടെ മക്കളെ വളർത്തിയവരാണ് നമ്മുടെ പിതാക്കൻമാർ. തിരിഞ്ഞ് നോക്കുമ്പോൾ പെന്തക്കോസ്ത് സമൂഹം കൈവരിച്ച വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ വളർച്ച മറ്റ് ഏതൊരു സമൂഹത്തിനും അസൂയ ഉളവാക്കുന്ന തലത്തിലാണ്. ഈ നേട്ടങ്ങൾ ആരുടേയും പാദസേവ ചെയ്ത് നേടിയതോ ഏതെങ്കിലും പദവി ലഭിച്ചതു കൊണ്ടോ മറ്റേതെങ്കിലും സംവരണം കൊണ്ടോ അല്ല മറിച്ച് ദൈവീക അനുഗ്രഹത്താൽ നമ്മുടെ കഠിന പ്രയത്നത്തിലൂടെ നേടിയെടുത്തതാണ്. 

18 വയസ്സ് തികഞ്ഞ, ഇന്ത്യൻ പൗരനായ, വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും ഭരണഘടന നൽകുന്ന ജനാധിപത്യപരമായ അവകാശമാണ് സമ്മതിദാനാവകാശം. അതേപോലെ തന്നെ വോട്ടവകാശം വിനിയോഗിക്കുക എന്നത് ജനാധിപത്യത്തിൽ ഓരോ പൗരന്റെയും ഉത്തരവാദിത്തവുമാണ്. പെന്തക്കോസ്തുകാർ തങ്ങളുടെ സമ്മതിദാനാവകാശം ഒരു സ്വപ്ര നേതാവിൻ്റെയും ചാക്കിലല്ല തങ്ങളുടെ മനസാക്ഷിയുടെ ലോക്കറിലാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്, വരുന്ന ഒൻപതാം തീയതി പോളിങ് ബൂത്തിൽ രഹസ്യ ബാലറ്റിലൂടെ അവർ അത് വിനിയോഗിക്കും, പെട്ടി പൊട്ടിക്കുമ്പോൾ വോട്ട് കച്ചവടക്കാർ പൊട്ടും.