വരുന്നു ചൂളപോലെ കത്തുന്ന ഒരു ദിവസം

പാസ്റ്റർ സണ്ണി പി. സാമുവൽ
യിസ്രായേലിന്റെ കഷ്ടതയെയും ശുദ്ധീകരണപ്രക്രിയയേയും വിവിധ രൂപകാലങ്കാരത്തിലൂടെയാണു ബൈബിൾ വിവരിച്ചിരിക്കുന്നത്. അന്ത്യകാലശാസ്ത്രത്തിൽ മലാഖി പ്രവചനത്തിനുള്ള പങ്കു വലിയതാണ്. മശിഹയുടെ മഹത്വപ്രത്യക്ഷതയെ “മന്ദിരത്തിലേക്കുള്ള നിയമദൂതന്റെ പെട്ടെന്നുള്ള പ്രത്യക്ഷത” എന്നാണു മലാഖി വിവരിച്ചിരിക്കുന്നത് (3:1). ആ വരവു ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളം പോലെയും ആയിരിക്കുമെന്നു വിളിച്ചുപറയുന്നു (3:2). വെള്ളി, പൊന്നു എന്നിവ ഊതിക്കഴിക്കുന്നവൻ എന്നും, കറപിടിച്ച വസ്ത്രം അലക്കി വെളുപ്പിച്ചു വെണ്ണയമാക്കുന്നവൻ എന്നും മശിഹായെ സംബോധന ചെയ്തിരിക്കുന്നു. മാത്രമല്ല, യഹോവയുടെ ആലയത്തിൽ യാഗം അർപ്പിക്കുന്ന ലേവ്യനെയും, യാഗം കൊണ്ടുവരുന്ന യെഹൂദയെയും, അർപ്പണം നടത്തുന്ന ഇടമായ യെരൂശലേമിനെയും ഒരുപോലെ മശിഹ വിശുദ്ധീകരിക്കും (3:2-4). അന്നാളിൽ അവരുടെ വഴിപാടു യഹോവയ്ക്കു പ്രസാദമായിരിക്കുമെന്നു യഹോവയുടെ അരുളപ്പാട്. അതായതു യോഹന്നാൻ ബെൻ സഖായി എ.ഡി. 70 -നു ശേഷം സ്ഥാപിച്ച യാഗരഹിതമായ, സൽപ്രവർത്തികളിൽ ഊന്നിയ, യെഹൂദന്റെ ഇന്നത്തെ ആരാധനാ സമ്പ്രദായം (റബ്ബിനിക് യൂദായിസം) യഹോവയ്ക്കു പ്രസാദകരമല്ല എന്നു രത്നച്ചുരുക്കം!
മശിഹ തന്റെ കാന്തയുമായി ഭൂമിയിലേക്കു ഇറങ്ങിവരുമ്പോൾ (വെളിപ്പാടു 19:11-21) യിസ്രായേൽ മൂന്നാം ലോകമഹായുദ്ധം എന്ന ഹർമ്മഗെദ്ദോ൯ യുദ്ധത്തിലൂടെ കടന്നുപോയി തോൽവി അടഞ്ഞിരിക്കും. എതിർക്രിസ്തു എന്ന ദജ്ജാലിന്റെ സൈന്യം യെരൂശലേം പിടിച്ചിരിക്കും. ആലയം അശുദ്ധമാക്കി യാഗാധികർമ്മങ്ങൾ അശുദ്ധമാക്കിയിരിക്കും. അന്നു രണ്ടു പ്രധാന പോർമുഖങ്ങൾ ഉണ്ടായിരിക്കും -മെഗിദ്ദോതാഴ്‌വരയും ഏദോമിലെ ബൊസ്രയും (യെശയ്യാവു: 63:1 cf 34:6). ഇറാക്കിൽ ഒരു ബൊസ്ര (Basra) ഉണ്ട്. സിറിയായിൽ ഒരു ബൊസ്ര (Bosra) ഉണ്ട്. തമ്മിൽ തെറ്റിപ്പോകാതിരിക്കേണ്ടതിനാണു ഏദോമിലെ ബൊസ്ര എന്നു എടുത്തു പറഞ്ഞിരിക്കുന്നത്. പുരാതന ഏദോം ഇന്നത്തെ ജോർദ്ദാൻ ആണ്. ബൊസ്ര (Bozrah) എന്നതു ഇന്നു ഒരു ചെറിയ ഗ്രാമപ്രദേശമാണ്. അതിന്റെ ഇന്നത്തെ പേരു ബുശ്യ്റ (Buseirah) എന്നാണ്. യെരൂശലേമിൽ നിന്നും വായുമാർഗ്ഗം 161 കിലോമീറ്ററും കരമാർഗം 206 കിലോമീറ്ററും തെക്കു മാറി ഈ ഗ്രാമം നിലകൊള്ളുന്നു. ടൂറിസത്തിന്റെ പേരിൽ ഇന്നു ജോർദ്ദാൻ യെഹൂദനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഹെർമ്മഗദ്ദോൻ യുദ്ധകാലത്തു അവർ എതിരാകും. യെരൂശലേമിൽ നിന്നു കരമാർഗം 128 കിലോമീറ്റർ വടക്കുമാറി മെഗിദ്ദോതാഴ്‌വരയൂം സ്ഥിതി ചെയ്യുന്നു.
യെഹൂദന്റെ മൂന്നാം ആലയത്തിലേക്കുള്ള മിശിഹായുടെ വിശുദ്ധ എഴുന്നള്ളത്തു സംഭവിക്കുമ്പോൾ അന്നാളിൽ അവന്റെ (ഒരു) കാൽ ഒലിവ്മലയിൽ നില്ക്കും (സെഖ:14:4). മറ്റേക്കാൽ തീർച്ചയായും ബൊസ്രയിൽ ആയിരിക്കും. “യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു”(യെശയ്യാവ്:34:6). “എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽ നിന്നു വരുന്നോരിവൻ ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ”(യെശയ്യാ:63:1). “ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു”(യിരെമ്യാവ്:49:13). അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
(യിരെമ്യാവ്:49:22). “ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും”(ആമോസ്:1:12). ഇവ രണ്ടു പ്രതീകങ്ങൾ ആണ്. ഒലിവുമല യിസ്രായേലിന്റെ വിടുതലും രക്ഷയും യഥാസ്ഥാനവും ആയിരിക്കും. അവരുടെമേൽ കൃപയുടെയും യാചനയുടെയും ആത്മാവിനെ പകരും. അവർ കുത്തിയവങ്കലേക്കു നോക്കും. അവർ വിലപിക്കും -ഒരു മഹാവിലാപം തന്നേ! ഈ വിലാപം മെഗിദ്ദോതാഴ്‌വരയിലുള്ള ഹദദ്-റിമ്മോനിലെ വിലാപം പോലെയായിരിക്കും. രണ്ടും വിലാപം ആയിരിക്കും. എന്നാൽ ഒന്നു വിടുതലിന്റെ, തിരിച്ചറിവിന്റെ, വിലാപവും മറ്റേതു സർവ്വനാശത്തിന്റെ വിലാപവും ആയിരിക്കും (സെഖർ:12:10-14). ഇങ്ങനെ മൂന്നാം ലോകമഹായുദ്ധം അവസാനിക്കുകയും ക്രിസ്തു ലോകരാജ്യത്വം ഏറ്റെടുക്കുകയും ചെയ്യും. ഈ യുദ്ധം യെഹൂദന്റെ ശുദ്ധീകരണത്തിന്റെ യുദ്ധം ആയിരിക്കും.
ഇവിടം കൊണ്ടും യുദ്ധം തീരുന്നില്ല. മശിഹ യെരൂശലേം തലസ്ഥാനനഗരിയാക്കി ആയിരം വർഷം നീതിയോടെ -സമാധാനത്തോടെ- ഏദെന്യസ്ഥിതിയിൽ തന്നെ ഭൂമിയെ ഭരിക്കും. മനുഷ്യപുത്രൻ എന്ന നിലയിൽ ഒരു മനുഷ്യൻ ലോകത്തെ ഭരിക്കുന്ന ഏറ്റവും സുവർണ്ണയുഗം ആയിരിക്കും. ആയിരം ആണ്ടു കഴിയുമ്പോൾ വീണ്ടും യുദ്ധം ഉണ്ടാകും. ഗോഗ്-മാഗോഗ് യുദ്ധം എന്നാണു ഇതു വിളിക്കപ്പെട്ടിരിക്കുന്നത് (യെഹ:38,39; വെളി:20:7-10). ഇതിനെ നാലാം ലോകമഹായുദ്ധം എന്നും വിളിക്കാം. രണ്ടും ഒന്നാണെന്നു പഠിപ്പിക്കുകയും വാദിക്കുകയും ചെയ്യുന്നവർ ഉണ്ട്. എന്നാൽ ഇവ രണ്ടും രണ്ടാണു എന്നതിനു ധാരാളം തെളിവുകൾ ബൈബിളിൽ ഉണ്ട്.
ആയിരമാണ്ട് വാഴ്ചയ്ക്കുശേഷം പിശാചിനെ അഗാധകൂപത്തിൽ നിന്നു അഴിച്ചുവിടും. അവൻ ചെന്നു ഭൂമിയെ തെറ്റിക്കുകയും മശിഹയോടും അത്യുന്നതനോടും മത്സരിക്കുവാനായി രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും വശീകരിക്കും. മതത്തിന്റെയും ആരാധനയുടെയും പേരിൽ തന്നെയായിരിക്കും രാഷ്ട്രങ്ങൾ വേർപിരിയുന്നത്. യിസ്രായേലിനെയും പിന്തുണച്ചവരും എതിർത്തവരും എന്നിങ്ങനെ ആയിരിക്കും വേർതിരിവും വിഘടനവും. അവർ വന്നു യെരൂശലേം പിടിച്ചു അതിനെ തലസ്ഥാനനഗരിയാക്കുവാൻ സാത്താൻ ഉത്സാഹിപ്പിക്കും (യെഹ:38:14-18). ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ഇതു ചെയ്തതു എതിർക്രിസ്തു ആയിരുന്നുവല്ലോ.
മഴക്കോൾ വരുന്നതുപോലെ ആയിരിക്കും (അതായതു ആകാശ യുദ്ധം) യുദ്ധത്തിനു സൈന്യം വരുന്നതു (യെഹ: 38:9). എന്നാൽ ഹർമ്മഗെദ്ദോനിൽ സൈന്യത്തിനു എണ്ണം ഉണ്ടായിരുന്നു -ഇരുപതുകോടി (വെളി:9:16). എന്നാൽ ഈ സൈന്യത്തിനു എണ്ണമില്ല.
ഈ യുദ്ധത്തിൽ മശിഹായ്ക്കു വേണ്ടിയും യിസ്രായേലിനു വേണ്ടിയും മനുഷ്യർ പോരാടുകയില്ല. പ്രകൃതി പിശാചിനു എതിരെ പോരാടും. ആദ്യം അതിശക്തമായ ഒരു ഭൂകമ്പം യിസ്രായേൽദേശത്തു ഉണ്ടാകും (യെഹെ:38:19). അതിന്റെ പ്രകമ്പനം അതിശക്തമായിരിക്കും. അതിന്റെ പരിഭ്രമത്തിൽ ശത്രു സൈന്യം അന്യോന്യം വെട്ടും (വാക്യം 21). തുടർന്നു അതിശക്തമായ മഹാമാരി ഉണ്ടാകും. പെരുമഴയും വലിയ ആലിപ്പഴവീഴ്ചയും അകമ്പടിയായി ഉണ്ടാകും. പിന്നെ ആകാശത്തുനിന്നും തീയും ഗന്ധകവും വർഷിക്കപ്പെടും (വാക്യം 22) ഇതിനെയാണു ചൂളപോലെ കത്തുന്ന ഒരു ദിവസം എന്നു മലാഖി വിളിച്ചിരിക്കുന്നത് (4:1). അന്നാളിൽ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ മശിഹ യിസ്രായേലിനു നീതിസൂര്യനായി രോഗോപശാന്തിയോടു കൂടെ ഉദിക്കും. ദുഷ്ടന്മാർ ദഹിച്ചു വെണ്ണീറായി മാറിയിരിക്കും. നാലാം ലോകമഹായുദ്ധത്തിനും കാലാവസാനത്തിനും മദ്ധ്യേ ഏറ്റവും കുറഞ്ഞതു ഏഴുമാസം ഉണ്ടായിരിക്കുമെന്നു യെഹസ്കേൽ പ്രവചിച്ചു. ഈ കാലയളവു ദേശത്തെ ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് (38:14). അനന്തരം ക്രിസ്തു തന്റെ വെള്ളസിംഹാസനം യെരൂശലേമിൽ സ്ഥാപിക്കും. ഉടനെ രണ്ടാം പുനരുദ്ധാനം സംഭവിച്ച മരിച്ചവർ അബാലവൃദ്ധം സിംഹാസനത്തിനു മുമ്പിൽ വെളിപ്പെടുകയും ചെയ്യും. ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കടുത്ത വിധിയുണ്ടാകും. പിന്നെ മരണത്തെയും പതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിടും.
ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവരെയും തീപ്പൊയ്കയിൽ തള്ളിയിടും (വെളി:20:11-15).
ഇതോടെ കാലാവസാനം സംഭവിക്കുകയും മനുഷ്യവർഗ്ഗം നിത്യജീവനിലേക്കും നിത്യനാശത്തിലേക്കും രണ്ടായി വേർതിരിക്കപ്പെടുകയും ചെയ്യും. ഹെർമ്മഗെദ്ദോൻ യുദ്ധത്തിന്റെ അവസാനം യുഗാവസാനം ആണെങ്കിൽ ഗോഗു-മാഗോഗ് യുദ്ധത്തിന്റെ സമാപനം കാലാവസാനം ആയിരിക്കും. അന്നാളിൽ പ്രപഞ്ചത്തിന്റെ കേന്ദ്രം പുതിയ യെരൂശലേം ആയിരിക്കും. ഇന്നു നമ്മുടെ ഗാലക്സിയുടെ കേന്ദ്രഭാഗത്തു അതിബൃഹത്തായ അതിശക്തമായ തിമോഗർത്തമാണുള്ളത്. അന്ധകാരത്തെ ചുറ്റിപ്പറ്റിയാണു ഇന്നു പ്രപഞ്ചം ചലിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അന്നാളിൽ ദൈവതേജസ്സാൽ ചുറ്റിമിന്നി പരിലസിക്കുന്ന പുതിയ യെരൂശലേം പുരിയായിരിക്കും പ്രപഞ്ചത്തിന്റെ കേന്ദ്രം. അതു വെറുമൊരു നഗരം ആയിരിക്കുകയില്ല. പുതിയൊരു ജ്യോതിർഗോളമായിരിക്കും. അനദിവിദൂരഭാവിയിൽ ഇതു സംഭവിക്കേണ്ടിയിരിക്കുന്നു. ഈ സ്വർഗ്ഗീയമർമ്മം കാലാകാലങ്ങളിലായി ദീർഘദർശ്ശികളായ അവന്റെ ദാസന്മാർക്കു മറനീക്കി വെളിപ്പെട്ടു കിട്ടിയ ഭാവികാലദൈവിക പദ്ധതിയാണ്. ലോകം അതിലേക്കു അതിദ്രുതം നീങ്ങിക്കൊണ്ടിരിക്കുന്നു. യുഗാവസാനം നമ്മുടെ കർത്താവിന്റെ മേഘപ്രത്യക്ഷതയാണ്. അതിനായി ഒരുങ്ങാം. ആമേൻ കർത്താവേ വരേണമേ.
Advertisement




























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































