100 വച്ചാൽ 110 | കാലികം 

100 വച്ചാൽ 110  | കാലികം 

സജി പീച്ചി 

പെന്തെകോസ്ത് ഉപദേശങ്ങൾ വികലവും വിഷലിപ്തവുമാക്കാൻ  ഒരുമ്പെട്ട് ചിലർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നും പോലെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങൾക്ക്  ആഘോഷമാണ്.   പുതിയ തലമുറയുടെ പല ട്രെൻഡുകളും പെന്തകോസ്ത് ഉപദേശങ്ങൾക്ക്  നിരക്കുന്നതല്ല. ന്യൂജൻ പെന്തെകോസ്ത്കാരുടെ തോളിൽ കയ്യിട്ടു നടക്കുന്ന പാരമ്പര്യ പെന്തകോസ്ത്കാരും ഇത്തരം കെണിയിൽ പെട്ടു പോകുന്നുണ്ട്. 

പതിരും മണിയും തമ്മിൽ വേർതിരിച്ചെടുക്കാൻ പലർക്കുമാവുന്നില്ല. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്ന് കർത്താവ് പറഞ്ഞത് പോലെ പലതും നിറവേറിക്കൊണ്ടിരിക്കുന്നു. നാം പെന്തകോസ്ത് വക്താക്കളെന്നു വിശ്വാസമർപ്പിച്ച പലരും അമിത കൃത്തിപ്പ്കാരോ ദുരുപദേശകരൊ അവരുടെ ആശ്രിതരോ ആണെന്ന് തോന്നി ത്തുടങ്ങിയിട്ടുണ്ട്. അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇനിയും മറ നീക്കി വെളിപ്പെടാനിരിക്കുന്നതേയുള്ളൂ.

പണം..പ്രശസ്തി.. വ്യക്തി പൂജ.. സജീവ രാഷ്ട്രീയം എന്നിവയുടെ ചുവടു പിടിച്ച് പലരും കളം മാറി ചവുട്ടി തുടങ്ങി. മറ്റു ചിലർ സഭാ രാഷ്ട്രീയം കൈയ്യിൽ എടുത്തു അമ്മാനമാടുന്നു.  സ്ഥാനമാനങ്ങൾ സ്വയം പകുത്തെടുക്കുന്നു. ചിലതെല്ലാം മറ്റുള്ളവർക്ക് പങ്കു വയ്ക്കുന്നു. മിക്കവരും സ്ഥാപിത താല്പര്യക്കാരാണ്. പെന്തകോസ്ത് ഇന്ന് പലർക്കും ഉദ്ദിഷ്ട കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന വളക്കൂറുള്ള മണ്ണാണ്. 

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഒരു  മീറ്റിംഗ് കണ്ടു. പണ്ട് കാലങ്ങളിൽ വഴിത്തലക്കൽ ഇരുന്നു വയ്‌ രാജാ വയ്‌ എന്നപോലെ പണത്തിന്റെ പ്രലോഭനം കൊടുത്ത് നിർബന്ധ പിരിവു നടത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ  പ്രചരിക്കുന്നു. യാതൊരു മടിയുമില്ലാതെ സദസ്സിലുള്ളവരോട് പച്ചയ്ക്ക് പണം ആവശ്യപ്പെടുകയാണ്. ഇതൊക്കെ കേൾക്കാനും അനുസരിക്കാനും പഞ്ച പുച്ഛമടക്കി നിൽക്കുന്ന കുറെ അടിമകളുടെ കൂട്ടായ്മയായി പെന്തകോസ്ത് അധഃപതിച്ചിരിക്കുന്നു. .!!! 

ഒരു കാലത്ത് നമ്മുടെ നാട്ടിൽ കൂണ് പോലെ ബ്ലേഡ് കമ്പനികൾ പ്രവർത്തിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചപ്പോൾ സർക്കാർ നിയമം മൂലം അവ നിരോധിച്ചു.  ഇപ്പോൾ  അവരുടെ പിൻഗാമികളാണോ പുതിയ വേഷത്തിലും ഭാവത്തിലും പെന്തകോസ്തിൽ അരങ്ങേറ്റം നടത്തിയിരിക്കുന്നത് എന്ന് സംശയിച്ചു പോകുന്നു.
 
സ്വയംഭൂ പ്രവാചകരും സ്വയംഭൂ ഇടയന്മാരും സ്വയംഭൂ അപ്പോസ്തലന്മാരും ചമഞ്ഞ് പെന്തകോസ്ത്തിനുള്ളിൽ ഇവർ ബ്ലേഡ് കമ്പനി നടത്തുകയാണ്. വിശ്വാസികളെ പച്ചയ്ക്ക് വഞ്ചിക്കുന്നു. നിയമ പാലകർ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതാണ്. സുവിശേഷത്തിന്റെ മറവിൽ ആർക്കും എന്തും ചെയ്യുകയും പറയുകയും ചെയ്യാമെന്ന സ്ഥിതി വന്നെത്തി. മതത്തിന്റെ മറവിൽ കാണിച്ചു കൂട്ടുന്ന അസംബന്ധങ്ങൾക്ക് ഇനിയെങ്കിലും അറുതി വരുമോ..? 

സ്വയംഭൂ അപ്പോസ്തോലനായ ഒരു ചെറുപ്പക്കാരൻ അന്ന് സ്തോത്രകാണിക്ക ഇല്ലെന്ന് പറഞ്ഞ് മറ്റൊരിനവുമായി രംഗത്ത് വരുന്നു. 100 വച്ചാൽ 110 കിട്ടും എന്ന ഓഫർ..!!! അതിനേക്കാൻ തങ്ങൾക്ക് മെച്ചമുള്ള ഒരു തന്ത്രം പ്രയോഗിക്കുന്നു. തുടർന്ന് തങ്ങളുടെ വാലറ്റ് എടുക്കാൻ കല്പ്പിക്കുന്നു. 2000 രൂപ പുറത്ത് എടുക്കാൻ പറഞ്ഞ ശേഷം അവരോടു കൈ ഉയർത്താനും മുന്നോട്ട് വരാനുമൊക്കെ പറയുന്നു. ഇത്തരം ഗൂഡ തന്ത്രങ്ങളാണ് പെന്തകോസ്ത് ന്റെ മേലെഴുത്തിൽ ഇവിടെ അരങ്ങേറുന്നത്.

പണസമ്പാദനത്തിന് കണ്ടു പിടിച്ച മറ്റൊരു മാർഗ്ഗം. സത്യം മറച്ചു പിടിച്ച് നടത്തുന്ന കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും ദീർഘനാൾ നീണ്ടു നിൽക്കില്ല എന്നത് ഉറപ്പാണ്. എന്തായാലും ഏലിയാവിന്റെ കാലത്ത് ബാലിനു മുട്ടുമടക്കാത്ത ഏഴായിരം പേരെ ശേഷിപ്പിച്ചത് പോലെ ഇന്നും ആരെല്ലാം എന്തെല്ലാം ഉഡായിപ്പുകൾ നടത്തിയാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു ശേഷിപ്പ് എക്കാലവും ഉണ്ടെന്നത് യാഥാർഥ്യമാണ്.

Advertisement