എല്ലാവര്‍ക്കും 'എവരി ഹോം ക്രൂസേഡായ' സാം സി. സാമുവല്‍

എല്ലാവര്‍ക്കും 'എവരി ഹോം ക്രൂസേഡായ' സാം സി. സാമുവല്‍

എല്ലാവര്‍ക്കും 'എവരി ഹോം ക്രൂസേഡായ' സാം സി. സാമുവല്‍

തയ്യാറാക്കിയത്
സജി മത്തായി കാതേട്ട്

ഇനിയെന്താണ് മോഹം?
ചോദ്യം കേട്ട് ചുളിവുകള്‍ വീണ മുഖത്ത് നിലാവുള്ള ചിരി. 'പറ്റുമെങ്കില്‍ പത്തു ഭവനങ്ങളിലെത്തി കര്‍ത്താവിനെക്കുറിച്ച് പറയണം'.

മറ്റൊന്നുമില്ലേ?

'സുവിശേഷം പറഞ്ഞ ഗ്രാമങ്ങളിലെല്ലാം ഒന്നുകൂടി നടക്കണം. അവിടെയുള്ള സഭകളിലെ വിശ്വാസികളെ കാണണം. സുവിശേഷം പറഞ്ഞവരോട് ഒന്നുകൂടി സംസാരിക്കണം'.

അപ്പോള്‍ കണ്ണിലെ കാഴ്ച പ്രശ്നങ്ങളോ?

'അതൊന്നും എനിക്ക് സാരമില്ല ഗ്രാമങ്ങളിലെ ജനങ്ങളുടെ ശബ്ദത്തില്‍ എല്ലാം ഉണ്ടാകും. ഞാന്‍ അതില്‍ സംതൃപ്തനാകും.

83-ാം വയസ്സിലും സുവിശേഷദാഹം തിങ്ങിനിറഞ്ഞ മനസ്സിന്‍റെ ആഗ്രഹങ്ങള്‍ക്കു മുന്നില്‍ ഞാന്‍ വിസ്മയഭരിതനായി. സുവിശേഷ ചരിത്രത്തിലെ ജീവിക്കുന്ന വ്യക്തികളിലെ അഗ്രഗണ്യനായ സാം സി. സാമുവല്‍സാര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്  ആഗ്രഹങ്ങളുടെ കെട്ടഴിച്ചത്.
നടന്നു തീര്‍ക്കേണ്ടിടമെല്ലാം ഓടിത്തീര്‍ത്ത സംതൃപ്തിയിലാണ് സാം സി. സാമുവേല്‍സാര്‍.
ചെല്ലുന്നിടത്തെല്ലാം കൈകളില്‍ എവരി ഹോമിന്‍റെ ട്രാക്റ്റോ ഗിഡിയന്‍സിന്‍റെ ബൈബിളോ ഉണ്ടാകും. അവയെല്ലാം കൊടുത്തു തീര്‍ന്നാലും സംതൃപ്തിയാവാതെ അപരന്‍റെ ഉള്ളില്‍ തട്ടുന്ന സ്വരത്തില്‍ രണ്ടുമൂന്നു ചോദ്യങ്ങള്‍ സൗമ്യമായി ചോദിക്കും. ഉത്തരം പറഞ്ഞും ചോദ്യങ്ങള്‍ ചോദിച്ചും ക്രിസ്തുവിനെ പ്രസന്‍റ് ചെയ്യുമ്പോഴേക്കും പിന്നെ അവിടെ അഞ്ചാറു പേരെങ്കിലും വട്ടംകൂടുന്ന യോഗമാകും. അതാണ് സാം സി. സാമുവേല്‍സാറിന്‍റെ ഏറ്റവും വലിയ 'ക്രൂസേഡ്'. അവരില്‍ ചിലര്‍ മനംതിരിയും, മറ്റുചിലര്‍ക്ക് പാപബോധമുണ്ടാവും, വേറെ ചിലര്‍ക്ക് ക്രിസ്തു ആരെന്ന് ബോധ്യമാവും. വൈകുന്നേരമാവുമ്പോഴേയ്ക്കും ഇത്തരം പല ക്രൂസേഡുകളിലുടെ പലരും അനുധാവനം ചെയ്യുന്നവരാകും. അങ്ങനെ പലരുടെയും ഉള്ളില്‍ സാംസാര്‍ ക്രിസ്തുശിഷ്യനയി  നിറഞ്ഞുനില്‍ക്കും.

കൊല്ലം ശങ്കേഴ്സ് ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്ത് സാം കോട്ടേജില്‍, ക്രേവന്‍സ് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന സിറില്‍ സാമുവലിന്‍റെയും ബെസ്സിയുടെയും മക്കളില്‍ മൂന്നാമനായി 1943 ഏപ്രില്‍ 26ന് സാം സി. സാമുവലിന്‍റെ ജനനം. മേരി, സൂസി എന്നിവര്‍ സഹോദരിമാര്‍.
മാതാപിതാക്കള്‍ സിഎസ്ഐ പള്ളിയിലെ ആത്മീയകാര്യങ്ങളില്‍ സജീവമായിരുന്നതിനാല്‍ കൂട്ടായ്മായോഗങ്ങള്‍ ഒന്നും മുടക്കിയിരുന്നില്ല.

പള്ളിയിലെ അച്ചന്‍റെ അസാന്നിധ്യത്തില്‍ ശുശ്രൂഷകള്‍ ഏറ്റെടുത്തു നടത്തിയിരുന്നത് പിതാവായിരുന്നു.

ബാലനായ സാമിന് ചെറുപ്രായം മുതലേ കണ്ണിന്‍റെ കാഴ്ചയ്ക്ക് പ്രയാസം അനുഭവപ്പെട്ടിരുന്നു. പട്ടണത്തിലെ പ്രസിദ്ധനായ കണ്ണ്ഡോക്ടറെ കാണിച്ചപ്പോള്‍ 'ഈ പ്രയാസം കൂടി വരികയേയുള്ളു. ഒരുപക്ഷേ 15-16 വയസ്സിനുശേഷം പഠിക്കുവാന്‍പോലും സാധിച്ചേക്കില്ല' എന്നുള്ള ഡോക്ടറുടെ ഈ നിരീക്ഷണം മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചു.

ദൈവം സൗഖ്യമാക്കും എന്ന മാതാവിന്‍റെ ഉറച്ച വിശ്വാസത്താല്‍ എല്ലാ കൂട്ടായ്മായോഗങ്ങളിലും മകന്‍റെ രോഗസൗഖ്യത്തിനായി പ്രാര്‍ഥിക്കുവാന്‍ അവര്‍ ആവശ്യപ്പെടുമായിരുന്നു.
കൊല്ലത്തെ ക്രേവന്‍സ് സ്കൂളില്‍ തന്നെയായിരുന്നു സാമിന്‍റെ വിദ്യാഭ്യാസം. ഇതോടൊപ്പം സണ്ടേസ്കൂളിലും ആത്മീയ കാര്യങ്ങളിലും സാമും സജീവമായി. പഠനത്തില്‍ മുമ്പിലായിരുന്നു.
പ്രീ-യൂണിവേഴ്സിറ്റി പഠനം കൊല്ലം ഫാത്തിമാ കോളേജിലായിരുന്നു. പഠനത്തിനിടയില്‍ കാശ്മീരിലെ മിഷനറിമാരായിരുന്ന പി.എം. തോമസ്, ഫെഡറിക് യൂക്കാവി എന്നിവരുടെ ഉണര്‍വ്വ് യോഗങ്ങളില്‍ സംബന്ധിച്ച് 16-ാം വയസില്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. 

ഇക്കാലയളവില്‍ വിദ്യാര്‍ഥികളുടെയിടയിലെ അത്മീയ  സംഘടനയായ ഇ.യുവില്‍ ആകൃഷ്ടനായി. 
സാമിന്‍റെ അടുത്ത സുഹൃത്തായിരുന്നു കൊല്ലം എസ്.എന്‍. കോളേജിലെ വിദ്യാര്‍ഥിയായ ജോണ്‍ ജോര്‍ജ് (രാജുച്ചായന്‍, ക്വയ്ലോണ്‍ ഏജന്‍സീസ്) ഇവര്‍ ഒന്നിച്ച് ഇ.യുവിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില്‍ തോമസ് എന്ന് പേരുള്ള ടിപിഎം സഭാംഗമായ മറ്റൊരു സുഹൃത്തിനെയും സാമിനു ലഭിച്ചു. തോമസില്‍ നിന്നുമാണ് വിശ്വാസ സ്നാനം എന്ന പുതിയനിയമ ഉപദേശം മനസ്സിലാക്കിയത്. സത്യം മനസിലാക്കിയ സാം വീട്ടുകാരുടെ എതിര്‍പ്പിനെ ഭയപ്പെടാതെ കൊട്ടാരക്കരയില്‍ ചെന്ന് വിശ്വാസസ്നാനം സ്വീകരിച്ചു.

സാമിന്‍റെ സ്നാനവാര്‍ത്ത അറിഞ്ഞ പിതാവ് സിറില്‍ സാമുവല്‍ മകന്‍റെ മുമ്പില്‍ പൊട്ടിക്കരഞ്ഞു. മകന്‍ വഴിവിട്ട് പോകുകയാണല്ലോ എന്നോര്‍ത്തായിരുന്നു ഭയം.
ഇതിനോടകം സാമിന്‍റെ മാതാവ് മരണപ്പെട്ടിരുന്നു. 

പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം കൊല്ലം എസ്.എന്‍. കോളേജിലായിരുന്നു.
തുടര്‍ന്ന് ദൈവവചനം പഠിക്കണമെന്ന ആഗ്രഹത്തോടെ മഹാരാഷ്ട്രയിലെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. ബി.ഡി. ബിരുദം കരസ്ഥമാക്കി. 
ഇവിടെ മൂന്നാംവര്‍ഷ പഠനത്തിനിടയില്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപെടല്‍ അനുഭവിച്ചറിഞ്ഞു.

തന്‍റെ കാഴ്ചശക്തി കുറഞ്ഞുകുറഞ്ഞുവരുന്നതില്‍ മനംനൊന്ത സാം ആ വര്‍ഷത്തെ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തത്. തന്‍റെ മാനസിക സംഘര്‍ഷം ദൈവമുമ്പാകെ ഉണര്‍ത്തിച്ചു. 

ലിബറല്‍ തിയോളജി പുസ്തകങ്ങള്‍ നിരന്തരം വായിച്ചതുമൂലമാണ് തന്‍റെ കണ്ണിനു കാഴ്ചക്കുറവുണ്ടായതെന്ന ബോധ്യത്തില്‍ സൗഖ്യം നല്‍കണമേയെന്ന് ദൈവത്തോട് അപേക്ഷിച്ചു, പാപങ്ങള്‍ ഏറ്റുപറഞ്ഞു. 

സ്വര്‍ഗത്തിന് പ്രവര്‍ത്തിക്കാതിരിക്കുവാനാകാത്ത അവസ്ഥ. അന്നത്തെ സമാപനസമയത്തെ തിരുവത്താഴ ശുശ്രൂഷയ്ക്ക് ശേഷം, ഒരു ദൈവീക സ്പര്‍ശനം. മങ്ങിയ കണ്ണില്‍ ചേതനയുണ്ടായി. തന്‍റെ കാഴ്ചശക്തി തിരികെ ലഭിച്ചു. അത്ഭുതസൗഖ്യത്തിന് ഉടമയായ സാം ആഹ്ലാദത്തോടെ ദൈവത്തെ സ്തുതിച്ചു. സെമിനാരിയിലെ ജീവിക്കുന്ന അത്ഭുതമായി മാറിയ സാം ബി.ഡി. ബിരുദം പൂര്‍ത്തിയാക്കി. 

സെമിനാരിയിലെ പഠനത്തിനുശേഷം ഇ.യുവിന്‍റെ പ്രവര്‍ത്തകനായി മാറണം എന്നതായിരുന്നു ആഗ്രഹം. എന്നാല്‍, ദൈവഹിതം മറ്റൊന്നായിരുന്നു.  അങ്ങനെയാണ് ഇന്ത്യ എവരി ഹോം ക്രൂസേഡിന്‍റെ ഭാഗമായി തീര്‍ന്നത്. ഡി. ജോഷ്വയെയാണ് ദൈവം അതിനു മുഖാന്തരമാക്കിയത്.
35 വര്‍ഷം സാം സി. സാമുവേല്‍ എവരി ഹോം ക്രൂസേഡില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. നിരവധി അത്ഭുതങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും സാക്ഷിയാകുവാന്‍ ദൈവം അദ്ദേഹത്തെ ഒരുക്കി.
1975ല്‍ എവരി ഹോം ക്രൂസേഡ് കേന്ദ്ര നേതൃത്വം സാം സി. സാമുവേലിനെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. ഈ കാലയളവില്‍ അദ്ദേഹം കുടുംബമായി കോട്ടയത്തെത്തി ഒട്ടേറെ നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രക്ഷയിലേക്ക് വരുന്നവരെ വചനം പഠിപ്പിക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളി. ഈ ലക്ഷ്യത്തില്‍ ക്രൈസ്റ്റ് ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിക്കുവാന്‍ മുന്നിട്ടിറങ്ങി. നിരവധി ക്രൈസ്റ്റ് ഗ്രൂപ്പുകള്‍ അവിടെയായി സ്ഥാപിക്കപ്പെട്ടു. ഇങ്ങനെ ആരംഭിച്ച ക്രൈസ്റ്റ് ഗ്രൂപ്പുകള്‍ പിന്നീട് പ്രാദേശിക സഭകളായി മാറി. മിഷണറിമാരെ സജ്ജരാക്കുന്ന ട്രെയിനിങ് പ്രോഗ്രാമിനും തുടക്കമായി. സ്കൂള്‍ ഓഫ് പ്രെയറിന്‍റെ പ്രവര്‍ത്തനവും അനേകരെ പ്രാര്‍ഥനാജീവിതത്തിലേക്ക് സ്വാധീനിച്ചു. 

വിപ്ലവകരമായ മാറ്റങ്ങള്‍ക്കും ഉണര്‍വിനും തുടക്കക്കാരനായ സാം സി. സാമുവേല്‍സാര്‍ 1990- ല്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ചെങ്കിലും
'ഓപ്പറേഷന്‍ അഗപ്പെ' എന്ന സംഘടനയില്‍  പ്രവര്‍ത്തിക്കുന്നു.   വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ക്ഷീണതനായ സാം സി. സാമുവേല്‍ കോട്ടയത്തെ വീട്ടില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.

1. ഒരു സീനിയര്‍ ഇവാഞ്ചലിസ്റ്റ് എന്ന നിലയില്‍ ഇന്നത്തെ പെന്തെക്കോസ്തിനെ എങ്ങനെ വീക്ഷിക്കുന്നു?
ഞാനൊരു പഴയ ഉപദേശിയാണ്. അതുകൊണ്ട് 
പഴയ പെന്തെക്കോസ്തിനെയാണ് എനിക്കിഷ്ടം. കൂടിവരവുകളിലെ ഊഷ്മളത ഇന്നത്തെ പെന്തെക്കോസ്തില്‍ ഇല്ല.
ഇനി ഒരു മടങ്ങിവരവ് ഉണ്ടായില്ലെങ്കില്‍ പെന്തെക്കോസ്ത് വെറുമൊരു സംഘടനയായി തുടരും.
2. ഇന്നത്തെ പെന്തെക്കോസ്തു സഭകളില്‍ വേ@ായിരുന്നു എന്ന് കരുതുന്ന കാര്യങ്ങളില്‍ രെ@ണ്ണം പറയാമോ?
*പൊയ്മുഖം നിറഞ്ഞ ആത്മീയ പെരുമാറ്റങ്ങള്‍. സദാസമയവും ആത്മീയത പറഞ്ഞ് യഥാര്‍ഥ ആത്മീയതയുടെ മാറ്റ് കുറയ്ക്കുന്ന കപടത.
*സഭതലത്തിലെ അമിതമായ രാഷ്ട്രീയം
*ഉണര്‍വും ആത്മീയാന്തരീക്ഷവും ഇല്ലാത്ത കൂടിവരവുകള്‍
3. ഇന്നത്തെ സഭകളില്‍ നിര്‍ബന്ധമായും ഉ@ായിരിക്കേണ്ട ചില (മാറ്റങ്ങള്‍) നിര്‍ദ്ദേശങ്ങള്‍?
*സുവിശേഷപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും 'എവരി ഹോം' ആവുക
*സഭകളില്‍ നിരന്തരമായ ബൈബിള്‍ ക്ലാസുകളും ആളാംപ്രതിയുള്ള സുവിശേഷവേലയ്ക്കുള്ള ആഹ്വാനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക.
*സാമൂഹിക പ്രവര്‍ത്തനങ്ങളും നന്മകളും ചെയ്യാനുള്ള സഭയുടെ നിതാന്ത ജാഗ്രത
4. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം?
*എന്‍റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു സമയത്താണ് സി. ജോര്‍ജ് സാറുമൊത്ത് ഒരു മോണിംഗ് പ്രയര്‍ ആരംഭിക്കാനിടയായത്. എല്ലാ ദിവസവും അതിരാവിലെ ഞങ്ങള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുമായിരുന്നു. 18 വര്‍ഷങ്ങള്‍ അതു മുടങ്ങാതെ തുടര്‍ന്നു. ആ പ്രഭാത പ്രാര്‍ഥനയായിരുന്നു വടക്കേ ഇന്ത്യയിലെ പല പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതിന് മുഖാന്തരമായത്. രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കാന്‍ ചിലപ്പോഴൊക്കെ മടിയൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍, സി. ജോര്‍ജ് സാര്‍ എന്നെക്കാള്‍ 18 വയസ്സ് കൂടുതലുള്ള ആളായിരുന്നു. അദ്ദേഹം ഒരു കപ്പ് ചായ ഉണ്ടാക്കി കാത്തിരിപ്പുണ്ടാകും എന്നോര്‍ക്കുമ്പോള്‍
എനിക്ക് പോകാതിരിക്കാനാവില്ല.  ഞങ്ങള്‍ രണ്ടുപേരും തനിച്ചു പ്രാര്‍ഥിച്ച ആ ദീര്‍ഘവര്‍ഷങ്ങളിലെ പ്രഭാത പ്രാര്‍ഥനകള്‍ വലിയ ഒരു അനുഭവമായിരുന്നു. ആ കാലം എനിക്ക് ഒരിക്കലും മറക്കാനാവില്ല.
5. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗവിഷയം?
*കര്‍ത്താവിന്‍റെ ക്രൂശീകരണവും  മണവാട്ടിയായ സഭയെ ചേര്‍ക്കാന്‍ വരുന്ന രണ്ടാംവരവും
6. ആത്മീയരംഗത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍, സ്വാധീനിക്കാന്‍ ഉ@ായ മൂന്നു സവിശേഷതകള്‍?
പാസ്റ്റര്‍മാരായ പി.എം. ഫിലിപ്പ്,  ടി.ജി. ഉമ്മന്‍ എന്നിവര്‍.
ഇവരുടെ ആത്മാര്‍ഥതയുള്ള മികച്ച പ്രസംഗവും അതുപോലെയുള്ള ജീവിതവും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും ഇച്ഛാശക്തിയും ഇവരിലെ പ്രത്യേകതയാണ്.
കഷ്ടതയിലും അവരിലെ സംതൃപ്തി ശ്രദ്ധേയമാണ്.
7. ജീവിതചര്യ, ഭക്ഷണം, ഇഷ്ടങ്ങള്‍?
*രാവിലെയുള്ള ബൈബിള്‍ ധ്യാനവും പ്രാര്‍ഥനയും.
ഓരോ ദിവസവും അസൈന്‍ ചെയ്തിരിക്കുന്ന ജോലികള്‍ ചെയ്തു തീര്‍ക്കുക
ഏതു ഭക്ഷണവും ആസ്വദിച്ച് കഴിക്കും. 
*പ്രത്യേകമായ ഇഷ്ടങ്ങള്‍ ഒന്നുമില്ല.
പക്ഷേ ആരോടെങ്കിലും സുവിശേഷം പറഞ്ഞു കഴിയുമ്പോള്‍ മനസ്സിന് നല്ല സംതൃപ്തി ഉണ്ടാകും.
8. ഇന്നത്തെ തലമുറ ചെയ്യേണ്ട മൂന്ന് നാല് കാര്യങ്ങള്‍?
*ദൈവത്തിലുള്ള ആശ്രയം
*ലക്ഷ്യബോധത്തോടെ ഏത് കാര്യവും ചെയ്തുതീര്‍ക്കുക
*മുടങ്ങാതെ ബൈബിള്‍ വായിക്കുകയും നിരന്തരമായ വചനപഠനവും
*ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക
9. പെന്തെക്കോസ്തിന്‍റെ പ്രത്യേകതകള്‍?
*കറകളഞ്ഞ അടിസ്ഥാനോപദേശം
*മറ്റുള്ളവരുടെ പ്രയാസം മനസ്സിലാക്കി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള സഹായിക്കാനുള്ള നല്ല മനസ്സ്
*വേദവചനത്തെ നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യാനുള്ള ദാഹം
10. കുടുംബം ?
ഭാര്യ: പരേതയായ സൂസന്‍.
മക്കള്‍: ജോസഫ് സി. സാമുവല്‍, ബെസി സാമുവല്‍, അനു സാമുവല്‍, എമി സാമുവല്‍.
മരുമക്കള്‍: ജോയി ശാമുവേല്‍ (എറണാകുളം), ബിജു മാത്യു (ജബല്‍പൂര്‍), ഷിജു നൈനാന്‍ (ബാംഗ്ലൂര്‍), ജോര്‍ജ് റ്റി. ഏബ്രഹാം (കാനഡ)

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement