ആ ഒറ്റപ്പെട്ട ശബ്ദം | യേശു പാദാന്തികം
യേശു പാദാന്തികം 11
ആ ഒറ്റപ്പെട്ട ശബ്ദം
സജു മാത്യു
പ്രവാചകന്‍ ദൈവത്തിന്‍റെ വാക്കുകള്‍ മനുഷ്യനോട് പറയുന്നവനാണ്. കേള്‍ക്കുന്നവന് ഇഷ്ടമില്ല എന്ന കാരണത്താല്‍ സന്ദേശം മാറ്റാന്‍ പ്രവാചകന് അനുവാദമില്ല. ഏറാന്‍മൂളികളായ നാനൂറ് പ്രവാചകന്മാരും ഇപ്പോള്‍ ചെയ്തിരിക്കുന്നത് അതാണ്. അവര്‍ പ്രവചിക്കുന്നതു രാജാവിനെ പ്രസാദിപ്പിക്കാനാണ്. അല്ലാതെ ദൈവശബ്ദം കേള്‍പ്പിക്കാനല്ല.
വായനഭാഗം: 2 ദിനവൃത്താന്തം 18:1-34
"അതിനു മീഖയാവ് : യഹോവയായ എന്‍റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു" (2 ദിനവൃത്താന്തം 18:13).
യിസ്രായേല്‍ രാജാവായ ആഹാബും യഹൂദാ രാജാവായ യഹോശാഫാത്തും ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ഗിലയാദിലെ രാമാത്ത് എന്ന പട്ടണം പിടിക്കാന്‍ പുറപ്പെട്ടു. ആഹാബ് രക്തപാതകിയായ ഒരു അനാത്മിക രാജാവാണെന്നു നമുക്കറിയാം. യഹോശാഫാത്ത് അങ്ങനെയല്ല. അല്പമൊക്കെ ദൈവഭക്തിയുള്ള ആള്‍!. 2 ദിനവൃത്താന്തം 17-ാം അധ്യായം മുഴുവന്‍ യഹോശാഫാത്തിന്‍റെ ഭക്തിയെപ്പറ്റിയും കഴിവുകളെപ്പറ്റിയും വിവരിക്കുന്നുണ്ട്. അങ്ങനെയുള്ള ഭക്തനായ യഹോശാഫാത്ത് എങ്ങനെ ഒരു നീചരാജാവിനോടു കൂട്ടുകൂടി?
2 ദിന:18:1ല്‍ നാം കാണുന്നു, അവന്‍ ആഹാബിനോടു കൂടെ സംബന്ധം കൂടി! അവിശുദ്ധ വിവാഹമാണു പല ഭക്തരെയും വലച്ചു കളയുന്നത്!
ഒരിക്കല്‍ യഹോശാഫാത്ത് 'ബന്ധുക്കാര'നായ ആഹാബിനെ കാണാന്‍ ശമര്യയിലെത്തി. ഒരു വലിയ വിരുന്നൊരുക്കി ആഹാബ് യഹോശാഫാത്തിനെ 'വശീകരിച്ചു' (വാക്യം. 2). 'ഗിലെയാദിലെ രാമോത്തു പിടിച്ചടക്കാന്‍ നീ എന്നോടു കൂടെ യുദ്ധത്തിനു വരില്ലേ? ആഹാബു ചോദിച്ചു'.
ഒന്നാമതു ബന്ധുബന്ധനം. ഇപ്പോള്‍ വിരുന്നും ഒരു ബന്ധനമായിരിക്കുന്നു. ആത്മീയരെ വശീകരിക്കാന്‍ എന്നും ശത്രു ഒരുക്കുന്ന കെണികളില്‍ പ്രധാനമാണു വിവാഹവം വിരുന്നും.
"വരാം; യുദ്ധത്തിനു ഞാനും വരാം", യഹോശാഫാത്ത് പറഞ്ഞു. "എന്നാല്‍, യുദ്ധത്തിനിറങ്ങും മുമ്പ് നമുക്ക് 'ആലോചന' വേണ്ടേ? യഹോവയുടെ പ്രവാചകന്മാരോടു ചോദിച്ചിട്ട് നമുക്ക് പുറപ്പെടാം". "അതൊരു പ്രശ്നമേയല്ല", ആഹാബു പറഞ്ഞു. യഹോവയുടെ നാമത്തില്‍ പ്രവചിക്കുന്ന നാനൂറുപേര്‍ എന്‍റെ കസ്റ്റഡിയിലുണ്ട്.
പെട്ടെന്നു തന്നെ രാജാങ്കണത്തില്‍ നാനൂറു പേര്‍ അണിനിരന്നു. തപ്പ്, വീണ, കിന്നരം, മുരജം, നൃത്തം......"പുറപ്പെടുക, രാജാവ് രാമോത്ത് പിടിച്ചടുക്കും...." അവര്‍ എല്ലാവരും ഒന്നുപോലെ പറഞ്ഞു. ആഹാബിനു സന്തോഷമായി. അവന് എല്ലാം ഒരു ചടങ്ങുപോലേയുള്ളൂ. (രണ്ടു പ്രവാചകന്മാര്‍ ഒരുകാര്യം ഒന്നുപോലെ പറഞ്ഞാല്‍ത്തന്നെ നാം സന്തുഷ്ടരാവില്ലേ?)
എന്നാല്‍ യഹോശാഫാത്തിനു കുറെക്കൂടെ ആത്മീയ വെലിച്ചമുണ്ട്. ഈ പ്രവാചകന്മാരുടെ മട്ടും രീതിയുമൊക്കെ കണ്ടിട്ട് അവന് അവരുടെ ആത്മീയതയുടെ കാര്യത്തില്‍ ഒരു സംശയം! (പ്രവചം തുച്ഛീകരിക്കരുത് എന്നൊക്കെ നാം പറഞ്ഞേക്കാം). നാനൂറു പ്രവാചകര്‍ പ്രവചിച്ചു നിര്‍ത്തിയപ്പോള്‍ യഹോശാഫാത്തു ചോദിച്ചു: "നാം അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യോവയുടെ പ്രവാചകനായിട്ട് ഇനി ആരുമില്ലേ?" (വാക്യം. 6).
"ഒരുത്തന്‍ ബാക്കിയുണ്ട്" ആഹാബു പറഞ്ഞു. എന്നാല്‍ എനിക്കവനെ ഒട്ടും ഇഷ്ടമില്ല കാരണം, എനിക്ക് എന്തിഷ്ടമാണോ, അതിന്‍റെ വിപരീതമേ അവന്‍ പ്രവചിക്കൂ. അതിനാല്‍ ഇപ്പോഴിപ്പോള്‍ ഞാനവനെ വിളിക്കാറേ ഇല്ല!
എന്തൊരു കഷ്ടം? ആഹാബു പ്രതീക്ഷിക്കുന്നത് എന്താണ്? തന്‍റെ വന്യമായ ഏതു മോഹങ്ങള്‍ക്കും 'യേസ്' എന്നു മൂളുന്നവനാകണം പ്രവാചകന്‍ എന്നോ?
പ്രവാചകന്‍ ദൈവത്തിന്‍റെ വാക്കുകള്‍ മനുഷ്യനോടു പറയുന്നവനാണ്. കേള്‍ക്കുന്നവന് ഇഷിടമില്ല എന്ന കാരണത്താല്‍ സന്ദേശം മാറ്റാന്‍ പ്രവാചകന് അവകാശമില്ല. ഏറാന്‍ മൂളികളായ നാനൂറു പ്രവാചകരും ഇപ്പോള്‍ ചെയ്തിരിക്കുന്നത് അതാണ്. അവര്‍ പ്രവചിക്കുന്നതു രാജാവിനെ പ്രസാദിപ്പിക്കാനാണ്. അല്ലാതെ ദൈവശബ്ദം കേള്‍പ്പിക്കാനല്ല.
എന്തായാലും ഒടുവില്‍ മീഖയാവ് എന്ന യഹോവയുടെ പ്രവാചകനെ രാജാങ്കത്തിലേക്ക് വിളിപ്പിക്കപ്പെടുവാന്‍ ഉത്തരവായി. "രാജാവു കാത്തിരിക്കുന്നു. ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോവുകയാണ്. നാനൂറു പ്രവാചകന്മാര്‍ പൊയ്ക്കൊള്ളുവാന്‍ പ്രവചിച്ചിട്ടുണ്ട്. നീയും വന്ന് 'യുദ്ധം ശുഭമായിരിക്കും' എന്നു പ്രവചിക്കണമേ".
"ദൈവം എന്തു പറയുന്നുവോ, അതു മാത്രമേ ഞാന്‍ പ്രവചിക്കൂ", മീഖയാവു പറഞ്ഞു. പ്രവാചകന്‍ ദൈവത്തിന്‍റെ വായ് മാത്രമാണ്. പ്രവാചകന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ 'മറ്റൊരാള്‍ക്കു പകരം സംസാരിക്കുന്നവര്‍' എന്നാണ്. അഹരോന്‍ മോശെയുടെ 'വായ്' ആയിരുന്നു (പുറപ്പാട് 4:16). അതിനര്‍ത്ഥം അഹരോന്‍ മോശെയുടെ പ്രവാചകനായിരുന്നുവെന്നാണ് (പുറപ്പാട് 7:1). മോശെയുടെ സന്ദേശം ഫറവോനു കൈമാറുന്നവനായിരുന്നു അഹരോന്‍. സന്ദശവാഹകനു സന്ദശം മാറ്റാനാവില്ല. ടെലിഗ്രാം കൊണ്ടുകൊടുക്കുന്ന ആള്‍ക്ക്, അതു സ്വീകരിക്കുന്ന ആളിനെ പ്രീതിപ്പെടുത്താനായി ,ന്ദേശം മാറ്റാന്‍ അവകാശമുണ്ടോ?
മീഖയാവ് ഒരു 'കോമ്പ്രമൈസി' നു തയ്യാറല്ലായിരുന്നു. അവന്‍ ഒറ്റപ്പെട്ട ഒരു ശബ്ദമായി. അവന്‍ രാജസന്നിധിയിലെത്തി. "പുറപ്പെടുവിന്‍, നിങ്ങള്‍ കൃതാര്‍ഥരാകും" (2 ദിനവൃത്താന്തം. 18:14) എന്നാണവന്‍ പറയുന്നത്. എന്നാല്‍ അത് ഒരു പരിഹാസ ശബ്ദമാണ്, "നാനൂറു പേര്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞില്ലേ? ചെല്ല്... ഇപ്പം കിട്ടും രാമോത്ത്!" എന്നാണവന്‍ പറയുന്നത്. "നിനക്കതു കിട്ടാന്‍ പോകുന്നില്ല രജാവേ", എന്നാണവന്‍ പറയുന്നത്.
രാജാവ് അവനോടു ചോദിക്കുന്നു..."മീഖയാവേ, എന്നോടു സത്യമേ പറയാവൂ എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?", എന്താണതിനര്‍ത്ഥം? മീഖയാവു സത്യമല്ലേ പറഞ്ഞത്? അതെ! എന്നാല്‍ രാജാവിനിഷ്ടമുള്ള സത്യമല്ല!
നാനൂറു പ്രവാചകന്മാര്‍ പറഞ്ഞതു അവരുടെ സത്യമാണ്, രാജാവിന്‍റെ സത്യമാണ്. മീഖായാവു പറഞ്ഞതു അവരുടെ സത്യമല്ല, രാജാവിന്‍റെ സത്യമല്ല, അവന്‍റെ തന്നെ സത്യവുമല്ല: ഒരേയൊരു സത്യമാണ് ദൈവത്തിന്‍റെ സത്യം! യിസ്രായേല്‍ ഇടയനില്ലാത്ത ആടാകുവാന്‍ പോകുന്നു. ഇടയന്‍ - രാജാവ് - ആഹാബ് മരിക്കാന്‍ പോകുന്നു.
മീഖയാവിന്‍റെ ഒറ്റപ്പെട്ട ശബ്ദം മൂലം അവനു വ്യാജപ്രവാചകന്‍റെ അടികൊള്ളേണ്ടി വന്നു (വാക്യം 23). കാരാഗൃഹത്തില്‍ കിടക്കേണ്ടി വന്നു (വാ. 26). ഞെരുക്കത്തിന്‍റെ അപ്പം തിന്നേണ്ടി വന്നു. ഞെരുക്കത്തിന്‍റെ വെള്ളം കുടിക്കേണ്ടി വന്നു. എന്നാല്‍ മീഖയാവിന്‍റെ ശബ്ദം- ആ ഒറ്റപ്പെട്ട ശബ്ദം- അതായിരുന്നു സത്യം. അതാണു സംഭവിച്ചത്. അവന്‍ പ്രവചിച്ചതു പോലെ തന്നെ ആഹാബു യുദ്ധത്തില്‍ മരിച്ചു.
സമര്‍പ്പണ പ്രാര്‍ത്ഥന
കര്‍ത്താവേ, ഞെരുക്കതിതിന്‍റെ അപ്പം തിന്നേണ്ടി വന്നാലും ഞെരുക്കത്തിന്‍റെ വെള്ളം കുടിക്കേണ്ടി വന്നാലും നിന്‍റെ സത്യത്തുനിവേണ്ടി സന്ധിയില്ലാതെ നിലനില്‍ക്കാന്‍ എന്നെ സഹായിക്കണേ, ആമേന്‍!
തുടര്‍വായന: മീഖാ. 2:6-11
Advt.



























Advt.
























