ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ലീഡേഴ്‌സ് കോൺഫ്രൻസിനു അനുഗ്രഹീത സമാപനം
ചേപ്പാട്: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ചേപ്പാട് പ്രത്യാശദീപത്തിൽ സംഘടിപ്പിച്ച "Leader's Conference 2K26 " അനുഗ്രഹീതമായി സമാപിച്ചു.
ഡിസ്ട്രിക്ടിലെ 70 പാസ്റ്റർമാരും കുടുംബാംഗങ്ങളും, പുത്രികാ സംഘടനകളുടെ എക്സിക്യൂട്ടീവും ഉൾപ്പടെ അംഗങ്ങൾ പങ്കെടുത്തു.
“പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ഉപവിഷയങ്ങളിൽ ക്ലാസുകൾ നടന്നു. പ്രബന്ധം ഡിസ്ട്രിക്ട് അസോസിയേറ്റ് മിനിസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ് തീം അവതരണം നടത്തി.
ശുശ്രൂഷകന്മാർ നിരന്തരമായ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി. പ്രത്യേകിച്ച് പത്രങ്ങളുടെ എഡിറ്റോറിയൽ ഭാഗങ്ങളും മറ്റും വായിച്ച് കാലിക വിഷയങ്ങളെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം ഡോ.ഫിലിപ്പ് പി. തോമസ് ചൂണ്ടിക്കാട്ടി.
പാസ്റ്റർമാരായ റോയി പി. വർക്കി, ഐസക് ജോൺ, ജോയ് തോമസ്, സാജൻ ഈശോ പ്ലാച്ചേരി, ജോസ് തോമസ്, ടിജോ തങ്കച്ചൻ, ബ്രദർ സൈമൺ തോമസ്, സഹോദരിമാരായ ആനി തോമസ്, മിനി ജൂബി എന്നിവർ വിവിധ ഉപവിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ മാത്യു എബ്രഹാം എന്നിവർ അധ്യക്ഷത വഹിച്ചു .
ശുശ്രൂഷകരുടെ മാനസിക സമ്മർദ്ദങ്ങൾ, വിശ്വാസികൾ സഭാ ശുശ്രൂഷകരിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ, ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യുന്ന വിശ്വാസികൾക്ക് ഞായറാഴ്ചകളിൽ ലഭിക്കേണ്ട ആത്മീയ ആശ്വാസം, ദൈവവചനത്തിൽ അധിഷ്ഠിതവും പ്രസക്തവുമായ സന്ദേശങ്ങളുടെ ആവശ്യകത, ഭവനസന്ദർശവും പ്രാർത്ഥനാശുശ്രൂഷയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സഭ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്നിവയും ചർച്ചയായി.
പ്രത്യാശ ദീപം അംഗങ്ങൾ ബ്രദർ സോളമൻ വർഗീസിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നിർവഹിച്ചു. ബ്രദർ കെ. ജോയ് ആശംസ അറിയിച്ചു. മാത്യു വർഗീസ്, കാർത്തികപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. വെസ്ലി പി. എബ്രഹാം കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു.
അടുത്ത ലീഡേഴ്‌സ് കോൺഫറൻസ് നവംബറിൽ ആലപ്പുഴ എബൻ ഏസർ സഭയിൽ നടക്കും.







