പ്ലാറ്റിനം തിളക്കത്തിൽ ഐപിസി ബഹ്റൈൻ;ദ്വിദിന സമ്മേളനത്തിന് അനുഗ്രഹീത സമാപ്തി
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ.
മനാമ: ഗൾഫ് മേഖലയിലെ ക്രൈസ്തവ പ്രവാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി ഐപിസി സഭയായ ബഹ്റൈൻ സഭ പ്ലാറ്റിനം ജൂബിലി (70 വർഷം) നിറവിലേക്ക്. ഏഴു പതിറ്റാണ്ടിന്റെ വിശ്വാസപ്രയാണത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ദ്വിദിന പ്ലാറ്റിനം ജൂബിലി സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലേറെയായി സഭയെ അത്ഭുതകരമായി വളർത്തി വഴിനടത്തിയ ദൈവത്തിന്റെ കരുതലിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്നതിനായാണ് വിപുലമായ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. നവംബർ 13, 14 തീയതികളിൽ ഇസ ടൗണിലെ ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സമ്മേളനം നടന്നത്.
"ക്രിസ്തുവിൽ വളരുക" (Grow in Christ) എന്നതായിരുന്നു ജൂബിലി സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. പ്രശസ്ത ക്രൈസ്തവ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ (പിറവം), റവ. എബ്രഹാം ഉമ്മൻ (യു.എസ്.) എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്ത് ദൈവവചനം ശുശ്രൂഷിച്ചു. സഭയിലെ വിശ്വാസികളും ബഹ്റൈനിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "Melodies of His Faithfulness" എന്ന പ്രത്യേക സംഗീത സന്ധ്യയിൽ ബഹ്റൈനിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. "പ്ലാറ്റിനം ജൂബിലി സുവനീർ" പാസ്റ്റർ ബാബു ചെറിയാൻ റവ. എബ്രഹാം ഉമ്മനു നൽകി പ്രകാശനം ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സഭാ പ്രവർത്തനങ്ങളിൽ പങ്കാളികളായ അംഗങ്ങളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ബഹ്റൈനിലെ പെന്തെക്കോസ്ത് സമൂഹത്തിന് ദൈവസഭ നൽകിയ അവിസ്മരണീയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് സഭാ നേതാക്കളും ക്രൈസ്തവ സംഘടനാ പ്രതിനിധികളും ആശംസാ സന്ദേശങ്ങൾ നൽകി. സമ്മേളനത്തിൽ ബഹ്റൈനിലെ പ്രമുഖ സഭാ നേതാക്കന്മാരും വിശ്വാസി സമൂഹവും പങ്കെടുത്തു.
മീറ്റിംഗുകൾക്ക് സീനിയർ ശുശ്രൂഷകൻ ഡോ. വി.പി. ഫിലിപ്പ്, പാസ്റ്റർ എം.ജെ. ഡേവിഡ്, പാസ്റ്റർ ജെയ്സൺ കുഴിവിള എന്നിവർ നേതൃത്വം നൽകി. ആരാധനകൾക്ക് ഐപിസി ബഹ്റൈൻ ക്വയർ നേതൃത്വം നൽകി.
ഏഴ് പതിറ്റാണ്ടുകളായി സഭയെ വഴിനടത്തിയ ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും സ്തോത്രവും മഹത്വവും അർപ്പിച്ചുകൊണ്ട് പ്ലാറ്റിനം ജൂബിലി സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു.
ഗുഡ്ന്യൂസിനു വേണ്ടി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിജു ഹെബ്രോൻ ആശംസകൾ അറിയിച്ചു.



