ഇലകൊഴിയും ശിശിരകാലം
ജീവിതത്തിലെ കൊഴിഞ്ഞുപോക്കുകൾക്കപ്പുറം പൂർവ്വാധികം ശക്തിയോടെയുള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം
ഇലകൊഴിയും ശിശിരകാലം പടിവാതിൽക്കലെത്തി. പാശ്ചാത്യ രാജ്യങ്ങളിൽ തണുപ്പിന്റെ കുളിരും മരവിപ്പും പടർന്നുതുടങ്ങി. ചൂടും തണുപ്പും തേടി ദേശാടനപ്പക്ഷികൾ കൂട്ടംകൂട്ടമായി ചിറകുവിരിച്ച് ദൂരദേശങ്ങളിലേക്ക് ചേക്കേറുന്നു. വൃക്ഷങ്ങളും ചെടികളും തങ്ങളുടെ പച്ചപ്പുപേക്ഷിച്ച് നിറം മാറാൻ തുടങ്ങിയിരിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവ ഇലകളെല്ലാം കാറ്റിന് വിട്ടുകൊടുത്ത്, വെറും ശിഖരങ്ങളായി നിശ്ശബ്ദമാകും. പച്ചപ്പിന്റെ തുടിപ്പുണ്ടായിരുന്ന പുൽമേടുകൾ പോലും മഞ്ഞിൻ പുതപ്പണിഞ്ഞ് വരണ്ടുണങ്ങിയതുപോലെ തോന്നിക്കും. ആ കാഴ്ചകളിൽ മനസ്സിനെ വരിഞ്ഞുമുറുക്കുന്ന ഒരു നേരിയ സങ്കടവും നിരാശയും ഉണ്ടായേക്കാം.
എങ്കിലും, കേവലം മൂന്നുമാസങ്ങൾക്കിപ്പുറം ഒരു വസന്തത്തിന്റെ, ഒരു തിരിച്ചുവരവിന്റെ നാളുകളുണ്ട്—പൂർവ്വാധികം കരുത്തോടെയും പ്രഭയോടെയും. അന്ന് മണ്ണും മനസ്സും വീണ്ടും കടുംപച്ചയുടെ ഉത്സവമാകും. ഈ മരങ്ങൾക്കോ പുൽമേടുകൾക്കോ ഒരു ചെറിയ പോറൽ പോലും ഏൽക്കാതെ കാത്തുകൊള്ളാൻ ദൈവമായ കർത്താവുണ്ട്. നമ്മുടെ ജീവിതയാത്രയിലും പലപ്പോഴും ഇത്തരം ശിശിരകാലങ്ങൾ കടന്നുവരാം. എന്നും പച്ചപ്പിന്റെ തളിരുമായി നിൽക്കാൻ കൊതിച്ചാലും, ചില നേരങ്ങളിൽ നിറം മങ്ങി, ഇലകൾ കൊഴിഞ്ഞ്, ഒന്നുമല്ലാതായി തീരുന്ന അവസ്ഥകൾ ഉണ്ടായേക്കാം. കാണുന്നവരുടെ സഹതാപത്തിനും പരിഹാസത്തിനും പാത്രമാകുന്ന നിമിഷങ്ങളും വന്നേക്കാം. പക്ഷേ, ഭയപ്പെടേണ്ടതില്ല; നമ്മെ സൃഷ്ടിച്ച കർത്താവ് നമുക്കായി ജീവിക്കുന്നു. അവൻ ഒരിക്കലും നമ്മെ മറക്കുകയില്ല, കൈവിടുകയുമില്ല, ഉപേക്ഷിക്കുകയുമില്ല.

നാം ക്രിസ്തുവിൽ പ്രത്യാശയർപ്പിച്ച്, അവന്റെ സന്നിധിയിൽ മുട്ടുമടക്കി, കണ്ണീരൊഴുക്കി പ്രാർത്ഥിച്ചാൽ, കർത്താവ് നമ്മെ അനുഗ്രഹിക്കും; തളർന്ന കൈകളെ ശക്തീകരിക്കും; പ്രതിസന്ധികളിൽനിന്ന് അത്ഭുതകരമായി വിടുവിക്കും. ഒരു ദോഷവും ഏൽക്കാതെ, പൂർവ്വാധികം ശക്തിയോടെയും അഭിമാനത്തോടെയും അവൻ നമ്മെ മടക്കിക്കൊണ്ടുവരും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“കണ്ണുനീരോടെ വിതെക്കുന്നവർ ആനന്ദത്തോടെ കൊയ്യും. വിതയ്ക്കേണ്ടതിനു വിത്തു ചുമന്നുകൊണ്ടു കരഞ്ഞുംകൊണ്ടു പോകുന്നവൻ, തന്റെ കറ്റകളെ ചുമന്നുകൊണ്ടു ആനന്ദത്തോടെ മടങ്ങിവരും.” - (സങ്കീർത്തനങ്ങൾ 126:5-6)



