ഡോ. മാത്യൂസ് ഫിന്നി: ശാന്തനും സൗമ്യനുമായ കർതൃദാസൻ
അനുസ്‌മരണം
ഡോ. മാത്യൂസ് ഫിന്നി: ശാന്തനും സൗമ്യനുമായ കർതൃദാസൻ
സി.വി. മാത്യു, ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ
ഡോ. മാത്യൂസ് ഫിന്നി, ദൈവം തനിക്ക് കൊടുത്ത ശുശ്രൂഷകൾ സ്തുത്യർഹമാംവിധം പൂർത്തിയാക്കി വിശ്രമത്തിനായി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. വേർപാട് എപ്പോഴും ദുഃഖകരം ആണെങ്കിലും ഈ ലോകത്തിലെ കഷ്ടതകളിൽ നിന്ന് വിടുതൽ പ്രാപിക്കുന്നത് ദൈവപൈതലിനു അനുഗ്രഹം ആണ്. പി.എം. ഫിലിപ്പ് സാറും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുവാൻ എനിക്കും കഴിഞ്ഞിട്ടുണ്ട്. ഞാൻ തൃശ്ശൂർ നിന്ന് എവരി ഹോം ക്രൂസേഡിലെ സുവിശേഷ പ്രവർത്തനത്തിനായി ആദ്യമായി കോട്ടയത്ത് എത്തിയപ്പോൾ ശാലേം ബൈബിൾ സ്കൂളിൽ താമസിക്കുവാൻ ഫിലിപ്പ് സാർ എന്നെ ക്ഷണിച്ചത് മറക്കാനാവില്ല. ഫിന്നി സാറും, വർഷങ്ങൾക്കു മുമ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സഹോദരൻ കൊച്ചുമോനും (പാസ്റ്റർ ഈശോ ഫിലിപ്പ്) ഒക്കെയായി അടുത്ത ബന്ധം പാലിക്കുവാൻ എനിക്കും കഴിഞ്ഞിട്ടുണ്ട്. ഞാൻ ആദ്യമായി കാനഡയിൽ ചെന്നപ്പോൾ പ്രിയ കൊച്ചുമോൻ്റെ സഭയിലെ ആരാധനയിൽ പങ്കെടുത്തതും അദ്ദേഹത്തിൻ്റെ ആതിഥ്യം സ്വീകരിച്ച് അവരുടെ ഭവനത്തിൽ താമസിച്ചതും മറക്കാനാവാത്ത ഓർമ്മയാണ്.
വർഷങ്ങൾക്കു മുമ്പ് ഗുഡ്ന്യൂസിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സഹോദരൻ സജി മത്തായി വേൾഡ് വിഷനിൽ പ്രവർത്തിക്കുവാൻ താല്പര്യമുണ്ടെന്ന് എന്നോട് പറഞ്ഞു. അന്ന് ഫിന്നി സാർ വേൾഡ് വിഷൻ ചീഫായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹവുമായി ഒന്ന് പരിചയപ്പെടുത്തണമെന്ന് സജി എന്നോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം ഫിന്നി സാറിനെ കണ്ടപ്പോൾ, സജി ഒരു അപേക്ഷ അയച്ചിട്ടുണ്ട് എന്നും ആ അപേക്ഷ ഒന്ന് ശ്രദ്ധിക്കണം ഞാൻ ഓർമിപ്പിച്ചു.
ഫിന്നി സാറിന്റെ മറുപടി, സി.വി. മാത്യു സർ റെക്കമെന്റ് ചെയ്ത ഒരു അപേക്ഷ ഞാൻ പരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു. ഞങ്ങൾ തമ്മിൽ അത്രമാത്രം സൗഹൃദവും വിശ്വാസവും ഉണ്ടായിരുന്നു എന്ന് സാരം. സജി ദീർഘകാലം ആ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. ഇടയ്ക്ക് ഒരിക്കൽ ഫിന്നി സാറിനെ കണ്ടപ്പോൾ സജിയുടെ പ്രവർത്തനത്തെക്കുറിച്ച് ഞാൻ തിരക്കി. നല്ല അഭിപ്രായം കേട്ടത് എനിക്കും സന്തോഷമായി. പിന്നീട് ശാലേം ബൈബിൾ സ്കൂളിൽ വച്ചും മറ്റു പല സ്ഥലങ്ങളിലും കണ്ടപ്പോൾ സൗഹൃദം പുതുക്കുവാൻ ഇടയായി തീർന്നു.
അനേകർക്ക് പ്രയോജനമായി തീർന്ന പ്രിയ കർതൃദാസന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വേദനയിലും പ്രത്യാശയിലും ഞാനും ഗുഡ്ന്യൂസ് കുടുംബവും പങ്കുചേരുന്നു. ഇവിടെ വിടവാങ്ങുന്ന പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന പ്രത്യാശക്കായി ദൈവത്തെ സ്തുതിക്കുന്നു. ആ ദിവസത്തിനായി പ്രത്യാശയോടെ നമുക്കും കാത്തിരിക്കാം.
Advertisement





































































































