'ആദം നീ എവിടെ ആകുന്നു?' വി.ഡി.സതീശന്റെ പുസ്തകം ശ്രദ്ധേയമാകുന്നു
പാസ്റ്റർ ടി.വൈ ജെയിംസ്
അങ്കമാലി: നിലയുറച്ച നിലപാടുകളുടെ നിലവറയായ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷം നടത്തിയ ഏതാനും ചില പ്രസംഗങ്ങളാണ് 'ആദം നീ എവിടെ ആകുന്നു' എന്ന തലക്കെട്ടിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദം നീ എവിടെ ആകുന്നു? എന്ന ആദത്തെ അന്വേഷിക്കുന്ന ദൈവത്തെ സതീശൻ തിരിച്ചന്വേഷിക്കുന്നതാണീ പുസ്തകം. പ്രസിദ്ധീകരിച്ച ഉടൻ തന്നെ ചില കോപ്പികൾ കരസ്ഥമാക്കുവാൻ കഴിഞ്ഞത് ഞാൻ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ ആഴമായ ബൈബിൾ ജ്ഞാനം പ്രദർശിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം.
ദിവസവും ബൈബിളിന്റെ ഒരു അധ്യായമെങ്കിലും നിർബന്ധമായും വായിക്കുന്ന വി.ഡി സതീശൻ അദ്ദേഹത്തെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ബൈബിൾ ക്രൈസ്തവർക്ക് വേണ്ടി മാത്രം എഴുതിയതല്ല പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി വരെ നൂറുകണക്കിന് ഭാഷകളിലായി എഴുതിയതാണന്നും മനുഷ്യരെ വിശുദ്ധരാക്കി മാറ്റുമെന്നും വ്യക്തമാക്കുന്നു.

കർത്താവായ യേശുക്രിസ്തു ഭൂമിയിലേക്ക് വന്നതിന്റെ ഉദ്ദേശ്യം മനുഷ്യർക്ക് മോചനവും അവരുടെ രക്ഷയും ആയിരുന്നു എന്ന് യേശുവിന്റെ മാനിഫെസ്റ്റോ എന്ന പ്രസംഗത്തിലൂടെയും, മനുഷ്യ രക്ഷയ്ക്കായി നൽകപ്പെട്ട ഏറ്റവും വലിയ സ്നേഹസമ്മാനമാണ് യേശുക്രിസ്തു എന്നും, ഇതിനേക്കാൾ വലിയൊരു സമ്മാനം ഈ ഭൂമിയിൽ ഒരു പിതാവും നൽകിയിട്ടില്ല എന്നും, ആരാണ് നിങ്ങളുടെ സഹോദരനും സഹോദരിയും എന്ന പ്രസംഗത്തിലൂടെയും അദ്ദേഹത്തിന്റെ ക്രിസ്തുദർശനവും വെളിവാക്കുന്നു.
തന്നെയുമല്ല ഇതാ നിന്റെ അമ്മ എന്ന പ്രഭാഷണത്തിൽ വിശുദ്ധ മറിയ ആരാണെന്നും ആരല്ലെന്നും അദ്ദേഹം ശരിയായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ആ പ്രസംഗത്തിന്റെ അവസാനത്തെ ദൈവത്തിന്റെ കൃപയും പരിശുദ്ധ മാതാവിന്റെ നന്മയും ധാരാളമായി നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ കാഴ്ചപ്പാടുകളെ കേവലം മതത്തിന്റെയോ സങ്കുചിതമായ വിശ്വാസ ആചാരങ്ങളുടെയോ കള്ളികളിൽ ഒതുക്കി നിർത്താതെ ദൈവസ്നേഹത്തിന്റെ പ്രകാശത്തിലൂടെ നോക്കി കാണാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
പാസ്റ്റർ ടി.വൈ ജെയിംസ്
ക്രിസ്തു ശിഷ്യന്മാരിൽ അവിശ്വാസിയുടെ പ്രതീകമായി നമ്മൾ കാണുന്ന തോമസ് അപ്പോസ്തോലന്റെ ഉറച്ചനിലപാടുകളെ കുറിച്ചും പെന്തെക്കോസ്ത്, മാർത്തോമാ, ഓർത്ത്ഡോക്സ്, കാത്തലിക് തുടങ്ങിയ സഭാ വിഭാഗങ്ങളുടെ സമഗ്ര സംഭാവനകളും , മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും ആഴത്തിൽ അസ്ഥിവാരമിട്ട ബെഞ്ചമിൻ ബെയ്ലിയെ കുറിച്ചും , ഉത്തരേന്ത്യയിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെപ്പറ്റിയും യുവതയെ വഴി തെറ്റിക്കുന്ന ലഹരിയെ കുറിച്ചും കേരള ക്രൈസ്തവ ചരിത്രത്തിന്റെ ചില സുപ്രധാന ഏടുകളും ഈ കൃതിയെ വ്യത്യസ്ഥമാക്കുന്നു.
"ജീവിതത്തിൽ വീഴാതെ പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു എനിക്ക് തന്നിട്ടുള്ളത് നിങ്ങൾ പ്രത്യാശ ഉള്ളവരായിരിക്കുക കാരണം നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ് എന്ന സത്യമാണ് എന്നെ നയിക്കുന്നത്" എന്ന വിശ്വാസം സർവ്വശക്തനായ ദൈവം തന്റെ ജീവിതത്തിൽ സാർത്ഥകമാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
നിശ്ചയമായും ഈ ഗ്രന്ഥം വായിക്കുവാനുപയോഗിക്കുന്ന സമയം ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല.

