പ്രാർത്ഥനയിലൂടെ സങ്കടം ബോധിപ്പിക്കാം

പ്രാർത്ഥനയിലൂടെ സങ്കടം ബോധിപ്പിക്കാം

റവ.ജോർജ് മാത്യു പുതുപ്പള്ളി

സ്ട്രേലിയയിലെ ഒരു മിഷണറിക്ക് കൊള്ളസംഘങ്ങളുള്ള ഒരു വഴിയിൽക്കൂടി ഒരു രാത്രി കുറെ പണവുമായി പോകേണ്ടി വന്നു ഇതിനു മുമ്പ് ആ വഴിയിൽ ധാരാളം പേരുടെ പണം കവർച്ച ചെയ്തതായും ചിലരുടെ ജീവൻ അപകടത്തിലായതായും ഈ മിഷണറി കേട്ടിരുന്നു. അതിനാൽ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം യാത്ര തുടങ്ങിയത്.

യാത്രയിൽ ദൈവം തന്നോടു കൂടെയുണ്ടെന്ന ബോധത്തോടെ ഒരു കൂട്ടുകാരനോടു സംസാരിക്കുന്നതുപോലെ അദ്ദേഹം അൽപം ഉച്ചത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ വഴിയിൽ കവർച്ചയ്ക്കായി ഒരുക്കത്തോടെ നിന്നിരുന്ന ഒരു കൊള്ളക്കാരൻ, മിഷണറി സംസാരിക്കുന്നതു കേട്ട് അദ്ദേഹത്തിന്റെ കൂടെ പലരുണ്ടായിരിക്കും എന്നു കരുതി അവിടെ നിന്നും ഓടിപ്പോയി. അങ്ങനെ മിഷണറി ആപത്തിൽനിന്നും രക്ഷപ്പെട്ടു.

നാം കൂട്ടുകാരോടും മാതാപിതാക്കളോടും സംസാരിക്കുന്നതുപോലെ ദൈവവുമായി ബന്ധപ്പെടുന്നതാണ് പ്രാർത്ഥന. കൂട്ടുകാർ നമുക്ക് സമീപമായിരിക്കുന്നതുപോലെ ദൈവവും നമുക്ക് സമീപസ്ഥനാണ്. നമ്മുടെ മാതാപിതാക്കളോട് എപ്രകാരം നാം ആവശ്യങ്ങളറിയിക്കുന്നുവോ അപ്രകാരം തന്നെ ദൈവിക സാന്നിദ്ധ്യത്തിലും സത്യസന്ധമായും നാം പ്രാർത്ഥിക്കുന്നുവെങ്കിൽ അതിന്റെ പ്രതികരണവും യാഥാർത്ഥ്യമുള്ളതായിരിക്കും. നാമറിയാതെ തന്നെ നമ്മുടെ പ്രാർത്ഥനയുടെ ശബ്ദം നമുക്ക് കാവലായിരിക്കുമെന്ന് വിശ്വസിക്കുക.

ദാവീദിന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന വഞ്ചനയും അപമാനവും ഓർത്തുകൊണ്ടുള്ള ഒരു ധ്യാനമാണ് അമ്പത്തിയഞ്ചാം സങ്കീർത്തനം. ഇതിന്റെയെല്ലാം മദ്ധ്യേ ദാവീദ് ദൈവത്തോട് പ്രാർത്ഥിച്ചു പറയുന്നത് : 'ഞാനോ നിന്നെ വിളിച്ചപേക്ഷിക്കും' എന്നത്രേ. 'ഞാൻ കാലത്തും ഉച്ചയ്ക്കും വൈകിട്ടും എന്റെ സങ്കടം നിന്നോടു ബോധിപ്പിക്കുമെന്ന്' ദാവീദ് പറയുന്നു.

ദാവീദിനോട്‌ എതിർത്തു നിൽക്കുന്നവർ അനേകരായിരിക്കേ അവരുടെ നടുവിൽ ജീവിച്ചുകൊണ്ട് ദാവീദ് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ദാവീദിന്റെ പ്രാർത്ഥന കേട്ട ദൈവം അവന്റെ ശത്രുക്കളെ അവനിൽനിന്നും അകറ്റിക്കളയുകയും അവന്റെ പ്രാണന് സമാധാനം നൽകുകയും ചെയ്തു.

ദാവീദിന്റെ പ്രാർത്ഥന ദൈവം കേൾക്കുമെന്നും തന്റെ പ്രശ്നങ്ങൾക്ക് ദൈവം പരിഹാരം വരുത്തുമെന്നും ദാവീദ് വിശ്വസിച്ചിരുന്നു. ജീവിതയാത്രകളിൽ നേരിടുന്ന പ്രതിസന്ധികളിൽ ദൈവത്തോട് അപേക്ഷിക്കുക. ദൈവം ആപത്തുകളിൽനിന്നും നമ്മെ രക്ഷിക്കുമെന്ന് പൂർണമായും വിശ്വസിക്കുക.

ചിന്തക്ക് : 'നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്. അവർ മനുഷ്യർക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു. അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജൽപനം ചെയ്യരുത്. അതിഭാഷണത്താൽ ഉത്തരംകിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്. അവരോടു തുല്യരാകരുത്. നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ' (മത്തായി 6 : 5...8).

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement