വീഴ്ചയ്ക്കു മുമ്പെ നിഗളം
റവ. ജോർജ് മാത്യു പുതുപ്പള്ളി
നിഗളത്താൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് വിശുദ്ധ വേദപുസ്തകത്തെപ്പോലെ മുന്നറിയിപ്പ് നൽകുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിലില്ല. നിഗളികളുടെ അന്ത്യം ഭയാനകമാകുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഹെരോദ രാജാവ്. ദുഷ്ടനായ ഈ രാജാവ് യാക്കൊബിനെ കൊല്ലുകയും പത്രൊസിനെ കൊല്ലുവാനായി കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തവനാണ്. ദൈവത്തിനു മഹത്വം കൊടുക്കാതെ അവൻ സ്വയം മഹത്വം ഏറ്റെടുത്തപ്പോൾ കർത്താവിന്റെ ദൂതൻ അവനെ അടിക്കുകയും അവൻ കൃമിക്കിരയായി പ്രാണനെ വിടുകയും ചെയ്തു. നമ്മുടെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഏതവസ്ഥയിലും ദൈവത്തിനു മഹത്വം കൊടുക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം.
നമ്മുടെ ആന്തരിക മനുഷ്യനെ കാർന്നു തിന്നുന്ന നിഗളത്തെയാണ് 'കൃമി' സൂചിപ്പിക്കുന്നത്. നാം ചെയ്യുന്ന പ്രവൃത്തികൾക്കുള്ള മാനവും മഹത്വവും നാം തന്നെ എടുക്കാറുണ്ട്. എന്നാൽ ദൈവസന്നിധിയിൽ അത് ഗ്രഹിക്കുവാൻ പലപ്പോഴും നമുക്കു കഴിയാതെ പോകുന്നു. ഹെരോദാവിന്റെ പാപം നമ്മിൽ ഉണ്ടോ എന്ന് എങ്ങനെ അറിയാം ? നാം ചെയ്യുന്ന നല്ല കാര്യങ്ങളെ ആളുകൾ അഭിനന്ദിക്കുന്നതിനു പകരം നമ്മെ നിശിതമായി വിമർശിച്ചാൽ നാം സ്തബ്ധരായിപ്പോകുന്നതിനാൽ തന്നെ തന്നെത്താൻ ഉയർത്തിയപ്പോൾ ശൗൽ രാജാവിന്റെ വീഴ്ച ആരംഭിച്ചു. നിഗളിയായ ശൗലിന്റെ മരണം ഭയാനകമായിരുന്നു. അതു നമുക്കു സംഭവിക്കാതിരിക്കട്ടെ.
നിഗളിയായ ഏതൊരു മനുഷ്യന്റെ അന്ത്യവും ദുരിതപൂർണ്ണമായിരിക്കും. എന്നാൽ താഴ്മയുള്ളവരുടെ ജീവിതം പൊതുവെ ആശ്വാസകരമായിരി ക്കും. മരണത്താൽ അവർ നിത്യവിശ്രമത്തിലേക്കു പ്രവേശിക്കുന്നു. അവരുടെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അന്ത്യം അനുഗ്രഹിക്കപ്പെട്ടതായിരിക്കും. ലോകത്തിലെ ഏറ്റവും ഹീനനായ മനുഷ്യനായാലും അവൻ ദൈവസന്നിധിയിൽ തന്നെത്താൻ വിനയപ്പെടുത്തുമെങ്കിൽ അവൻ എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ദൈവം അവനോടു ക്ഷമിക്കുകയും അവനെ ശുദ്ധീകരിക്കുകയും ചെയ്യും.
ദൈവത്തിന്റെ മഹാദയക്ക് ഉത്തമ ഉദാഹരണമത്രെ യെഹൂദാരാജാവായിരുന്ന മനശ്ശെ. ദുഷ്ടനായിരുന്ന അവൻ ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തിയപ്പോൾ ദൈവം അവനെ യെരുശലേമിൽ രാജത്വത്തിൽ തിരിച്ചു വരുത്തി. നമ്മുടെ അന്ത്യം നിത്യവിശ്രമമായിരിക്കേ ണ്ടതിന് നമ്മെത്തന്നെ ദൈവസന്നിധിയിൽ താഴ്ത്തി സകലത്തിനും ദൈവത്തിനു മഹത്വം കൊടുക്കുവാനുള്ള കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കാം. 'വീഴ്ചയ്ക്കു മുമ്പെ നിഗളം, നാശത്തിനു മുമ്പെ ഗർവം' എന്ന ദൈവവചനം നമുക്കു മറക്കാതിരിക്കാം.
ചിന്തക്ക് : 'നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്‌ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു. ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു. അവൻ ദൈവത്തിനു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു. എന്നാൽ ദൈവവചനം മേൽക്കുമേൽ പരന്നുകൊണ്ടിരുന്നു. ബർന്നബാസും ശൗലും ശുശ്രൂഷ നിവർത്തിച്ചശേഷം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരുശലേം വിട്ടു മടങ്ങിപ്പോന്നു' (അപ്പൊ. പ്രവൃത്തികൾ 12 : 21..25)

