ആ ചെറിയ കത്തും വലിയ പ്രസ്ഥാനവും
മറക്കാനാവാത്ത ഓർമ്മകൾ - 01
സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)
ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് ഗുഡ്ന്യൂസ് ആരംഭിച്ച് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു അനുഭവം. അത് ചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റി.
ഒന്നുമില്ലായ്മയിൽ ആരംഭിച്ച ആത്മീയ പ്രവർത്തനമാണ് 'ഗുഡ്ന്യൂസ് '. ദൈവത്തിലുള്ള വിശ്വാസവും ദൈവാശ്രയവും മാത്രമായിരുന്നു കൈമുതൽ. ഒരോ ദിവസത്തെയും കാര്യങ്ങൾ ദൈവം തക്കസമയത്ത് ഒരുക്കി തന്നു. ഗുഡ്ന്യൂസ് പത്രം തക്കസമയത്ത് പ്രസിദ്ധീകരിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു. എങ്കിലും ദൈവം എല്ലാം എല്ലാം നന്നായി ചെയ്തു.
ഗുഡ്ന്യൂസ് ആരംഭിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ശ്രദ്ധ പെന്തെക്കോസ്തു വിദ്യാർത്ഥികളിലേക്ക് തിരിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളുടെ ഫോട്ടോ സെക്കുലർ പത്രങ്ങളിൽ ചേർത്ത് പ്രോത്സാഹം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. പെന്തെക്കോസ്ത് വിശ്വാസികളിൽ ആരെയും അക്കൂട്ടത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ആദ്യപടിയായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡും നൽകുവാൻ ഗുഡ്ന്യൂസ് എഡിറ്റോറിയൽ തീരുമാനിച്ചു. സഭാവിഭാഗ വ്യത്യാസം കൂടാതെയുള്ള വിശ്വാസികകളായ വിദ്യാർഥികളിൽനിന്നും അപേക്ഷകൾ സ്വീകരിച്ചു. അതിൽ മിടുക്കരായ അർഹതപ്പെട്ടവരെ കണ്ടെത്തി സ്കോളർഷിപ്പ് അവാർഡ് നല്കി. അത് തുടർമാനമായി എല്ലാവർഷവും ഭംഗിയായി നടന്നു. മറ്റ് സഭകളുമായി വേണ്ടത്ര സഹകരിക്കാത്ത സിപിഎം സഭയിലെ വിദ്യാർത്ഥിക്കു കൂടെ അന്ന് അവാർഡു ലഭിച്ചത് ശ്രദ്ധേയമായി. അന്ന് പ്രോത്സാഹനം ലഭിച്ച കുഞ്ഞുങ്ങൾ പിൽക്കാലത്ത് പല വേദികളിലായി അവരുടെ അനുഭവങ്ങൾ പങ്കിടുന്നത് കേൾക്കാൻ സന്തോഷത്തിനു കാരണമായിട്ടുണ്ട്.
സ്കോളർഷിപ്പിന് അപേക്ഷകൾ സ്വീകരിച്ചപ്പോഴാണ് നമ്മുടെയിടയിൽ ഇത്രമാത്രം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ ഉണ്ടല്ലോ എന്ന് ചിന്തിക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. അവർക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കണമെന്ന് താല്പര്യപ്പെട്ട് പലവട്ടം ചർച്ച ചെയ്തു. എന്നാൽ വിവിധ പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായതിനാൽ ആർക്കെങ്കിലും അർഹിക്കുന്ന സഹായം ലഭിച്ചില്ല എന്ന് പരാതി വന്നാൽ അത് നമ്മുടെ ഐക്യശ്രമങ്ങളെ ബാധിക്കും എന്ന് ഭയപ്പെട്ട് ആ ശ്രമത്തിൽ നിന്നും ഞങ്ങൾ പിൻവലിഞ്ഞിരുന്നു.
അക്കലത്താണ് സൗദിയിൽ നിന്ന് ഒരു സഹോദരി അയച്ച 1000 രൂപയുടെ ഡ്രാഫ്റ്റ് അടങ്ങിയ രജിസ്റ്റേഡ് കത്ത് ഞങ്ങൾക്ക് ലഭിച്ചത്. ഒരു ചെറിയ സഹായം അയക്കുന്നു, ഇത് ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കണം എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. കത്തിൽ അഡ്രസ് ഉണ്ടാകും എന്നുകരുതി കവർ സൂക്ഷിച്ചില്ല. കത്തിൽ അഡ്രസ്സ് ഇല്ലാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞുമില്ല. (ആ സഹോദരിയോ ബന്ധപ്പെട്ടവരോ ഈ കുറിപ്പ് വായിക്കുന്നുവെങ്കിൽ ദയവായി ഞങ്ങൾ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു). വീണ്ടും ഒരുമിച്ചു കൂടിയപ്പോൾ ഇതൊരു ദൈവനിയോഗം ആയിരിക്കും എന്ന് കരുതി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങാൻ ഗുഡ്ന്യൂസ് തീരുമാനിച്ചു.
എന്നാൽ ഗുഡ്ന്യൂസ് തുടങ്ങുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കാൻ ഉത്തരവാദിത്വപ്പെട്ട ആളുകളെ കണ്ടെത്തുക പ്രയാസമായിരുന്നു. ഗുഡ്ന്യൂസ് ചരിറ്റബിൾ സൊസൈറ്റിയുടെ കാര്യങ്ങൾ നടത്തുവാൻ പ്രസിഡണ്ടായി ഉണ്ണി സാറിൻ്റെ മകൻ അബുദാബിയിൽ ജോലി ചെയ്യുന്ന സഹോദരൻ പി.എം ചെറിയാനോട് ( മക്രോണി ബേബി) ആവശ്യപ്പെട്ടു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാ മാസവും കേരളത്തിൽ വരുന്ന വ്യക്തിയായിരുന്നു പി.എം ചെറിയാൻ. സൊസൈറ്റിയുടെ ദൈനംദിന കാര്യനിർവഹണത്തിനായി ഒരു സെക്രട്ടറിയെ കണ്ടെത്താൻ പത്രാധിപ സമിതിയിൽ ചർച്ചയായി.
ഗുഡ്ന്യൂസ് വീക്കിലിയിലെ ബോർഡിലുള്ള ഓരോരുത്തരെയും വിളിച്ച് ചാരിറ്റി പ്രവർത്തനത്തിലേക്ക് മാറുവാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. എല്ലാവർക്കും ഗുഡ്ന്യൂസ് പത്രത്തിൻ്റെ കൂടെ നിന്നാൽ മതിയെന്ന താല്പര്യമാണ് അറിയിച്ചത്. ഈ സാഹചര്യത്തിൽ ഗുഡ്ന്യൂസിൻ്റെ പബ്ലീഷർ ആയിരുന്ന ബ്രദർ ടിഎം.മാത്യു തൽസ്ഥാനത്തു നിന്നു മാറി ഈ ചുമതല ഏറ്റെടുക്കാം എന്ന് ഞങ്ങൾക്ക് വേണ്ടി സമ്മതിച്ചു. അങ്ങനെ ടിഎം.മാത്യു ഗുഡ്ന്യൂസ് ചരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായി ചുമതലയേറ്റുവെങ്കിലും അനൗദ്യോഗികമായി വാരികയുടെ എല്ലാ കാര്യങ്ങളും അദ്ദേഹവും ചെയ്തു കൊണ്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന എം.സി കുര്യൻ സാർ പ്രവർത്തിക്കാമെന്ന് സമ്മതിച്ചു .(പിന്നീട് റജിസ്ട്രേഷൻ സൗകര്യത്തിനായി വീക്കിലിയുടെ എല്ലാ ഔദ്യോഗിക ചുമതലകളും എന്നെ ഏൽപ്പിച്ചു). അങ്ങനെ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിക്ക് ഭാരവാഹികളും ക്രമീകൃതമായ പ്രവർത്തനങ്ങളും ഓഫീസും മറ്റും സജ്ജമായി.
വി.എം. മാത്യു സാർ ചാരിറ്റി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യം കാണിച്ചു. അപേക്ഷകരെ തിരഞ്ഞെടുക്കുക, നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, കണക്കു കാര്യങ്ങൾ എഴുതി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്തത് സൊസൈറ്റി പ്രവർത്തനങ്ങളുടെ മതിപ്പു വർദ്ധിപ്പിച്ചു. സഹോദരന്മാരായ റോയി വാകത്താനം, ഫിന്നി മാത്യു, മാത്യു തോമസ്, തോമസ് വടക്കെക്കുറ്റ്, എം.സി നൈനാൻ കെ.എൻ.റസൽ തുടങ്ങി നിരവധി പേർ അക്കാലങ്ങങ്ങളിൽ വിവിധ രീതികളിൽ പങ്കാളികളായി.
അങ്ങനെ പടിപടിയായി സൊസൈറ്റിയുടെ ചുമതലയിൽ വിദ്യാഭ്യാസ സഹായം, വിവാഹസഹായം, ഭവന നിർമ്മാണം, മെഡിക്കൽ സഹായം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ഞങ്ങളെല്ലാവരും വിവിധ നിലകളിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ അനൗദ്യോഗികമായി സഹകരിച്ചു കൊണ്ടിരുന്നു. (പത്രം ഇല്ലെങ്കിൽ മറ്റെല്ലാ പ്രവർത്തനങ്ങളും നിലച്ചു പോകും എന്ന ബോധ്യമുള്ളതിനാൽ ഞാൻ അധിക സമയവും പത്രത്തിനായി സമയം ചെലവഴിച്ചു).
കുറെ കഴിഞ്ഞപ്പോൾ ഗുഡ്ന്യൂസ് വീക്കിലി നടത്തിയിരുന്ന അവാർഡ്, സ്കോളർഷിപ്പ് എന്നിവ സൊസൈറ്റിയിലേക്കു മാറ്റി. നൂറുകണക്കിന് വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, വിധവാ സഹായം, മെഡിക്കൽ സഹായം, പ്രൊഫഷണൽ കോഴ്സുകൾക്ക് സഹായം, ഡയാലിസ് രോഗികൾക്കുള്ള പെൻഷൻ തുടങ്ങിയവ നൽകി. കോട്ടയത്തെ റോഡരികിൽ പുറമ്പോക്ക് സ്ഥലത്തു പ്ലാസ്റ്റിക് ഷീറ്റുകളും ഓലമറയും കൊണ്ട് നിർമ്മിച്ച ഒരു കൂരയിൽ താമസിച്ചിരുന്ന ഒരു വിശ്വാസിക്കാണ് ആദ്യമായി ഭവനം നിർമ്മിച്ചു നൽകിയത്.
ഒറ്റപ്പെട്ട ഭവനങ്ങൾക്ക് പുറമേ ആദ്യമായി നിലമ്പൂരിൽ ഒരു സഹോദരൻ (ഫിലിപ്പ് പുത്തൻപുരയ്ക്കൽ) നമ്മെഏൽപ്പിച്ച സ്ഥലത്ത് 20 ഭവനങ്ങൾ നിർമ്മിച്ചു വിശ്വാസികൾക്ക് നൽകി. അടുത്തഘട്ടമായി ഇപ്പോൾ അടൂരിൽ മറ്റൊരു സഹോദരൻ ജോർജ് വർഗീസ് (ചരുവിളയിൽ) നൽകിയ സ്ഥലത്ത് പണിതു കൊണ്ടിരിക്കുന്ന ഭവനങ്ങളുടെ ആദ്യ ആദ്യഘട്ട വിതരണം നവം.13 ന് നടക്കുകയാണ്. തൃശൂരിലെ ചേലക്കരയിൽ പാസ്റ്റർ എ.സി. സാമുവേൽ ഗുഡ്ന്യൂസിനു നല്കിയ അര ഏക്കർ സ്ഥലത്ത് ഭവന നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. സാമ്പത്തികമായി സഹായിക്കുവാൻ പ്രിയപ്പെട്ടവർ ആരെങ്കിലും മുന്നോട്ടു വന്നാൽ ഭവനരഹിതരായ 8 കുടുംബങ്ങൾക്ക് ഒരു സഹായമാവും.
ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനങ്ങൾക്ക് വിവിധ സമയങ്ങളിൽ ഭാരവാഹികളായിരുന്ന വി.എം മാത്യു, ടി.എം മാത്യു, പി.എം ചെറിയാൻ, എം.സി കുര്യൻ, രാജു മാത്യു, കെ.വി രാജു തുടങ്ങിയവരുടെ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ കുര്യൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
ഇതെല്ലാം സാധ്യമായത് ലോകത്തിൻ്റെ നാഭാഗത്തുള്ള വിശ്വാസികൾ നൽകിയ സംഭാവനയും സഹകരണം കൊണ്ടാണ്.
ന്യൂയോർക്കിലെ ഗുഡ്ന്യൂസ് ചാപ്റ്റർ, പ്രിയപ്പെട്ട കുഞ്ഞുമോൻ ശാമുവേൽ, എബി (കുരുവിള ജോൺ) മൈക്കിൾ ജോൺസൻ, പരേതരായ പാസ്റ്റർ എ.സി. ജോർജ് ന്യൂയോർക്ക്, കെ.സി. തോമസ് (ഫിലെദെൽഫിയ) തുടങ്ങിയവരെയും പിസിനാക്ക് ഭരണ സമിതികൾ, വിവിധ സഭകളുടെ കുടുംബ കോൺഫറൻസ് ഭാരവാഹികൾ, വിവിധ സഭകൾ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തുടർന്നും ഗുഡ്ന്യൂസിന്റെയും ചാരിറ്റബിൾ സൊസൈറ്റിയുടെയും എല്ലാ പ്രവർത്തനങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

