'ദൈവം മരിച്ചുപോയി '; വിഡ്ഢിയുടെ ജൽപ്പനം
റവ. ജോർജ് മാത്യു പുതുപ്പള്ളി
'ദൈവം മരിച്ചുപോയി' ചില അത്യാധുനിക ദൈവശാസ്ത്രജ്ഞന്മാർ 1950 കളിൽ നടത്തിയ ഒരു പ്രഖ്യാപനമായിരുന്നു ഇത്. അവർ കൂട്ടിച്ചേർത്തത് ഇങ്ങനെയാണ് : 'പുതിയ നൂറ്റാണ്ടിൽ എത്തിയിരിക്കുന്ന നാം വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും അളവനുസരിച്ച് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നത് തെറ്റാണ്. അതുകൊണ്ട് ഐതിഹ്യങ്ങളുടെ ശവപ്പറമ്പിൽ ദൈവത്തെ കുഴിച്ചുമൂടേണ്ട സാഹചര്യം കഴിഞ്ഞിരിക്കുന്നു.'
എന്നാൽ നാളുകൾ പിന്നിടുന്നതിനു മുമ്പെ ബ്രിട്ടീഷ് ചരിത്രകാരനും പണ്ഡിതനുമായ പോൾ ജോൺസൺ അതിനു മറുപടി പറഞ്ഞു : 'മനുഷ്യൻ എത്രത്തോളം അധഃപതിച്ചു എന്നതിന്റെ ഉദാത്തമായ തെളിവാണ് ഈ പ്രഖ്യാപനം. ദൈവം ഉള്ളതുകൊണ്ട് മാത്രമാണ് ലോകത്തിന് ഈ മാറ്റങ്ങൾ സംഭവിച്ചത്. ദൈവശാസ്ത്രജ്ഞർ എന്നു സ്വയം ഭാവിക്കുന്നവരുടെ ഈ പ്രഖ്യാപനമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തവും പരാജയവും.'
ദൈവികചിന്ത മനുഷ്യന്റെ ജന്മം മുതൽ അവനെ പിന്തുടരുന്നതാണ്. അവന്റെ പ്രവൃത്തികളിൽപ്പോലും പലപ്പോഴും അത് വെളിപ്പെടുകയും ചെയ്യും. എങ്കിലും മറ്റ് എന്തൊക്കെയോ കാര്യങ്ങൾ മനുഷ്യനെ അതിൽനിന്നും പിന്തിരിപ്പിക്കുകയാണ്. മനുഷ്യനിലെ ദൈവവിശ്വാസത്തെ നശിപ്പിച്ചതിനുശേഷം അവനെ അധഃപതനത്തിലേക്കു നയിക്കുവാനാണ് പിശാച് ശ്രമിക്കുന്നത്. അങ്ങനെ ലോകത്തിൽ ദുഷ്ടത വർദ്ധിപ്പിക്കുകയും മനുഷ്യനെ ദൈവിക രക്ഷാപദ്ധതിയിൽ നിന്നും അകറ്റിക്കളയുകയുമാണ് പിശാചിന്റെ തന്ത്രം. ആദം - ഹവ്വമാരുടെ ജീവിതത്തിലും സംഭവിച്ചത് ഇതാണ്. ദൈവാലോചനയ്ക്ക് അനുസൃതമായി ജീവിച്ചിരുന്ന അവരെ ദൈവികചിന്തയിൽ നിന്നു തന്നെ പിശാച് മാറ്റിക്കളഞ്ഞു. 'നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നുന്ന നാളിൽ നീ മരിക്കും' എന്നതായിരുന്നു ദൈവകല്പന.
എന്നാൽ പിശാച് ഹവ്വയോടു പറയുന്നത് 'മരിക്കുകയില്ല, നിശ്ചയം' എന്നാണ്. ദൈവിക അസ്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ദൈവകല്പനയെ എതിർത്തു പ്രവർത്തിക്കാൻ പിശാച് നിർബന്ധിക്കുന്നു. ഇതു തന്നെയാണ് ഇന്നും സംഭവിക്കുന്നത്. ദൈവത്തെ ആരാധിക്കുവാൻ വേണ്ടി ദൈവം ആക്കി വച്ചിരിക്കുന്ന ജനത്തോടാണ് ദൈവം ഇല്ല എന്നു പിശാച് പറയുന്നത്.
ദൈവികചിന്തയുള്ള ഒരു വ്യക്തിയിൽ നിന്ന് നന്മയുടെ വാക്കുകളും പ്രവൃത്തികളുമായിരിക്കും സ്വാഭാവികമായി പുറപ്പെടുന്നത്. എന്നാൽ ദൈവികചിന്ത ഇല്ലാത്തവർ വിശ്വസിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാറില്ല. അവർ മറ്റുള്ളവർക്ക് എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. എന്നാൽ അവരുടെ അന്ത്യം ഭയാനകമാണെന്നും അവരുടെ അസ്ഥികളെ ദൈവം ചിതറിച്ചു കളയുമെന്നുമാണ് സങ്കീർത്തനക്കാരൻ ഉദ്ബോധിപ്പിക്കുന്നത്.
ചിന്തക്ക് : 'ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവർ വഷളന്മാരായി, മ്ലേശ്ചമായ നീതികേട് പ്രവർത്തിക്കുന്നു. നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു. നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല. നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു. ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല' (സങ്കീർത്തനങ്ങൾ 53 : 1...4).


